User's Tags

Sunil M S 's Entries

17 blogs
 • അനിരുദ്ധൻ ചേട്ടൻ (കഥ) രചന: സുനിൽ എം എസ്, മൂത്തകുന്നം അനിരുദ്ധൻ ചേട്ടൻ അന്തരിച്ചു. ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിയ്ക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടു വലിയ അക്ഷരത്തിൽ എഴുതി വച്ചിരിയ്ക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിയ്ക്കുന്നു. ഇന്നു കാലത്തെട്ടുമണിയ്ക്കു ശവസംസ്കാരം. കുളക്കടവു ജങ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിരുന്നു ഞാൻ. ബോർഡിൽ, വാർത്തയുടെ ചുവട്ടിൽ വളരെച്ചെറിയൊരു ഫോട്ടോ ഒട്ടിച്ചുവച്ചിട്ടുണ്ട്. ഫോട്ടോ അടുത്തു നിന്നു കാണാൻ വേണ്ടി ഞാൻ റോഡു ക്രോസ്സു ചെയ്ത് ബോർഡിനടുത്തേയ്ക്കു ചെന്നു. ഫോട്ടോഞാനറിയുന്ന അനിരുദ്ധൻ ചേട്ടന്റേതു തന്നെ. സംശയമില്ല. പക്ഷേ, പത്തുപന്ത്രണ്ടു കൊല്ലം മുമ്പെടുത്തതായിരിയ്ക്കണം. തിരിച്ചറിയൽക്കാർഡിൽ നിന്നുള്ളതാകാനാണു വഴി. അനിരുദ്ധൻ ചേട്ടന്റെ ഇന്നുള്ള, അല്ലെങ്കിൽ ഇന്നലെവരെയുണ്ടായിരുന്ന രൂപത്തിന് ഈ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ആളത്രത്തോളം മാറിപ്പോയിട്ടുണ്ട്. എന്റെ ബാല്യം മുതൽ കാണുന്നതാണ് അനിരുദ്ധൻ ചേട്ടനെ. നടുവിൽ വകഞ്ഞ്, ഇരുവശത്തേയ്ക്കും ചീകിവച്ച ചുരുണ്ട മുടി. പഴയ ഏതോ സിനിമയിൽ പ്രേംനസീർ അത്തരത്തിൽ മുടി ചീകിവച്ചിരുന്നതു ഞാനോർക്കുന്നു. ഒരു പക്ഷേ, പ്രേംനസീറിനെക്കണ്ടാവാം, അനിരുദ്ധൻ ചേട്ടൻ അങ്ങനെ ചീകിയിരുന്നത്. ആ മുടി മുഴുവനും പോയിട്ടുണ്ടാകണം. അവസാനമായി കണ്ടപ്പോൾ, ഒരു തോർത്തുകൊണ്ടു തല മൂടിക്കെട്ടിയിരുന്നു. കഴുത്തിലും ഒരു തോർത്തു ചുറ്റിക്കെട്ടിയിരുന്നു. തൊണ്ടയിലായിരുന്നല്ലോ ക്യാൻസർ. ഞങ്ങളുടെ നാട്ടിൽ മതിലുകളില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്ത്, ഞങ്ങളുടേതുൾപ്പെടെയുള്ള ചില പുരയിടങ്ങളിലൂടെ കയറിനടന്നാൽ, പടിഞ്ഞാറു ഭാഗത്തെ പല നിവാസികൾക്കും കുളക്കടവു ബസ്റ്റോപ്പിലേയ്ക്കും അവിടന്നു കിഴക്കോട്ടുള്ള പ്രദേശങ്ങളിലേയ്ക്കുമെല്ലാം എളുപ്പമെത്താമായിരുന്നു. അനിരുദ്ധൻ ചേട്ടനങ്ങനെ ഞങ്ങളുടെ മുറ്റത്തുകൂടി നടന്നുപോകാറുണ്ടായിരുന്നു. തോളത്തുണ്ടാകുമൊരു കോടാലി; ചിലപ്പോൾ കുഴിയ്ക്കാനുള്ള കട്ടാമ്പാര. വരാന്തയിൽ അമ്മയിരുന്നു വായിയ്ക്കാറുണ്ടായിരുന്ന കാലത്ത്, കണ്ടയുടനെ അമ്മ ചോദിയ്ക്കും: “ങാ, എന്തൊക്കീണ്ട് അനിരുദ്ധാ?” “നല്ല വിശേഷം തന്നെ ചേച്ച്യേ. ദാ അവ്‌‌ടിത്തിരി പണീണ്ട്. അതൊന്നു ചെയ്തുകൊടുത്തേയ്ക്കാന്നു കരുതി” എന്നു വിനയത്തോടെ പറഞ്ഞുകൊണ്ട് അനിരുദ്ധൻ ചേട്ടൻ നടന്നു പോകും. അമ്മയ്ക്ക് തൃപ്തിയുള്ള ചുരുക്കം ചിലരിലൊരാളായിരുന്നു, അനിരുദ്ധൻ ചേട്ടൻ. “ഉത്തരവാദിത്വമുള്ളോനാ, അനിരുദ്ധൻ,” അമ്മ പറയാറുണ്ടായിരുന്നു. ഒരിയ്ക്കൽ അനിരുദ്ധൻ ചേട്ടന്റെ അച്ഛൻ വള്ളമൂന്നിക്കൊണ്ടിരിയ്ക്കെ കാൽ വഴുതി വള്ളത്തിന്റെ വക്കിൽ തലയടിച്ചു വീണു. അങ്ങേത്തലയ്ക്കൽ വള്ളമൂന്നിക്കൊണ്ടിരുന്ന അനിരുദ്ധൻ ചേട്ടൻ ഉടൻ വള്ളമൊരു കടവിലടുപ്പിച്ച്, ചോരയൊലിപ്പിച്ചു കിടന്നിരുന്ന അച്ഛനെ കൈകളിലെടുത്ത്, അടുത്തുണ്ടായിരുന്നൊരു വൈദ്യരുടെ അടുത്തു കൊണ്ടുപോയി മരുന്നു വയ്പിച്ചു. അച്ഛനെ കൈകളിലെടുത്ത് അനിരുദ്ധൻ ചേട്ടൻ നടന്നുപോയതിനു സാക്ഷ്യം വഹിച്ചവർ പലരുമുണ്ട്. അവിടന്നൊരു ഉന്തുവണ്ടിയിൽ അച്ഛനെ പായ് വിരിച്ചു കിടത്തി, അല്പമകലെയുള്ള സർക്കാരാശുപത്രിയിലെത്തിച്ചു. അച്ഛൻ രക്ഷപ്പെട്ടു. പണ്ട് അനിരുദ്ധൻ ചേട്ടന് നല്ല ആരോഗ്യമുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാൻ ഇന്നു ബുദ്ധിമുട്ടുണ്ട്. അത്രയ്ക്കധികം ക്ഷീണിച്ചുപോയിട്ടുണ്ടിപ്പോൾ. പണിക്കുറവും സാമ്പത്തികഞെരുക്കവും മൂലം ക്ഷീണിച്ചുപോയതായിരിയ്ക്കണം. വൃദ്ധരായ അച്ഛനമ്മമാരിരുവരും രോഗഗ്രസ്തരായതായിരുന്നു സാമ്പത്തികഞെരുക്കത്തിനു തുടക്കമിട്ടത്. ഇരുവരുടേയും ചികിത്സയ്ക്കായി അനിരുദ്ധൻ ചേട്ടൻ നന്നേ ബുദ്ധിമുട്ടി, ശാരീരികമായും സാമ്പത്തികമായും. എത്ര ബുദ്ധിമുട്ടുകൾക്കിടയിലായാലും, മുറ്റത്തുകൂടി നടന്നു പോകുമ്പോഴൊക്കെ ആരേയും ഉമ്മറത്തു കണ്ടില്ലെങ്കിൽ അനിരുദ്ധൻ ചേട്ടൻവാത്സല്യത്തോടെ വിളിയ്ക്കുമായിരുന്നു, “മോനേ...” എന്നെയുദ്ദേശിച്ചുള്ളതാണാ വിളി. ഞാൻ പിൻ‌വശത്തുണ്ടെങ്കിൽ “എവിടേയ്ക്കാ ചേട്ടാ” എന്നു ചോദിച്ചുകൊണ്ടു മുൻ‌വശത്തേയ്ക്കു ചെല്ലും. “ദേ ദവ്‌ടം വരെയൊന്നു പോണം. ത്തിരി പണീണ്ട്. മോനേ, നീ നല്ലോണം പടിയ്ക്കണില്ലേ?” അതു ഞാൻ കോളേജിൽ പഠിയ്ക്കുമ്പോളുള്ള ചോദ്യമായിരുന്നു.എനിയ്ക്കു ജോലി കിട്ടിയതിൽപ്പിന്നെ, “മോനേ, നീ ആപ്പീസിലൊക്കെപ്പോണില്ലേ?” എന്നായി ചോദ്യം. എന്റെ ജോലിയെപ്പറ്റി എനിയ്ക്കുള്ളതിനേക്കാളേറെ വേവലാതി അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നു. അനിരുദ്ധൻ ചേട്ടന്റെ മകൻ അനിൽ വയനാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു മടങ്ങിവന്നതു മുതലാണ് ആ വേവലാതി തുടങ്ങിയത്. എന്നോടു മാത്രമല്ല, ജോലിയുള്ളവരോടൊക്കെ അനിരുദ്ധൻ ചേട്ടൻ പറയുമായിരുന്നു, “ജോലി കളയല്ലേട്ടാ...” ജോലി കളഞ്ഞതിന് അനിലിനെ ഞാൻ കുറ്റം പറയില്ല. അനിലിന്റെ വയനാട്ടിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ശമ്പളം കിട്ടിയിരുന്നെങ്കിലും, രോഗമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അക്കാലത്തു വയനാട്ടിലേയ്ക്കുള്ള പോക്കും വരവും ദുർഘടം പിടിച്ചതുമായിരുന്നു. രണ്ടു കൊല്ലത്തിനിടയിൽ അര ഡസനിലേറെത്തവണ സുഖക്കേടുകളുമായി അനിലിനു പോരേണ്ടി വന്നു. ഒരിയ്ക്കൽ പനി ഗുരുതരമായി. സർക്കാരാശുപത്രിയിൽ രണ്ടാഴ്ചയോളം കിടക്കേണ്ടതായി വന്നു. രോഗം മാറിയ ശേഷവും ക്ഷീണമുണ്ടായി. അതോടെ, വയനാട്ടിലെ ജോലി വേണ്ടെന്നു വച്ചു. അനിരുദ്ധൻ ചേട്ടന്റെ വേവലാതി അന്നു തുടങ്ങി. പക്ഷേ, അനിൽ മടി പിടിച്ചിരുന്നൊന്നുമില്ല. അച്ഛനെപ്പോലെ തന്നെ, നാട്ടിൽകിട്ടിയ പണികളെല്ലാം ചെയ്തു. ഇപ്പോഴും ചെയ്യുന്നു. മേയ്ക്കാട്ടു പണിയാണു കൂടുതലും: കല്പണിക്കാരെ സഹായിയ്ക്കൽ. അനിലിന് ഇടയ്ക്കു പണിയില്ലാതെ വരുമ്പോൾ അനിരുദ്ധൻ ചേട്ടൻ പറയും: “ഹൊ! അവനാ ജോലി കളയാതിരുന്നെങ്കി!” കാലം ചെന്നപ്പോൾ, നാട്ടിലെ പുരയിടങ്ങൾക്കിടയിൽ മതിലുകളുയർന്നു. പുരയിടങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധങ്ങൾ ഏതാണ്ടില്ലാതായി. ഇടവഴികൾ റോഡുകളായി. അവയിൽക്കൂടിയായി മിക്കവരുടേയും വരവും പോക്കും. എന്റെ മുറ്റത്തുകൂടിയുണ്ടായിരുന്ന അനിരുദ്ധൻ ചേട്ടന്റെ നടപ്പു നിന്നു. കുളക്കടവു കവലയിൽ വച്ചു വല്ലപ്പോഴും കണ്ടെങ്കിലായി. കാണുമ്പോഴെല്ലാംഅനിരുദ്ധൻ ചേട്ടൻ സ്നേഹത്തോടെ ‘മോനേ’ എന്നു വിളിച്ച്, എന്തെങ്കിലുമൊക്കെ ചോദിയ്ക്കും. ചിലരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അനിർവ്വചനീയമായ സുഖം തരുന്നു. ചുരുക്കം ചിലരേയുള്ളു, അത്തരക്കാരായി. അനിരുദ്ധൻ ചേട്ടൻ അക്കൂട്ടത്തിലൊരാളായിരുന്നു. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം തരാനില്ല. വാത്സല്യത്തോടെയുള്ള ‘മോനേ’ എന്ന വിളി ഒരു കാരണമായിരിയ്ക്കണം. അധികം പേരൊന്നും എന്നെ ഇത്രത്തോളം വാത്സല്യത്തോടെ വിളിച്ചിട്ടില്ല. ബന്ധുക്കളുൾപ്പെടെ. കഷ്ടപ്പാടുകൾക്കിടയിൽപ്പോലും അനിരുദ്ധൻ ചേട്ടൻ എന്റെ സഹായം ഒരിയ്ക്കലും ആവശ്യപ്പെട്ടില്ല. അനിരുദ്ധൻ ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അതത്ഭുതമാണ്. നിൽക്കുന്നെങ്കിൽ സ്വന്തം കാലിൽത്തന്നെ നിൽക്കണമെന്നു ദൃഢനിശ്ചയമെടുത്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു, അനിരുദ്ധൻ ചേട്ടൻ.എനിയ്ക്കായിട്ടില്ലാത്ത, എനിയ്ക്കാവില്ലാത്ത തത്വം അനിരുദ്ധൻ ചേട്ടൻ അനായാസം സ്വീകരിച്ചുനടപ്പാക്കി. ഒരു ദിവസം കിഴക്കേലെ ശിവൻ സംഭാഷണമദ്ധ്യേ ചോദിച്ചു, “ചേട്ടൻഅനിരുദ്ധൻ ചേട്ടനെ അറിയോ?” ശിവൻ വിശദീകരിച്ചു, “മേയ്ക്കാട്ടുപണിക്കാരൻ അനിലിന്റെ അച്ഛൻ? കല്പണിക്കാരൻ തങ്കച്ചന്റെ വീടിന്റെ അപ്രത്തെ?” “പിന്നേ! അനിരുദ്ധൻ ചേട്ടനെ പണ്ടേ മുതലറിയാം. മോനേന്നു വിളിച്ചുംകൊണ്ട് മുറ്റത്തൂടെ പോകാറുണ്ടായിരുന്നു. ഇപ്പൊ കൊറച്ചുകാലായി കണ്ടിട്ട്. എന്തേ, ചോദിയ്ക്കാൻ?” “മൂപ്പര് ക്ക് ക്യാൻസറാ.” ചിലരുടെ രോഗവിവരങ്ങൾ കേട്ട്, “അയ്യോ, കഷ്ടമായിപ്പോയി” എന്നു നാം പറഞ്ഞാൽത്തന്നെയും ഉള്ളിൽ വലുതായ വിഷാദമുണ്ടാകാറില്ല. എന്നാൽ, അനിരുദ്ധൻ ചേട്ടന്റെ വിഷമസ്ഥിതി കേട്ട് എനിയ്ക്കു വിഷമമുണ്ടായി. ക്യാൻസർ രോഗം നൽകി ശിക്ഷിയ്ക്കാൻ ഈശ്വരനെന്തുകൊണ്ടു നല്ല മനുഷ്യരെത്തന്നെ തെരഞ്ഞെടുക്കുന്നു! അന്നു വൈകീട്ട്, ഓഫീസിൽ നിന്നു വന്നയുടനെഞാൻ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു ചെന്നു. ഓടിട്ട, ചെറിയൊരു വീട്. അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നില്ല. “അച്ചനേം കൊണ്ട് ചേട്ടൻ പോയിരിയ്ക്ക്യേണ്”: അനിലിന്റെ ഭാര്യ ജാനകി പറഞ്ഞു. “നാലഞ്ചീസം കഴിയേരിക്കും വരാ‍ൻ.” അനിൽ അച്ഛനെ ചികിത്സയ്ക്കായി എവിടേയ്ക്കോ കൊണ്ടുപോയതായിരുന്നു. അനിലും അനിരുദ്ധൻ ചേട്ടനും മടങ്ങിവരുന്നതിനു മുമ്പ് എനിയ്ക്കു കോഴിക്കോട്ടേയ്ക്കു പോകേണ്ടി വന്നു. കുറേനാൾ ഞാൻ കോഴിക്കോട്ടു തന്നെയായിരുന്നു. പിന്നീടു മറ്റിടങ്ങളിലും. നാട്ടിലേയ്ക്കുള്ള വരവു വിരളമായി. തിരക്കിനിടയിൽ അനിരുദ്ധൻ ചേട്ടന്റെ കാര്യം ഞാൻ മറന്നു. ഇടയിലൊരിയ്ക്കൽ ലീവിനു വന്നിരിയ്ക്കെ, കുളക്കടവു ജങ്ഷനിൽ വച്ചു യാദൃച്ഛികമായി ഞാൻ അനിരുദ്ധൻ ചേട്ടനെക്കണ്ടു.തലയിലും കഴുത്തിലും കെട്ട്.കെട്ടുകൾക്കിടയിലൂടെ കാണുന്ന മുഖഭാഗത്തിനു പഴയ ഛായ തീരെയില്ല. കവിളെല്ലുകളുന്തി, കണ്ണുകൾ കുഴിഞ്ഞ്...ആൾ പകുതിയായിപ്പോയിരിയ്ക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരം. മെലിഞ്ഞുണങ്ങിയ കൈകാലുകൾ. പീള കെട്ടിയ കണ്ണുകൾ. ആദ്യം ഞാനാളെ തിരിച്ചറിഞ്ഞില്ല.ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾഉള്ളിലൊരു ചോദ്യമുയർന്നു. അതെന്നെ നടുക്കി: അനിരുദ്ധൻ ചേട്ടനല്ലേയിത്? ഞാനടുത്തേയ്ക്കു ചെന്നു. “അനിരുദ്ധൻ ചേട്ടനല്ലേ?” ശങ്കയോടെ ചോദിച്ചു. എന്നെ തിരിച്ചറിയാൻ അനിരുദ്ധൻ ചേട്ടന് ഒരു പ്രയാസവുമുണ്ടായില്ല.“കോഴിക്കോട്ട് ന്ന് പോന്നാ, മോനേ?” പതറിയസ്വരം. രോഗം മൂലമായിരിയ്ക്കണം. എങ്കിലും ചുണ്ടുകളകന്നു. ചിരിയ്ക്കാനുള്ള ശ്രമം. മുൻ നിരയിലെ പല്ലുകൾ മിക്കതും പോയിരിയ്ക്കുന്നു. കണ്ടുനിൽക്കാനാകാത്ത വിധം മുഖം ചുക്കിച്ചുളിഞ്ഞു വിരൂപമായിരിയ്ക്കുന്നു. എന്തൊരു മാറ്റം! ഞാൻ തിരിഞ്ഞു നിന്ന്, പോക്കറ്റിലുണ്ടായിരുന്ന നോട്ടുകളെല്ലാമെടുത്തു മടക്കിപ്പിടിച്ച്, ആരും കാണാതെ, അനിരുദ്ധൻ ചേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽത്തിരുകി. തോളത്തു മൃദുവായി തടവി. ഷർട്ടിനുള്ളിൽ ഉന്തിനിന്നിരുന്ന തോളെല്ലു വിരലിൽത്തടഞ്ഞു. അനിരുദ്ധൻ ചേട്ടൻ പോക്കറ്റിൽ കൈകടത്താനൊരുങ്ങി. നോട്ടുകളെടുത്തു തിരികെത്തന്നുകളയുമോ എന്നു ഞാൻ ഭയന്നു. ഞാൻ പോക്കറ്റ് അമർത്തിപ്പിടിച്ചു. നോട്ടുകൾ അതിൽത്തന്നെ ഭദ്രമായിരിയ്ക്കട്ടെ. “മോനേ, നീ കാശൊന്നും കളയല്ലേ…” അനിരുദ്ധൻ ചേട്ടൻ കിതച്ചുകൊണ്ട്, മെല്ലെ പറഞ്ഞു. അധികം സംസാരിയ്ക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനിരുദ്ധൻ ചേട്ടൻ. കാര്യമായെന്തെങ്കിലുമൊക്കെ സംസാരിയ്ക്കാൻ എനിയ്ക്കുമായില്ല. മുറ്റത്തുകൂടി ചിരിച്ചുകൊണ്ടു നടന്നുപോകാറുണ്ടായിരുന്ന അനിരുദ്ധൻ ചേട്ടന്റെ പഴയ കാലചിത്രത്തെപ്പറ്റി ഓർത്തുകൊണ്ടു ഞാൻ തരിച്ചുനിന്നു. ഒരോട്ടോ മുന്നിൽ വന്നു നിന്നു. അതിൽ നിന്ന് അനിലിന്റെ ഭാര്യ, ജാനകി, ഇറങ്ങിവന്നു. അനിരുദ്ധൻ ചേട്ടനെ മെല്ലെ ഓട്ടോയിൽ കയറ്റുന്നതിനിടയിൽ ജാനകി തിരിഞ്ഞെന്നോടു പറഞ്ഞു, “അച്ചൻ കവല വരെ നടന്ന് നാട്ടിലെ കാറ്റിത്തിരി കൊള്ളട്ടേന്നും പറഞ്ഞ് പോന്നതാ. പതുക്കെപ്പൊക്കോ, ഇത്തിരി കഴിഞ്ഞ് ഓട്ടോനു വന്ന് കൊണ്ടന്നോളാന്നു ഞാമ്പറഞ്ഞിരുന്നു. ചേട്ടൻ പണിക്ക് പോയിട്ട് വന്നട്ടില്ല.” “പോട്ടേ മോനേ?” ജാനകിയുടെ സഹായത്തോടെ ഓട്ടോയിൽക്കയറിയിരുന്ന ശേഷം അനിരുദ്ധൻ ചേട്ടൻ പ്രയാസപ്പെട്ട് എന്നോടു ചോദിച്ചു. അതൊരു വിടവാങ്ങലായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ബീഭത്സമായ ആ രൂപം കണ്ണിൽ നിന്നു മറയുന്നതു വരെ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു. ദൈവം തമ്പുരാൻ എന്തിനിങ്ങനെ പാവങ്ങളെ കഷ്ടപ്പെടുത്തുന്നു! പരിതാപകരമായ അവസ്ഥയിലായിരുന്നിട്ടും അനിരുദ്ധൻ ചേട്ടന്ആവലാതികളും പരിഭവങ്ങളുമൊന്നുമുണ്ടായിരുന്നില്ല. രോഗജന്യമായ വൈരൂപ്യത്തിനിടയിലും നൈമിഷികമായെങ്കിലും പ്രസന്നഭാവമുണ്ടായിരുന്നു താനും. ‘ഇതൊന്നും സാരമില്ല മോനേ’ എന്ന പരോക്ഷമായ ഒരാശ്വസിപ്പിയ്ക്കൽ അതിലടങ്ങിയിരുന്നു. ഓർത്തപ്പോളെന്റെ കണ്ണു നനഞ്ഞു. ഞങ്ങളുടെ നാട്ടിലൊരു പരസ്പരസഹായസംഘമുണ്ട്. കുറേപ്പേർ ചെറിയ തുകവീതമെടുത്തു തുടങ്ങിയ ഒരു സഹകരണപ്രസ്ഥാനം. കടം കൊടുക്കലാണ് അവരുടെ മുഖ്യ തൊഴിൽ. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള ലോണുകളാണ് അവർ കൊടുക്കാറ്. ബാങ്കുകൾ ഇത്ര ചെറിയ ലോണുകൾ കൊടുക്കുകയില്ലല്ലോ. സംഘം ചെറു കടങ്ങൾ കൊടുക്കുക മാത്രമല്ല, കൊടുത്ത കടങ്ങളെല്ലാം ആളെവിട്ട് ദിവസേന ചെറിയ തുക വീതം പിരിച്ചെടുക്കുകയും ചെയ്യും. കമ്മീഷനടിസ്ഥാനത്തിൽ പിരിവു നടത്താനായി അവിടെ ഏതാനും വനിതകളുമുണ്ട്. ചെറുലോണുകളെടുക്കാൻ ആളുകൾ ധാരാളമുണ്ടായി. സകലരും പരസ്പരം അറിയുന്നവരായതുകൊണ്ട് സംഘത്തിൽ നിന്നു ലോൺ കിട്ടുന്നത് എളുപ്പമായിരുന്നു. ബാങ്കുകളിലേതിനേക്കാൾ ഒരല്പം ഉയർന്ന നിരക്കിലുള്ളതായിരുന്നു, പലിശ. എന്നിരുന്നാലും നിരവധിപ്പേർ കടമെടുത്തു. ദിവസേന സ്ഥലത്തു വന്നു പിരിവു നടത്തിയിരുന്നതുകൊണ്ടു തിരിച്ചടവ് അനായാസമായിരുന്നു. ദാരിദ്ര്യത്തിനിടയിലും മിക്കവരും തങ്ങളുടെ കടങ്ങൾ മടി കൂടാതെ തിരിച്ചടച്ചു. പതിറ്റാണ്ടുകൾകൊണ്ടു സംഘം സമ്പന്നമായി. ചുറ്റുവട്ടത്തുള്ള ക്യാൻസർ രോഗികൾക്കു ധനസഹായം നൽകണമെന്നൊരു നിർദ്ദേശം ഭരണസമിതിയുടെ ഒരു യോഗത്തിൽ വന്നു. ക്യാൻസർ രോഗത്തിനുള്ള ചികിത്സ ചെലവേറിയതാണ്. സാധാരണക്കാർക്കതു താങ്ങാനാവില്ല. അതുകൊണ്ടവരെ കഴിയുന്നത്ര സഹായിയ്ക്കുക തന്നെ. സംഘം ആ നിർദ്ദേശം ഉടൻ സ്വീകരിച്ചു. ക്യാൻസർ മൂലം അവശനായിത്തീർന്നിരുന്നു, അനിരുദ്ധൻ ചേട്ടൻ. ഏതു നിമിഷം വേണമെങ്കിലും അന്ത്യം കടന്നു വരാവുന്ന സ്ഥിതി. സമീപത്തുള്ള ക്യാൻസർരോഗികളുടെ ലിസ്റ്റു തയ്യാറായപ്പോൾ, അതിലൊന്നാമത്തെപ്പേര്സ്വാഭാവികമായും അനിരുദ്ധൻ ചേട്ടന്റേതായിരുന്നു. ഒരു സായാഹ്നത്തിൽ സൗജന്യധനസഹായത്തിന്റെ ആദ്യഗഡുവ് അടങ്ങുന്നൊരു കവറുമായി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ഖജാൻ‌ജിയും കൂടി അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്തി. അനിരുദ്ധൻ ചേട്ടൻ മയക്കത്തിലായിരുന്നു. അനിൽ പണിയ്ക്കു പോയിരുന്നു. ജാനകിയുണ്ടായിരുന്നു, വീട്ടിൽ. സംഘം ഭാരവാഹികൾ അനിരുദ്ധൻ ചേട്ടനുണരുന്നതും കാത്തിരുന്നു. ഇരിയ്ക്കാനുള്ള സൌകര്യങ്ങൾ പരിമിതമായിരുന്നതുകൊണ്ട് കാത്തുനിന്നു എന്നു വേണം പറയാൻ. അനിരുദ്ധൻ ചേട്ടൻ കണ്ണു തുറന്നപ്പോൾ, കാര്യം വിശദീകരിച്ചുകൊണ്ട്, പ്രസിഡന്റ് കവറെടുത്തു നീട്ടി. വെറുതേ കിട്ടുന്ന പണം ആരാണു വാങ്ങാത്തത്! പക്ഷേ, അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല. ദൈവാനുഗ്രഹം കൊണ്ടു ചെലവൊക്കെ മുട്ടുകൂടാതെ നടന്നു പോകുന്നുണ്ടെന്നു പറഞ്ഞു. മറ്റാർക്കെങ്കിലും കൊടുക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. സംഘത്തിന്റെ ഭാരവാഹികൾ സ്നേഹപൂർവ്വം നിർബ്ബന്ധിച്ചു. എങ്കിലും, അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല. അനിൽ വരുമ്പോൾ സംഘത്തിന്റെ ഓഫീസിലേയ്ക്കൊന്നു വരാൻ പറയണമെന്നു ജാനകിയെ പറഞ്ഞേല്പിച്ചുകൊണ്ട് സംഘം ഭാരവാഹികളിറങ്ങി. പിറ്റേന്നു വൈകീട്ടാണ് അനിലിന് സംഘത്തിന്റെ ഓഫീസിലെത്താൻ കഴിഞ്ഞത്. സെക്രട്ടറി മാത്രമേ അപ്പോളുണ്ടായിരുന്നുള്ളൂ. “ചേട്ടാ, അച്ഛന്റെ ചികിത്സച്ചെലവു മുഴോൻ എറണാകുളത്തെ ഒരു സംഘടന വഹിയ്ക്കണ് ണ്ട്,” അനിൽ ക്ഷമാപണസ്വരത്തിൽ വിശദീകരിച്ചു. “അതിപ്പക്കൊറേ നാളായി. പിന്നെ, ഭാരതീന്ന് എടയ്ക്കെടയ്ക്ക് നേഴ്‌സുമ്മാരു വന്നു നോക്കിപ്പോണ് ണ്ട്.” അടുത്തുള്ള സ്വകാര്യാശുപത്രിയായ ഭാരതിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനത്തെപ്പറ്റിയായിരിയ്ക്കണം അനിൽ പരാമർശിച്ചത്. “ഭാഗ്യത്തിന് എനിയ്ക്കിപ്പൊ ദെവസോം പണീ‌മ് ണ്ട്. അതോണ്ട് കാശിന് അത്യാവശ്യോന്നൂല്ല...” പണം വാങ്ങാൻ സംഘം ഭാരവാഹികൾ വീണ്ടും നിർബന്ധിച്ചപ്പോൾ അനിൽ രഹസ്യമായി അറിയിച്ചു, “സംഭാവന വാങ്ങണത് അച്ചനിഷ്ടല്ല.” പണം കൊടുക്കാൻ ഭാരവാഹികൾ തുടർന്നും ശ്രമം നടത്തിയെങ്കിലും, അതെല്ലാം വിഫലമായതേയുള്ളു. ഞാൻ ലീവിനു വന്നിരിയ്ക്കുമ്പോൾ, ഒരു ദിവസം സംഘത്തിന്റെ സെക്രട്ടറിയെ കാണിനിടയായി. വിവരങ്ങളറിയാനായത് അങ്ങനെയാണ്. ക്യാൻസർ രോഗികളായി ആകെ നാലു പേരാണു പരിഗണനയിലുണ്ടായിരുന്നതെന്നും, അനിരുദ്ധൻ ചേട്ടനൊഴികെ മറ്റെല്ലാവരും സഹായം സ്വീകരിച്ചെന്നും സെക്രട്ടറി അറിയിച്ചപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി! സത്യം പറയട്ടേ, അനിരുദ്ധൻ ചേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ വെറുതേകിട്ടുന്ന ധനസഹായം രണ്ടു കൈയ്യും നീട്ടി വാങ്ങുമായിരുന്നു. മാത്രമോ, ‘ഇതൊന്നും പോരാ, ഇനിയും കൊണ്ടുവാ, രോഗം ക്യാൻസറാണെന്നറിയില്ലേ’ എന്നെല്ലാം ഏതാണ്ടൊരധികാരത്തോടെ തന്നെ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു! ഏതു വിധേനയും പണമുണ്ടാക്കാൻ ജനം പരക്കം പായുന്നൊരു ലോകത്തു വെറുതേ കിട്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ടാകാമെന്നു ഞാനാദ്യമായി മനസ്സിലാക്കിയത് ഈ സംഭവത്തിൽ നിന്നാണ്. അതും, അക്ഷരാഭ്യാസമില്ലാത്ത അനിരുദ്ധൻ ചേട്ടനിൽ നിന്ന്. എനിയ്ക്ക് അപകർഷതാബോധം തോന്നിപ്പോയി. അനിലിന്റെ തൊഴിൽ മേയ്ക്കാട്ടുപണിയായതുകൊണ്ട് അത് ഇടയ്ക്കൊക്കെ ഉണ്ടായില്ലെന്നു വരാം. ജാനകി അടുത്തുള്ള ഒന്നു രണ്ടു വീടുകളിൽപ്പോയി ചില്ലറ വീട്ടുജോലികൾ ചെയ്തുകൊടുക്കാറുണ്ട്. എങ്കിലും കുടുംബത്തിന്റെ ആകെ വരുമാനം തുച്ഛം തന്നെ. സഹായങ്ങൾ ആവശ്യമുള്ള, തീർച്ചയായും അർഹിയ്ക്കുന്ന കുടുംബം. എന്നിട്ടും അച്ഛനും മകനും സഹായം സ്വീകരിച്ചില്ല. തിരിച്ചടയ്ക്കേണ്ടാത്ത, യാതൊരു ബാദ്ധ്യതയുമുണ്ടാക്കാത്ത സഹായമായിട്ടുപോലും! എന്റെ ബാല്യം മുതൽക്കേ അനിരുദ്ധൻ ചേട്ടനെ പരിചയമുണ്ട്. ഞാൻ വളർന്നു വലുതായി ഉദ്യോഗസ്ഥനായതിന് അനിരുദ്ധൻ ചേട്ടൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാട്ടിലെ സ്ഥിതി പരിഗണിയ്ക്കുമ്പോൾ, തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ഉദ്യോഗമാണെന്റേത്. അതു മനസ്സിലാക്കി, നാട്ടിലെപ്പലരും എന്നോടു സഹായങ്ങളാവശ്യപ്പെട്ടിട്ടുണ്ട്. പലരേയും സഹായിച്ചിട്ടുമുണ്ട്. ചിലരെങ്കിലും പണം തിരിച്ചുതരാതിരുന്നിട്ടുമുണ്ട്. എന്നാൽ ഞാനുമായി നെടുനാളത്തെ പരിചയമുള്ള അനിരുദ്ധൻ ചേട്ടൻ ഇത്രയും കാലത്തിനിടയിൽ ഒരു രൂപ പോലും എന്നോടു ചോദിച്ചിട്ടില്ല. ഗുരുതരമായ സ്ഥിതിയിലായിരുന്നിട്ടും. പട്ടിണി കിടക്കേണ്ടി വന്നാൽപ്പോലും, സ്വപ്രയത്നം കൊണ്ടു മാത്രമേ അന്നത്തിനുള്ള വക നേടുകയുള്ളെന്നുറച്ചവർ ഇന്നും സമൂഹത്തിനിടയിൽ വിരളമായെങ്കിലും ഉണ്ടെന്നതിനു മറ്റു തെളിവുകൾ വേണ്ട. പണമില്ലാതെ മരിയ്ക്കേണ്ടി വന്നാലും പണത്തിനു വേണ്ടി മരിയ്ക്കാൻ തയ്യാറല്ലാത്തവർ. കണ്ടപ്പോഴൊക്കെ കുശലമന്വേഷിച്ചെന്നല്ലാതെ, എന്തെങ്കിലും സഹായം വേണോയെന്നു ഒരിയ്ക്കൽപ്പോലും അനിരുദ്ധൻ ചേട്ടനോട് ആരാഞ്ഞില്ലെന്ന കുറ്റബോധം എന്നിലുയർന്നു. അർത്ഥശൂന്യമായ, ഉപരിപ്ലവമായ കുശലമന്വേഷിയ്ക്കലിനപ്പുറത്തേയ്ക്കു കടന്നുചെല്ലാനുള്ള ആത്മാർത്ഥത ഒരിയ്ക്കലും കാണിച്ചില്ല. സമൂഹത്തോടുള്ള കടമ വിസ്മരിച്ചു. “നല്ലൊരു മനുഷ്യനായിരുന്നു.”ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. മാത്യൂസ്. എന്റെ അയൽക്കാരൻ. അനിരുദ്ധൻ ചേട്ടന്റെ ചരമവാർത്ത വായിച്ച ശേഷം പറഞ്ഞതാണ്. ശരിയാണ്. നല്ലൊരു മനുഷ്യൻ വിട പറഞ്ഞിരിയ്ക്കുന്നു. ആരോടും യാതൊരു പരാതിയും പരിഭവവും അതൃപ്തിയും പ്രകടിപ്പിയ്ക്കാതെ, നിശ്ശബ്ദമായി വിട‌വാങ്ങുകയും ചെയ്തിരിയ്ക്കുന്നു. “എട്ടു മണിയ്ക്കാണു ശവസംസ്കാരം,” മാത്യൂസ് പഞ്ചായത്തിന്റെ ബോർഡു വായിച്ചു. “സമയമാവാറായി. നമുക്കങ്ങോട്ടു പോയാലോ, ചേട്ടാ?” ബോർഡിനോടു ചേർന്ന്, പഞ്ചായത്തു തന്നെ സ്ഥാപിച്ചിരിയ്ക്കുന്ന ക്ലോക്കിൽ നോക്കി. ഏഴേമുക്കാലാകുന്നു.ധൃതിയിൽ നടന്നാൽ എട്ടിനു മുമ്പ് അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്താം. മിൽമപ്പാലു പിന്നീടു വാങ്ങാം. ആ ശരീരം അഗ്നിയിലുരുകാൻ തുടങ്ങുന്നതിനു മുമ്പ് ഒന്നു സ്പർശിയ്ക്കണം. കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാൻ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു നടന്നു. (ഈ കഥ സാങ്കല്പികം മാത്രമാണ്.) [email protected]
  3 Posted by Sunil M S

  May 25, 2016 3
 • ശ്രാദ്ധം (കഥ) രചന: സുനിൽ എം എസ്, മൂത്തകുന്നം (രണ്ടായിരത്തഞ്ഞൂറോളം വാക്കുകളുള്ള രചന; സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.) ഞാൻ കാർ സ്റ്റാർട്ടു ചെയ്ത് റൈറ്റ് ടേൺ സിഗ്നലിട്ടപ്പോൾത്തന്നെ പത്തൻസിന്റെ പാർക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരൻ റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിർത്തിത്തരാൻ തുടങ്ങിയിരുന്നു. അതു കണ്ടപ്പോൾത്തന്നെ ശ്രീ ജനൽ താഴ്‌ത്തി, തയ്യാറായിരുന്നു കാണണം. കാരണം, കാർ റോഡിലേയ്ക്കു കടന്നു മെല്ലെ വലത്തോട്ടു തിരിയുമ്പോൾത്തന്നെ ശ്രീ സെക്യൂരിറ്റിക്കാരന് ഒരു നോട്ടു കൈമാറി. ഞാൻ മനസ്സിൽ കണ്ടത് ശ്രീ മാനത്തു കണ്ടിരിയ്ക്കുന്നു. സെക്യൂരിറ്റിക്കാരൻ നിലത്ത് ഉറച്ചു ചവിട്ടി, ഉഷാറിലൊരു സല്യൂട്ടു പാസ്സാക്കി. ശ്രീ രണ്ടു വിരൽ കൊണ്ടു നെറ്റിയിൽ സ്പർശിച്ചു സല്യൂട്ടു സ്വീകരിച്ചതു ഞാൻ കൺകോണിലൂടെ കണ്ടു. അല്പം മുമ്പു ഞാൻ റൗണ്ടിൽ നിന്നു കാറ് ഇറക്കിക്കൊണ്ടുവന്നപ്പോൾ ആ സെക്യൂരിറ്റിക്കാരൻ ഏറ്റവും മുന്നിലുള്ള പാർക്കിംഗ് സ്പോട്ടിലേയ്ക്കു നയിച്ച്, മറ്റു വാഹനങ്ങൾ മുന്നിൽ പാർക്കു ചെയ്ത് എന്റെ വഴി ബ്ലോക്കാക്കില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. അപൂർവം ചില സെക്യൂരിറ്റിക്കാർക്കു മാത്രമേ ഇത്രത്തോളം സേവനമനസ്ഥിതിയുണ്ടാകാറുള്ളൂ. റൗണ്ട് വെസ്റ്റിൽ നിന്നു ഞാൻ എം ജി റോഡിലേയ്ക്കു തിരിഞ്ഞു. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇതുവരെ, എവിടേയ്ക്കാണീപ്പോക്കെന്നു ശ്രീ ചോദിച്ചിട്ടില്ല. ഇത്തരം ഒഴിവുദിവസങ്ങളിൽ കാറു ഞാനെടുക്കുമ്പോൾ അവനതു ചോദിയ്ക്കാറുമില്ല. ‘നിന്നെ കയറൂരി വിട്ടിരിയ്ക്കുന്നു. നീ എവിടേയ്ക്കു വേണമെങ്കിലും പൊയ്ക്കോ’ എന്ന നിലപാടാണ് അവൻ സ്വീകരിയ്ക്കാറ്. പൊതുനിലപാട് അങ്ങനെയാണെങ്കിലും, ഇന്നത്തെ യാത്രയുടെ പിന്നിലുള്ള എന്റെ ഗൂഢോദ്ദേശ്യം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ അവനെന്നെ പരിഹസിച്ചേനേ. ശങ്കരയ്യർ റോഡു ക്രോസ്സു ചെയ്തു പടിഞ്ഞാറേക്കോട്ട ജങ്ഷനിൽ ഞാൻ സിഗ്നലിനായി കാത്തുകിടന്നു. സിഗ്നൽ കിട്ടിയപ്പോൾ ഞാൻ വണ്ടി വലത്തോട്ടു തിരിച്ചു. പോക്കു ഗുരുവായൂർക്കാണെന്ന് അവൻ കരുതിയിട്ടുണ്ടാകും. പെട്ടെന്നു ഞാൻ കാറ് ഫോർട്ട് ഹോസ്പിറ്റലിന്റെ ഗേറ്റിനുള്ളിൽ കടത്തി. ഒരു സെക്യൂരിറ്റിക്കാരൻ ഒഴിവുള്ളൊരു പാർക്കിംഗ് സ്പോട്ട് പാർക്കു ചെയ്തിരിയ്ക്കുന്ന കാറുകളുടെ മുകളിലൂടെ ചൂണ്ടിക്കാണിച്ചു തന്നു. കാറു പാർക്കു ചെയ്തു ഞാൻ എഞ്ചിനോഫാക്കി. ശ്രീ എന്നെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. മുഖത്ത് ആശങ്കയുടെ ചെറുനിഴൽ. അവനറിയാത്ത, ആശുപത്രിയിൽ വരാൻ തക്ക ശാരീരികമായ അസ്വാസ്ഥ്യങ്ങളെന്തെങ്കിലും എനിയ്ക്കുണ്ടായോ എന്ന ഉൽക്കണ്ഠ. “കഴിഞ്ഞയാഴ്ച ഞാൻ വീട്ടിൽച്ചെന്നപ്പോൾ അമ്മയെന്നെ ശകാരിച്ചു,” ഞാൻ വിശദീകരിച്ചു. നിന്നെക്കൊണ്ടിതുവരെ ബലിയിടീയ്ക്കാത്തതിന്.” ഇതു യാത്ര പുറപ്പെടും മുൻപു പറഞ്ഞിരുന്നെങ്കിൽ അവൻ തീർച്ചയായും യാത്ര മുടക്കിയേനേ. എന്തായാലും ഇവിടെ എത്തിക്കിട്ടിയല്ലോ. എനിയ്ക്കാശ്വാസമായി. ശ്രീയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പക്ഷേ, അവൻ ബലിയിടാറില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വർഷങ്ങളായി. ഇതിനിടയിൽ ഒരിയ്ക്കൽപ്പോലും അവൻ ബലിയിട്ടിട്ടില്ല. ജനം പിതൃക്കൾക്കു വേണ്ടി ബലിയിട്ടു എന്ന വാർത്ത കാണുമ്പോൾ ശ്രീ പരിഹസിയ്ക്കും: കൊല്ലത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും മൂന്നു നേരം വീതം ഭക്ഷണം അകത്താക്കിയിരുന്ന പിതൃക്കൾക്കു വർഷത്തിലൊരിയ്ക്കൽ മാത്രം കിട്ടുന്ന ഒരു പിടിച്ചോറുകൊണ്ടു വിശപ്പെങ്ങനെ മാറ്റാനാകും! മൺമറഞ്ഞുപോയവർക്കുണ്ടോ ആഹാരത്തിന്റെ ആവശ്യം! പിതൃക്കളുടെ പേരിൽ കാക്കയ്ക്കു കൊടുക്കുന്ന ആഹാരം ജീവിച്ചിരിയ്ക്കുന്നവർക്കു കൊടുത്താൽ ജീവിച്ചിരിയ്ക്കുന്നവരുടെ ആയുസ്സ് അല്പം കൂടി നീട്ടാനാകും. അങ്ങനെ പോകും, അവന്റെ വാദഗതി. “ഇപ്പോ, ഫോർട്ട് ഹോസ്പിറ്റലിലും ബലിയിടാനുള്ള സൗകര്യമുണ്ടെന്നറിഞ്ഞിരുന്നില്ല!” അവൻ കുലുങ്ങിച്ചിരിച്ചു. അവന്റെ ചോദ്യത്തിലെ നർമ്മം കേട്ട് എനിയ്ക്കു ചിരി വന്നെങ്കിലും ഞാൻ ചിരിച്ചില്ല. “ബലിയിട്ടേ തീരൂ എന്നില്ലെന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, പിതൃക്കളെപ്പറ്റി ഓർത്തേ തീരൂ. നിന്നെക്കൊണ്ട് അവരെപ്പറ്റി ഓർമ്മിപ്പിയ്ക്കണം. ആന്റിയെപ്പറ്റി പ്രത്യേകിച്ചും. അച്ഛനതാ പറഞ്ഞത്. ആന്റിയെപ്പറ്റിയോ അങ്കിളിനെപ്പറ്റിയോ നീയൊന്നും പറയാറില്ല. അവരെപ്പറ്റി ഞാനും ചോദിയ്ക്കാറില്ല. അവരെപ്പറ്റി ഓർമ്മിപ്പിയ്ക്കാതിരുന്നത് എന്റെ തെറ്റാണ് എന്നാണമ്മ പറേണത്. അതു തെറ്റായിരുന്നെങ്കിൽ എനിയ്ക്കതു തിരുത്തണം. ആലോചിച്ചപ്പൊ നിന്നെ ഇവിടെ കൊണ്ടുവരാനാ എനിയ്ക്കു തോന്നിയത്. നിനക്കിവിടത്തെ പല ഓർമ്മകളൂണ്ടാകും. ആന്റിയെ അഡ്മിറ്റു ചെയ്തത്. ആന്റി ഐസിയൂവിൽ കിടന്നത്. ഒന്നും നീ മറന്നിട്ടുണ്ടാവില്ലാന്ന് എനിയ്ക്കറിയാം. എന്നാലും, അന്നത്തെ സ്ഥലങ്ങളൊക്കെ ഒന്നു കൂടി കണ്ട്, ആന്റിയെപ്പറ്റിയോർത്ത്...” “മനസ്സിലായി.” ഡോറു തുറക്കുന്നതിനിടയിൽ അവനെന്നെ കണ്ണിറുക്കിക്കാണിച്ചു. “ഞാനോർമ്മകളൊക്കെയൊന്നു പുതുക്കീട്ടു വരാം.” പുറത്തിറങ്ങി ഡോറടച്ച ശേഷം അവൻ ജനലിലൂടെ കൈനീട്ടി എന്റെ കരം പിടിച്ചമർത്തി. “താങ്ക്സ്, സ്വീറ്റ് ഹാർട്ട്!” എന്നോടിത്തരമൊരു നന്ദി രേഖപ്പെടുത്തൽ അവനു പതിവില്ലാത്തതാണ്. തമാശ കലർത്തി പറഞ്ഞതാണവൻ. അതെനിയ്ക്കു മനസ്സിലാകായ്‌കയല്ല. അവന്റെ മുമ്പിൽ വികാരപ്രകടനങ്ങളൊന്നും എനിയ്ക്കും പതിവില്ല. എന്നിട്ടുമെന്റെ കണ്ണു നിറഞ്ഞു. നടന്നകലും മുമ്പ്, അവൻ സെൽഫോൺ സ്വിച്ചോഫു ചെയ്ത് കാറിൽത്തന്നെയുപേക്ഷിച്ചു. ആശുപത്രിയ്ക്കകത്തു സെൽഫോൺ ഉപയോഗിയ്ക്കാൻ പാടില്ലായിരിയ്ക്കാം. അവന്റെ ഫോണെടുത്തു ഞാൻ എന്റെ ഫോണിനൊപ്പം വച്ചു. പത്തൻസിൽ കയറിയത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു. മുമ്പ്, ശ്രീ ആന്റിയേയും കൂട്ടി പല തവണ പത്തൻസിൽ കയറി മസാലദോശ കഴിച്ചിട്ടുണ്ട്. ആന്റിയ്ക്കു മസാലദോശ ഇഷ്ടമായിരുന്നെന്ന് അവന്റെ ഡയറിയിൽ ഞാൻ വായിച്ചിട്ടുണ്ട്. ആന്റിയുമൊത്തു പണ്ടു പത്തൻസിൽ വരാറുണ്ടായിരുന്നത് അവനെക്കൊണ്ട് ഓർമ്മിപ്പിയ്ക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു, ഞാനാദ്യം തന്നെ അവനേയും കൊണ്ടു പത്തൻസിൽ കയറിയതും മസാലദോശ ഓർഡർ ചെയ്തതും. പത്തൻസിൽ കയറിയ ഉടൻ ജനലരികിലുള്ളൊരു മേശയിലേയ്ക്ക് അവനെന്നെ നയിച്ചിരുന്നു. അവിടെയായിരിയ്ക്കാം അവനും ആന്റിയും ഇരിയ്ക്കാറുണ്ടായിരുന്നത്. മസാലദോശ കഴിയ്ക്കുമ്പോൾ അവൻ ചിന്താവിഷ്ടനായിരുന്നു. പഴയ കാര്യങ്ങൾ ഓർമ്മ വന്നു കാണണം. അതുമിതും പറഞ്ഞ് അവനെ ശല്യപ്പെടുത്തുന്ന പതിവു ഞാൻ തൽക്കാലം പുറത്തെടുത്തില്ല. ഞാൻ പറയാതെ തന്നെ അവൻ ആന്റിയെപ്പറ്റി ഓർമ്മിയ്ക്കുന്നെങ്കിൽ അത്രയും നല്ലത്. അവൻ സ്കൂളിൽ പഠിയ്ക്കുമ്പോൾ ഒരദ്ധ്യാപകൻ നിർദ്ദേശിച്ചതായിരുന്നു, ഡയറിയെഴുത്ത്. ആന്റി കാര്യങ്ങൾ അറുത്തുമുറിച്ചു പറയുന്ന കൂട്ടത്തിലായിരുന്നു: വെട്ടൊന്ന്, തുണ്ടം രണ്ട്. ആന്റി പറഞ്ഞു, നീ സത്യമേ എഴുതാവൂ, സത്യം മുഴുവനും എഴുതുകയും വേണം. അതിനാവില്ലെങ്കിൽ നീ ഡയറിയെഴുതണ്ട. ഇരുനൂറു പേജിന്റെ, ബയന്റിട്ട നോട്ടുബുക്കുകളായിരുന്നു അവന്റെ ഡയറികൾ. കുറേയേറെക്കൊല്ലം അവൻ തുടർച്ചയായി ഡയറിയെഴുതി. ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ അവൻ ഡയറി എഴുതാതിരുന്നിട്ടുള്ളൂ. ഞാനവന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്ന് അവന്റെ ദിനചര്യ മുഴുവൻ തകിടം മറിച്ചു. മേനക വന്നു വിശ്വാമിത്രന്റെ തപസ്സു മുടക്കിയതു പോലെ. എന്റെ രംഗപ്രവേശത്തിനു ശേഷം അവൻ ഡയറിയെഴുതിയിട്ടില്ല. അപരാധം എന്റേത്; ഞാനവനു സമയം – സ്വൈരവും – കൊടുത്തിട്ടില്ല. കെട്ടിവച്ചിരിയ്ക്കുന്ന കുറേ നോട്ടുബുക്കുകൾ ശ്രീയുടെ ഡയറികളാണെന്നറിഞ്ഞപ്പോൾ അവ വായിച്ചുനോക്കാൻ എനിയ്ക്കു കൗതുകമായി. കൗതുകത്തിലേറെ ആകാംക്ഷയും. ഞാനെത്തും മുൻപുള്ള അവന്റെ ജീവിതം എങ്ങനെയായിരുന്നു? മറ്റൊരാളുടെ ഡയറി അയാളുടെ അനുവാദം കൂടാതെ വായിയ്ക്കുന്നതു ശരിയല്ലാത്തതുകൊണ്ട് ഞാനവനോട് അനുവാദം ചോദിച്ചു. അവൻ പറഞ്ഞു, “ജസ്റ്റ് ഗോ എഹെഡ്.” വിവാഹപൂർവജീവിതത്തിൽ അവൻ എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്നറിയാനുള്ള കുറ്റാന്വേഷണതൽപ്പരതയോടെയാണു ഞാനവന്റെ ഡയറികൾ വായിയ്ക്കാൻ തുടങ്ങിയത്. എനിയ്ക്കിരയായി അതിൽ നിരവധി കാര്യങ്ങളുണ്ടായിരുന്നു. കുറ്റകൃത്യങ്ങൾ, അവയ്ക്ക് ആന്റിയിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമൊക്കെയായി കിട്ടിയ ശിക്ഷകൾ: ചെവിയ്ക്കു പിടിത്തം, തോളത്തു പിച്ച്, ആസനത്തിൽ ചൂരൽപ്പഴം, ക്ലാസ്സിനു പുറത്തു നിറുത്തൽ. ക്രിക്കറ്റു കളിച്ചു നടന്ന്, ഒരു കാൽക്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ആറു മാർക്കു വാങ്ങിയത്. അവിടം വരെ വായിച്ച്, ‘അപ്പോ, മഹാന്റെ സാക്ഷാൽച്ചിത്രം ഇതൊക്കെയായിരുന്നൂല്ലേ’ എന്നു ചോദിച്ചു പരിഹസിയ്ക്കാൻ ഞാനൊരുങ്ങുമ്പോൾ ദാ വരുന്നൂ, അടിപൊളിച്ചരിതം: സ്കൂൾ ടോപ്പർ, ബീട്ടെക്കിനു കോളേജ് ടോപ്പർ, എംടെക്കിനു വീണ്ടും ക്ലാസ് ടോപ്പർ...ഞാനെന്റെ എമ്മെസ്സീ-എംബീഏ ഡിസ്റ്റിങ്ഷനുകളുടെ പത്തി താഴ്‌ത്തി വച്ചു വിനയാന്വിതയായി. ആന്റിയെപ്പറ്റിയുള്ള വിവരങ്ങളെനിയ്ക്കു കിട്ടിയത് ആ ഡയറിക്കുറിപ്പുകളിൽ നിന്നാണ്. ശ്രീയുടെ ബാല്യത്തിൽത്തന്നെ അങ്കിൾ - അവന്റെ അച്ഛൻ - ചരമമടഞ്ഞിരുന്നു. അതുകൊണ്ടായിരിയ്ക്കണം, അങ്കിളിനെപ്പറ്റിയുള്ള പരാമർശം ഡയറികളിലില്ലാതിരുന്നത്. അക്കാലത്തവൻ ഡയറിയെഴുതാൻ തുടങ്ങിയിരുന്നും കാണില്ല. അങ്കിൾ പോയ ശേഷം ആന്റിയായിരുന്നു അവന്റെയെല്ലാം. ആന്റി വിടവാങ്ങിയപ്പോൾ അവന്റെ ഹൃദയം നുറുങ്ങിയിരിയ്ക്കണം. ആന്റിയുടെ ചരമശേഷമായിരുന്നു, എന്റെ കടന്നുകയറ്റം. ഞങ്ങളുടെ വിവാഹം കഴിഞ്ഞു കുറച്ചു നാളിനു ശേഷം ശ്രീയുടെ ഡീജീഎം ആയിരുന്ന യാക്കൂബ് സാറിനെ അവരുടെ ഒരു ഫാമിലി മീറ്റിൽ വച്ചു കാണാനിടയായി. “കാഴ്ചയ്ക്ക് ഇവനൊരു തടിമാടനായിരിയ്ക്കാം,” ശ്രീയുടെ തോളത്തു പിടിച്ചുകൊണ്ടു യാക്കൂബ് സാർ എന്നോടു പറഞ്ഞു. “പക്ഷേ, ഇവനാളു സോഫ്റ്റാണ്. അൺബിലീവബ്ലി സോഫ്റ്റ്!” യാക്കൂബ് സാർ വിശദീകരിച്ചു. “മദറിനെ ഹോസ്പിറ്റലിൽ അഡ്‌മിറ്റു ചെയ്ത കാര്യം അറിയിയ്ക്കാൻ ഇവനെന്നെ വിളിച്ചിട്ട്, ഹി കുഡിന്റ് റ്റോക്ക്! ഹി വാസ് വീപ്പിംഗ് ബിറ്റെർലി.” യാക്കൂബ് സാറു പറഞ്ഞതോർമ്മിച്ചപ്പോൾ എന്റെ കുറ്റബോധം കൂടി. അവന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്ന ആന്റിയെ ഞാൻ വിസ്മരിപ്പിച്ചിരിയ്ക്കുന്നു. വാസ്തവത്തിൽ അവൻ ആന്റിയെ മറന്നു കാണുമോ? ആന്റിയെപ്പറ്റി അവൻ സംസാരിയ്ക്കാറില്ലായിരുന്നതുകൊണ്ട് ആന്റിയെ അവൻ ഓർക്കുന്നെന്ന സൂചനകളൊന്നും കുറേ കൊല്ലങ്ങളായുണ്ടായിട്ടില്ല. എന്റെ അതിപ്രസരം തന്നെ ഹേതു. ഇപ്പോഴാകട്ടേ, അഭിയുടേയും. ‘നീ കാരണം ശ്രീജിത്ത് സ്വന്തം അച്ഛനമ്മമാരെ,’ എന്റെ അമ്മ എന്നെ കുറ്റപ്പെടുത്തി. “അവൻ പേരന്റ്സിനെ മറക്കാൻ വേണ്ടി ഞാൻ മനപ്പൂർവം ഒന്നും ചെയ്തിട്ടില്ലമ്മേ,” ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു. അമ്മ പൊട്ടിത്തെറിച്ചു. അതു മറ്റൊരു കാര്യത്തിനായിരുന്നു. “നീ ശ്രീജിത്തിനെ അവൻ ന്നും ഇവൻ ന്ന്വൊക്കെ വിളിയ്ക്കണ കേട്ടിട്ട് എനിയ്ക്ക് കലി വരണ് ണ്ട്. എടീ, നിനക്കറിയ്യോ, പണ്ട് ഭാരതസ്ത്രീകള് വിദ്യാഭ്യാസമില്ലാഞ്ഞിട്ടും ഭർത്താക്കന്മാരുടെ പേരുച്ചരിയ്ക്കുക പോലും ചെയ്യില്ലായിരുന്നു. ഇവിടെ രണ്ടുമൂന്നു ഡിഗ്രീള്ള നീ...” “അമ്മേ, ഭാരതസ്ത്രീകളെപ്പോലെ ആര്യപുത്രാന്നൊക്കെ വിളിച്ചാ അവനെന്നെ കളിയാക്കിക്കൊല്ലും.” ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അമ്മ അച്ഛന്റെ നേരെ തിരിഞ്ഞു. അച്ഛൻ എല്ലാം കേട്ടുകൊണ്ടു ചാരുകസേരയിൽ കിടക്കുകയായിരുന്നു. “മാഷിതൊന്നും കേൾക്കണില്ലേ? ഭർത്താവിനെ എടാന്നും പോടാന്നും മറ്റും വിളിയ്ക്കാനായിരുന്നോ നമ്മളിവളെ പഠിപ്പിച്ചിരുന്നത്?” അമ്മയിലെ അദ്ധ്യാപിക ധാർമ്മികരോഷം പൂണ്ടു. അമ്മ അച്ഛനെ ‘മാഷേ’ എന്നാണു വിളിയ്ക്കാറ്. രണ്ടു പേരും അദ്ധ്യാപകരായിരുന്നു. അച്ഛൻ അമ്മയേക്കാൾ സീനിയറായിരുന്നു. അമ്മ ഞങ്ങളോടാണെങ്കിൽ ‘അച്ഛനോടു പറയ്’ അല്ലെങ്കിൽ ‘അച്ഛനെ വിളിയ്ക്ക്’ എന്നെല്ലാം പറയും. അന്യരോടു ‘മാഷ്’ എന്നു പറയും. നേരിട്ട് ‘മാഷേ’ എന്നും. “പരസ്പരം എന്തു വിളിയ്ക്കണമെന്ന തീരുമാനം ഭാര്യാഭർത്താക്കന്മാർ സ്വയമെടുക്കേണ്ട ഒന്നാണ്.” അച്ഛൻ ശാന്തനായി പറഞ്ഞു. “തന്നെയുമല്ല, ശ്രീജിത്തിന് ഇഷ്ടക്കുറവുള്ളതൊന്നും ഇവൾ ചെയ്യുംന്നു തോന്നണില്ല.” എനിയ്ക്കാശ്വാസമായി. “എന്നാലും ഭർത്താവിനെ എടാ പോടാന്നൊക്കെ വിളിയ്ക്കാമോ?” അമ്മയുടെ മുഖത്തു നീരസം പ്രകടമായിരുന്നു. “ഇന്നത്തെ തലമുറേടെ പോക്കെവിടയ്ക്കാന്ന് എനിയ്ക്കറിഞ്ഞൂടാ!” ഞാൻ ശ്രീയെ എന്നു മുതലാണു നീയെന്നും അവനെന്നും മറ്റും പരാമർശിച്ചു തുടങ്ങിയതെന്ന് എനിയ്ക്കോർമ്മയില്ല. അവനും ഞാനും പരിചയപ്പെട്ട് അല്പകാലം കഴിഞ്ഞ ശേഷമാണു കാര്യം വിവാഹത്തിലേയ്ക്കു കടന്നത്. അതിനകം ഞങ്ങൾക്കിടയിൽ എടീയും എടായും നീയുമൊക്കെ സാധാരണയായിക്കഴിഞ്ഞിരുന്നു. ഇത്രയുമായ നിലയ്ക്ക്, ഇനി ഞാനവനെ ശ്രീജിത്തെന്നോ, അവനെന്നെ സാവിത്രിയെന്നോ വിളിച്ചാൽ അതിൽ ഒരന്യത്വം തോന്നും; അസുഖകരമായ ഒരകൽച്ച. പോളീഷിത്തിരി കുറവുണ്ടെങ്കിലും, എടീയ്ക്കും എടായ്ക്കും നീയ്ക്കുമെല്ലാം ഹൃദയത്തോടു കൂടുതൽ അടുപ്പമുണ്ട്. അമ്മയ്ക്കതു മനസ്സിലാവില്ല. തലമുറവിടവ്. അമ്മയുടെ രോഷത്തോട് ഒരു ചിരി മാത്രമായിരുന്നു എന്റെ പ്രതികരണം. "ആട്ടേ, ശ്രീജിത്തിനെക്കൊണ്ട് ബലിയിടീയ്ക്കണ കാര്യത്തില് നീയെന്താ ചെയ്യാമ്പോണത്?” അമ്മ വിടുന്ന മട്ടില്ല. “അവനോടു പറഞ്ഞുനോക്കാം.” “എന്തെങ്കിലുമൊന്നു വേഗം ചെയ്യ്. താമസിയ്ക്കണ്ട. പിതൃക്കളുടെ കോപം ക്ഷണിച്ചുവരുത്തണ്ട. നിന്റെ സമാധാനത്തിന് അതാവശ്യോണ്.” എന്തുചെയ്യണമെന്ന് എനിയ്ക്കൊരു രൂപവുമുണ്ടായിരുന്നില്ല. ജീവിച്ചിരിയ്ക്കുന്നവരുടെ കോപത്തെപ്പറ്റി എനിയ്ക്കു ഭയമില്ല. ശ്രീയ്ക്കു ദേഷ്യം വന്നാൽ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിയ്ക്കറിയാം. പക്ഷേ, മൺമറഞ്ഞുപോയവരെ എങ്ങനെ പ്രീതിപ്പെടുത്താമെന്ന് എനിയ്ക്കൊരു പിടിപാടുമില്ല. പിന്നീടാലോചിപ്പോൾ ബുദ്ധിയിലുദിച്ച വഴിയാണ് ഇന്നത്തെയീ പരിപാടി. രണ്ടു ദിവസം അടുപ്പിച്ചു കിട്ടിയ ഒഴിവാഘോഷിയ്ക്കാനായി എന്റെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അവരുടെ മക്കളും എന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവരോടൊപ്പം കളിച്ചുതകർക്കാനായി അഭിയെ ഇന്നലെ വൈകീട്ടു തന്നെ അവിടെ കൊണ്ടുചെന്നാക്കിയിരുന്നു. ഇന്നത്തെ ഈ യാത്രയിൽ അഭി കൂടെയുണ്ടായിരുന്നെങ്കിൽ അവന്റെ കാര്യങ്ങൾക്കായി ഓടാൻ മാത്രമേ ശ്രീയ്ക്കു നേരമുണ്ടാകുമായിരുന്നുള്ളൂ. അഭിയ്ക്കെന്തിനും ‘പപ്പ’ വേണം. അഭി അടുത്തുണ്ടെങ്കിൽ, ശ്രീയ്ക്കും ബാല്യം തിരിച്ചുകിട്ടിയ പോലെയാണ്. പക്ഷേ, ഇന്നത്തെ പരിപാടി പിതൃക്കൾക്കുള്ളതാണ്. അതിൽ കുഞ്ഞുങ്ങൾക്കു കാര്യമില്ല. കുറച്ചുനേരം പാർക്കിംഗ് സ്പേസിലെ വെയിലിൽ കിടന്നതേയുള്ളൂ, കാറിനകം ചൂടായിരിയ്ക്കുന്നു. പ്രഭാതത്തിലുള്ള യാത്രയായതു കൊണ്ട് ഏസി ഓണാക്കിയിട്ടില്ല. തന്നെയുമല്ല, പാർക്കു ചെയ്തിരിയ്ക്കുന്ന കാറിനകത്ത് ഏസി ഓണാക്കി അധികസമയം ഇരിയ്ക്കുന്നതു സുഖകരമല്ല. ഞാൻ ജനലുകളുയർത്തി, പുറത്തിറങ്ങി, കാറിന്റെ താക്കോൽ തോൾസഞ്ചിയിലിട്ടു. രണ്ടു സെൽഫോണുകളും കാറിനുള്ളിൽ. ഞാൻ മെല്ലെ ആശുപത്രിയുടെ ലൗഞ്ചിലേയ്ക്കു കടന്നു. അല്പം ഉള്ളിലേയ്ക്കു മാറി തിളങ്ങുന്ന സ്റ്റീൽ കസേരകളിൽ കുറേപ്പേർ ഇരിയ്ക്കുന്നതു കാണാം. അത് ഔട്ട് പേഷ്യന്റ് വിഭാഗമായിരിയ്ക്കും. ഡോക്ടർമാരെ കാണാനുള്ള ഊഴവും കാത്തിരിയ്ക്കുന്നതാവും. ഒഴിവാണെങ്കിലും രോഗികൾക്കു കുറവില്ല. ഒരാംബുലൻസ് ഇരച്ചു വന്നു. പുറകിലുള്ളൊരു കെട്ടിടത്തിനു മുന്നിലേയ്ക്ക് അതു കടന്നുപോയി. അവിടെയാകാം കാഷ്വൽറ്റി. അവിടെ വച്ചാകണം പണ്ട് ആന്റിയെ പ്രാഥമികപരിശോധനയ്ക്കു വിധേയയാക്കിയത്. കാഷ്വൽറ്റിയിൽ വച്ച് ആന്റിയെ പരിശോധിച്ചയുടൻ “ഐസിയൂ. റൈറ്റെവേ!” എന്നു ഡോക്ടർ കല്പിച്ചതായി ശ്രീയുടെ ഡയറിയിലുണ്ട്. ശ്വാസോച്ഛ്വാസം ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ആന്റിയ്ക്കു ഹാർട്ട് അറ്റാക്കാണെന്നു മനസ്സിലാക്കാൻ ഡോക്ടർക്ക് അധികനേരം വേണ്ടിവന്നു കാണില്ല. അതെല്ലാം ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒന്നു കൂടി വായിച്ച ശേഷമായിരുന്നു ഇങ്ങോട്ടുള്ള ഈ യാത്ര പ്ലാൻ ചെയ്തത്. ആന്റി രണ്ടു ദിവസം ഐസിയൂവിൽ കിടന്നിരുന്നു. ‘ക്രിറ്റിക്കലാണ്, അടുത്തു തന്നെയുണ്ടാകണം’ എന്നു ഡോക്ടർ പറഞ്ഞിരുന്നു. മുറിയെടുത്തിരുന്നെങ്കിലും, ഐസിയൂവിന്റെ മുന്നിൽ നിന്നും ഇരുന്നുമായി ശ്രീ ആ രണ്ടു ദിവസം ചെലവഴിച്ചു. ഐസിയൂവിന്റെ വാതിലിലൊരു കിളിവാതിലും അതിന്റെ പിന്നിലൊരു കർട്ടനുമുണ്ടെന്നു ഡയറിയിലുണ്ട്. രോഗികളെ കാണാവുന്ന സമയങ്ങളിൽ കർട്ടൻ വശങ്ങളിലേയ്ക്കു വകഞ്ഞു മാറ്റിയിരിയ്ക്കും. അപ്പോഴൊക്കെ കിളിവാതിലിലൂടെ അവൻ ആന്റിയെ കണ്ടിരുന്നു. മൂന്നു തവണ അവന് ആന്റിയെ അകത്തുകയറി കാണാനും സാധിച്ചിരുന്നു. ആന്റി സദാ മയക്കത്തിലായിരുന്നു. സെഡേഷനിലായിരുന്നിരിയ്ക്കണം. ഓക്സിജൻ മാസ്കു ധരിച്ചിരുന്നു. ശരീരമാസകലം വയറുകൾ. ഒരിയ്ക്കൽ മാത്രം ആന്റി കണ്ണുതുറന്നു നോക്കിയിരുന്നെന്നു ശ്രീ എഴുതിയിട്ടുണ്ട്. അവൻ കിളിവാതിലിലൂടെ നോക്കിനിൽക്കുമ്പോഴായിരുന്നു അത്. വാതിൽ തുറന്ന് അകത്തുകടക്കാൻ അവനു തോന്നിപ്പോയ അവസരമായിരുന്നു അത്. സിസ്റ്ററുണ്ടായിരുന്നില്ല. നിസ്സഹായതയോടെ, അടക്കിപ്പിടിച്ച് പുറത്തുതന്നെ നോക്കിനിന്നു. ആ സമയത്ത് അടുത്തു ചെന്നിരുന്നെങ്കിൽ ആന്റി എന്തെങ്കിലും സംസാരിച്ചേനേ എന്നാണവൻ വിശ്വസിയ്ക്കുന്നത്. ആന്റിയുടെ അവസാനവാക്കുകൾ കേൾക്കാനായില്ലെന്ന സങ്കടം അവന്റെ വരികളിലുണ്ട്. ഐസിയൂ ഇവിടെ എവിടെയായിരിയ്ക്കും? ശ്രീ ഇപ്പോൾ അതിന്റെ മുന്നിലുണ്ടാകും. അങ്ങോട്ടു ചെന്ന് അവനെക്കാണണമോ, അതോ അവൻ മടങ്ങിവരുന്നതു വരെ ഇവിടെത്തന്നെ കാത്തിരിയ്ക്കണമോ? ലൗഞ്ചിൽ അധികനേരം വെറുതേയിങ്ങനെ നിൽക്കാനാവില്ല. ആശുപത്രിയിലെ വിവിധബ്ലോക്കുകളിലുള്ളത് എന്തെല്ലാമെന്നു കാണിയ്ക്കുന്ന വിശാലമായൊരു ചാർട്ട് ലൗഞ്ചിലൊരിടത്ത്, ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഞാനതിൽ ഐസിയൂവിനായി പരതി. ഐസിയൂകൾ ഒന്നല്ല, മൂന്നെണ്ണം. മൂന്ന്, നാല് അഞ്ച് എന്നീ നിലകളിൽ. അവയിൽ, നാലാം നിലയിലുള്ളത് ഇന്റൻസീവ് കാർഡിയാക് കെയർ യൂണിറ്റാണ്: ഐസിസിയൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ഐസിസിയൂവിലായിരിയ്ക്കും അഡ്‌മിറ്റാകുന്നത്. ആന്റി അവിടെയായിരിയ്ക്കും കിടന്നിരുന്നത്. അതിന്റെ മുന്നിലുണ്ടാകും ശ്രീ. മുകളിലേയ്ക്കു കയറിച്ചെല്ലാൻ എനിയ്ക്ക് അധൈര്യം അനുഭവപ്പെട്ടു. അപകടനിലയിൽ, ആയാസത്തോടെ ശ്വാസം വലിച്ചുകൊണ്ട് ആന്റി കിടന്നിരുന്ന ഐസിസിയൂവിന്റെ മുന്നിൽ ആശങ്കയോടെ ചെലവഴിച്ച ദിനങ്ങളെപ്പറ്റിയുള്ള ഓർമ്മ ഇപ്പോൾ ശ്രീയുടെ മനസ്സിലേയ്ക്ക് ഇരച്ചുവരുന്നുണ്ടാകും. ഈ നേരത്തല്പം ഏകാന്തതയാണ് അവനാവശ്യം. ഇപ്പോൾ കയറിച്ചെന്ന് ഇടപെട്ടാൽ, അതു വീണ്ടും ആന്റിയെ വിസ്മരിപ്പിയ്ക്കലാകും. ഈ വരവു തന്നെ വൃഥാവിലാകും. കയറിച്ചെല്ലാനുള്ള വെമ്പൽ പ്രയാസപ്പെട്ടടക്കി ഞാൻ ലൗഞ്ചിന്റെ മുന്നിലുള്ള കസേരകളൊന്നിൽ ഇരിപ്പുറപ്പിച്ചു. മികച്ച പല ഡോക്ടർമാരും ഈ ആശുപത്രിയിലുണ്ടെന്നുറപ്പ്. ഒഴിവുദിനമായിട്ടു പോലും ഡോക്ടർമാരെക്കാണാൻ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ കാത്തിരിക്കുന്നവർ നിരവധി. ശ്രീയും ഞാനും രോഗബാധ മൂലം ഒരാശുപത്രിയിലും ഇതുവരെ അഡ്‌മിറ്റായിട്ടില്ല. അഭിയെ പ്രസവിയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു, എന്റെ ഏക ആശുപത്രിവാസം. പനിയും ജലദോഷവും മാത്രമാണു വീട്ടിൽ ഇടയ്ക്കിടെ കയറിയിറങ്ങാറുള്ള ഏകരോഗം. അഭിയാണ് അതിന്റെ ഉറവിടം. അവന്റെ സ്കൂളും. അവനുമായുള്ള കെട്ടിമറിച്ചിലിൽ ഞങ്ങൾക്കും അതു പകർന്നു കിട്ടുന്നു. രണ്ടു ദിവസം കൊണ്ടതു മാറുകയും ചെയ്യും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അഭിയ്ക്കു പനി