Members: 0 member(s)

Shares ?

0

Clicks ?

0

Viral Lift ?

0%

Categories

Other Blogs

 • By Nanda
  സമയംഏഴര കഴിഞ്ഞിരിക്കുന്നു. വേണമെങ്കിൽ ഒരു കോൾ കൂടെ അറ്റൻഡ് ചെയ്യാം . ഹരി ഓർത്തു. ഇന്ന് ആകെ മൂഡ് ഔട്ട് ആണ്. ചെയ്തതൊന്നും ശരിയായിട്ടും ഇല്ല.വേണ്ടാ ..ഇന്നത്തേക്ക് ഇത്ര മതി. താൻ ഇരുന്നില്ലെങ്കിൽ ടീമിൽ വേറെ ആരെങ്കിലും അത് അറ്റൻഡ് ചെയ്തോളും. പതുക്കെ ലാപ് അടച്ചു വെച്ച് ഹരി എണീറ്റു. വിനീതിനു കോൾ അറ്റൻഡ് ചെയ്യാൻ മെസ്സേജ് കൊടുത്തിട്ടു ക്യാബിൻ പൂട്ടി ഇറങ്ങുമ്പോളും രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്തു ദിയയുമായി ഉണ്ടായ വാക്കു തർക്കം ആയിരുന്നു മനസ്സിൽ.   ഭാര്യ എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്താണവൾ.എല്ലാ കാര്യത്തിലും മിടുക്കി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കുന്നവൾ.എങ്കിലും എത്ര പെട്ടെന്ന് ഒരൊറ്റ ചോദ്യം കൊണ്ട് അവൾ ആ ഇമേജ് കളഞ്ഞു കുളിച്ചു, ഇത്രയും സെൽഫിഷ് ആവാൻ പാടുണ്ടോ ആളുകൾ? വീണ്ടും വീണ്ടും ആലോചിച്ചു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി ഹരിക്ക്.രാവിലെ അത് ചോദിക്കേണ്ടായിര്ന്നു.   നാല് മാസം മുൻപാണ് ദിയയയുടെ മമ്മി വീണു തുടയെല്ല് പൊട്ടിയത് .രാവിലെ രണ്ടാളും പതിവ് പോലെ ജോലിക്ക് പോവാൻ തയാറായി ഇറങ്ങിയതാണ്.മോളെ സ്കൂളിലും വിട്ടു കഴിഞ്ഞിരുന്നു.ആ സമയത്താണ് ഹോസ്പിറ്റലിൽ നിന്ന് ദിയയുടെ ഡാഡി വിളിക്കുന്നത് .മമ്മിയെ സർജറിക്കായി തീയേറ്ററിൽ കയറ്റിയിരുന്നു. എല്ലാം തീരുമാനിക്കാൻ ദിയക്ക് കണ്ണടച്ച് തുറക്കുന്ന നേരം മാത്രേ വേണ്ടി വന്നുള്ളൂ..ഓഫീസിൽ വിളിച്ചു പറഞ്ഞു ലീവ് എടുത്തു.വൈകിട്ട് മോൾ വരുമ്പോളേക്കും വീട്ടിലെത്തി കാത്തിരിക്കാൻ ജാനുവമ്മയെ പറഞ്ഞേൽപ്പിച്ചു. ഏഴു മണിയാവുമ്പോളേക്കും താനെത്തും .അത് വരെ ജാനുവമ്മ മോൾക്ക് കൂട്ടായുണ്ടാവും.ദിയ വരുന്ന വരെ പാചകവും അവർ തന്നെ നോക്കിക്കോളും . താനും അന്ന് ലീവ് എടുത്തു ഹോസ്പിറ്റലിൽ പോയി. മോൾ വരുന്നതിനു മുന്നേ തിരുച്ചു വരണം എന്നുള്ളത് കൊണ്ട് ദിയയെ അവിടെ നിർത്തി തിരിച്ചു പോരുകയും ചെയ്തു.അടുത്ത രണ്ടു മൂന്നു മാസം ദിയയുടെ ജീവിതം നല്ല തിരക്കിന്റേതായിരുന്നു.മമ്മിയെ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ അവൾ നോക്കിയെന്നു വേണം പറയാൻ. വീട് വൃത്തിയാക്കൽ ..മമ്മിക്കും ഡാഡിക്കും വേണ്ടി ഭക്ഷണം പാകം ചെയ്യൽ, മമ്മിയുടെ എല്ലാ കാര്യങ്ങളും .അതൊക്കെ ഒരു പരാതിയും ഇല്ലാതെ നന്നായി അവൾ ചെയ്തു. ഇടക്ക് ഓടി വന്നു മോൾടെ കാര്യങ്ങളും ചെയ്തു തിരിച്ചു പോവും..അങ്ങനെ ഒട്ടും വിശ്രമം ഇലലാതെ കുറെ നാളുകൾ.മമ്മി പതുക്കെ നടന്നു തുടങ്ങിയതിനു ശേഷം അവിടെ മുഴുവൻ സമയവും നിൽക്കാൻ ഒരു സഹായിയെയും ഏർപ്പാടാക്കിയിട്ടാണ് ദിയ തിരിച്ചു വന്നത്. ഇപ്പോൾ ഒരാഴ്ചയായി ജോലിക്കും പോയി തുടങ്ങി.,തങ്ങളുടെ ജീവിതം പഴയ നിലയിലേക്ക് വന്നു തുടങ്ങിയിരിക്കുന്നു.   ദിയ മമ്മിയുടെയും ഡാഡിയുടെയും കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നത് കണ്ടപ്പോൾ വളരെ കൗതുകം തോന്നിയിരുന്നു. പണ്ട് കുട്ടിക്കാലത്തു മമ്മി അവളെ നോക്കിയിരുന്ന പോലെ അവൾ മമ്മിയെ നോക്കുന്നു. ഭാഗ്യമാണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയത്. സത്യത്തിൽ ഒരുപാട് മനസ്സാമാധാനവും തോന്നിയിരുന്നു.തന്റെ അച്ഛനമ്മമാർക്കും ഒരാവശ്യം വന്നാൽ ദിയ തന്നെ എല്ലാം നോക്കിയും കണ്ടും ചെയ്തു കൊള്ളും. ആ അഭിമാനം ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടിയാണ് രാവിലെ ബ്രേക്ഫാസ്റ് ടേബിളിൽ തന്നെ ആ ചോദ്യം എറിഞ്ഞത്..   "എന്റെ അച്ചനോ അമ്മക്കോ ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെങ്കിൽ നീ മമ്മിയെ നോക്കിയത് പോലെ അവരെ നോക്കില്ലേ ദിയ? ''   ചോദ്യം കേട്ടതും വളരെ അദ്‌ഭുതത്തോടെ അവൾ തന്നെ കുറച്ചു നേരം നോക്കിയിരുന്നു.എന്നിട്ടു പതുക്കെ എന്നാൽ നല്ല ഉറപ്പോടെ മറുപടി തന്നു "ഇല്ല ഹരി ".   " ചെയ്യും ഹരി" എന്നൊരു മറുപടി കേൾക്കുവാൻ വേണ്ടി മാത്രം ചോദിച്ച ആ ചോദ്യത്തിന് ഇങ്ങനെ ഒരു ട്വിസ്റ്റ് താനും തീരെ പ്രതീക്ഷിച്ചില്ല.തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ സമയം പോയി എന്ന ആവലാതിയോടെ അവൾ പുറത്തേക്കിറങ്ങി കഴിഞ്ഞു.ഗേറ്റ് തുറക്കുന്നതിന്റെയും വണ്ടി എടുക്കുന്നതിന്റെയും ഒക്കെ ശബ്ദം കേട്ടിട്ടും താൻ അവിടെ തന്നെ ഇരുന്നതേ ഉള്ളൂ.ഇത്രയും സ്വാർത്ഥത ? അതും ദിയക്ക് ?? എന്തോ ഇത്ര സമയം കഴിഞ്ഞിട്ടും അതങ്ങു ദഹിക്കുന്നില്ല.   വീടെത്തിയിട്ടും ഹരിക്ക് പുറത്തേക്കിറങ്ങാതെ വണ്ടിയിൽ തന്നെ ഇരിക്കുവാനാണ് തോന്നിയത്.എന്നെ സ്നേഹിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാവും ദിയക്ക് എന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ കഴിയാത്തത്? എന്തായാലും മനസ്സിൽ ഇട്ടു കൊണ്ടിരുന്നിട്ടു കാര്യം ഒന്നും ഇല്ലല്ലോ .ചോദിക്കുക തന്നെ. അമ്മു ഉറങ്ങിയിട്ടാവാം .കുട്ടിയുടെ മുന്നിൽ വെച്ച് ഒരു സൗന്ദര്യ പിണക്കം പോലും ഉണ്ടാക്കില്ല എന്നത് രണ്ടാളും കൂടെ എടുത്ത തീരുമാനം ആണ്.   ബെൽ അടിച്ചപ്പോളാണ് ഓർത്തത് ഇന്ന് അമ്മൂനുള്ള പതിവ് ചോക്ലേറ്റ് മറന്നല്ലോ എന്ന്. രാവിലെ മുതൽ ഇത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു.പതിവ് പോലെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നത് ദിയ ആണ്..സമയം എട്ടര കഴിഞ്ഞിരിക്കുന്നു.മോൾ ഉറങ്ങീട്ടുണ്ടാവും.കൊച്ചു കുട്ടികൾക്ക് എട്ടോ ഒൻപതു മണിക്കൂർ ഉറക്കം വേണം അത്രേ .ദിയയുടെ നിർബന്ധങ്ങളിൽ ഒന്നാണത്.രാവിലെ ഇങ്ങനെ മുഷിച്ചിൽ ഉണ്ടാക്കിയിട്ടും അവൾക്ക് ചിരിക്കാൻ കഴിയുന്നല്ലോ.ഹരിക്ക് അത്ഭുതമാണോ ദേഷ്യം ആണോ മുന്നിട്ടു നിന്നത് എന്ന് പറയാൻ കഴിഞ്ഞില്ല.പെട്ടെന്ന് പോയി ഫ്രഷ് ആയി വന്നപ്പോൾ ദിയ അത്താഴം എടുത്തു വെക്കുകയാണ്. എല്ലാം തനിക്കിഷ്ടമുള്ള വിഭവങ്ങൾ തന്നെ .ഓഫീസിലെ പണിയും കഴിഞ്ഞു മോളുടെ കാര്യങ്ങളും ചെയ്തു തീർത്തിട്ട് എപ്പോളാണോ ഇവൾ ഇതിനെല്ലാം നേരം കണ്ടെത്തുന്നത്.ദേഷ്യത്തിനിടയിലും ഹരിയുടെ മനസ്സിൽ ആ ചിന്തയും വന്നു.   "ദിയ .." സ്വരത്തിലെ വത്യാസം ഒട്ടും പുറത്തു വരാത്ത വിധത്തിൽ ഹരി വിളിച്ചു . " എന്താണ് നിനക്ക് എന്റെ അച്ഛനോടും അമ്മയോടും ഇത്ര വിരോധം"?   "വിരോധമോ? എന്ത് വിരോധം ഹരി" ?   ഒന്നും അറിയാത്തതു പോലെയുള്ള ദിയയുടെ മറുപടി വീണ്ടും ഹരിയെ ചൊടിപ്പിക്കയാണ് ഉണ്ടായത്."രാവിലെ നീ പറഞ്ഞല്ലോ നിന്റെ മമ്മിക്കുണ്ടായ പോലെ ഒരു അവസ്ഥ എന്റെ അച്ഛനോ അമ്മക്കോ ആണെങ്കിൽ നീ അവരെ അതുപോലെ നോക്കില്ല എന്ന്? ഇതാണോ നീയടക്കം എല്ലാ പെണ്ണുങ്ങളും പറയുന്ന തുല്യത ? നിന്റെ അമ്മയെ പോലെ തന്നെ അല്ലെ എന്റെ അമ്മയും? "മുഖത്ത് തന്നെ നോട്ടം ഉറപ്പിച്ചു കൊണ്ട് പതുക്കെ ദിയ പറഞ്ഞു തുടങ്ങി.   ." ഹരി...ഞാൻ എന്റെ മമ്മിയുടെ കുട്ടിയാണ്..പത്തു മാസം ആ വയറ്റിൽ കിടന്നു ആ ചൂട് കൊണ്ടുറങ്ങിയ കുട്ടി. മമ്മിക്ക് നൊന്താൽ അത് എനിക്കും നോവും.ഞാൻ കുട്ടിയാര്ന്നപ്പോ മമ്മി എന്നെ കുളിപ്പിച്ച് ഭക്ഷണം തന്നു എന്റെ വസ്ത്രങ്ങൾ വൃത്തിയാക്കി എന്നോട് വർത്തമാനം പറഞ്ഞു അങ്ങനെ പൊന്നു പോലെ നോക്കി.ആ മമ്മിക്ക് എണീക്കാൻ വയ്യാത്ത ഒരു അവസ്ഥ വന്നപ്പോ ഞാനും പൊന്നു പോലെ നോക്കി.ഇനീം നോക്കും. ഹരി എന്താ എനിക്ക് ചെയ്തു തന്നത് .എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും തന്നു.നമ്മുടെ വീട് നോക്കി..മോളെ നോക്കി..എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു.ഇതുപോലെ ഒരു അവസരം ഹരിയുടെ വീട്ടിൽ വന്നാൽ അതേ സപ്പോർട് അല്ലേൽ അതിലും കൂടുതൽ ഞാൻ ഹരിക്ക് തരും. പക്ഷെ ഹരിയുടെ അച്ഛനേം അമ്മയെയും നോക്കേണ്ടത് ഹരി തന്നെ ആണ് ..ഞാൻ അല്ല.ഹരിയെയാണ് ആ 'അമ്മ ചുമന്നു നടന്നത്. മാമൂട്ടിയത് . അവർക്കു അങ്ങനെ ഒരു അവസ്ഥ വന്നാൽ ഹരി ലീവ് എടുത്തു പോയി നിന്ന് എല്ലാം ചെയ്തു കൊടുക്കണം. ശരിയാണ് അവർ ഒരു സ്ത്രീ ആയതു കൊണ്ട് ചിലപ്പോ ചില കാര്യങ്ങൾ ഹരിക്ക് ചെയ്യാൻ പറ്റില്ലായിരിക്കാം.