വന്നിട്ടില്ല. അതുകൊണ്ടു ഞങ്ങൾക്കും. രോഗപ്രതിരോധത്തെപ്പറ്റിയുള്ളൊരു പ്രതിവാരക്ലാസ്സ് അവന്റെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു ഫലം കണ്ടിരിയ്ക്കുന്നു. എൽ ഈ ഡി ബോർഡിൽ തെളിയുന്നത് ടോക്കൺ നമ്പറുകളായിരിയ്ക്കണം. സ്റ്റേറ്റ് ബാങ്കിലെപ്പോലെ. തങ്ങളുടെ നമ്പറുകൾ കണ്ടിട്ടാകാം, ചിലർ എഴുന്നേറ്റു പോകുന്നത്. ഒരു വൃദ്ധയെ, അവരുടെ മകനായിരിയ്ക്കണം, താങ്ങിപ്പിടിച്ച്, ഡോക്ടറുടെ മുറിയിലേയ്ക്കു മെല്ലെ നടത്തിക്കൊണ്ടുപോയി. എഴുപത്തിരണ്ടാം വയസ്സിൽ, ഹൃദയസ്തംഭനം മൂലം ചരമമടയുന്നതു വരെ ആന്റി ആരോഗ്യവതിയായിരുന്നു. സർക്കാർജോലിയിൽ നിന്നു വിരമിയ്ക്കുന്നതിനു മുമ്പും പിമ്പും പാചകം ചെയ്തിരുന്നത് ആന്റി തന്നെ. ശ്രീ സഹായിച്ചുകൊടുത്തിരുന്നു. അവനുമറിയാം പാചകം. സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം കാര്യമായ പരസഹായമില്ലാതെ തന്നെ ആന്റി നടത്തിക്കൊണ്ടുപോയിരുന്നു. ആന്റിയ്ക്ക് നെഞ്ചുവേദനയുണ്ടായതിന്റെ തലേന്ന്, ആന്റിയുടെ ചേച്ചിയുടെ - ശ്രീയുടെ വലിയമ്മയുടെ - മകൾ, ജാനുച്ചേച്ചിയെത്തിയിരുന്നു. അതൊരു ഭാഗ്യമായെന്നു ശ്രീ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ആന്റിയ്ക്കു നെഞ്ചുവേദന തുടങ്ങിയ ഉടൻ അക്കാര്യം ഓഫീസിലായിരുന്ന അവന് അറിയാനായി. “ചെറ്യമ്മ നെഞ്ചുപൊത്തിപ്പിടിച്ചിരിയ്ക്കണ് ണ്ട് ഡാ,” ജാനുച്ചേച്ചി ഫോണിലൂടെ പറഞ്ഞു. “മിണ്ടാൻ പറ്റണില്ല. കണ്ണീരൊഴുകണു. നീയിപ്പൊത്തന്നെ ഒരു കാറും വിളിച്ചോണ്ടു വാ. വൈകല്ലേ.” "ഡോക്ടർ കുര്യൻ ജേക്കബ് ടു ദി ഓപ്പറേഷൻ തിയേറ്റർ. ഡോക്ടർ കുര്യൻ ജേക്കബ് ടു ദി ഓപ്പറേഷൻ തിയേറ്റർ.” ലൗഞ്ചിൽ മുഴങ്ങിക്കേട്ട ഒരനൗൺസ്‌മെന്റ് എന്റെ ചിന്തകൾക്കു വിരാമമിട്ടു. പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ സ്പീക്കറുകൾ ലൗഞ്ചിൽ അവിടവിടെ ഘടിപ്പിച്ചിട്ടുണ്ടാകണം. അനൗൺസ്‌മെന്റ് വ്യക്തമായി കേൾക്കാം, എന്നാൽ ചെവി തുളയ്ക്കുന്നുമില്ല. സമയമെത്രയായി? സെൽഫോണുകൾ രണ്ടും കാറിലായതുകൊണ്ടു സമയമറിയാൻ പറ്റുന്നില്ല. സെൽഫോൺ സന്തതസഹചാരിയായ ശേഷം വാച്ചു കെട്ടാറില്ല. ഞാനെഴുന്നേറ്റ് ഒരു ക്ലോക്കിനായി പരതി. താമസിയാതെ ഒരെണ്ണം കണ്ടെത്തുകയും ചെയ്തു. ശ്രീ മുകളിലേയ്ക്കു പോയിട്ട് മണിക്കൂറൊന്നു കഴിഞ്ഞിരിയ്ക്കുന്നു. ആന്റി കിടന്നിരുന്ന ഐസിയൂവിന്റെ മുന്നിലിരിപ്പുണ്ടാകും ശ്രീ. അവൻ കരയുകയായിരിയ്ക്കുമോ? ആന്റിയെപ്പറ്റിയുള്ള സ്മരണകളുടെ തിരതള്ളലിൽപ്പെട്ടു പോയിട്ടുണ്ടാകും. ആന്റിയെപ്പറ്റിയുള്ള നിരവധിയോർമ്മകൾ അവനുണ്ടാകും. മൺമറഞ്ഞുപോയവരെപ്പറ്റിയോർത്ത് ആളുകൾ കണ്ണീരൊഴുക്കുന്നതു പതിവാണ്. ശ്രീയും കണ്ണീർ വാർത്തുപോയാൽ അതിലശയിയ്ക്കാനില്ല. ശ്രീയുടെ കണ്ണുനിറഞ്ഞു കാണുന്ന കാര്യം ആലോചിയ്ക്കാൻ പോലും വയ്യ. ഞാനുമായുള്ള സഹവാസത്തിനിടയിൽ ഒരിയ്ക്കൽപ്പോലും അവൻ കരഞ്ഞിട്ടില്ല. ശ്രീയുടെ ശിരസ്സു നെഞ്ചോടു ചേർക്കാനുള്ള വെമ്പൽ എന്റെയുള്ളിലുയർന്നു. കരയുന്ന ശ്രീയുടെ ശിരസ്സിനുള്ളതല്ലേ, എന്റെ മാറിടം! ആന്റിയെപ്പറ്റി ഓർമ്മിപ്പിയ്ക്കാനുള്ള ഈ ശ്രമം അല്പം കടന്നുപോയോ! ശങ്കയുണർന്നു. കരയിയ്ക്കാനായിരുന്നില്ല അവനെ ഇവിടെ കൊണ്ടുവന്നത്. കരയിയ്ക്കലായിരുന്നില്ല ഉദ്ദേശ്യം. ജീവിച്ചിരിയ്ക്കുന്നവരുമായുള്ള കെട്ടിമറിയലിനിടയിൽ, വിടവാങ്ങിയവരെപ്പറ്റി അല്പമൊന്ന് ഓർമ്മിപ്പിയ്ക്കുക. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇരിപ്പുറയ്ക്കാതെ ഞാനെഴുന്നേറ്റു. ലിഫ്റ്റു കണ്ടെത്തി. പക്ഷേ, അതിനടുത്തൊരു നോട്ടീസ്: “ലിഫ്റ്റിൽ രോഗികൾക്കു മുൻഗണന”. നോട്ടീസു വായിച്ചു ശങ്കിച്ചു നിന്നപ്പോൾ പിന്നിൽ നിന്നാരോ പറഞ്ഞു, “നോട്ടീസൊന്നും നോക്കണ്ട. വേഗം കേറിക്കോളിൻ.” ശ്രീ നോട്ടീസു കണ്ടിട്ടുണ്ടെങ്കിൽ ലിഫ്റ്റിൽ കയറിക്കാണാൻ വഴിയില്ല. ചില കാര്യങ്ങളിൽ അവനല്പം വിചിത്രസ്വഭാവക്കാരനാണ്. കയറാവുന്നിടത്തേ കയറൂ. ഞാനും ലിഫ്റ്റിൽ കയറേണ്ടെന്നു വച്ചു. സമീപം തന്നെ ഗോവണി കണ്ടു. പടവുകൾ മെല്ലെക്കയറി. നാലാമത്തെ നിലയിലെത്തിയപ്പോഴേയ്ക്കു കിതച്ചുപോയി! വീടിന്റെ പടിഞ്ഞാപ്പുറത്ത് ശ്രീയുമായി നടത്താറുണ്ടായിരുന്ന ഷട്ടിലുകളി എത്രയും വേഗം പുനരാരംഭിയ്ക്കേണ്ടതുണ്ടെന്ന സൂചന. ഐസിസിയൂ കണ്ടുപിടിയ്ക്കാൻ പ്രയാസമുണ്ടായില്ല. മുന്നിൽ തിളങ്ങുന്ന കുറച്ചു സ്റ്റീൽ കസേരകൾ. അവയിൽ ചിലരിരിപ്പുണ്ട്. ഞാനുദ്വേഗത്തോടെ നോക്കി. ഇല്ല, ശ്രീ അക്കൂട്ടത്തിലില്ല. ഗോവണി കയറിവന്നതിന്റെ കിതപ്പു മാറ്റാനായി കസേരകളിലൊന്നിൽ അല്പനേരമിരുന്നു. രണ്ട് ഐസിയൂകൾ കൂടിയുണ്ട്. അവയിലേതിന്റെയെങ്കിലും മുന്നിലുണ്ടാകും ശ്രീ. അഞ്ചാം നിലയിൽ കയറിനോക്കിയിട്ട്, വേണ്ടിവന്നാൽ, മൂന്നാം നിലയിലേയ്ക്കു പോകാം. കിതപ്പടങ്ങിയ ഉടൻ ഞാനെഴുന്നേറ്റു വീണ്ടും ഗോവണി കയറി. അഞ്ചാം നിലയിലെ ഐസിയൂ ഒന്നാന്തരമായിരുന്നു. ഏറ്റവും അവസാനം നിർമ്മിയ്ക്കപ്പെട്ടതായിരിയ്ക്കണമത്. അതിന്റെ മുന്നിലും ചിലരിരുന്നിരുന്നു. അവർക്കിടയിലും ശ്രീയുണ്ടായിരുന്നില്ല. അവൻ മൂന്നാം നിലയിലെ ഐസിയൂവിന്റെ മുന്നിലുണ്ടാകുമെന്നുറപ്പിച്ചു ഞാനപ്പോൾത്തന്നെ ഗോവണിയിറങ്ങി. ഏറ്റവും പഴയതു മൂന്നാം നിലയിലെ ഐസിയൂ തന്നെയെന്ന് ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും മനസ്സിലാകും. ഐസിയൂവിന്റെ മുന്നിൽ ഒരിടനാഴി. അതിൽ, ചുമരിനോടു ചേർത്ത് രണ്ടു ബെഞ്ചുകൾ. രണ്ടുമൂന്നു പേർ അവയിലിരിപ്പുണ്ട്. അവരുടെ കൂട്ടത്തിലും ശ്രീയില്ല! ഞാനസ്വസ്ഥയായി. ആന്റിയെ ആദ്യം കൊണ്ടുവന്നതു കാഷ്വൽറ്റിയിലായിരുന്നു. അവിടന്നു നേരിട്ടിവിടേയ്ക്ക്. രണ്ടുദിവസത്തിനു ശേഷം ചൈതന്യമറ്റ മടക്കം...ആന്റി ഇവിടെ മറ്റെവിടേയ്ക്കും പോയിരുന്നില്ല. ശ്രീ ഈ ഐസിയൂവിന്റെ മുന്നിൽ ഉണ്ടാകേണ്ടിയിരുന്നു. അവനെവിടെയാണ്! ഞാൻ ഗോവണി കയറിയും ഇറങ്ങിയും ഐസിയൂകൾ തേടി അലയുന്നതിനിടയിൽ ശ്രീ ലിഫ്റ്റിൽക്കയറി താഴേയ്ക്കു പോയിട്ടുണ്ടാകുമോ? ഒരു പക്ഷേ, കാറിനടുത്തു ചെന്നു നിൽക്കുന്നുണ്ടാകും. കാറിന്റെ താക്കോലാണെങ്കിൽ എന്റെ കൈയ്യിലാണു താനും. താഴേയ്ക്കിറങ്ങിച്ചെല്ലുക തന്നെ. കാറിനടുത്തു ശ്രീയുണ്ടാകുമെന്ന നിഗമനത്തിൽ. അവിടെയില്ലെങ്കിൽ കാഷ്വൽറ്റിയിൽ ചെന്നു നോക്കണം. ഏതാനും മിനിറ്റു മാത്രമാണെങ്കിലും, ആന്റി കാഷ്വൽറ്റിയിലും കിടന്നിരുന്നല്ലോ. ഇറങ്ങിപ്പോകാനായി ഗോവണിയുടെ നേരേ നടന്നു തുടങ്ങിയതായിരുന്നു. പെട്ടെന്നു നിന്നു. ഐസിയൂവിന്റെ വാതിലിന്മേൽ മുട്ടിവിളിച്ചു ചോദിച്ചു നോക്കാം. ഒരു കാലത്ത് ആന്റി അകത്തുണ്ടായിരുന്നതാണ്. മൂന്നു തവണ ശ്രീ അകത്തു കയറി മയങ്ങിക്കിടന്നിരുന്ന ആന്റിയെ കണ്ടിരുന്നു. ആ ഓർമ്മ പുതുക്കാൻ വേണ്ടി അവനിന്ന് ഐസിയൂവിന്റെ അകത്തു കടന്ന്, അതിനുള്ളിലെവിടെയെങ്കിലുമൊക്കെ ഇരിയ്ക്കുകയോ നിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിലോ? ഞാൻ ഐസിയൂവിന്റെ നേരേ നടന്നു. വാതിലിന്മേലുള്ള കിളിവാതിലിലൂടെയുള്ള ദൃശ്യം അകത്തെ കർട്ടൻ മറയ്ക്കുന്നു. ഒന്നും കാണാനാകുന്നില്ല. രണ്ടും കല്പിച്ച് ഐസിയൂവിന്റെ വാതിലിന്മേൽ മൃദുവായൊന്നു മുട്ടി. മുട്ടു വളരെപ്പതുക്കെയായിപ്പോയെന്നു തോന്നി. വാതിൽ തുറന്നില്ല. അകത്തുള്ളവരാരും കേട്ടുകാണില്ല. അല്പം കൂടി ശക്തിയിൽ മുട്ടിയാലത് അകത്തുകിടക്കുന്ന രോഗികൾക്കു ശല്യമായാലോ എന്നു ശങ്കിച്ചു പരുങ്ങിനിൽക്കുമ്പോൾ കർട്ടൻ ഒരരികിലേയ്ക്കു നീങ്ങി, കിളിവാതിലിൽ ഒരു സിസ്റ്ററുടെ മുഖം പ്രത്യക്ഷപ്പെട്ടു. “സിസ്റ്റർ, എന്റെ ഹസ്ബന്റ് അകത്തുണ്ടോ?” “ഹസ്ബന്റിന്റെ പേരെന്താ?” “ശ്രീജിത്ത്.” “അങ്ങനൊരു പേഷ്യന്റ് ഈ ഐസിയൂവിലില്ല.” ഇതെങ്ങനെയൊന്നു പറഞ്ഞുമനസ്സിലാക്കും? പേഷ്യന്റല്ലാത്തയാളിനെ ഐസിയൂവിൽ തിരക്കുന്നതെന്തിന് എന്നായിരിയ്ക്കും സിസ്റ്റർ ചോദിയ്ക്കുക. "പണ്ട് ഈ ഐസിയൂവിൽ ഹസ്ബന്റിന്റെ അമ്മ കിടന്നിരുന്നു.” കാര്യം ചുരുക്കിപ്പറയാൻ ഞാനൊരു ശ്രമം നടത്തിനോക്കി. “ആ കാര്യങ്ങളൊക്കെയൊന്ന് ഓർമ്മിപ്പിയ്ക്കാൻ വേണ്ടി കൂട്ടിക്കൊണ്ടു വന്നതാണു ഹസ്ബന്റിനെ. ഇപ്പഴ് ആളെക്കാണുന്നില്ല. ഞാൻ മറ്റേ ഐസിയൂകളുടെ മുന്നിൽച്ചെന്നു നോക്കിയിരുന്നു. ഇനി ഈ ഐസിയൂവിന്റെ അകത്തെങ്ങാനും...” “ഐസിയൂവിനകത്ത് അന്യരെ കടത്തും ന്ന് തോന്നണ് ണ്ടോ?” സിസ്റ്റർ കർട്ടൻ വലിച്ചിട്ടു, കിളിവാതിലടഞ്ഞു. ഞാൻ ചുമരും ചാരി മരവിച്ചു നിന്നു. പണ്ട്, ആന്റിയെപ്പറ്റിയോർത്തു വിഷമിച്ച് ഇതേ ചുമരും ചാരി ശ്രീ നിന്നിരിയ്ക്കണം. അവനെക്കാണാതെ വിഷമിച്ചു ഞാനിപ്പോൾ അതേ ചുമരും ചാരി നിൽക്കുന്നു! ഇനിയെന്തായാലും താഴേയ്ക്കു പോകുക തന്നെ. കാഷ്വൽറ്റിയിലും പോയി നോക്കാം. പക്ഷേ, നടക്കാൻ തോന്നുന്നില്ല. ഒരു തളർച്ച ബാധിച്ചതു പോലെ. ആന്റി ഇവിടെയാണല്ലോ കിടന്നിരുന്നത്. ശ്രീ ഇവിടെത്തന്നെ ഉണ്ടാകേണ്ടതായിരുന്നു. അവനെന്തുപറ്റിക്കാണും? അല്പനേരം ഞാനങ്ങനെ ചുമരും ചാരി നിശ്ചലയായി നിന്നു. ഒടുവിൽ പതുക്കെ നടക്കാൻ തുടങ്ങി. പെട്ടെന്നു പിന്നിൽ ഐസിയൂവിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞുനോക്കി. അല്പം മുൻപു സംസാരിച്ച സിസ്റ്റർ പുറത്തിറങ്ങി വന്നിരിയ്ക്കുന്നു. അവരെന്നെ കൈകൊണ്ടു മാടി വിളിച്ചു. ഞാനോടിച്ചെന്നു. “ഹസ്ബന്റിന്റെ ബ്ലഡ് ഗ്രൂപ്പ് ഏബി പോസിറ്റീവാണോ?” ഇടിവെട്ടേറ്റപോലെ ഞാൻ തരിച്ചു നിന്നു. ഏബി പോസിറ്റീവു തന്നെ അവന്റെ ഗ്രൂപ്പ്. ശ്രീയ്ക്കെന്തോ പരിക്കു പറ്റിയിട്ടുണ്ട്. അല്ലെങ്കിലവന് രക്തത്തിന്റെ ആവശ്യം വരുമായിരുന്നില്ല. എന്റെ തൊണ്ട വരണ്ടു. ഗോവണി കയറുന്നതിനിടയിൽ വീണു കാണുമോ? പിതൃക്കളേ, ഞങ്ങളിനി നിങ്ങളെ മുടങ്ങാതെ പ്രീതിപ്പെടുത്തിക്കോളാം; ശ്രീയ്ക്ക് ആപത്തൊന്നും വരാതെ കാക്കണേ! “എന്തെങ്കിലും...പറ്റിയോ...” ഞാൻ വിക്കി. മറുപടിയ്ക്കു പകരം സിസ്റ്റർ മറ്റൊരു ചോദ്യമെറിഞ്ഞു: “ഒരു ചോന്ന ഷർട്ടായിരുന്നോ ഇട്ടിരുന്നത്? ചെക്ക്?” ഭീതി മൂലം അതേയെന്നു തലയാട്ടാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ. അവന്റെയതേ ബ്ലഡ് ഗ്രൂപ്പ്, അവന്റെയതേ ഷർട്ട്...ഗുരുതരമായതെന്തോ ശ്രീയ്ക്കു പറ്റിയിട്ടുണ്ട്. അവനെയിങ്ങോട്ടു കൊണ്ടുവരികയേ വേണ്ടായിരുന്നു... തല കറങ്ങുന്നുണ്ടോ... “ആള് ബ്ലഡ് ഡൊണേറ്റു ചെയ്യാൻ പോയിട്ട് ണ്ട്. നേരേ ബ്ലഡ് ബാങ്കിലേയ്ക്കു വിട്ടോളിൻ.” ഞാൻ മിഴിച്ചുനിൽക്കെ സിസ്റ്റർ വിശദീകരിച്ചു: “ഏബി പോസിറ്റീവ് ബ്ലഡ് കൊടുക്കാൻ തയ്യാറുള്ളവര് ബ്ലഡ് ബാങ്കിൽച്ചെല്ലാൻ പീയേ സിസ്റ്റത്തില് അനൗൺസ്‌മെന്റു വന്നിരുന്നു. അത് കേട്ട്, ആ ബെഞ്ചിലിരുന്നിരുന്ന ഒരു ചോന്ന ചെക്ക് ഷർട്ട് ബ്ലഡ് ബാങ്കെവിട്യാന്ന് ഞാനതിലേ പോകുമ്പോ എന്നോടു ചോദിച്ചിരുന്നു.” ചിരിച്ചുകൊണ്ടു വാതിലടയ്ക്കും മുമ്പു സിസ്റ്റർ വിരൽ മുകളിലേയ്ക്കുയർത്തിക്കാണിച്ചു: “സിക്‌സ്‌ത്ത് ഫ്ലോർ.” കുളിർമഴ പെയ്തു. ഇടിത്തീ പെട്ടെന്നണഞ്ഞു. ആ സിസ്റ്ററിനെ കെട്ടിപ്പിടിയ്ക്കാൻ തോന്നി! വായ് മലർക്കെത്തുറന്നു ചിരിച്ചുകൊണ്ടു ഞാൻ ഗോവണിയുടെ നേരേ ഓടിയപ്പോൾ ബെഞ്ചിലിരുന്നിരുന്നവർ കൗതുകത്തോടെ നോക്കി. മൂന്നിൽ നിന്ന് ആറിലേയ്ക്കുള്ള പടവുകൾ ഞാനോടിക്കയറി. പഴയൊരു ഡയറിക്കുറിപ്പിൽ ശ്രീ വലിയ അക്ഷരത്തിൽ, കൊട്ടേഷനുകൾക്കുള്ളിൽ എഴുതിയിരുന്നൊരു വാക്ക് ഓർമ്മയിലേയ്ക്കോടി വന്നു: “കൊടുക്കണം”. ശ്രീ ബീട്ടെക്കിനു പഠിയ്ക്കുമ്പോൾ കോളേജിനടുത്തുണ്ടായിരുന്ന ഒരാശുപത്രി ഒരു രക്തദാനതീവ്രശ്രമം ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഭാഗമായി രക്തം കൊടുക്കട്ടേയെന്ന് അവൻ ഹോസ്റ്റലിൽ നിന്നു ഫോണിലൂടെ ആന്റിയോടു ചോദിച്ചിരുന്നു. ആന്റി സംശയലേശമില്ലാതെ കൊടുത്ത, ഉറച്ച സ്വരത്തിലുള്ള ഉത്തരമായിരുന്നു അത്. സിക്‌സ്‌ത്ത് ഫ്ലോറിൽ, ബ്ലഡ് ബാങ്കിന്റെ ഗ്ലാസ് പാനലിലൂടെ അകത്തു നടക്കുന്നതെല്ലാം കാണാനായി. മൂന്നു പേർ ഒരേ സമയം രക്തം കൊടുക്കുന്നുണ്ടായിരുന്നു. അവയിലൊന്നു ശ്രീ തന്നെ. അവന്റെ മുഖം കാണാനാകുന്നില്ല. ഇടതുകൈ കാണാം. പാന്റ്സു ധരിച്ച കാലുകളും. ഞാൻ വാങ്ങിക്കൊടുത്ത ക്രീം കളറിലുള്ള പാന്റ്സ്. അവനെ തിരിച്ചറിയാൻ ഇത്രയൊന്നും വേണ്ട, ഒരു വിരലറ്റം മാത്രം മതിയെനിയ്ക്ക്! ശ്രീയെ കണ്ടുകിട്ടിയതിലുണ്ടായ ആശ്വാസം, ട്യൂബിലൂടെ അവന്റെ രക്തമൊഴുകിപ്പോകുന്നതു കണ്ടപ്പോഴുണ്ടായ ആശങ്കയ്ക്കു വഴിമാറി. അകത്തു നിന്നു വന്ന സിസ്റ്ററിനോടു ഞാൻ വേവലാതിയോടെ ചോദിച്ചു, “രക്തം അധികം എടുക്ക്വോ?” “അര ലിറ്റർ. ആളേതാ?” അര ലിറ്ററോ! എനിയ്ക്കൊരു മിനി ഹാർട്ടറ്റാക്കു തന്നെയുണ്ടായി. ചെറിയൊരു മുറിവിൽ നിന്നു ചോര പൊടിയുമ്പോഴേയ്ക്ക് എനിയ്ക്കു ബോധക്ഷയം വരുമെന്നു തോന്നാറുണ്ട്. ഇവിടെ ശ്രീ കൊടുക്കുന്നതാകട്ടെ, അര ലിറ്റർ! “ആളു ഹെൽത്തിയാ.” ഞാൻ ശ്രീയെ ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോൾ സിസ്റ്റർ പറഞ്ഞു. “മുമ്പു ബ്ലഡ്ഡു ഡൊണേറ്റു ചെയ്തിട്ടൂണ്ട്. പിന്നെ, ഇതു കഴിയുമ്പൊത്തന്നെ ഫ്രൂട്ട് ജൂസും സ്‌നാക്സും കഴിപ്പിച്ചിട്ടേ ഞങ്ങളു വിടൂ. പേടിയ്ക്കാനൊന്നൂല്ല.” ഇനിയുള്ള ഒന്നു രണ്ടാഴ്ച ശ്രീയ്ക്കു സ്പെഷ്യൽ ഡയറ്റുണ്ടാക്കിക്കൊടുക്കണമെന്നു ഞാൻ തീരുമാനിച്ചു. രക്തം ഒന്നോ രണ്ടോ തുള്ളിയല്ല, അര ലിറ്ററാണു നഷ്ടമായിരിയ്ക്കുന്നത്! “ഒരു പത്തു മിനിറ്റു കൂടി. അത്രേ വേണ്ടൂ. അതുവരെ അവിടെയിരുന്നോളൂ,” സിസ്റ്റർ പറഞ്ഞു. ഞാനിരുന്നില്ല. ഇരിയ്ക്കാനായില്ല. പാനലിലൂടെ ഞാൻ ശ്രീയെത്തന്നെ നോക്കിക്കൊണ്ടു നിന്നു. ആന്റിയുടെ വാക്ക് ഒരു മോണിറ്ററിലെന്ന പോലെ, എന്റെ മുന്നിൽ തെളിഞ്ഞു വന്നു: “കൊടുക്കണം.” രക്തം കൊടുക്കട്ടേയെന്ന് ശ്രീയോ അഭിയോ എന്നോടു ചോദിച്ചാൽ, വേണ്ടെന്നേ ഞാൻ പറയൂ. അവരിലാണ് എന്റെ ലോകം. അവരുടെ രക്തം നഷ്ടപ്പെടുന്നതു സഹിയ്ക്കാൻ എനിയ്ക്കാവില്ല. അവരുടെ രക്തത്തിനു പകരം ദാനം പണമായിച്ചെയ്യാൻ തയ്യാർ. ആയിരമോ രണ്ടായിരമോ രൂപ. ഇവർ രണ്ടുപേരുടെ രക്തം മാത്രം ചോദിച്ചേയ്ക്കരുത്! അതുകൊണ്ട്, ഇനിയൊരിയ്ക്കൽക്കൂടി ശ്രീയേയും