ഹരി ഒരു ഒറ്റപുത്രൻ ഒന്നും അല്ല.രണ്ടു സഹോദരികളും ഉണ്ടല്ലോ.'നിങ്ങൾ മൂന്നു പേർക്കും ഒരേ ഉത്തരവാദിത്തം ആണുള്ളത്.ഞങ്ങൾ ജാമാതാക്കൾ പുറമെ നിന്ന് സപ്പോർട്ട് ചെയ്യും.അത് തന്നെ അല്ലെ ഹരീ തുല്യത? "   എന്താണ് തിരിച്ചു പറയേണ്ടത് എന്നാലോചിച്ചു മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഹരിയുടെ മുഖത്തു തന്നെ നോട്ടമുറപ്പിച്ചു ദിയയും ഇരുന്നു .   ആശയം : എന്നോ വായിച്ച ഒരു ഇംഗ്ലീഷ് ബ്ലോഗ് സമർപ്പണം : കുറിപ്പുകൾക്കെല്ലാം stereotyping വരുന്നു എന്ന് പറഞ്ഞ എന്റെ ഏട്ടന്
  42 Posted by Nanda
 • By Nanda
  വളചെട്ടിച്ചി കറമ്പി വന്നു പോയി എന്ന് ഭദ്ര പറഞ്ഞപ്പോള്‍ മുതല്‍ അമ്മമ്മയുടെ കാതിനു ഒരു സ്വൈര്യവും താന്‍ കൊടുത്തിട്ടില്ല എന്ന് വേണം പറയാന്‍. അവധിക്കാലത്ത്‌ നാട്ടിലേക്ക് വരുന്നത് തന്നെ ഇങ്ങിനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഓര്‍ത്തിട്ടാണ്. വന്ന അന്ന് മുതല്‍ നോക്കിയിരിപ്പാണ് കുപ്പിവളകളുടെ പെട്ടിയും തലയിലേറ്റി വാ നിറയെ വിശേഷങ്ങളുമായി വരുന്ന കറമ്പിയെ. .ഇത്തവണ ചുവപ്പും പച്ചയും നിറത്തിലെ കുപ്പിവളകള്‍ തന്നെ വാങ്ങിത്തരാം എന്ന് അമ്മമ്മ ഉറപ്പു തരികയും ചെയ്തിരുന്നതാണ്. എല്ലാം കൂടി ആലോചിച്ചപ്പോള്‍ കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അച്ഛനും അമ്മയും അവധി ആഘോഷിക്കാന്‍ കൂടെയില്ല എന്ന ചിന്ത ആദ്യം മുതലേ മനസ്സില്‍ ഒരു വിങ്ങലായി ഉള്ളതു കൊണ്ടാവാം കരച്ചില്‍ അല്പം ഉറക്കെ തന്നെ ആവാം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.   “പെണ്‍കുട്ട്യോളായാല്‍ നേര്‍ത്തെ എണീക്കണം. ഇവിടെ ബാക്കി കുട്ടികളെല്ലാം കുളിച്ചു പൂര്‍ണത്രയീശനെ തൊഴുതു വന്നു. ഈ കുട്ടി മാത്രം എന്തെ ഇങ്ങനെ ആയിപ്പോയെ? ” അടുക്കളയമ്മ സുമതിയാണ്‌. അതുകൂടി ആയപ്പോള്‍ പൂര്‍ത്തിയായി. കരച്ചില്‍ പൂര്‍വാധികം ഉച്ചത്തിലായി. “ഒരു ചെറിയ കാര്യത്തിനു കരയുകയോ ? ഇതാണ് ഞാന്‍ പെണ്ണുങ്ങളോട് കൂട്ട് കൂടാന്‍ വരാത്തത് ” ഏട്ടന്റെ ആത്മഗതം. പത്താം തരത്തില്‍ ആയതില്‍ പിന്നെ വലിയ ആളായി എന്ന ഭാവമാണ് മൂപ്പര്‍ക്ക്. താനും ഭദ്രയും ഒക്കെ സ്മാള്‍ കിഡ്സ്‌ ആണ് ഇപ്പോള്‍. കരച്ചില്‍ കേട്ടിട്ടാവണം വടക്കേ മുറ്റത്തു എന്തോ ചെയ്തുകൊണ്ടിരുന്ന അമ്മമ്മ രംഗത്തെത്തിയത്. “ദേവൂ കരയണ്ടാ..നോക്കട്ടെ.. ആരെയേലും പറഞ്ഞയച്ചു കറമ്പിയെ ഒന്ന് കൂടി വരുത്താം ഞാന്‍ .” “ഉറപ്പാണോ ..അതോ എന്നെ വെര്‍തെ പറ്റിക്കയാണോ? ” തേങ്ങലുകള്‍ അടക്കി ചോദിച്ചു. “ഞാന്‍ എന്റെ കുട്ടിയെ പറ്റിക്കാനോ ? കാലത്തെ എണീക്കാഞ്ഞിട്ടല്ലേ .എത്ര പ്രാവശ്യം ഭദ്ര വിളിച്ചു നിന്നെ ” അമ്മമ്മ തന്റെ ഭാഗം ന്യായീകരിക്കയാണ് “അമ്മമ്മക്കറിയാല്ലോ ഞാന്‍ ഒരുപാട് വൈകിയാ ഇന്നലെ കിടന്നേന്നു. എണീറ്റില്ലാച്ചാല്‍ അല്പം വെള്ളം കുടഞ്ഞു കൂടെ മുഖത്ത്? ഞാന്‍ പറഞ്ഞതല്ലേ നേരത്തെ തന്നെ” “ആ..ഞാനത് മറന്നു ” “മറന്നതൊന്നും അല്ല. എന്നെ മനപൂര്‍വം വിളിക്കാത്തതാ. അല്ലേലും ഇപ്പൊ അമ്മമ്മക്ക് എന്നോടല്ല ഏട്ടനോടാ പ്രിയം ” താനും വിട്ടുകൊടുത്തില്ല. “ദേവൂ വന്നെ ..അരിമുല്ല നിറെയേ പൂക്കള്‍ ഉണ്ട് ഇന്ന്:” തക്ക സമയത്ത് തന്നെയാണ് അമ്മിണി വന്നത് . അമ്മിണിയായിരുന്നത്രേ താന്‍ കുട്ടിയാരുന്നപ്പോള്‍ അമ്മയുടെ സഹായി. അതുകൊണ്ടാവണം ആരെക്കാളും അമ്മിണിക്ക് ഇഷ്ടം തന്നെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. “പെണ്‍കുട്ടികള്‍ മാത്രം നേരത്തെ എണീറ്റാല്‍ മതിയോ അമ്മിണിയമ്മേ? ”ഇപ്പോളും അടുക്കളയമ്മ പറഞ്ഞതാണ് തന്റെ മനസ്സില്‍. “അങ്ങനെയല്ല ദേവൂ ..എല്ലാരും രാവിലെ എണീക്കണം. പെണ്‍കുട്ടികള്‍ വീടിന്റെ ഐശ്വര്യാന്നല്ലേ പറയണേ. വെളുപ്പിന് എണീട്ടില്ലേല്‍ ഭഗവതിക്ക് പകരം ചേട്ടയാ വരിക .” അമ്മിണി തത്വജ്ഞാനി യെപ്പോലെ പറഞ്ഞു. “വെറുതെഓരോന്ന് പറഞ്ഞു കൂട്ടി അതിനെ എല്ലാരും കൂടെ വിഷമിപ്പിക്കാതെ “.അമ്മമ്മയാണ് എന്തൊക്കെ പറഞ്ഞാലും വേറെ ആരും എന്നെ എന്തെങ്കിലും പറയുന്നത് അമ്മമ്മക്ക് സഹിക്കില്ല “ഭദ്രേ ആ പടിയില്‍ വെച്ചിരിക്കുന്ന പൊതിയിങ്ങേടുത്തെ..”അമ്മമ്മ നീട്ടി വിളിച്ചു കേട്ടപാതി ഭദ്ര ഓടി വന്നു. അമ്മമ്മ പൊതി തുറന്നു കാട്ടി. പച്ചയും ചുകപ്പും കുപ്പിവളകള്‍.എല്ലാരും കൂടി വെറുതെ തന്നെ പറ്റിക്കയാരുന്നോ? “നാളെ തൊട്ടു നേരത്തെ എണീറ്റില്ലെങ്കില്‍ വടിയെടുക്കും ഞാന്‍ ” അമ്മമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
  30 Posted by Nanda
 • By Nanda
  "ഗംഗാ തരംഗ രമണീയ ജടാ കലാപം.. ഗൗരി നിരന്തര വിഭൂഷിത വാമ ഭാഗം.. നാരായണ പ്രിയമനംഗമതാപഹാരം.. . വാരാണാസി പുര പതിം ഭജ വിശ്വനാഥം.....'" അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന വിശ്വനാഥഅഷ്ടകം...ശരീരം തന്നെ ഉമക്കു പകുത്തു കൊടുത്ത ഗംഗയെ തലയിലേറ്റിയ കാമനെ ദഹിപ്പിച്ച നാരായണ പ്രിയന് നമസ്കാരം... മഴക്കാലമായതു കൊണ്ടാവും ഗംഗ രൗദ്രയാണിവിടെ ഇന്ന്... "വഴുക്കലുണ്ടാവും..അതുകൊണ്ടു ഇറങ്ങാൻ ശ്രമിക്കരുതേ മേം സാബ്" എന്ന് മുറി പൂട്ടി ഇറങ്ങുന്ന നേരം ഗൗരി ഉപദേശവും തന്നിരുന്നതായി ഓർത്തു ...താമസിക്കുന്ന സത്രത്തിന്റെ ഉടമസ്ഥ ആണ് ഗൗരി.( ഉടമസ്ഥന്റെ മകൾ എന്നാണു പറയേണ്ടത്..പക്ഷെ കാര്യങ്ങൾ നടത്താനുള്ള പ്രാപ്തി മകളെ അച്ഛനെക്കാൾ മിടുക്കി ആക്കിയിരിക്കുന്നു ) "ഞങ്ങൾ ഇവിടുത്തെ കുട്ടികൾ അല്ലെ മേം സാബ്..ഗംഗാ മായി ഇല്ലാതെ ഗൗരിക്കെന്തു ജീവിതം..നിങ്ങൾ മദ്രാസികൾക്കല്ലേ ഇതൊക്കെ ഒരു അത്ഭുതം " ഓമനത്തം തുളുമ്പുന്ന കൊച്ചു മുഖത്ത് ഗൗരവം വന്നപ്പോൾ വളരെ കൗതുകം തോന്നിയിരുന്നു..  "വിഷ്ണു രമയ്ക്ക്, നിശക്ക് ശശാങ്കൻ ഉമക്ക് ഹരൻ . .നളനോർക്കിൽ നിനക്കും.." മനസ്സ് പെട്ടെന്ന് ഇല്ലത്തെ വടക്കിനി കെട്ടിലേക്കു പാഞ്ഞു ..കഥകളറിയാതെ കണ്ടിരുന്ന ആട്ടങ്ങൾ മറികടന്നു കഥകൾ മനസ്സിലാക്കി ആസ്വദിച്ചിരുന്ന കാലം. ഉണ്യേമ പകൽ എപ്പോളെങ്കിലും അന്ന് രാത്രിയിലെ ആട്ടത്തിൻറെ കഥ പറഞ്ഞു തരും...അങ്ങനെ കണ്ടതാണ്..അന്നേ മനസ്സിലുടക്കിയ വരികൾ.. ഹംസം ദമയന്തിയോട് പറയുകയാണ് .. വിഷ്ണു രമയ്ക്ക് ...രാത്രിക്ക് ചന്ദ്രൻ , ഉമക്കു ഹരൻ അതൊക്കെ പോലെ നിനക്കുള്ളത് തന്നെ ആണ് നളൻ എന്ന്..ചിത്ര തൂണ് മറഞ്ഞിരുന്ന ആ പെൺകുട്ടി ഇന്ന് എത്ര മാറിയിരിക്കുന്നു..വേഷവും ഭാഷയും ദേശവും ഒക്കെ മാറി മാറി ഇന്നിതാ ഇവിടെയെത്തിയിരിക്കുന്നു..വാരണാസിയിൽ. "ഗംഗാ തരംഗ രമണീയ ജടാ കലാപം.. ഗൗരി നിരന്തര വിഭൂഷിത വാമ ഭാഗം.." വീണ്ടും വീണ്ടും ആദി ശങ്കരന്റെ വരികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു...എന്തൊരു പവിത്രമായ പ്രണയം ആണത്..സ്വന്തം ശരീരം തന്നെ ഉമക്കു പകുത്തു കൊടുക്കുക. അങ്ങനെ മനുഷ്യരിൽ ആരെങ്കിലും ഉണ്ടായിരിക്കുമോ? അറിയില്ല..ഉണ്ടാവണം എന്ന ഉദ്ദേശത്തിൽ ആവുമല്ലോ ഋഷികൾ ഇങ്ങനെയൊക്കെ കഥകൾ ഉണ്ടാക്കിയതും.. "ജാനി..ആരെങ്കിലും നമ്മെ വേണ്ടെന്നു വെക്കുമ്പോൾ എന്തുകൊണ്ടാണ് മനസ്സിത്രയും പിടക്കുന്നത്? ചതിയായിരുന്നു എന്നറിയുമ്പോളും ഉരുകി ഉരുകി തീരുന്നതെന്തു കൊണ്ടാണ്?.. ഒരിക്കൽ നൽകിയ സ്നേഹം തിരിച്ചു വാങ്ങി പഴയ സ്ഥലത്തു സൂക്ഷിക്കുവാൻ എന്താണ് ചെയ്യേണ്ടത്?" ഗംഗയിലേക്കു നോക്കി നോക്കി സമയവും കാലവും മറന്നു നിന്ന ഞാൻ ഞെട്ടി തിരിഞ്ഞു പോയി.. ദേവൂ തുടരുകയാണ് .. "ശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടും മനുഷ്യന്റെ മനസ്സിന്റെ കനം കുറക്കാൻ ഉള്ള വിദ്യകളൊന്നും കണ്ടുപിടിക്കാത്തതെന്താവും? മരണത്തെ ജയിക്കാൻ ശാസ്ത്രത്തിനാവില്ല..അറിയാം..അത് വേണ്ട..ഏറ്റവും കുറഞ്ഞത് ജീവിതത്തെ എങ്കിലും കൈപ്പിടിയിൽ ആക്കാൻ കഴിയണ്ടേ?"   ഏതു വെല്ലുവിളിയും ഒരു ചെറിയ ചിരിയോടെ ഏറ്റെടുത്തിരുന്ന ദേവു തന്നെയോ ഇത് ??? ഇത്രയധികം ഇവളുടെ മനസ്സിനെ ബാധിച്ചിരുന്നുവോ ആ സംഭവം. ??അത്ഭുതമാണ് ആദ്യം കേട്ടപ്പോ തോന്നിയത്.വളരെ വലിയ പദവി അലങ്കരിക്കുന്ന ഒരു സുഹൃത്തിനെ കുറിച്ച് പറയുമ്പോൾ ഒക്കെ നൂറു നാവായിരുന്നു ദേവൂന്..അല്ലേലും അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്മെൻറ് അവൾക്കു പണ്ടേ മോഹം ആയിരുന്നല്ലോ..