കൊണ്ടിവിടെ വരുന്ന പ്രശ്നമില്ല. പിതൃക്കളെപ്പറ്റി ഓർമ്മിപ്പിയ്ക്കാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്താം. എന്നിൽ നിന്ന് അകന്നിരിയ്ക്കേണ്ടാത്ത വഴി. ഓരോ നിമിഷവും അവനെവിടെയെന്ന് എനിയ്ക്കറിയാനാകണം; ഒരിയ്ക്കലുമവൻ എന്റെ ‘പരിധിയ്ക്കു പുറത്ത്’ ആയിരിയ്ക്കരുത്; ആകുന്നതു സഹിയ്ക്കാനാവില്ല. ഇപ്പൊത്തന്നെ കണ്ടില്ലേ, ഞാൻ തല കറങ്ങി വീണേനേ! ആന്റിയും ഞാനും തമ്മിലുള്ള വ്യത്യാസവും ഒരുപക്ഷേ ഇതു തന്നെ. ആന്റിയുടെ ലോകവും ശ്രീയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നെങ്കിലും, ലോകരെക്കൂടി നോക്കിക്കാണാൻ ആന്റിയ്ക്കായിരുന്നു, ലോകരുടെ ക്ഷേമം കൂടി ആന്റി കാംക്ഷിച്ചിരുന്നു. ലോകർക്കു രക്തം ദാനം ചെയ്യണം എന്ന് ആന്റി അവനോടു സംശയലേശമെന്യേ പറഞ്ഞത് അതുകൊണ്ടാണ്. ഒരു പിടി ബലിച്ചോറു കാക്കകൾക്കെറിഞ്ഞുകൊടുത്തു പിതൃക്കളെ എളുപ്പത്തിൽ പ്രീതിപ്പെടുത്തുന്ന പതിവു രീതി പിന്തുടരുന്നതിനു പകരം, ശ്രീ സ്വന്തം രക്തം സമൂഹത്തിനു നൽകി പിതൃക്കളെ മാത്രമല്ല, സമൂഹത്തെയൊന്നാകെ പ്രീതിപ്പെടുത്തിയിരിയ്ക്കുന്നു. മനുഷ്യന്റെ പ്രത്യക്ഷദൈവം സമൂഹമാണെന്ന് ഒരിയ്ക്കലവൻ പറഞ്ഞിരുന്നു. ചിന്തയിൽ ആന്റിയോളം ഉയരാൻ എനിയ്ക്കാവില്ല. സ്വാർത്ഥയെന്ന് എന്നെ വിളിച്ചോളൂ. വിരോധമില്ല. ശ്രീയും അഭിയും മാത്രമടങ്ങിയ ചെറിയൊരു കിണറാണ് എന്റെ ലോകം. അതിൽ മറ്റാരുമില്ല. കിണറ്റിൽ നിന്നു പുറത്തുകടന്നു സമൂഹത്തെ നോക്കാനൊന്നും എനിയ്ക്കു വയ്യ. എന്റെ ഭാഗ്യത്തിന്, ശ്രീയതു മനസ്സിലാക്കുകയും പരോക്ഷമായെങ്കിലും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കാരണം അര ലിറ്റർ രക്തം ശ്രീയ്ക്കു നഷ്ടമായെന്ന സങ്കടം എന്നിൽ ബാക്കിനിൽപ്പുണ്ട്. എങ്കിലും, അറ്റ് ദ എന്റ് ഓഫ് ദ ഡെ, യാത്രയുടെ ലക്ഷ്യം നിറവേറിയിരിയ്ക്കുന്നു. ശ്രീ ആന്റിയെ ഓർമ്മിയ്ക്കുക മാത്രമല്ല, ആന്റി പറഞ്ഞിരുന്നത് അനുസരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. പിതൃക്കളെപ്പറ്റി അവനോർത്തിരിയ്ക്കുന്നു. അവനെക്കൊണ്ട് ഓർമ്മിപ്പിയ്ക്കാൻ എനിയ്ക്കായിരിയ്ക്കുന്നു. എനിയ്ക്കിത് അമ്മയോടു ധൈര്യമായിപ്പറയാം. അതിലെനിയ്ക്കു തൃപ്തിയുണ്ട്. പരമ്പരാഗതമായ ബലിയിടലിൽക്കുറഞ്ഞ ഒന്നും തന്നെ പിതൃക്കൾക്കുള്ള മതിയായ ശ്രാദ്ധമായി എന്റെ അമ്മ അംഗീകരിയ്ക്കുമെന്നു തോന്നുന്നില്ല; രക്തദാനമായാൽപ്പോലും. പക്ഷേ, അച്ഛൻ രക്തദാനത്തിന്റെ മഹത്വം തീർച്ചയായും അംഗീകരിയ്ക്കും. എനിയ്ക്കതു മതി. (ഈ കഥ തികച്ചും സാങ്കല്പികമാണ്. ശ്രാദ്ധം = പിതൃബലി) [email protected]
  0 Posted by Sunil M S

  May 07, 2016 0
 • കള്ളപ്പണത്തിന്റെ വഴികൾ 2 (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം പ്രതിവർഷവ്യാപാരം കാൽക്കോടി രൂപ. ആദായനികുതി അടച്ചിരിയ്ക്കുന്നതാകട്ടെ നാലക്കം മാത്രമുള്ളൊരു തുക. വ്യാപാരിയുടെ വീടാണെങ്കിലോ, സുന്ദരമായൊരു ബംഗ്ലാവ്. പീടികയിൽ തിങ്ങിനിറഞ്ഞ വില്പനച്ചരക്കും. വ്യാപാരി ധനികൻ തന്നെ, സംശയമില്ല. എന്നിട്ടും, കാൽക്കോടി രൂപയുടെ വിറ്റുവരവിന്മേൽ അദ്ദേഹം അടച്ചിരുന്ന ആദായനികുതി താരതമ്യേന തുച്ഛശമ്പളം മാത്രം പറ്റിക്കൊണ്ടിരുന്ന ഞാനടച്ചിരുന്നതിനേക്കാൾ കുറവ്! അഞ്ചു ലക്ഷം രൂപയുടെ ബാങ്കുവായ്പയ്ക്കായി ഒരു മാർവാടി വ്യാപാരി സമർപ്പിച്ച രേഖകളിൽ കണ്ട കാര്യങ്ങളായിരുന്നു അവ. രണ്ടു തരം രേഖകളായിരുന്നു, വ്യാപാരി സമർപ്പിച്ചിരുന്നത്. ഒന്ന്, ഏതാനും വർഷത്തെ ബാലൻസ് ഷീറ്റുകൾ. മറ്റേത്, ഏതാനും വർഷത്തെ ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റും. ബാലൻസ് ഷീറ്റിൽ മുൻ വർഷത്തെ വില്പന കാൽക്കോടിയായി കാണിച്ചിരുന്നു. ഏതാനും ലക്ഷം രൂപയുടെ അറ്റാദായവും. ബാലൻസ് ഷീറ്റിലെ പ്രവർത്തനഫലക്കണക്കുകൾ വളരെ പ്രസന്നമായിരുന്നെങ്കിൽ നേർവിപരീതമായിരുന്നു ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റിലെ സ്ഥിതി. അതിൽ കാണിച്ചിരുന്ന ആകെ വിറ്റുവരവു രണ്ടു ലക്ഷം രൂപ മാത്രം. അറ്റാദായവും വളരെച്ചെറുത്. ആദായനികുതി നാലക്കത്തുക മാത്രമായതിൽ അതിശയമില്ല. ഈ വ്യത്യാസത്തിനു കാരണമെന്ത്? ഇവയിലേതാണു ശരി? വാർഷികവ്യാപാരം വാസ്തവത്തിലെത്രയായിരുന്നു: ഇരുപത്തഞ്ചു ലക്ഷമോ രണ്ടു ലക്ഷമോ? ഞാനുന്നയിച്ച ചോദ്യങ്ങൾ കേട്ടു വ്യാപാരി മന്ദഹസിച്ചു. അയാൾ ചുറ്റുമൊന്നു നോക്കി, മറ്റാരും അടുത്തെങ്ങുമില്ലെന്നുറപ്പു വരുത്തിയ ശേഷം പറഞ്ഞു, “ഇവയിലെ കണക്കുകളൊന്നും ശരിയല്ല, സർ.” ശബ്ദം താഴ്ത്തി, ‘ശരിയായ കണക്കുകൾ പണപ്പെട്ടിയുടെ അടിയിലൊരു ബുക്കിൽ എഴുതി വച്ചിട്ടുണ്ട്. മാർവാടി ഭാഷയിൽ. അതു ഞങ്ങൾക്കു മാത്രമുള്ളതാണ്,’ മാർവാടി വിശദീകരിച്ചു. ഇവിടത്തെ ഇടത്തരം മാർവാടി കച്ചവടക്കാരുടെയെല്ലാം ‘അക്കൗണ്ടിംഗ് സിസ്റ്റം’ ഈ രീതിയിലുള്ളതാണ്. സർക്കാരിനു നികുതി കൊടുത്തു വിലപ്പെട്ട പണം വെറുതേ പാഴാക്കിക്കളയുന്നതെന്തിന്? ഇനി, നാലാമതൊരു പറ്റം തുകകൾ കൂടി കാണാൻ സാധിച്ചേയ്ക്കും, വില്പനനികുതിറിട്ടേണുകൾ വരുത്തിച്ചാൽ! വില്പനനികുതിയുടെ കാര്യത്തിലും ഈ വ്യാപാരി വെട്ടിപ്പു നടത്തിയിട്ടുണ്ടാകണം. യഥാർത്ഥവിറ്റുവരവിലും വളരെക്കുറഞ്ഞ തുക മാത്രമേ വില്പനനികുതിറിട്ടേണിൽ കാണിച്ചിട്ടുണ്ടാകൂ. എന്നാൽ, വായ്പയ്ക്കായി ഇത്തരക്കാർ ബാങ്കുകളെ സമീപിയ്ക്കുമ്പോൾ യഥാർത്ഥ തുകകളെ ‘ഊതിവീർപ്പിയ്ക്കുന്നു’. വായ്പയ്ക്കായി സമർപ്പിയ്ക്കുന്ന ബാലൻസ് ഷീറ്റുകൾ അതിപ്രസന്നമായിരിയ്ക്കും: ഉയർന്ന വിറ്റുവരവും ഉയർന്ന ലാഭവും. ഉയർന്ന വായ്പ സംഘടിപ്പിയ്ക്കുകയാണ് ഇത്തരത്തിൽ ‘ഊതിവീർപ്പിച്ച’ ബാലൻസ് ഷീറ്റുകളുടെ ലക്ഷ്യം. സർക്കാരിനു സമർപ്പിച്ചിരിയ്ക്കുന്ന രേഖകളിൽ കാണിച്ചിരിയ്ക്കുന്ന തുകകൾക്കനുസൃതമായ, വളരെച്ചെറിയ വായ്പ മാത്രമേ തരാനാകൂ എന്നു ഞാൻ മാർവാടിയോടു പറഞ്ഞു. ആകെ നേടിയ വിറ്റുവരവിന്റെ പത്തിലൊന്നു മാത്രം സർക്കാരിനോടു വെളിപ്പെടുത്തിയിരിയ്ക്കുന്നു; അതുകൊണ്ട്, വായ്പയായി ആവശ്യപ്പെട്ടിരിയ്ക്കുന്ന അഞ്ചുലക്ഷം രൂപയ്ക്കു പകരം, അതേ അനുപാതത്തിൽ, പത്തിലൊന്നു മാത്രം തരാം: അമ്പതിനായിരം രൂപ. മാർവാടി ക്രുദ്ധനായി ഇറങ്ങിപ്പോയി. മാർവാടികളോ മറ്റു വ്യാപാരികളോ ഒന്നടങ്കം നികുതിതട്ടിപ്പു നടത്തുന്നവരാണെന്നു ഞാനർത്ഥമാക്കുന്നില്ല. നിയമാനുസൃതമായ നികുതിയടച്ചുപോരുന്ന മാർവാടിവ്യാപാരികളും മാർവാടികളല്ലാത്ത വ്യാപാരികളും നിരവധിയുണ്ടെന്നു നന്നായി ബോദ്ധ്യപ്പെട്ടിരുന്നതുകൊണ്ടാണു നികുതിതട്ടിപ്പു നടത്തിയ ആളെ പ്രീതിപ്പെടുത്താൻ ഞാൻ മിനക്കെടാഞ്ഞത്. നികുതി കഴിവതും കൊടുക്കാതിരിയ്ക്കാനും, നികുതി കൊടുക്കാൻ നിർബദ്ധനായാൽ വളരെക്കുറവു മാത്രം കൊടുക്കാനുമുള്ള പ്രവണത ജനത്തിനുണ്ടായത് ഇന്നും ഇന്നലേയുമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു നികുതി പിരിയ്ക്കുന്ന സമ്പ്രദായം നിലവിൽ വന്ന കാലം മുതൽ തന്നെ നികുതിവെട്ടിപ്പും തുടങ്ങിയിരുന്നിരിയ്ക്കണം. മുകളിൽ കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തിൽ നാം കണ്ടത്, കൊടുക്കേണ്ടിയിരുന്ന ആദായനികുതിയുടെ പത്തിലൊന്നു മാത്രം കൊടുത്തിരിയ്ക്കുന്നതാണ്. വില്പനനികുതിയുടെ സ്ഥിതിയും സമാനമായിരുന്നിരിയ്ക്കണം. ആദായനികുതിയിൽ കുറവു വരുത്താൻ വേണ്ടി ലാഭം കുറച്ചുകാണിയ്ക്കുന്നതും, വില്പനനികുതിയിൽ കുറവു വരുത്താൻ വേണ്ടി വിറ്റുവരവു കുറച്ചുകാണിയ്ക്കുന്നതും ഇന്ത്യയിൽ വിരളമല്ലെന്നാണു വാർത്തകളിൽ നിന്നു മനസ്സിലാകുന്നത്. ഇങ്ങനെ നികുതി വെട്ടിച്ചുണ്ടാക്കിയിരിയ്ക്കുന്ന പണം കള്ളപ്പണമാണെന്നു പറയേണ്ടതില്ലല്ലോ. ആദായനികുതിയ്ക്കും വില്പനനികുതിയ്ക്കും പുറമേ മറ്റു പല നികുതികളുമുണ്ട്. ചിലതു തീരുവകളെന്ന പേരിലാണറിയപ്പെടുന്നത്. ഒരു ഫാക്റ്ററിയുണ്ടെങ്കിൽ അതിന്റെ ഉല്പന്നങ്ങളിന്മേൽ കേന്ദ്ര‌എക്സൈസ് തീരുവ നൽകേണ്ടി വരും. എക്സൈസ് തീരുവ ഒഴിവാക്കാൻ വേണ്ടി ഉല്പാദനം കുറച്ചുകാണിയ്ക്കുന്നത് നികുതി വെട്ടിയ്ക്കാൻ പല വ്യവസായികളും സ്വീകരിയ്ക്കാറുള്ള കുറുക്കുവഴികളിലൊന്നാണ്. ഒരു ഫാക്റ്ററിയിൽ ആയിരം സൈക്കിളുല്പാദിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ, നൂറു സൈക്കിൾ മാത്രമേ ഉല്പാദിപ്പിച്ചുള്ളെന്നു രേഖകളിൽ കാണിച്ച് എക്സൈസ് തീരുവയിൽ വെട്ടിപ്പു നടത്തുന്നു. അപ്പോൾ, വെളിപ്പെടുത്താത്ത 900 സൈക്കിളുകൾ വിറ്റു കിട്ടുന്ന പണം കള്ളപ്പണമായിത്തീരുന്നു. ചില വസ്തുക്കൾക്ക് ഇറക്കുമതിത്തീരുവ നൽകണം. സ്വർണം തന്നെ ഉദാഹരണം. ഇയ്യിടെ, ലോകത്തിൽ ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രമായിത്തീർന്നിരുന്നു, ഇന്ത്യ. സ്വർണത്തിന്റെ ഇറക്കുമതിയ്ക്കായി വിലപ്പെട്ട വിദേശനാണ്യം പുറത്തേയ്ക്കൊഴുകുന്നതു നിയന്ത്രിയ്ക്കാൻ വേണ്ടി സർക്കാർ സ്വർണത്തിന്മേൽ ഇറക്കുമതിച്ചുങ്കം ചുമത്തി. ഇറക്കുമതിച്ചുങ്കം മൂലം സ്വർണത്തിന്റെ ഇന്ത്യയിലെ കമ്പോളവില അന്താരാഷ്ട്രവിലയേക്കാൾ ഉയരത്തിലായിരിയ്ക്കും. ഇത് ഇന്ത്യയിലേയ്ക്കു സ്വർണം കടത്തിക്കൊണ്ടുവരാനുള്ള പ്രേരകമായിത്തീരുന്നു. നെടുമ്പാശ്ശേരിയുൾപ്പെടെയുള്ള നമ്മുടെ അന്താരാഷ്ട്രവിമാനത്താവളങ്ങളിൽ വച്ചു സ്വർണക്കള്ളക്കടത്തു പിടികൂടിയെന്ന, ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ പത്രത്തിലുണ്ടാകാറുണ്ട്. ഇറക്കുമതിച്ചുങ്കം കൊടുക്കാതെ കടത്തിക്കൊണ്ടു വന്ന സ്വർണം ഇവിടെ വിൽക്കുമ്പോൾ വലുതായ ലാഭം കിട്ടുന്നു. അങ്ങനെ കിട്ടുന്ന പണവും കള്ളപ്പണം തന്നെ. കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണമാണ്. കൊള്ള, മോഷണം, വഞ്ചന എന്നിവയിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണം തന്നെ. മയക്കുമരുന്ന്, വ്യാജമദ്യം, വില്പന നിരോധിയ്ക്കപ്പെട്ട മറ്റു വസ്തുക്കൾ - ഇവയുടെയെല്ലാം വില്പനയിൽ നിന്നുണ്ടാക്കുന്ന പണവും കള്ളപ്പണം തന്നെ. ഇക്കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുക എളുപ്പമാണ്. എന്നാൽ, തികച്ചും നിയമാനുസൃതമെന്നു തോന്നിപ്പിച്ചേയ്ക്കാവുന്ന കയറ്റുമതിയിൽക്കൂടിയും ഇറക്കുമതിയിൽക്കൂടിയും കള്ളപ്പണമുണ്ടാക്കുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമല്ല. എങ്കിലും, ഒന്നുരണ്ടുദാഹരണങ്ങളിവിടെ ലളിതമായിപ്പറയാൻ ശ്രമിയ്ക്കാം. ഇന്ത്യ കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നുണ്ട്. 2014-15ൽ ഇന്ത്യയുടെ കയറ്റുമതി 20 ലക്ഷം കോടി രൂപയും, ഇറക്കുമതി 29 ലക്ഷം കോടി രൂപയുമായിരുന്നു. ഈ തുകകളിൽ അല്പസ്വല്പം വ്യത്യാസമുണ്ടായേയ്ക്കാം. ചില ഉല്പന്നങ്ങളുടെ കയറ്റുമതിയ്ക്കു സർക്കാർ ചില ആനുകൂല്യങ്ങൾ ഇടയ്ക്കിടെ നൽകാറുണ്ട്. അർഹിയ്ക്കുന്നതിലേറെ ആനുകൂല്യങ്ങൾ മുതലാക്കാൻ വേണ്ടി ചില കയറ്റുമതിക്കാർ തങ്ങളുടെ കയറ്റുമതിത്തുക ഊതിവീർപ്പിച്ചുകാണിയ്ക്കുന്നു. 1000 രൂപയുടെ ഉല്പന്നത്തിന്റെ കയറ്റുമതിവില 1500 ആയി ഉയർത്തിക്കാണിച്ചാൽ 1500 രൂപയ്ക്കുള്ള കയറ്റുമതിയാനുകൂല്യം നേടാനാകുന്നു; അനർഹമായ ആനുകൂല്യം തട്ടിയെടുക്കുന്നെന്നു ചുരുക്കം. ചില വസ്തുക്കളുടെ ഇറക്കുമതിയ്ക്കു സർക്കാർ ഉയർന്ന ഇറക്കുമതിച്ചുങ്കം ചുമത്തുന്നുണ്ടാകാം. ഇറക്കുമതിത്തുക വെട്ടിച്ചുരുക്കിക്കാണിച്ച് ഇറക്കുമതിച്ചുങ്കത്തിൽ തട്ടിപ്പു നടത്തിയെന്നും വരാം. 2000 രൂപ യഥാർത്ഥവിലയുള്ള ഉല്പന്നത്തിന്റെ ഇറക്കുമതിവില 1500 ആയിക്കാണിച്ച്, ഇറക്കുമതിച്ചുങ്കം ലാഭിയ്ക്കുന്ന ഇറക്കുമതിക്കാരുണ്ടാകാം. സാങ്കല്പികമായ ഒരുദാഹരണത്തിലൂടെ ഇതല്പം കൂടി വിശദീകരിയ്ക്കാൻ ശ്രമിയ്ക്കാം. ഇന്ത്യയിലെ ഒരിറക്കുമതിക്കാരൻ ചൈനയിലെ ഒരു കയറ്റുമതിക്കാരനിൽ നിന്ന് അഞ്ഞൂറു രൂപാനിരക്കിൽ കുറേ കണ്ണടകൾ ഇറക്കുമതി ചെയ്യുന്നെന്നും, ഇറക്കുമതിബില്ലിൽ ഒരു കണ്ണടയുടെ വില അഞ്ഞൂറു രൂപയ്ക്കു പകരം നൂറു രൂപ മാത്രമായി കാണിയ്ക്കാൻ ചൈനീസ് കയറ്റുമതിക്കാരൻ സമ്മതിച്ചിട്ടുണ്ടെന്നും സങ്കല്പിയ്ക്കുക. ചരക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു വിമാനത്താവളത്തിലും, അതിന്റെ ബില്ല് ഇന്ത്യയിലെ ഏതെങ്കിലുമൊരു ബാങ്കിലും എത്തുന്നു. ഓരോ കണ്ണടയ്ക്കും നൂറു രൂപ വിലയും, നൂറു രൂപയിന്മേലുള്ള ഇറക്കുമതിച്ചുങ്കവും ബാങ്കിലടച്ച് ഇന്ത്യൻ ഇറക്കുമതിക്കാരൻ ചരക്കു കൈപ്പറ്റുന്നു. നാനൂറു രൂപയിന്മേലുള്ള ചുങ്കം അയാൾ ലാഭിയ്ക്കുന്നു. ബില്ലിൽ കണ്ണടയുടെ യഥാർത്ഥവിലയായ 500 രൂപയ്ക്കു പകരം 100 രൂപയായി കാണിയ്ക്കാമെന്നേ ചൈനീസ് കയറ്റുമതിക്കാരൻ സമ്മതിച്ചിട്ടുള്ളൂ; 400 രൂപ വേണ്ടാ എന്നു വച്ചിട്ടില്ല. എന്നുവച്ചാൽ, ഒടുവിൽ ഓരോ കണ്ണടയ്ക്കും ആകെ 500 രൂപ തന്നെ ചൈനീസ് കയറ്റുമതിക്കാരനു കിട്ടിയിരിയ്ക്കണം. ഓരോ കണ്ണടയിന്മേലും നൂറു രൂപ ബാങ്കിംഗ് മാർഗത്തിലൂടെ കൊടുത്തുകഴിഞ്ഞിട്ടുണ്ടെങ്കിലും, നാനൂറു രൂപ കൂടി ഇന്ത്യൻ ഇറക്കുമതിക്കാരൻ ചൈനീസ് കയറ്റുമതിക്കാരനു നൽകേണ്ടതുണ്ട്. ഈ നാനൂറു രൂപയുടെ വഴി വേറിട്ട ഒന്നാണ്; വഴിവിട്ട ഒന്ന്. ഹവാലക്കാർ രംഗത്തു വരുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഓരോ കണ്ണടയിന്മേലും 400 രൂപ വീതം ചൈനീസ് കയറ്റുമതിക്കാരനു കൊടുക്കാൻ ബാക്കിയുള്ള പണം മുഴുവനും ഇന്ത്യൻ ഇറക്കുമതിക്കാരൻ തന്റെ പരിസരത്തുള്ളൊരു ഹവാല ഏജന്റിനെയേല്പിയ്ക്കുന്നു. ദുബായിലെ ഒരു ബാങ്കിൽ തനിയ്ക്കുള്ളൊരു രഹസ്യ‌അക്കൗണ്ടിൽ ഈ പണം അടയ്ക്കണം: ഇതാണ് ഇന്ത്യൻ ഇറക്കുമതിക്കാരൻ ലോക്കൽ ഹവാല ഏജന്റിനു നൽകുന്ന നിർദ്ദേശം. ഹവാല ഏജന്റുമാർ ഇന്ത്യയിലുള്ളതുപോലെ, ദുബായിലുമുണ്ടായിരിയ്ക്കും. ഇന്ത്യൻ ഇറക്കുമതിക്കാരന്റെ നിർദ്ദേശം ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലുള്ള ഹവാല ഏജന്റിനു കൈമാറുന്നു. ദുബായിലെ ഹവാല ഏജന്റു നിർദ്ദേശമനുസരിച്ചുള്ള തുക മുഴുവൻ ഇന്ത്യൻ ഇറക്കുമതിക്കാരനു ദുബായിലുള്ള രഹസ്യ‌അക്കൗണ്ടിലടയ്ക്കുന്നു. ഇതു ചൈനീസ് കയറ്റുമതിക്കാരനു കൂടി ഉപയുക്തമായ ഏതെങ്കിലും കറൻസിയിലായിരിയ്ക്കും. ഇതോടെ ഹവാലക്കാരുടെ ചുമതല തീരുന്നു. ഇന്ത്യൻ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കിൽ രഹസ്യ‌അക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക്‌അക്കൗണ്ടുണ്ടായിരിയ്ക്കും. ഇന്ത്യൻ ഇറക്കുമതിക്കാരൻ ദുബായിലെ തന്റെ രഹസ്യ‌അക്കൗണ്ടിൽ നിന്ന് ഓരോ കണ്ണടമേലും നാനൂറു രൂപ വീതമുള്ള തുക ചൈനീസ് കയറ്റുമതിക്കാരന്റെ രഹസ്യ‌അക്കൗണ്ടിലേയ്ക്കയച്ചുകൊടുക്കുന്നു. ഇടപാടങ്ങനെ പൂർത്തിയാകുന്നു. ചൈനക്കാരനും ഈ ഇടപാടിൽ നിന്നു ചില ഗുണങ്ങളുണ്ടാകും. ബിൽത്തുക കുറച്ചുകാണിയ്ക്കാൻ അയാൾ തയ്യാറായതുകൊണ്ട്, അയാൾക്ക് ഇന്ത്യക്കാരന്റെ ഓർഡർ കിട്ടി. കയറ്റുമതിയ്ക്കുള്ള ഓർഡർ എത്രത്തോളം കിട്ടുന്നുവോ, അത്രത്തോളം നല്ലതാണല്ലോ. മറ്റൊരു ഗുണം കൂടിയുണ്ട്. കയറ്റുമതിയിലൂടെ ലഭിയ്ക്കുന്ന വിദേശനാണ്യം മുഴുവനും ചൈനയിലെ റിസർവ് ബാങ്കായ പീപ്പിൾസ് ബാങ്കിലെത്തിയിരിയ്ക്കണമെന്നാണു ചൈനയിലെ നിയമം. ഈ നിയമത്തെ ഭാഗികമായി മറികടക്കാൻ ചൈനക്കാരനു മുൻ പറഞ്ഞ ഇടപാടിലൂടെ സാദ്ധ്യമാകുന്നു. ഇങ്ങനെ, വിദേശത്തു സ്വന്തമായൊരു കള്ളപ്പണശേഖരം സൃഷ്ടിയ്ക്കാൻ അയാൾക്കാകുന്നു. ഇപ്പറഞ്ഞ ഉദാഹരണത്തിൽ കള്ളപ്പണമുണ്ടാക്കാനാകുന്നതു ചൈനക്കാരനാണ്. നേർവിപരീതമായ ഇടപാടുകളുമുണ്ടാകാം. ഇന്ത്യയിൽ നിന്നു ചൈനയിലേയ്ക്കുള്ള കയറ്റുമതിയിൽ വില കുറച്ചുകാണിച്ച് വിദേശത്തു കള്ളപ്പണം സൃഷ്ടിയ്ക്കാൻ ഇന്ത്യക്കാരനുമാകും. മുകളിൽക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തിൽ, ഇന്ത്യയിലെ ഹവാല ഏജന്റ് ആവശ്യപ്പെട്ടതനുസരിച്ച്, ദുബായിലെ ഹവാല ഏജന്റ് ഇന്ത്യൻ ഇറക്കുമതിക്കാരന്റെ ദുബായ് ബാങ്ക് അക്കൗണ്ടിൽ പണമടയ്ക്കുന്നെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കൽ കിട്ടിയിരുന്ന പണം ദുബായിലേയ്ക്കു പോകുന്നില്ലെന്നതാണു വാസ്തവം. ഹവാല‌ഇടപാടിൽ ഒരു രാജ്യത്തെ പണം അതേ രൂപത്തിൽ മറ്റൊരു രാജ്യത്തേയ്ക്കു പോകുന്നില്ല. ദിർഹം നിലവിലിരിയ്ക്കുന്ന ദുബായിലേയ്ക്ക് ഇന്ത്യൻ രൂപ പോകുന്നില്ല. ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കൽ നിന്നു പണം കിട്ടാതെ തന്നെ ദുബായിലെ ഹവാല ഏജന്റു ഇന്ത്യൻ ഇറക്കുമതിക്കാരന്റെ ദുബായ് അക്കൗണ്ടിൽ പണമടയ്ക്കുന്നു. ദുബായിലെ ഹവാല ഏജന്റിന് എന്ന്, എങ്ങനെ പണം കിട്ടുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നു. ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലെ ഹവാല ഏജന്റിനു കൊടുത്തുതീർക്കാനുള്ള കടം പല തരത്തിൽ കൊടുത്തു തീർക്കും. ദുബായിൽ നിന്ന് തിരികെ, ഇന്ത്യയിലേയ്ക്കു പണം കൈമാറേണ്ടതായ ഇടപാടുകൾ നടക്കുമ്പോൾ അവയ്ക്കനുസൃതമായി കടം കുറയുകയോ തീരുകയോ ചെയ്യും. പണത്തിന്റെ കൈമാറ്റത്തിലൂടെയല്ലാതെ മറ്റു വഴികളിൽക്കൂടിയും വ്യത്യസ്തരാജ്യങ്ങളിലെ ഹവാല ഏജന്റുമാർ തമ്മിലുള്ള കടങ്ങൾ തീർക്കുന്നുണ്ടെന്നു വാർത്തകളിൽ കാണുന്നു. ഒരു തരം ബാർട്ടർ സിസ്റ്റം. പണത്തിനു പകരം, തത്തുല്യമായ, മിക്കപ്പോഴും നിരോധിതമായ, വസ്തുക്കളും സേവനങ്ങളുമെല്ലാം പരസ്പര‌ഇടപാടുകൾ തീർക്കാൻ ഹവാലക്കാർ ഉപയോഗിയ്ക്കുന്നുണ്ടെന്നു വാർത്തകളിൽ കണ്ടു. മനുഷ്യക്കടത്തും ഇടപാടുകളുടേയും ഇടപാടുതീർക്കലിന്റേയും ഭാഗമാകാറുണ്ടത്രേ; ഹവാലയിടപാടുകളിൽ മനുഷ്യർ കേവലം നാണയങ്ങളായിത്തീരുന്നു, നിരോധിതവസ്തുക്കൾക്കു സമാനവും! ഹവാലക്കാർ കമ്മീഷൻ ചുമത്തുന്നുണ്ടെങ്കിലും, അവരുടെ കമ്മീഷൻ രാജ്യങ്ങൾക്കിടയിലുള്ള പണക്കൈമാറ്റത്തിനു അന്താരാഷ്ട്രബാങ്കുകൾ ചുമത്തുന്ന കമ്മീഷനുകളേക്കാൾ കുറവാണെന്നും വാർത്തകളിൽ കണ്ടിരുന്നു. താരതമ്യേന താഴ്‌ന്ന ഹവാലക്കമ്മീഷൻ, ഹവാല ഇടപാടുകളിലേയ്ക്കു ജനത്തെ ആകർഷിയ്ക്കുന്ന ഘടകങ്ങളിലൊന്നായിരിയ്ക്കണം. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത വിദൂരസ്ഥലങ്ങളിൽപ്പോലും ഹവാലക്കാർ ചെന്നെത്താറുണ്ടെന്നും വായിയ്ക്കാനിടയായി. ബാങ്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിപ്പിയ്ക്കുകയാണു ഹവാല ഇടപാടുകളിൽ നിന്നു ജനത്തെ അകറ്റാനെടുക്കേണ്ട പല നടപടികളിലൊന്ന്. ബാങ്കുകളുടെ ചാർജുകളിൽ കുറവു വരുത്തുകയും വേണം. ഇത്തരം നടപടികൾ കള്ളപ്പണത്തിന്റെ വ്യാപനം തടയാനുപകരിയ്ക്കും. കൈക്കൂലിയാണു കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. വൻ തോതിലുള്ള കൈക്കൂലികളുണ്ടാകാം. ഇരുമ്പയിരും മറ്റും ഖനനം ചെയ്തെടുക്കുന്നതിനുള്ള അനുവാദം സംഘടിപ്പിച്ചുകൊടുക്കുന്നതിനുള്ള പ്രതിഫലമായി കോടിക്കണക്കിനു രൂപ കൈക്കൂലിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാങ്ങിയെന്ന ആരോപണങ്ങൾ പത്രങ്ങളിൽ കണ്ടിട്ടുണ്ട്. കർണാടകയിലെ ബെല്ലാരി സഹോദരന്മാർ അറസ്റ്റിലായത് ഇവിടെ പ്രസക്തമാണ്. കൈക്കൂലിത്തുക 5000 കോടി രൂപയോളം വന്നിരിയ്ക്കാമെന്നാണു അതു സംബന്ധിച്ച വാർത്തകളിൽ കണ്ടിരുന്നത്. സർക്കാരിന്റെ വൻകിട പദ്ധതികളെപ്പറ്റി ഉയർന്നുവന്ന കൈക്കൂലി ആരോപണങ്ങളിൽ പലതിലും കഴമ്പുണ്ടായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. 2014ൽ ഇന്ത്യയിൽ വച്ചു നടന്ന കോമൺവെൽത്ത് ഗെയിംസിൽ വൻ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു വാർത്തയുണ്ടായിരുന്നു. സൈന്യത്തിന് ആയുധോപകരണങ്ങൾ വാങ്ങുന്നതിൽ അഴിമതിയുണ്ടെന്ന വാർത്തയും പൊന്തിവരാറുണ്ട്. ആദായനികുതി, വില്പനനികുതി, എക്സൈസ്, ഗതാഗതം, റെവന്യൂ എന്നിങ്ങനെ വിവിധ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതിനും, കണക്കിൽപ്പെടാത്ത സമ്പാദ്യമുണ്ടാക്കിയതിനും മറ്റും അറസ്റ്റിലായ വാർത്തകളും വിരളമല്ല. ജഡ്ജിമാർ പോലും അഴിമതിയിൽ നിന്നു മുക്തരല്ല; ആരോപണങ്ങളെത്തുടർന്ന് ഒന്നു രണ്ടു ജഡ്ജിമാർക്കെതിരേ പാർലമെന്റ് ഇം‌പീച്ച്മെന്റു നടപടികൾ തുടങ്ങിവയ്ക്കുക പോലും ചെയ്തിരുന്നു. വൻകിട കമ്പനികളും കള്ളപ്പണത്തിന്റെ സൃഷ്ടിയിൽ പലപ്പോഴും ഭാഗഭാക്കായിരുന്നിട്ടുണ്ട്. വാൾമാർട്ട് എന്ന അമേരിക്കൻ കമ്പനിയ്ക്കു പലചരക്കുകടകളുടെ ശൃംഖലയുണ്ട്. പലചരക്കുകടയെന്നു കേൾക്കുമ്പോൾ അവജ്ഞ തോന്നേണ്ട കാര്യമില്ല. കാരണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണു വാൾമാർട്ട്. 27 രാജ്യങ്ങളിൽ വാൾമാർട്ടിന്റെ സാന്നിദ്ധ്യമുണ്ട്. വാൾമാർട്ടിന്റെ സ്റ്റോറുകളിലെ അഞ്ചിലൊന്നു മെക്സിക്കോയിലാണ്. മെക്സിക്കോയിൽ വാൾമാർട്ടു വൻവിജയം നേടിയിട്ടുമുണ്ട്. മെക്സിക്കോയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ വാൾമാർട്ട് ആഗ്രഹിച്ചു. പക്ഷേ, കാലതാമസമുണ്ടാക്കുന്ന ചില നിയമങ്ങൾ അവിടെയുണ്ട്. ആ നിയമങ്ങളെ മറികടന്നു പുതിയ സ്റ്റോറുകൾ തുറക്കുന്നതു ത്വരിതപ്പെടുത്താൻ വേണ്ടി വാൾമാർട്ട് മെക്സിക്കോയിലെ ചില ഉന്നതർക്കു കൈക്കൂലി നൽകി: 144 കോടി രൂപ. ഇതത്രയും കള്ളപ്പണമായിത്തീർന്നിരിയ്ക്കണം. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാൾമാർട്ടിലെ ഒരു ഉന്നതോദ്യോഗസ്ഥൻ രാജി വച്ചു. തനിയ്ക്കു കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്ന ഉദ്യോഗക്കയറ്റം തനിയ്ക്കു തരാതെ ഒരു കീഴുദ്യോഗസ്ഥനു കമ്പനി കൊടുത്തതിൽ പ്രതിഷേധിച്ചായിരുന്നു, രാജി. മെക്സിക്കോയിൽ വാൾമാർട്ടു കൊടുത്തിരുന്ന കൈക്കൂലിയെപ്പറ്റി അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടാഞ്ഞതിൽ പരിഭവിച്ചു വാൾമാർട്ടിൽ നിന്നു രാജി വച്ചയുടൻ അദ്ദേഹം കൈക്കൂലിയെപ്പറ്റിയുള്ള വിവരങ്ങൾ അമേരിക്കയിലെ പ്രസിദ്ധപത്രമായ ന്യൂയോർക്ക് ടൈംസിനു കൈമാറി. ന്യൂയോർക്ക് ടൈംസതു ലോകം മുഴുവനും പരത്തി. ആ വെളിപ്പെടുത്തൽ വാൾമാർട്ടിനു മെക്സിക്കോയിലും അമേരിക്കയിലും മാത്രമല്ല, ആഗോളവ്യാപകമായിത്തന്നെ പല ബുദ്ധിമുട്ടുകളുമുണ്ടാക്കി. വാൾമാർട്ടു മാത്രമല്ല, മറ്റു വൻകിട കമ്പനികളിൽപ്പലതും ഉന്നതസ്ഥാനങ്ങളിലിരിയ്ക്കുന്നവർക്കു കൈക്കൂലി നൽകിയിട്ടുണ്ട്. അത്തരമൊരു കഥ കൂടി: ലോക്ക്ഹീഡ് എന്നൊരു വിമാനനിർമ്മാണക്കമ്പനി അമേരിക്കയിലുണ്ട്. കടുത്ത മത്സരമുള്ളൊരു വ്യവസായരംഗമാണു വിമാനനിർമ്മാണം. പതിറ്റാണ്ടുകൾക്കു മുമ്പ് ലോക്ക്‌ഹീഡ് ചില രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കു ദശലക്ഷക്കണക്കിനു ഡോളർ കൈക്കൂലിയായി നൽകി. അവരുടെ രാജ്യങ്ങളെക്കൊണ്ടു ലോക്ക്‌ഹീഡിന്റെ വിമാനങ്ങൾ വാങ്ങിപ്പിയ്ക്കാൻ വേണ്ടിയായിരുന്നു, അത്. നെതർലന്റ്സ്, ജപ്പാൻ, ജർമനി, ഇറ്റലി, ഹോങ്‌കോംഗ്, സൗദി അറേബ്യ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളിലായിരുന്നു, ലോക്ക്‌ഹീഡു കൈക്കൂലി നൽകിയത്. ഒടുവിൽ കൈക്കൂലിക്കാര്യം പുറത്തായി. ലോക്ക്‌ഹീഡ് കുഴപ്പത്തിലാകുകയും ചെയ്തു. പ്രസിദ്ധരായ ആയുധനിർമ്മാണക്കമ്പനികളും അന്യരാജ്യങ്ങളിലെ പല ഉന്നതവ്യക്തികൾക്കും കൈക്കൂലി നൽകിയ ചരിത്രമുണ്ട്. സ്വീഡനിലെ ബോഫോഴ്സ് എന്ന കമ്പനിയുടെ തോക്കുകൾ ഇന്ത്യ വാങ്ങാൻ വേണ്ടി കമ്പനി ഇന്ത്യയിലെ ചിലർക്കു കൈക്കൂലി നൽകിയതായി ആരോപണമുയർന്നിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ഏറെക്കാലം ആ ആരോപണത്തിന്റെ അലകളുയർന്നിരുന്നു. അവയിപ്പോഴും, ഇടയ്ക്കിടെ ഉയർന്നുകൊണ്ടിരിയ്ക്കുന്നു. നിയമവിരുദ്ധമായ വിവിധമാർഗങ്ങളിലൂടെ ആർജിച്ചുണ്ടായ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഇവിടെ, ഇന്ത്യയിൽത്തന്നെ വിന്യസിയ്ക്കപ്പെട്ടിട്ടുണ്ടാകും. മറ്റൊരു ഭാഗം അതിർത്തി കടന്നു വിദേശങ്ങളിലേയ്ക്കും പോയിട്ടുണ്ടാകും. സുരക്ഷിതമായ ചില രാജ്യങ്ങളിലെ ബാങ്കുകളിലുള്ള രഹസ്യ‌അക്കൗണ്ടുകളിലായിരിയ്ക്കും, അതിർത്തികൾ കടന്നുള്ള കൈക്കൂലിത്തുകകൾ ചെല്ലുന്നത്. ചില രാജ്യങ്ങളിലെ ബാങ്കിതരസ്ഥാപനങ്ങളും കറുത്ത പണത്തിന്റെ സുരക്ഷാകേന്ദ്രങ്ങളാണ്. ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും ചെറുരാഷ്ട്രങ്ങളായിരിയ്ക്കും. മൊറീഷ്യസ്, കേയ്‌മാൻ ഐലന്റ്സ്, സിംഗപ്പൂർ എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽത്തന്നെ സ്ഥിരവാസം നടത്തുന്ന ഒരിന്ത്യൻ പൗരന് ഉയർന്ന ശമ്പളം കിട്ടുന്നുണ്ടെന്നു കരുതുക. അയാൾക്കു ശമ്പളത്തിന്മേൽ മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. അതിനു പുറമേ സർച്ചാർജും കൊടുക്കേണ്ടി വരാം. വിദേശരാജ്യത്തു സേവനമനുഷ്ഠിയ്ക്കുന്ന ഒരിന്ത്യൻ പ്രവാസിയ്ക്കു വിദേശരാജ്യത്തു കിട്ടുന്ന ശമ്പളത്തിന്മേൽ വിദേശരാജ്യസർക്കാരിന് ആദായനികുതികൊടുക്കേണ്ടി വരും. ഈ വരുമാനത്തിന്മേൽ അയാൾ ഇന്ത്യൻ സർക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. പ്രവാസികൾക്കുള്ള ചില ആനുകൂല്യങ്ങളിലൊന്ന് അതാണ്. പ്രവാസിയ്ക്കുള്ള ആനുകൂല്യം ഇന്ത്യയിൽ സ്ഥിരതാമസമുള്ള ഇന്ത്യൻ പൗരർക്കു ലഭ്യമല്ല. ഇവിടെ സ്ഥിരതാമസമുള്ള ഒരിന്ത്യൻ പൗരന് ഒരു വിദേശരാജ്യത്തു നിക്ഷേപമുണ്ടെന്നും അതിന്മേലയാൾക്കു വരുമാനം കിട്ടുന്നുണ്ടെന്നും കരുതുക. ആ വരുമാനത്തിന്മേൽ വിദേശരാജ്യസർക്കാരിനു മാത്രമല്ല, ഇന്ത്യൻ സർക്കാരിനും അയാൾ ആദായനികുതി കൊടുക്കേണ്ടതുണ്ട്. ഒരേ വരുമാനത്തിന്മേൽ രണ്ടു രാജ്യങ്ങളിൽ ആദായനികുതി കൊടുക്കണം എന്നർത്ഥം. ഉദാഹരണസഹിതം വിശദീകരിയ്ക്കാം. പ്രവാസിയല്ലാത്ത ഒരിന്ത്യൻ പൗരന് ഇന്ത്യയിലും സിംഗപ്പൂരിലും നിക്ഷേപങ്ങളുണ്ടെന്നു കരുതുക. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന്മേൽ അയാൾ ഇന്ത്യൻ സർക്കാരിന് ആദായനികുതി കൊടുക്കണം. സിംഗപ്പൂരിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന്മേലയാൾ സിംഗപ്പൂരിൽ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച്, സിംഗപ്പൂർ സർക്കാരിന് ആദായനികുതി കൊടുക്കണം. കാര്യമവിടെ അവസാനിയ്ക്കുന്നില്ല. സിംഗപ്പൂരിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന്മേലയാൾ ഇന്ത്യയിൽ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച് ഇന്ത്യൻ സർക്കാരിനും ആദായനികുതി കൊടുക്കണം. ഒരേ വരുമാനത്തിന്മേൽ രണ്ടു രാജ്യങ്ങളിൽ ആദായനികുതി കൊടുക്കേണ്ടിവരുന്നത് ഇരട്ടനികുതിചുമത്തൽ അഥവാ ഡബിൾ ടാക്സേഷൻ എന്നറിയപ്പെടുന്നു. ഇരട്ടനികുതിചുമത്തൽ ഒഴിവാക്കാൻ വേണ്ടി പല രാജ്യങ്ങളും തമ്മിൽ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയും എൺപതിലേറെ രാജ്യങ്ങളുമായി ഇത്തരം കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. സിംഗപ്പൂർ അവയിലൊന്നാണ്. മൊറീഷ്യസ് മറ്റൊന്നും. ഇന്ത്യയും മൊറീഷ്യസ്സും തമ്മിൽ നിലവിലുള്ള ഇരട്ടനികുതിചുമത്തലൊഴിവാക്കൽ കരാറനുസരിച്ച്, ഒരിന്ത്യക്കാരൻ മൊറീഷ്യസ്സിലെ വരുമാനത്തിന്മേൽ മൊറീഷ്യസ് സർക്കാരിന് ആദായനികുതി കൊടുത്തിട്ടുണ്ടെങ്കിൽ, അതേ വരുമാനത്തിന്മേൽ അയാൾ ഇന്ത്യൻ സർക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. മൊറീഷ്യസ്സിലെ നികുതിനിരക്ക് താരതമ്യേന താഴ്‌ന്നതാണ്: 15%. ഇന്ത്യയിലേതു 30 ശതമാനത്തോളം വന്നെന്നു വരാം; പുറമേ, സർച്ചാർജും. മൊറീഷ്യസ്സിൽ നിന്നു കിട്ടുന്ന വരുമാനത്തിന്മേൽ 15 ശതമാനം നിരക്കിൽ മൊറീഷ്യസ് സർക്കാരിനു ആദായനികുതി കൊടുത്താൽ, ഇന്ത്യയിലെ 30 ശതമാനവും സർച്ചാർജും ഒഴിവായിക്കിട്ടും. ഉയർന്ന വരുമാനം ലാക്കാക്കി വൻ നിക്ഷേപങ്ങൾ വിദേശത്തു നിന്നു മൊറീഷ്യസ്സിലേയ്ക്കു വരുന്നുണ്ട്. മൊറീഷ്യസ് എന്ന രാജ്യം വളരെ, വളരെച്ചെറുതാണ്. വൻ തോതിൽ വിദേശനിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നതിനു മൊറീഷ്യസ്സിനു ബുദ്ധിമുട്ടില്ലെങ്കിലും, അവയ്ക്ക് ആകർഷകമായ പലിശയോ ലാഭമോ നൽകാനുള്ള കെല്പു മൊറീഷ്യസ്സിനില്ല. മൊറീഷ്യസ്സിനില്ലാത്ത കഴിവു മറ്റു ചില രാജ്യങ്ങൾക്കുണ്ട്; നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നൽകാനും ലാഭമുണ്ടാക്കിക്കൊടുക്കാനുമുള്ള കഴിവ് ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ചില രാജ്യങ്ങൾക്കുണ്ട്. അവരുടെ ആ കഴിവ് ആ കഴിവില്ലാത്ത