ഐ എ എസ് എന്ന വാൽ കുറച്ചൊന്നും ആവില്ല അവളെ ഭ്രമിപ്പിച്ചത്.ഇത്രയും തിരക്കുകൾക്കിടയിലും തന്നോട് മിണ്ടുവാൻ വേണ്ടി സമയം ഉണ്ടാക്കുന്ന ആൾ...വല്ലപ്പോഴുമെങ്കിലും തന്നെ തേടിയെത്തുന്ന ഓസ്‌ഫോർഡ് അക്‌സെന്റ് എഴുത്തുകൾ.ഇതൊക്കെ ദേവു പറഞ്ഞിട്ടുണ്ട്. കേട്ടിരിക്കും എന്നല്ലാതെ അതിലെ കൂടുതൽ കഥകൾ അന്വേഷിച്ചിട്ടില്ല എന്നതാണ് സത്യം.മൂന്നു ദിവസം മുൻപാണ് പെട്ടെന്ന് ഓഫീസിൽ കയറി വന്നു ദേവു തന്നെ അമ്പരപ്പിച്ചത്. അല്ലെങ്കിലും എന്തിനും ഒരു ത്രില്ല് വേണം എന്നത് അവളുടെ പോളിസികളിൽ ഒന്നാണ്..ഒന്നും മുൻകൂട്ടി ചെയ്യരുതത്രെ.എന്ത് ചെയ്യുമ്പോളും അതിൽ ഒന്ന് ഞെട്ടിക്കാൻ എന്തെങ്കിലും ഉണ്ടാവണം എന്നാണു മൂപ്പത്തിയാരുടെ കണ്ടെത്തൽ. ഒരുപക്ഷെ മറ്റു കൂട്ടുകാരിൽ നിന്നും അവളെ കൂടുതൽ ഇഷ്ടപ്പെടാൻ അതും ഒരു കാരണം ആയിട്ടുണ്ടാവാം. "ടിക്കറ്റ് ഒക്കെ ഓക്കെ ആണ്...ഇനീപ്പോ അവധിയല്ലേ..നീയും കൂടെ വാ..എനിക്ക് വാരണാസിയിൽ പോണം. " ഇവിടെ എത്തുന്നത് വരെ കാശിയുടെ ചരിത്രം ആയിരുന്നു ഞങ്ങളുടെ സംസാര വിഷയം..ദീപങ്ങളുടെ നാട് എന്ന് ചരിത്രം പുകഴ്ത്തുന്ന കാശി..ഹിന്ദുക്കളുടെ ഏഴു പുണ്യനഗരങ്ങളിൽ ഒന്നായ വാരണാസി...ഒന്ന് മുങ്ങിയാൽ എല്ലാ ജന്മങ്ങളിലെയും പാപങ്ങൾ തീരും എന്ന് വിശ്വസിക്കുന്ന പവിത്രമായ ഗംഗ..അളകാപുരിയിലൂടെ ഒഴുകുമ്പോൾ ദൈവിക ഭാവത്തിൽ ഉള്ള അളകനന്ദ ...അവൾ ഭൂമിയിലെത്തുമ്പോൾ പാപനാശിനിയായ ഗംഗയും പാതാളത്തിൽ വൈതരണിയും...ഒരുപാട് കേട്ടിട്ടുള്ള ഗംഗ ആരതി...എല്ലാം എല്ലാം സംസാരവിഷയം ആയിരുന്നു...അപ്പോളെങ്ങും അവൾ ഒരു സൂചന പോലും തന്നിരുന്നില്ല..മനസ്സിൽ ഇങ്ങനെ ഒരു കടൽ ഇരമ്പുന്നു എന്ന്..എന്നത്തേയും പോലെ തന്നെ ഇക്കാര്യത്തിലും അവൾ തന്നെ ഞെട്ടിച്ചു എന്ന് വേണം പറയാൻ..കുറച്ചു ദിവസം മുന്നേ ഒരു മെസ്സേജിൽ സൂചിപ്പിച്ചിരുന്നു കൂട്ടുകാരൻ വിദേശത്തേക്ക് പറന്നു എന്നും കുറച്ചു നാളായി വിവരം ഒന്നും ഇല്ല എന്നും....പക്ഷെ അതൊരു ബ്രേക്ക് അപ്പ് ആയിരുന്നെന്നു ഒന്നും തനിക്ക് മനസ്സിലായിരുന്നില്ല എന്നതാണ് സത്യം. എന്ത് തിരിച്ചു പറയണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല..എന്തെങ്കിലും മറുപടി അവൾ ആഗ്രഹിച്ചതും ഇല്ലെന്നു തോന്നുന്നു..ചിലപ്പോഴെങ്കിലും ഒരു നല്ല കേഴ്വിക്കാരിയെ മാത്രമാവും ആളുകൾക്ക് ആവശ്യം..തനിക്ക് അതിനുള്ള ക്ഷമയുണ്ട് താനും.അവൾ പറയട്ടെ ..പറഞ്ഞു കഴിഞ്ഞാൽ അവൾക്കും അതൊരു ആശ്വാസം ആവും..വെറുതെ ഗംഗയെ നോക്കി നിന്നൂ .. "ജാനീ..സമയം കുറെ ആയീന്നു തോന്നുന്നു..." ശരിയാണ് ..സമയം കുറെ ആയിട്ടുണ്ടെന്നു തോന്നുന്നു...ഇത്രയും സമയം താൻ ഭാഗീരഥിയുടെ ഓളങ്ങളെ നോക്കി നിന്നോ...ദേവൂ പറയുന്നതൊക്കെ എവിടെയോ ഒന്ന് കോഡ് ചെയ്യുന്നുണ്ടായിരുന്നു എന്നത് നേരാണ്..പക്ഷെ സമയം കടന്നുപോയതോ ഒന്നും അറിഞ്ഞുമില്ല. " ഇനി ??" " ആദ്യം ഒന്ന് ഫ്രഷ് ആവണം ജാനി..നമുക്ക് റൂമിലേക്ക് പോവാം..പിന്നെ മണി കർണികാ.അവിടുന്ന് മോനിമയുടെ ആശ്രമം ." പാർവതിയുടെ കാതിൽപ്പൂവ് വീണ സ്ഥലം...ഹരിശ്ചന്ദ്രന്റെ കഥയുമായി ബന്ധപ്പെട്ട സ്ഥലം..മണി കർണികാ..എന്തൊക്കെയോ മനസ്സിലൂടെ കടന്നു പോയി. . "അത് കാണാം..പക്ഷെ ആശ്രമം..അവിടെ മുൻകൂട്ടി അനുവാദം വേണ്ടേ???" "വേണം ..അത് ഞാൻ വാങ്ങിയിട്ടുണ്ട്.. പ്രസാദാദ സഹായിച്ചു.." വീണ്ടും തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ദേവു.. ഇനിയും എന്തൊക്കെയാവും ഈ രണ്ടു ദിവസങ്ങളിൽ ഇവൾ തനിക്കായി വെച്ചിരിക്കുന്ന അദ്‌ഭുതങ്ങൾ...പതിയെ തിരിഞ്ഞു നടക്കുമ്പോൾ കാതിൽ ദേവുവിന്റെ വാക്കുകൾ.. "ജാനീ ജീവിതം ഒന്നല്ലേ ഉള്ളൂ..അതിങ്ങനെ ആണ്..കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ..കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ..പണ്ടാരോ പറഞ്ഞപോലെ ആ സമയവും കടന്നു പോവും....അങ്ങനെ ആലോചിക്കുമ്പോൾ ഒക്കെ നേരെ ആവും.."
  23 Posted by Nanda
കഥ 18 views May 20, 2017
പ്രദോഷം ....!!

"പ്രണാം ജ്യോ ദാദീ..ഇന്ന് പരീക്ഷ തുടങ്ങുകയാണ് ." കാലടികളിൽ ഒരു കുഞ്ഞി കൈ സ്പർശിച്ചു എന്നറിഞ്ഞപ്പോൾ ആണ് ജ്യോത്സന ചിന്തയിൽ നിന്നുണർന്നത്.


"പ്രണാം നേഹാ... " അവളുടെ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

കുഞ്ഞു നേഹ പതിവ് പോലെ ആദ്യം തന്നെ റെഡി ആയി വന്നിരിക്കുന്നു. താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ നേരെ എതിരെയുള്ള ഫ്ളാറ്റിലെ ഏക സന്താനം. ഏഴു മണിക്കുള്ള സ്‌കൂൾ ബസ്സ് നോക്കി ആദ്യം എത്തുന്നത് എന്നും ഇവൾ തന്നെ ആണ്.പിന്നാലെ മറ്റു കുട്ടികളും എത്തി.ആകെ ഇരുപത് സ്കൂൾ കുട്ടികൾ ഉണ്ട് ഈ കെട്ടിടത്തിൽ തന്നെ.എല്ലാവര്ക്കും താൻ ദാദിയാണ്..എല്ലാവരെയും തലയിൽ കൈവെച്ചു അനുഗ്രഹിച്ചു വിട്ടു.