മൊറീഷ്യസ് വിനിയോഗിയ്ക്കുന്നു. മൊറീഷ്യസ് വിദേശികളിൽ നിന്നു തങ്ങൾക്കു കിട്ടിയിരിയ്ക്കുന്ന പണം ചൈനയിലും ഇന്ത്യയിലും, അവയെപ്പോലെ ഉയർന്ന വരുമാനമുണ്ടാക്കിക്കൊടുക്കുന്ന മറ്റു രാജ്യങ്ങളിലും നിക്ഷേപിയ്ക്കുന്നു. ഈ നിക്ഷേപങ്ങളിന്മേൽ കിട്ടുന്ന വരുമാനത്തിന്മേൽ താഴ്‌ന്ന നിരക്കിലുള്ള ആദായനികുതി മാത്രം ചുമത്തി, വരുമാനത്തിന്റെ സിംഹഭാഗവും മൊറീഷ്യസ് വിദേശനിക്ഷേപകർക്കു കൈമാറുന്നു. വിദേശനിക്ഷേപകർ തൃപ്തരാകുന്നു. ചുരുക്കിപ്പറഞ്ഞാൽ, വിദേശനിക്ഷേപകർ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളിൽ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകർക്കു നൽകുന്നു. രണ്ടു നിക്ഷേപമാർഗങ്ങളെ പരസ്പരം താരതമ്യം ചെയ്തുനോക്കാം: (1)  ഇന്ത്യൻ പൗരൻ പണം നേരിട്ട് ഇന്ത്യയിൽത്തന്നെ നിക്ഷേപിയ്ക്കുന്നു – വരുമാനത്തിന്മേൽ 30% ആദായനികുതിയും സർച്ചാർജും നൽകേണ്ടി വരുന്നു. (2) ഇന്ത്യൻ പൗരൻ പണം മൊറീഷ്യസ്സിൽ നിക്ഷേപിയ്ക്കുന്നു – മൊറീഷ്യസ് ആ പണം ഇന്ത്യയിൽ നിക്ഷേപിയ്ക്കുന്നു -  മൊറീഷ്യസ് വരുമാനം നേടുന്നു – വരുമാനത്തിന്മേൽ മൊറീഷ്യസ് 15% ആദായനികുതി ഈടാക്കുന്നു – ശേഷിച്ച വരുമാനം ഇന്ത്യൻ നിക്ഷേപകനു നൽകുന്നു. മൊറീഷ്യസ്സിലൂടെ ഇന്ത്യയിൽ നിക്ഷേപിയ്ക്കുമ്പോൾ നികുതിഭാരം പകുതിയാക്കിക്കുറയ്ക്കാമെന്നർത്ഥം. അതുകൊണ്ട്, ഇന്ത്യൻ നിക്ഷേപകർ മൊറീഷ്യസ്സു വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ അതിശയമില്ലല്ലോ. ഇന്ത്യൻ പൗരന്മാർക്കു മൊറീഷ്യസ്സുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നേരിട്ടു നിക്ഷേപം നടത്തുന്നത് അനുവദനീയമാണ്. പക്ഷേ, അത്തരം നിക്ഷേപങ്ങൾക്കു പരിധിയുണ്ട്. ഇപ്പോഴത്തെ വാർഷികപരിധി രണ്ടര ലക്ഷം യു എസ് ഡോളറാണ്. ഒരിയ്ക്കലിതു രണ്ടു ലക്ഷമായിരുന്നു. പിന്നീടത് എഴുപത്തയ്യായിരമായി കുറച്ചു. അവിടന്നത് ഒന്നേകാൽ ലക്ഷമായി, ഇപ്പോഴത്തെ രണ്ടര ലക്ഷവുമായി. രാഷ്ട്രത്തിന്റെ ഭണ്ഡാരത്തിലുള്ള വിദേശനാണ്യശേഖരത്തിന് അനുസൃതമായാണ് റിസർവ് ബാങ്ക് ഈ നിക്ഷേപപരിധി നിശ്ചയിയ്ക്കുന്നത്. വിദേശനാണ്യശേഖരം ഉയരുമ്പോൾ ഉയർന്ന വിദേശനിക്ഷേപപരിധി അനുവദിയ്ക്കും. ശേഖരം താഴുമ്പോൾ, പരിധിയും താഴ്‌ത്തുന്നു. നിലവിലുള്ള പരിധിയ്ക്കപ്പുറമുള്ള തുകകൾ വിദേശങ്ങളിൽ നിക്ഷേപിയ്ക്കുക അസാദ്ധ്യം. പരിധികളും വ്യവസ്ഥകളും ‘വെളുത്ത പണ’ത്തിനാണു ബാധകം; കള്ളപ്പണത്തിന് അവയൊന്നും ബാധകമല്ലല്ലോ. അതുകൊണ്ടു തരം കിട്ടുമ്പോഴൊക്കെ, കള്ളപ്പണം വൻ തോതിൽ ഇന്ത്യയിൽ നിന്നു മൊറീഷ്യസ്സിലേയ്ക്കൊഴുകുന്നു. മൊറീഷ്യസിന്റെ പേര് എടുത്തുപറയാൻ കാരണമുണ്ട്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ഇന്ത്യയിലേയ്ക്ക് ഏറ്റവുമധികം വിദേശനിക്ഷേപം (34 ശതമാനം) വന്നിരിയ്ക്കുന്നതു മൊറീഷ്യസിൽ നിന്നാണ്. നമ്മുടെ വയനാടു ജില്ലയേക്കാൾ ചെറുതാണു മൊറീഷ്യസ്. ജനസംഖ്യ കാസർഗോഡു ജില്ലയിലേതിനേക്കാൾ കുറവ്. അവരുടെ മൊത്ത ആഭ്യന്തരോല്പന്നമാണെങ്കിൽ തുച്ഛവും. എന്നിട്ടും, മറ്റേതൊരു രാജ്യത്തു നിന്നുള്ളതിനേക്കാളേറെ വിസ്തൃതമായ നിക്ഷേപം ഇന്ത്യയിൽ നടത്താൻ എങ്ങനെ മൊറീഷ്യസ്സിനായി? ഒരു സംശയവും വേണ്ടാ, അവിടന്നിങ്ങോട്ടു വന്നിരിയ്ക്കുന്ന നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നങ്ങോട്ടു ചെന്നിരുന്ന കള്ളപ്പണം തന്നെ. ഇന്ത്യൻ സമ്പന്നരുടെ കള്ളപ്പണം പാത്തും പതുങ്ങിയും മൊറീഷ്യസ്സിലെത്തി, വേഷപ്രച്ഛന്നനായി തിരികെ ഇന്ത്യയിലെത്തി, ആദരവും വരുമാനവും പിടിച്ചുപറ്റി, ഇന്ത്യൻ സമ്പന്നരെ അതിസമ്പന്നരാക്കുന്നു. ഇത്തരം വരുമാനങ്ങളിൽ നിന്ന് ഇന്ത്യാഗവണ്മെന്റിന് ഒരു രൂപ പോലും ലഭിയ്ക്കുന്നില്ല; ഇന്ത്യൻ ജനതയ്ക്കും. 2004 മുതൽ 2014 വരെയുള്ള പത്തുവർഷക്കാലത്ത് 33 ലക്ഷം കോടി രൂപയിലേറെ കള്ളപ്പണം ഇന്ത്യയിൽ നിന്നു പുറത്തേയ്ക്കൊഴുകിയെന്നു പത്രവാർത്ത. ഈ തുക സത്യസന്ധതയോടെ ഇന്ത്യയിൽത്തന്നെ നിക്ഷേപിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യൻ ജനതയുടെ സാമ്പത്തികനില വളരെയധികം മെച്ചപ്പെടുമായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വാസ്തവത്തിൽ, ഒരു രാജ്യത്തെ ജനതയുടെ സാംസ്കാരികതയുടെ വിപരീതസൂചകമാണ് അവിടത്തെ കള്ളപ്പണം. കള്ളപ്പണസമ്പത്ത് എത്രത്തോളമുയർന്നിരിയ്ക്കുന്നുവോ, സാംസ്കാരികത അത്രത്തോളം താഴ്‌‌ന്നിരിയ്ക്കുന്നു, അല്ലെങ്കിൽ ജനത സാംസ്കാരികമായി അത്രത്തോളം അധപ്പതിച്ചിരിയ്ക്കുന്നു, എന്നർത്ഥം. കള്ളപ്പണക്കാർ അനർഹമായ സമ്പത്തുണ്ടാക്കുന്നതിലേറെ സങ്കടം, അവരുടെ നികുതിവെട്ടിപ്പു മൂലം താഴേക്കിടയിലുള്ളവരുടെ ക്ഷേമത്തിനുള്ള പണം സർക്കാരിനു കിട്ടാതെ പോകുന്നതിലാണ്. കള്ളപ്പണം പെരുകുമ്പോൾ സാമാന്യജനജീവിതം കൂടുതൽ ദുഷ്കരമാകുന്നു. മൊറീഷ്യസ്സിലും മറ്റും ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണശേഖരമുണ്ടാകുന്നതു തടയണമെങ്കിൽ ഒന്നുകിൽ മൊറീഷ്യസ് തങ്ങളുടെ നികുതിനിരക്കുകളുയർത്തി, ഇന്ത്യയിലേതിനു തുല്യമാക്കണം; അല്ലെങ്കിൽ ഇന്ത്യ തങ്ങളുടെ നിരക്കുകൾ താഴ്‌ത്തി മൊറീഷ്യസിലേതിനു തുല്യമാക്കണം. ഇതു രണ്ടും സാദ്ധ്യമല്ലെങ്കിൽ മൊറീഷ്യസ്സുമായുള്ള ഇരട്ടനികുതിചുമത്തൽ ഒഴിവാക്കാനുള്ള കരാർ റദ്ദാക്കണം. ഇതിനൊക്കെപ്പുറമേ, മറ്റൊരു കാര്യം കൂടി രാഷ്ട്രങ്ങൾ ചെയ്യേണ്ടതുണ്ട്: വിദേശീയരുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അതാതു രാഷ്ട്രങ്ങൾക്ക് ആനുകാലികമായി കൈമാറിക്കൊള്ളാം എന്ന ഒരുടമ്പടിയിൽ ഒപ്പു വയ്ക്കുകയും അതനുസരിച്ചു പ്രവർത്തിയ്ക്കുകയും വേണം. ഇന്നത്തെ വ്യവസ്ഥിതിയിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടാകാതിരുന്നാൽ, ഉയർന്ന നികുതിനിരക്കുള്ളയിടങ്ങളിൽ നിന്നു താഴ്‌ന്ന നികുതിനിരക്കുള്ളയിടങ്ങളിലേയ്ക്കു പണം ഒഴുകിക്കൊണ്ടിരിയ്ക്കും. ആഗോളവൽക്കരണത്തിന്റെ അനിവാര്യമായ പാർശ്വഫലങ്ങളിലൊന്നാണു മൂലധനത്തിന്റെ പാത്തും പതുങ്ങിയുമുള്ള ഈയൊഴുക്ക്. ഏറ്റവുമധികം കള്ളപ്പണം പുറത്തേയ്ക്കൊഴുകുന്നതു വികസ്വരരാജ്യങ്ങളിൽ നിന്നാണ്. ചൈന ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. നാമൊരല്പം ഭേദമാണ്: നാലാം സ്ഥാനം. അഴിമതിയുള്ള രാജ്യങ്ങളിലാണ് കള്ളപ്പണമുണ്ടാകുന്നതെന്നത് ഒരു വസ്തുതയാണ്. ഉയർന്ന ജനസംഖ്യയും ലോകനിലവാരത്തേക്കാൾ വളരെത്താഴ്‌ന്ന പ്രതിശീർഷവരുമാനവുമുള്ള ചൈനയേയും ഇന്ത്യയേയും പോലുള്ള രാജ്യങ്ങളിൽ കള്ളപ്പണമുണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ജനസംഖ്യ കുറയുകയും പ്രതിശീർഷവരുമാനം സമ്പന്നരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്കുയരുകയും ചെയ്താൽ കള്ളപ്പണത്തിനു കുറവുണ്ടാകും. ഇവ രണ്ടും തത്കാലം അസാദ്ധ്യം തന്നെ: ഇന്ത്യയിലെ ജനസംഖ്യയുടെ വർദ്ധനാനിരക്കു കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത നൂറ്റാണ്ടിനിടയിൽ ഇവിടത്തെ ജനസംഖ്യ കുറയുന്ന പ്രശ്നമില്ല. രാജ്യങ്ങളിലുള്ള അഴിമതിയെ അടിസ്ഥാനപ്പെടുത്തി ട്രാൻസ്പേരൻസി ഇന്റർനാഷണൽ ഒരു റാങ്ക് ലിസ്റ്റു പ്രസിദ്ധീകരിയ്ക്കാറുണ്ട്. അതിൽ ഇന്ത്യയുടെ റാങ്ക് 76 ആണ്. ഇക്കാര്യത്തിലെങ്കിലും നാം ചൈനയേക്കാളല്പം ഭേദമാണ്; ഏഴു പുറകിൽ, 83 ആണ് അവരുടെ റാങ്ക്. ഡെന്മാർക്കിനാണ് ഒന്നാം റാങ്ക്. അതിൽ തീരെ അതിശയമില്ല. കാരണം അവരുടെ പ്രതിശീർഷവരുമാനം 34 ലക്ഷമാണ്. ഒരു പൗരന് ഓരോ വർഷവും 34 ലക്ഷം രൂപ കിട്ടുന്നു. നമ്മുടേതാകട്ടെ, കേവലം 1.11 ലക്ഷവും. നമ്മുടേതിനേക്കാൾ 33 ഇരട്ടി പ്രതിശീർഷവരുമാനമുണ്ടു ഡെന്മാർക്കിന്. ഓരോ പൗരനും പ്രതിവർഷം 34 ലക്ഷം രൂപ വരുമാനം ലഭിയ്ക്കുമ്പോൾ ആർക്കു വേണം കൈക്കൂലി! ഡെന്മാർക്കിന്റെ ജനസംഖ്യ എത്രയെന്നറിയണ്ടേ? വെറും 57 ലക്ഷം. അവരുടേതിന്റെ 223 ഇരട്ടിയുണ്ടു നമ്മുടെ ജനസംഖ്യ. ഈ വസ്തുതകളൊന്നും കണക്കിലെടുക്കാത്ത ട്രാൻസ്പേരൻസി ഇന്റർനാഷണലിന്റെ റാങ്ക് ലിസ്റ്റ് നീതിപൂർവകമായ ഒന്നല്ല എന്നു പറഞ്ഞേ തീരൂ. 120 കോടി ജനമുള്ള രാഷ്ട്രത്തെ അരക്കോടി മാത്രം ജനമുള്ള രാഷ്ട്രത്തോടു താരതമ്യം ചെയ്യുന്നതു തന്നെ അർത്ഥശൂന്യമാണ്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള രാജ്യങ്ങൾക്കു മാത്രമായി ഒരു ലിസ്റ്റു വേണം. അങ്ങനെ ലിസ്റ്റുകൾ പലതുണ്ടാകണം. സമാനരാജ്യങ്ങൾ തമ്മിൽ മാത്രമേ താരതമ്യമാകാവൂ. ഇന്ത്യയുടെ പ്രതിശീർഷവരുമാനം അടുത്ത കാലത്തൊന്നും ലോകനിലവാരത്തിലേയ്ക്കെത്തുമെന്നു തോന്നുന്നില്ല. അതുകൊണ്ടു കള്ളപ്പണത്തെ പൂർണമായി തടയാനാവില്ല. എങ്കിലും, അതിനെ നിയന്ത്രിച്ചുനിറുത്താനെങ്കിലുമാകണം. ഇവിടത്തെ ഭരണകർത്താക്കൾക്കു ദൃഢനിശ്ചയമുണ്ടായാൽ ഇതു സാദ്ധ്യമാകും. എന്നാൽ, ഏതു മുന്നണി രൂപം കൊടുത്ത സർക്കാരായിരുന്നാലും, കള്ളപ്പണത്തെ നിയന്ത്രിയ്ക്കുന്ന വിഷയത്തിലെ ദൃഢനിശ്ചയക്കുറവ് എന്നും പ്രകടമായിരുന്നിട്ടുണ്ട്. കള്ളപ്പണത്തിന്റെ സൃഷ്ടിയും ഒഴുക്കും ഇനിയുമേറെക്കാലം തുടരാനാണിട. ഈ ഹ്രസ്വലേഖനപരമ്പര ഇവിടെ അവസാനിയ്ക്കുന്നു. [email protected]

  Apr 26, 2016 0
 • കള്ളപ്പണത്തിന്റെ വഴികൾ 1 (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം ഞാനൊഴികെ മറ്റ് അനന്തരാവകാശികളില്ലാതെ ചരമമടഞ്ഞ എന്റെ അമ്മാവന്റെ ഭൂസ്വത്ത് കുറച്ചുനാൾ മുമ്പ് എനിയ്ക്കു കിട്ടിയിരുന്നു. അങ്ങനെ, മേലു വിയർക്കാതെ എനിയ്ക്കു കിട്ടിയ ഭൂസ്വത്തിന്റെ ചെറിയൊരു ഭാഗം വാങ്ങാനാഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഒരാളെത്തി. ഞങ്ങൾ തമ്മിൽ വില പേശൽ നടന്നു. രണ്ടു കോടി രൂപയ്ക്കു കച്ചവടമുറപ്പിച്ചു. ഞാനൊരു വ്യവസ്ഥ മുന്നോട്ടു വച്ചു: തീറാധാരത്തിൽ പകുതി വില മാത്രമേ കാണിയ്ക്കൂ. തീറാധാരത്തിൽ പകുതി വില മാത്രമേ കാണിയ്ക്കൂ എന്നു കേട്ടപ്പോൾ വസ്തു വാങ്ങാനെത്തിയ ആൾക്കും സന്തോഷമായി. ഒരു കോടി രൂപയിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീയും ലാഭിയ്ക്കാമല്ലോ. കക്ഷി ഒരു കോടി രൂപ ബാങ്ക് ഡ്രാഫ്റ്റായി തന്നു. ശേഷിയ്ക്കുന്ന ഒരു കോടി രൂപ ഒരു ബ്രീഫ് കേസിൽ രൊക്കം പണമായും. കക്ഷിയും കണക്കിൽ പെടുത്താതെ സമ്പാദിച്ചു വച്ചിരുന്ന പണമായിരുന്നിരിയ്ക്കണം അതും. ഇപ്പരിപാടി അപ്പോളെല്ലാവർക്കുമുണ്ട്! ഞാൻ തീറാധാരം രജിസ്റ്റർ ചെയ്തു നൽകി. ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടിൽ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും? അതു കണക്കിൽപ്പെടാത്ത പണമായതുകൊണ്ടു ബാങ്കിലടയ്ക്കാനാവില്ല. ബാങ്കിലെങ്ങാൻ അടച്ചുപോയാൽ, അടുത്ത ദിവസം തന്നെ ആദായനികുതിക്കാർ കയറിവന്നു ചോദിച്ചേയ്ക്കാം: എവിടുന്നു കിട്ടീ, ആ പണം? ഉത്തരം മുട്ടിയതു തന്നെ. അവർ അക്കൗണ്ടു മരവിപ്പിയ്ക്കും. കള്ളപ്പണക്കാരനെന്നു ചാനലുകൾ ഉറപ്പായും വിശേഷിപ്പിയ്ക്കും. തീറാധാരത്തിൽ കാണിച്ചിട്ടില്ലാത്തതുകൊണ്ട് കള്ളപ്പണമെന്ന ആരോപണത്തെ എതിർക്കാനാവില്ല. ഒരു കോടി രൂപയിന്മേൽ അടയ്ക്കേണ്ടിയിരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീയും അടയ്ക്കാതെ തടിതപ്പിയിരിയ്ക്കുന്നു. ഇതിനൊക്കെപ്പുറമേ, ഒരു കോടിയിന്മേലുള്ള ആദായനികുതിയും ഒഴിവാക്കാനാണു നോട്ടം. വിറ്റ വസ്തുവിന്റെ ഉടമസ്ഥത എനിയ്ക്കു ലഭിച്ചിരുന്ന തീയതിയെ അടിസ്ഥാനമാക്കി ആദായനികുതിയിൽ നേരിയൊരിളവു ലഭിച്ചെന്നു വരാം, ലഭിച്ചില്ലെന്നും വരാം. ആദായനികുതിവകുപ്പ് ഇളവുകളൊന്നുമനുവദിയ്ക്കുന്നില്ലെങ്കിൽ, വിറ്റവിലയിന്മേൽ ഒരു പക്ഷേ, മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. ആകെ വിറ്റവില രണ്ടു കോടി രൂപ. രണ്ടു കോടി രൂപയുടെ മുപ്പതു ശതമാനമെന്നാൽ അറുപതു ലക്ഷം രൂപ! അറുപതു ലക്ഷം രൂപ നികുതിയായി അടയ്ക്കുകയോ! പൊതുവിൽ നിയമങ്ങളനുസരിയ്ക്കുന്നൊരു വ്യക്തിയാണു ഞാൻ. പക്ഷേ, ഇത്രയധികം രൂപ സർക്കാരിനു കൊടുക്കുന്നതുകൊണ്ടു നമുക്കെന്തു പ്രയോജനം! അതിൽ പകുതിയെങ്കിലും ലാഭിയ്ക്കണം. ആ ലക്ഷ്യത്തോടെയാണു തീറാധാരത്തിൽ പകുതിവില മാത്രം കാണിച്ചതും, പകുതി വില രൊക്കം പണമായി വാങ്ങിയതും. ആദായനികുതിക്കാർ അതു പിടിച്ചെടുത്താൽ നികുതിയും പിഴയും അടയ്ക്കേണ്ടി വരും. ക്രിമിനൽക്കുറ്റവുമാകും. മിക്കവാറും “അഴിയെണ്ണേണ്ടതായും” വരും. ഈ ആപത്തുകളൊഴിവാക്കണമെങ്കിൽ ബ്രീഫ് കേസിലുള്ള ഒരു കോടി രൂപ എവിടേയ്ക്കെങ്കിലും കടത്തണം. എവിടേയ്ക്കു കടത്തുന്നതാണു നല്ലത്? എന്താണതിനൊരു വഴി? ഞാൻ അതിരഹസ്യമായി ചില അന്വേഷണങ്ങൾ നടത്തി. ഹവാലയുൾപ്പെടെ പല വഴികളും പൊന്തിവന്നു. അവയിൽ, താരതമ്യേന എളുപ്പമുള്ളൊന്ന് എനിയ്ക്കിഷ്ടപ്പെട്ടു. അതനുസരിച്ച്, ഞാൻ പണവുമായി ഗുജറാത്തിലെ സൂററ്റിലേയ്ക്കു പറന്നു. അവിടെ വജ്രങ്ങൾ ധാരാളം. അവിടത്തെ പ്രസിദ്ധനായൊരു വജ്രവ്യാപാരിയിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന വജ്രങ്ങൾ ഞാൻ വാങ്ങി. അവ കോർത്തുണ്ടാക്കിയൊരു മാലയുടെ രൂപത്തിലായിരുന്നു. ഒരു കോടി രൂപ രൊക്കം പണമായി കൊടുത്തപ്പോൾ വജ്രവ്യാപാരി യാതൊരു ഭാവവ്യത്യാസവും കൂടാതെ അതു വാങ്ങി പെട്ടിയിലിട്ടു; പകരം, വജ്രങ്ങൾ കോർത്ത മാല തരികയും ചെയ്തു. ചോദ്യങ്ങളില്ല, ബില്ലുമില്ല. വ്യാപാരി തന്ന വജ്രങ്ങൾ വജ്രങ്ങൾ തന്നെയാണോ എന്നറിയില്ല. അവ കൃത്രിമമല്ലെന്ന വിശ്വാസത്തിൻ ഞാനവ വാങ്ങി. ദുബായ് വിസ കൈയിലുണ്ടായിരുന്നു. അതുകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിയ്ക്കു മുംബൈയിൽ നിന്നു ദുബായിലേയ്ക്കു പോകാൻ സാധിച്ചു. ഒരു കോടി രൂപയുടെ വജ്രമാല ശരീരത്തിലണിഞ്ഞുകൊണ്ടായിരുന്നു യാത്ര. വജ്രമാലയണിഞ്ഞുകൊണ്ടു മുംബൈ എയർപോർട്ടിൽ പ്രവേശിച്ചപ്പോൾ ഉൾക്കിടിലമുണ്ടായിരുന്നു: പിടിയ്ക്കപ്പെട്ടേയ്ക്കുമോ! എന്റെ ആശങ്കകൾ അസ്ഥാനത്തായിരുന്നു; യാതൊരു തടസ്സവുമുണ്ടായില്ല. വജ്രമാലയണിഞ്ഞുകൊണ്ടു വിദേശത്തു നിന്നിങ്ങോട്ടു വന്നിറങ്ങുകയായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ കള്ളക്കടത്തുകാരനായി