 

നടപ്പ് കഴിഞ്ഞു വരുന്ന വഴി ഇവിടെയുള്ള ബെഞ്ചിലെ ഇരിപ്പ് ദിവസവും പതിവുള്ളതാണ്.കുട്ടികൾ സ്‌കൂളിലേക്ക് യാത്രയായതിനു ശേഷം മാത്രമേ വീട്ടിലേക്കു കയറാറുള്ളൂ..റിട്ടയേർഡ് ജീവിതത്തിന്റെ മെച്ചങ്ങളിൽ ഒന്നാണത്. .ഇഷ്ടം പോലെ സമയം.രാവിലെ എണീറ്റ് ഒന്ന് നടക്കാൻ പോവാം..വഴിയിൽ ഒരുപാട് സുഹൃത്തുക്കളെ കണ്ടുമുട്ടാറും ഉണ്ട്....കൊച്ചു കുട്ടികളോട് മുതൽ എല്ലാവരോടും സൗഹൃദം നിലനിർത്തുന്നത് കൊണ്ടാവാം എന്നും ഒരുപാട് ആളുകളോട് സംസാരിക്കാറുണ്ട്. ചിലർക്ക് താൻ ജ്യോ ദീദി ആണ്..ചിലർക്ക് ആന്റി ..എന്തായാലും എല്ലാവരും നല്ല ആളുകൾ..ഒരു ദിവസം കണ്ടില്ലെങ്കിൽ അന്വേഷിച്ചെത്തുന്ന സുഹൃത്തുക്കൾ..അവരിൽ എൺപതുകാർ തൊട്ടു നേഹ വരെ ഉണ്ടാവും..മരിയ എന്നും പറയാറുണ്ട് ദീദിക്ക് സുഖമില്ലാത്ത ദിവസങ്ങളിൽ ആണ് ഞാൻ ഭക്ഷണം ഉണ്ടാക്കി മടുക്കുക എന്ന്...രാവിലെ തൊട്ടു രാത്രി വരെ ആരെങ്കിലും വന്നു കൊണ്ടേയിരിക്കും..

 

 

സ്വന്തം കുട്ടികൾ അന്യരാജ്യത്തേക്കു പറന്നപ്പോൾ മുതൽ മരിയ ആണ് സഹായി.അതുവരെ ഫാദർ ഫെലിക്സിന്റെ സഹായി ആയിരുന്നു അവൾ.അവിടെ ഒരു പാർട്ട് ടൈം ഹെല്പ്. തനിക്ക് ഒരു മുഴുവൻ സമയ സഹായിയെ വേണം എന്നറിഞ്ഞപ്പോൾ ഫാദർ തന്നെ ആണ് മരിയയെ പറഞ്ഞു വിട്ടത്. ജോലിയുണ്ടായിരുന്ന കാലത്തു പരിചയപ്പെട്ടതാണ് അദ്ദേഹത്തെ .ആ സൗഹൃദം അന്ന് മുതൽ കാത്തു സൂക്ഷിക്കുന്നു.വിശ്വാസികളുടെ ആട്ടിടയൻ തനിക്കും വഴികാട്ടിയായങ്ങനെ ആണ്..

 

 

ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും അടുപ്പം മക്കളോട് തന്നെ ആണ്..(മക്കൾ എന്ന് പറയുമ്പോൾ അതിൽ സ്വന്തം രക്തത്തിൽ പിറന്ന രണ്ടാളുകളും അവരുടെ ജീവിത പങ്കാളികളും രണ്ടാളുടെയും കുട്ടികളും അടങ്ങും.)അദ്ദേഹം ഈ ലോകം വിടുന്നതിനു മുന്നേ തന്നെ കുട്ടികൾ ഒരു കരയെത്തിയിരുന്നു ..വഴി കാണിച്ചു കൊടുക്കേണ്ട ജോലിയെ മാതാപിതാക്കൾ ആയ തങ്ങൾക്കുണ്ടായിരുന്നുള്ളൂ..ഈശ്വരാധീനം കൊണ്ട് നന്നായി പഠിച്ചു രണ്ടാളും നല്ല ജോലിയിൽ എത്തി. വന്നു കയറിയ കുട്ടികളും അങ്ങനെ തന്നെ.മരിയ പറയാറുണ്ട് ദീദി ഭാഗ്യവതിയാണ് എന്ന്..സ്നേഹിക്കുന്ന മക്കളെയും മരുമക്കളെയും കിട്ടുക ഒരു ഭാഗ്യം ആണത്രേ ഇന്നത്തെ കാലത്ത്.ആ ഭാഗ്യത്തിന് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്തു എന്ന് തോന്നിയിട്ടില്ല. രണ്ടാളെയും നന്നായി പഠിപ്പിച്ചു. സ്വന്തം കാലിൽ നിർത്താറാക്കി. അമ്മയും അമ്മമ്മയും ഒക്കെ പറഞ്ഞു തന്നിരുന്നു പണ്ടേ..പറന്നുയരാറായാൽ പക്ഷികൾ ഉയരത്തിലേക്ക് പറക്കണം എന്ന്. തന്നെയും ഏട്ടനേയും അമ്മയും അച്ഛനും അങ്ങനെ ആണ് ശീലിപ്പിച്ചതും.ഒരിക്കലും ഒരു ഇൻവെസ്റ്റ്മെന്റ് ആയി തങ്ങളെ ആരും കണ്ടിട്ടില്ല."നന്നായി പറക്കുവാനുള്ള പരിശീലനം കൊടുക്കുകയെ വേണ്ടൂ .. തള്ളക്കിളിയുടെ ജോലി അവിടെ തീരുന്നു "അങ്ങനെയാണ് 'അമ്മ പറയാറ്..അതെ വഴിയിലൂടെ താനും സഞ്ചരിച്ചു.നാളെ തന്റെ കുട്ടികളും അങ്ങനെ തന്നെ ആവട്ടെ .

 


താനും മക്കളും ഭൂമിയുടെ രണ്ടറ്റങ്ങളിൽ ആയതു കൊണ്ട് സമയത്തിൽ പന്ത്രണ്ടു മണിക്കൂർ എങ്കിലും വത്യാസം ഉണ്ട് . ജോലിക്ക് പോവുന്നതിനു മുൻപായി എല്ലാരും വിളിക്കാറുണ്ട്.അവരുടെ രാവിലെ എന്നത് എനിക്ക് വൈകിട്ടത്തെ ചായയുടെ സമയം ആണെന്ന്മാത്രം. ഇപ്പോൾ ടെക്നോളജി ഒരുപാട് പുരോഗമിച്ചല്ലോ .അതുകൊണ്ടു എല്ലാവരോടും കണ്ടു കൊണ്ട് സംസാരിക്കാം എന്ന മെച്ചവും ഉണ്ട്.ദിവസവും പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും വിശേഷങ്ങൾ. രാമു ചാച്ച ദിവസവും വരുന്നുണ്ടോ എന്നാണു കുട്ടന് അറിയേണ്ടതെങ്കിൽ അപ്പുറത്തെ സ്നേഹ ആന്റി ഇന്ന് എന്തൊക്കെ പലഹാരങ്ങൾ ഉണ്ടാക്കി എന്നാവും അമ്മുവിൻറെ ചോദ്യം.വളർന്നു വലുതായി കുട്ടികളും ആയിട്ടും ഇന്നും തന്റെ സാരിത്തുമ്പിൽ പിടിച്ചു നടന്ന അതെ പ്രകൃതം രണ്ടാൾക്കും. അന്യ ഭാഷ പറയുന്ന രാജ്യത്തായിട്ടും കൊച്ചുമക്കളെയും മാതൃ ഭാഷ പഠിപ്പിച്ചിട്ടുണ്ട്.പണ്ട് കുട്ടനും അമ്മുവിനും കഥകൾ പറഞ്ഞു കൊടുക്കൽ ആയിരുന്നു ഉറങ്ങുന്നതിനു മുൻപുള്ള ഒരു ജോലി. ഇന്നും അതെ കഥകൾ പറയുന്നു ദിവസവും..സമയത്തിൽ മാത്രം അല്പം വത്യാസം .ചിന്നുവും കുക്കുവും ഉറങ്ങുന്ന സമയം ആവുമ്പോൾ താൻ രാവിലത്തെ കാപ്പികുടി കഴിഞ്ഞിരിക്കും .എന്നും ഓരോ കഥകൾ പറയുക എന്നത് ശ്രമകരമായ ജോലി തന്നെ ആണ്. വായന മുടക്കാത്തതും അതുകൊണ്ടു തന്നെ.ബാല സാഹിത്യങ്ങൾ എല്ലാം വര്ഷണങ്ങൾക്ക് ശേഷം വീണ്ടും വായിക്കുന്നു...

 

 

സ്‌കൂൾ അടവ് വർഷാവസാനം ആണത്രേ കുട്ടികൾക്ക്. ജനുവരി തൊട്ടു ഡിസംബർ വരെയാണ് അവിടെ അക്കാഡമിക് ഇയർ . നവംബർ പകുതി ആവുമ്പോൾ അവധി തുടങ്ങും. ആ സമയം ആണ് കുട്ടികൾ പതിവായി ഇവിടെയെത്തുന്നത്.എല്ലാവരും ഒരു മാസത്തിൽ അധികം ഇവിടെ കാണും .വരുന്നതിനു മാസങ്ങൾക്ക് മുൻപ് തന്നെ മക്കളും മരുമക്കളും നീണ്ട ലിസ്റ്റ് തന്നിരിക്കും.അമ്മെ അത് വേണം ഇതുവേണം എന്നിങ്ങനെ.അവർ വരുമ്പോളേക്കും അതൊക്കെ സംഘടിപ്പിക്കൽ ആണ് വേറെ ഒരു പ്രധാന ജോലി.അമ്മുവിന് അമ്മ സെലക്ട് ചെയ്തു വെക്കുന്ന നല്ല കുർത്തകൾ ആണ് ആവശ്യം എങ്കിൽ കുട്ടന്റെ ഭാര്യക്ക് ഇളം കളറിലെ പട്ടു സാരികളാവും ആവശ്യം.ഇത്തവണയും എല്ലാവരും വാരാറാവുന്നു. നാളെ വൈകിട്ടാണ് കുട്ടൻ കുടുംബവുമായി എത്തുക. അമ്മുവും കൂട്ടുകാരനും രണ്ടു ദിവസം കഴിഞ്ഞും.ഓരോരുത്തരുടെയും ഇഷ്ടത്തിനുള്ള പലഹാരങ്ങളും മറ്റും ഉണ്ടാക്കലും വീട് വൃത്തിയാക്കലും ഒക്കെ ആയി മരിയ ഓടി നടക്കുന്നു. കൊച്ചു അപ്പുവിന് വേണ്ടി ഗണേഷിനെ കൊണ്ട് ഒരു കുഞ്ഞു ഊഞ്ഞാലും ഹാളിൽ തയാറാക്കിയിട്ടുണ്ട് .എല്ലാം ഒന്നൂടെ നോക്കണം . എന്തെങ്കിലും വിട്ടുപോയോ ആവോ..

 

" ദീദി ഇന്നെന്തേ അവിടെ തന്നെ ഇരുന്നത്? കഴിക്കാൻ വരുന്നില്ലേ?.സമയം എന്തായെന്നറിയോ?" മരിയ ആണ്..പതുക്കെ മൊബൈലിൽ നോക്കി.ശെരിയാണ് ആലോചിച്ചാലോചിച്ച സമയം പോയത് അറിഞ്ഞില്ല.ഒൻപത് മണി ആവുന്നു. പതുക്കെ എണീറ്റ് വീട്ടിലേക്ക് നടന്നു.

 

 

" പ്രണാം ആന്റി " ശബ്ദം കേട്ട് തിരിഞ്ഞു നിന്നു .രാഹുൽ ജോലിക്ക് പോവുന്ന വഴിയാണ്..അടുത്ത വീട്ടിലെ മധുവിന്റെ മകൻ .കുട്ടനും ഇവനും ഒരേ പ്രായം ആണ് . " പ്രണാം രാഹുൽ" ചിരിച്ച മുഖത്തോടെ വീട്ടിലേക്ക് കയറുമ്പോൾ ആലോചിച്ചു.എവിടെയോ വായിച്ചിട്ടുണ്ട് ഉദയം പോലെ മനോഹരമാണ് അസ്തമയവും എന്ന്. ശരിയാണ്..പലർക്കും അത് ആസ്വദിക്കുവാൻ അറിയില്ല എന്നെ ഉള്ളൂ