മുദ്രയടിയ്ക്കപ്പെട്ടേനേ! ദുബായിൽച്ചെന്നയുടൻ ഞാൻ വജ്രമാലയൂരിവിറ്റു. ഒരു കോടി രൂപ വിലയുള്ള വജ്രമാല നമുക്കിവിടെ, കേരളത്തിൽ വലുതാണ്. എന്നാൽ ദുബായിലതെല്ലാം നിസ്സാരം. അതിന്റെ പല മടങ്ങു വിലയുള്ള വജ്രങ്ങൾ പോലും അവിടെ അനായാസം വിൽക്കാം. തലയിൽ മുണ്ടിട്ടു കള്ളുഷാപ്പിൽ കയറുന്നതു പോലെ, പാത്തും പതുങ്ങിയുമുള്ള വിൽപ്പനയല്ല നടന്നത്; അവിടത്തെ നിയമങ്ങൾക്കനുസൃതമായ, തുറന്ന വിൽപ്പന തന്നെ നടന്നു. വജ്രമാലയുടെ ജാതകമൊന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. വിറ്റയുടൻ രൊക്കം പണം കിട്ടുകയും ചെയ്തു: ആറു ലക്ഷത്തിലേറെ ദിർഹം. ദിർഹവും രൂപയും തമ്മിലുള്ള വിനിമയനിരക്കുവച്ചു ഞാൻ കണക്കു കൂട്ടി നോക്കി: മുടക്കുമുതലിനു പുറമെ, പത്തു ലക്ഷം രൂപയോളം ലാഭവും കിട്ടിയിരിയ്ക്കുന്നു. ഞാൻ ചിരിച്ചുപോയി: കള്ളപ്പണത്തിന്മേൽ ലാഭം! ഇന്ത്യാഗവണ്മെന്ററിയാതിരിയ്ക്കുന്നതാണു നല്ലത്; അറിഞ്ഞാൽ, ഈ ലാഭത്തിന്മേലും അവർ ആദായനികുതി ആവശ്യപ്പെടും, തീർച്ച. വജ്രക്കടയിൽ നിന്നു പണവുമായി ഞാൻ പോയതു ദുബായിലുള്ളൊരു ബാങ്കിലേയ്ക്കാണ്. “എനിയ്ക്ക് ഒരക്കൗണ്ടു തുടങ്ങണം,” ഞാൻ പറഞ്ഞു. ബാങ്ക് ഓഫീസർ പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു. അക്കൗണ്ടു തുടങ്ങാൻ മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. വജ്രമാല വിറ്റു കിട്ടിയ ദിർഹം മുഴുവൻ ഞാൻ അക്കൗണ്ടിലടച്ചു. എവിടുന്നു കിട്ടീ, ഇത്രയധികം പണമെന്ന് ആരുമെന്നോടു ചോദിച്ചില്ല. അവിടെ അതൊന്നുമാരും ആരായാറില്ലെന്നു തോന്നുന്നു. കേരളത്തിൽ തിരിച്ചെത്തിയ പാടെ, എന്നെ അസ്വസ്ഥത ബാധിച്ചു. ദുബായിലേയ്ക്ക് കേരളത്തിൽ നിന്ന് അധികം അകലമില്ല. ഇന്ത്യാഗവണ്മെന്റ് അന്വേഷിയ്ക്കുകയാണെങ്കിൽ ദുബായിയിലെ ബാങ്ക് എന്റെ അക്കൗണ്ടിലെ തുകയുടെ കാര്യം ഇന്ത്യാഗവണ്മെന്റിനു വെളിപ്പെടുത്തിക്കൊടുക്കുകയില്ലെന്ന് എന്താണുറപ്പ്? അവരങ്ങനെ വെളിപ്പെടുത്താറില്ലെന്നാണു പറഞ്ഞു കേട്ടത്. എങ്കിലും, പണം കുറേക്കൂടി അകലേയ്ക്കു മാറ്റുന്നതാകും ബുദ്ധി. ഇന്ത്യാഗവണ്മെന്റിനു പെട്ടെന്നെത്താനാകാത്തയത്ര അകലത്തേയ്ക്ക്. സ്വിറ്റ്സർലന്റിലെ ബാങ്കുകളിലാണു പണം ഏറ്റവും സുരക്ഷിതമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ദുബായിൽ നിന്നു സ്വിസ് ബാങ്കിലേയ്ക്കെങ്ങനെ പണം കടത്താം? ഞാൻ ഗൂഗിൾ സെർച്ചു നടത്തി. ഗൂഗിളിനെ പൂജിയ്ക്കണം: നിമിഷാർദ്ധം കൊണ്ട് ചില സ്വിസ് കമ്പനികളുടെ വിവരങ്ങൾ ഗൂഗിൾ ഉയർത്തിക്കൊണ്ടു വന്നു. അവയുടെ വെബ്സൈറ്റുകളിൽ പറഞ്ഞിരിയ്ക്കുന്നതെല്ലാം ഞാൻ പലയാവർത്തി വായിച്ചു മനസ്സിലാക്കി. ആപത്തുകളിൽ ചെന്നു ചാടരുതല്ലോ. തൃപ്തി തോന്നിപ്പിച്ച കമ്പനികളുടെ വെബ്പേജുകളിൽ ഞാനൊരു സന്ദേശം പോസ്റ്റു ചെയ്തു. താമസിയാതെ മറുപടികൾ വന്നു. പ്രോത്സാഹജനകമായിരുന്നു, മറുപടികളെല്ലാം. അവയിലൊരു കമ്പനിയുടെ സേവനങ്ങൾക്കുള്ള ഫീസു കൂടുതലായിരുന്നു. എങ്കിലും ഞാനവരെത്തന്നെ തെരഞ്ഞെടുത്തു. അവരോടു ഞാനെന്റെ കൃത്യമായ ആവശ്യം സൂചിപ്പിച്ചു: ദുബായിലുള്ള പണം സ്വിറ്റ്സർലന്റിലെ സുരക്ഷിതമായ ഏതെങ്കിലുമൊരു ബാങ്കിലേയ്ക്കു മാറ്റണം. കമ്പനിയുടെ മറുപടിയിൽ നിന്ന് എനിയ്ക്കു മനസ്സിലാക്കിയെടുക്കാനായ പ്രക്രിയ അല്പം സങ്കീർണമായിരുന്നു. ദുബായിൽ നിന്നു സ്വിറ്റ്സർലന്റിലേയ്ക്കുള്ള പണത്തിന്റെ യാത്ര നേരിട്ടല്ല. ദുബായിൽ നിന്നാദ്യം പോകുന്നത് സമോവ എന്നൊരു രാജ്യത്തെ ഒരു കമ്പനിയിലേയ്ക്കായിരിയ്ക്കും. നിക്ഷേപത്തിന്റെ രൂപത്തിൽ. അവിടന്നതു സീഷെൽസിലെ മറ്റൊരു കമ്പനിയിലേയ്ക്കു കടക്കും. സീഷെൽസിൽ നിന്നു ബ്രിട്ടീഷ് വേർജിൻ ഐലന്റിലെ ഒരു കമ്പനിയിലേയ്ക്ക്. അതവിടേയും അവസാനിയ്ക്കുന്നില്ല. പലയിടങ്ങളിലായി കറങ്ങിത്തിരിഞ്ഞ്, ഒടുവിൽ, പണം സ്വിസ് ബാങ്കിലെത്തും. മഹാഭാരതത്തിൽ, ധൈര്യസമേതം ചക്രവ്യൂഹത്തിനകത്തു കടന്ന അഭിമന്യുവിനു പുറത്തുകടക്കാനുള്ള വഴിയറിയാതെ മരണപ്പെടേണ്ടിവന്നതാണു പെട്ടെന്നോർത്തുപോയത്. ഇത്രയധികം സ്ഥലങ്ങളിൽക്കിടന്നു കറങ്ങുന്നതിനിടയിൽ പണത്തിനു വഴി തെറ്റുകയോ അതെവിടെയെങ്കിലും കുടുങ്ങിപ്പോകുകയോ മറ്റോ ചെയ്യുമോ? പണം തിരികെക്കിട്ടേണ്ടപ്പോൾ തിരികെക്കിട്ടാതെ വന്നേയ്ക്കുമോ? എന്തുകൊണ്ട് പണം ദുബായിൽ നിന്നു സ്വിസ് ബാങ്കിലേയ്ക്കു നേരിട്ടു മാറ്റിക്കൂടാ? ദുബായിൽ നിന്നു സ്വിറ്റ്സർലന്റിലേയ്ക്കു നേരിട്ടു വിമാനസർവീസുണ്ടല്ലോ. ഞാൻ സംശയങ്ങളുന്നയിച്ചു. വിശദീകരണം വന്നു: പണത്തിന്റെ റൂട്ട് വിമാനത്തിന്റേതിൽ നിന്നു വ്യത്യസ്തമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പണം സ്വിസ് ബാങ്കിലെത്തിയിരിയ്ക്കും. ആവശ്യമുള്ളപ്പോൾ പിൻവലിയ്ക്കുകയും ചെയ്യാം. പണം നൂറു ശതമാനം സുരക്ഷിതമായിരിയ്ക്കും. സ്വിസ് ബാങ്കുകളിലെ സുരക്ഷിതത്വം പ്രസിദ്ധമാണ്. പിന്നെ, മദ്ധ്യവർത്തികളായ ഞങ്ങളുടെ ഈ സേവനങ്ങൾക്കെല്ലാം ചെറിയൊരു ഫീസുള്ള കാര്യം ഓർമ്മിയ്ക്കുമല്ലോ. പണം അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു മറ്റാരും അതിന്റെ പന്ഥാവു മനസ്സിലാക്കുകയും, അതിനെ പിന്തുടർന്നു പിടികൂടുകയും ചെയ്യാതിരിയ്ക്കാൻ വേണ്ടിയാണ്. ചക്രവ്യൂഹത്തിന്റെ ഒരു പ്രായോഗികമാതൃക; ഒരാപ്ലിക്കേഷൻ. “ആപ്പ്” എന്നും പറയാം. പണത്തെ പിന്തുടരാൻ ശ്രമിയ്ക്കുന്ന അധികാരികൾക്കു ചക്രവ്യൂഹത്തിൽ വച്ചു വഴി പിഴയ്ക്കും. പാതിവഴിയിലവർ ശ്രമം ഉപേക്ഷിയ്ക്കും. പണത്തിനാകട്ടെ, വഴി പിഴയ്ക്കുകയുമില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കു ഞാനൊരു സ്വിസ് ബാങ്കു നിക്ഷേപകനായി. അക്കൗണ്ടിൽ ഒന്നരലക്ഷത്തോളം സ്വിസ് ഫ്രാങ്ക്. പാസ്ബുക്കില്ല, ചെക്ക് ബുക്കില്ല. യൂസർ നെയിമും ഏതാനും പാസ്‌വേർഡുകളും മാത്രം. അവയെനിയ്ക്കു ഹൃദിസ്ഥമാണ്. ഇനിയെപ്പോൾ വേണമെങ്കിലും ആദായനികുതിക്കാർ വീട്ടിൽക്കയറി വന്നോട്ടെ, ചികഞ്ഞു നോക്കിക്കോട്ടെ. എന്റെ രഹസ്യസമ്പാദ്യത്തെപ്പറ്റി അവർക്കൊരു വിവരവും കിട്ടാൻ പോകുന്നില്ല. കുടുംബസമേതം സ്വിറ്റ്സർലന്റിൽപ്പോയി കുറച്ചുദിവസം സുഖവാസമെടുക്കാൻ പ്ലാനുണ്ട്. സാധിച്ചാൽ അമേരിക്കയുമൊന്നു കാണണം. ഒന്നര ലക്ഷത്തോളം സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കിൽ കിടക്കുമ്പോൾ അതിനെന്താ ബുദ്ധിമുട്ട്! അടിച്ചുപൊളിയ്ക്കുക തന്നെ. അതിനൊക്കെയല്ലെങ്കിൽ മറ്റെന്തിനാണു കള്ളപ്പണം! ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞാൻ സ്വിസ് ബാങ്കിൽക്കിടക്കുന്ന പണത്തിന്മേൽ പലിശ കണക്കാക്കാൻ തുടങ്ങി. ഒരു വർഷത്തേയ്ക്കുള്ള സ്ഥിരനിക്ഷേപത്തിന് എട്ടു ശതമാനത്തിൽ കുറയാത്ത പലിശ നൽകുന്ന ബാങ്കുകൾ കേരളത്തിൽ ധാരാളം. സ്വിസ് ബാങ്കും അത്രയൊക്കെത്തന്നെ തരുമായിരിയ്ക്കണം. ഒരു കോടിയിന്മേൽ എട്ടു ശതമാനം പലിശയെന്നാൽ, വർഷം എട്ടു ലക്ഷം രൂപ. പലിശ പിൻവലിയ്ക്കാതിരുന്നാൽ പലിശ മേൽ പലിശ നേടാം. ഒരു പതിറ്റാണ്ടു കൊണ്ടു തന്നെ നിക്ഷേപം ഏതാണ്ടിരട്ടിയാക്കാം. ഏറ്റവുമധികം പലിശ കൂടുതൽ കിട്ടുന്ന പദ്ധതിയിലേയ്ക്കു മാറ്റണമെന്ന നിർദ്ദേശം കൊടുക്കാനായി ഞാനെന്റെ അക്കൗണ്ടുള്ള സ്വിസ് ബാങ്ക് വെബ് സൈറ്റ് സന്ദർശിച്ചു. സ്ഥിരനിക്ഷേപങ്ങൾക്കു സ്വിസ് ബാങ്കു നൽകുന്ന പലിശനിരക്കുകൾ കണ്ടു ഞാൻ നടുങ്ങി. കേരളത്തിലെ മിക്ക ബാങ്കുകളും ഒരു വർഷത്തേയ്ക്കുള്ള സ്ഥിരനിക്ഷേപത്തിന് എട്ടു ശതമാനത്തോളം പലിശ നൽകുമ്പോൾ, സ്വിസ് ബാങ്കു നൽകുന്നതെത്രയെന്നോ, 1.22 ശതമാനം മാത്രം! നിക്ഷേപത്തിന്റെ കാലാവധി കൂടുമ്പോൾ കേരളത്തിൽ പലിശനിരക്കും കൂടുകയാണു ചെയ്യുക. എന്നാൽ, സ്വിസ് ബാങ്കുകളിലെ പലിശനിരക്കു കുറയുകയാണു ചെയ്യുന്നത്. പത്തു വർഷത്തേയ്ക്കുള്ള പലിശനിരക്ക് വെറും അരശതമാനം. രണ്ടു വർഷത്തെ നിരക്കാണ് ഏറ്റവും വിചിത്രം: പൂജ്യം! സ്ഥിരനിക്ഷേപങ്ങൾക്കുള്ള സ്വിസ് ബാങ്കുകളുടെ പലിശനിരക്കുകൾ തുച്ഛമാണെന്നു കണ്ടതോടെ പത്തു കൊല്ലം കൊണ്ടു നിക്ഷേപം ഇരട്ടിയാക്കി വളർത്താമെന്ന എന്റെ സങ്കല്പം തകർന്നു. ഒരു കോടി രൂപ എത്ര കാലമാണു കാര്യമായ വരുമാനമൊന്നുമില്ലാതെ അക്കൗണ്ടിൽ വച്ചുകൊണ്ടിരിയ്ക്കുക! കാര്യമായ വരുമാനമുണ്ടാക്കിത്തരുന്നില്ലെങ്കിൽ സ്വിസ് ബാങ്ക് അക്കൗണ്ടുകൊണ്ട് ഒരലമാരയുടെ ഗുണമേയുള്ളൂ. നാണയപ്പെരുപ്പം മൂലം നാമറിയാതെ അലമാരയിലെ പണത്തിനു മൂല്യശോഷണം വരികയും ചെയ്യും. പണം അലമാരയിൽ നിന്നു പുറത്തുകടന്നെങ്കിൽ മാത്രമേ, അതിനു വരുമാനം നേടാനാകൂ. സ്വിസ് ബാങ്കിലെ പലിശനിരക്കിനേക്കാളുയർന്ന വരുമാനം നേടാനുള്ള വഴികൾ ഞാനാരാഞ്ഞു. പല നിർദ്ദേശങ്ങളും കിട്ടി. അവയിലൊന്ന് അതിവേഗം വളരുന്ന ചില രാഷ്ട്രങ്ങളിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തുകയെന്നതായിരുന്നു. ചൈനയും ഇന്ത്യയുമാണ് ഏറ്റവുമധികം വളർച്ചയുള്ള വൻ രാജ്യങ്ങൾ. ചൈനയിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തുന്നതിനേക്കാൾ എളുപ്പം ഇന്ത്യയിലേതിൽ നിക്ഷേപം നടത്തുന്നതാണെന്നായിരുന്നു, നിർദ്ദേശത്തിലെ ശുപാർശ. വൈചിത്ര്യം നോക്കണേ! ഇന്ത്യയിൽ വച്ചു കണ്ടുപിടിയ്ക്കപ്പെടാതിരിയ്ക്കാൻ വേണ്ടി ബുദ്ധിമുട്ടുകൾ സഹിച്ചു സ്വിറ്റ്സർലന്റിലേയ്ക്കു കടത്തിയ കള്ളപ്പണം ഉയർന്ന വരുമാനം കിട്ടാൻ തിരികെ ഇന്ത്യയിൽത്തന്നെ നിക്ഷേപിയ്ക്കേണ്ടി വരുന്ന അവസ്ഥ. ഓഹരിക്കമ്പോളത്തിൽ നിക്ഷേപങ്ങൾ ആരുടേതെന്നു കണ്ടെത്തുന്നത് ഇന്ത്യയിലെ അധികൃതർക്ക് എളുപ്പമാണ്. അവിടെ നിക്ഷേപം നടത്തിയാൽ എന്റെ കള്ളപ്പണം പിടിയ്ക്കപ്പെടും, തീർച്ച. എനിയ്ക്കു ഭയമായി. പക്ഷേ, കൂടുതൽ വിവരങ്ങളറിയാനായപ്പോൾ എന്റെ ഭയമകന്നു. വിദേശനിക്ഷേപകർക്കു വേണ്ടി ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തിയിരിയ്ക്കുന്ന നിരവധി സ്ഥാപനങ്ങൾ ചില വിദേശരാജ്യങ്ങളിലുണ്ട്. മൊറീഷ്യസ് അത്തരമൊരു രാജ്യമാണ്. ആ സ്ഥാപനങ്ങൾക്കു പണം നൽകിയാൽ, അവരതുപയോഗിച്ച് ഇന്ത്യൻ ഓഹരികൾ വാങ്ങുകയും, അവയുടെ അടിസ്ഥാനത്തിൽ പാർട്ടിസിപ്പേറ്ററി നോട്ട് അഥവാ പീനോട്ട് എന്നൊരു സാക്ഷ്യപത്രം നമുക്കു തരികയും ചെയ്യുന്നു. പീനോട്ട് നമുക്കെളുപ്പം വിറ്റൊഴിയാം. വിൽക്കുമ്പോൾ ഓഹരിവിലകളുയർന്നിട്ടുണ്ടെങ്കിൽ അതിനനുസൃതമായ മെച്ചം നമുക്കു കിട്ടുന്നു. ഇതിനു പുറമേ, ഓഹരികളിന്മേലുള്ള ലാഭവീതവും നമുക്കുള്ളതു തന്നെ. ഓഹരിവിലകളിൽ ഇടിവുണ്ടായാൽ നഷ്ടസാദ്ധ്യതയുണ്ട്. നമ്മുടെ പേര് ഇന്ത്യൻ ഓഹരിക്കമ്പോളത്തിലെവിടേയും പ്രത്യക്ഷപ്പെടുകയില്ലെന്നതാണു പീനോട്ടിന്റെ മുഖ്യവൈശിഷ്ട്യം. അതെന്നെ ആകർഷിച്ചു. എന്റെ കള്ളപ്പണം പിടിയ്ക്കപ്പെടുകയില്ലല്ലോ. ഓഹരിക്കമ്പോളത്തിൽ നിന്നു കിട്ടാവുന്ന മെച്ചങ്ങൾ നേടുകയും ചെയ്യാം. വീണ്ടുമൊന്നാലോചിയ്ക്കേണ്ടി വന്നില്ല. കള്ളപ്പണക്കാർ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്നവരാണെന്നു പൊതുവിൽ വ്യാഖ്യാനിയ്ക്കപ്പെടാറുണ്ടെങ്കിലും, എന്റെ കള്ളപ്പണം ഇന്ത്യയിൽത്തന്നെ കിടക്കട്ടേയെന്നു ഞാൻ തീരുമാനിച്ചു. ഇതിനായി മൊറീഷ്യസിലെ പല സ്ഥാപനങ്ങളിൽ വിശ്വാസ്യതയുള്ളതെന്നു തോന്നിപ്പിച്ച ഒന്നിനെ ഞാൻ തെരഞ്ഞെടുത്തു. ആ സ്ഥാപനത്തിന്റെ പീനോട്ടുകൾ ഞാൻ വാങ്ങി. അങ്ങനെ, എന്റെ കള്ളപ്പണമുപയോഗിച്ചു ഞാൻ ഇന്ത്യൻ ഓഹരിക്കമ്പോളത്തിലെ ഒരു രഹസ്യനിക്ഷേപകനായിത്തീർന്നിരിയ്ക്കുന്നു! കുറിപ്പ്: ഇന്ത്യൻ ഓഹരിക്കമ്പോളത്തിൽ പീനോട്ടുകൾ വഴിയുള്ള നിക്ഷേപം രണ്ടര ലക്ഷം കോടി രൂപയിലേറെയുണ്ടത്രേ! ഓഹരിക്കമ്പോളത്തിൽ വലുതായ സ്വാധീനം ചെലുത്താൻ പീനോട്ടുകൾ വഴിയുള്ള ഈ നിക്ഷേപങ്ങൾക്കാകും. കള്ളപ്പണമെങ്ങനെയുണ്ടാകുന്നെന്നും അതിന്റെ വഴികളും ലളിതമായി വിശദീകരിയ്ക്കാൻ വേണ്ടി മെനഞ്ഞെടുത്തൊരു സാങ്കല്പികകഥയാണു മുകളിൽ കൊടുത്തിരിയ്ക്കുന്നത്. കഷ്ടിച്ചു ജീവിച്ചുപോകുന്ന ഈ ലേഖകന്റെ പക്കൽ കള്ളപ്പണമില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ലേഖനപരമ്പര കള്ളപ്പണത്തെ പ്രോത്സാഹിപ്പിയ്ക്കാനുദ്ദേശിച്ചുള്ളതുമല്ല. [email protected]
  1 Posted by Sunil M S

  Apr 17, 2016 1
 • സ്ഥാനാർത്ഥിനിർണയരീതി മാറണം (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തിൽ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിയ്ക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിയ്ക്കുന്ന ജനാധിപത്യം പൂർണമല്ല. അതു പൂർണമാകേണ്ടതുണ്ട്. ഇവിടത്തെ ജനാധിപത്യം പൂർണമല്ലെന്നു പറയാൻ കാരണമുണ്ട്. തൃപ്പൂണിത്തുറ, കൊല്ലം എന്നീ നിയമസഭാനിയോജകമണ്ഡലങ്ങളിലെ കാര്യം ഉദാഹരണമായെടുക്കാം. മെയ് മാസത്തിൽ നടക്കാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ശ്രീ കെ ബാബു ആഗ്രഹിച്ചു. ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്സിന്റെ സംസ്ഥാനനേതൃത്വം വഹിയ്ക്കുന്ന ശ്രീ സുധീരൻ അനുകൂലിച്ചില്ല. എന്നാൽ ബാബു തന്നെയായിരിയ്ക്കണം തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ശഠിച്ചു. സുധീരനും ഉമ്മൻ ചാണ്ടിയും അനുകൂലനിലപാടെടുത്തെങ്കിൽ മാത്രമേ ബാബുവിനോ മറ്റാർക്കെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധിയ്ക്കൂ. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം സുധീരനും ഉമ്മൻ ചാണ്ടിയ്ക്കുമാണെന്നർത്ഥം. കാര്യം അവിടേയുമവസാനിയ്ക്കുന്നില്ല. സുധീരനും ഉമ്മൻ ചാണ്ടിയുമെടുക്കുന്ന തീരുമാനങ്ങളെ തള്ളാനും കൊള്ളാനും ഡൽഹിയിലുള്ള കോൺഗ്രസ് ഹൈക്കമാന്റിനാകും. ഹൈക്കമാന്റെന്നാൽ കോൺഗ്രസ് പ്രസിഡന്റായ ശ്രീമതി സോണിയാഗാന്ധി. ബാബുവിനേയോ മറ്റാരെയെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനും ആക്കാതിരിയ്ക്കാനും ഈ മൂന്നു വ്യക്തികൾക്കാകും: സുധീരൻ, ഉമ്മൻ ചാണ്ടി, സോണിയാഗാന്ധി. തൃപ്പൂണിത്തുറയിൽ മാത്രമല്ല, കേരളത്തിൽ കോൺഗ്രസ്സു മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്ന ഓരോ മണ്ഡലത്തിലേയും കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിയ്ക്കണമെന്നും ആരായിരിയ്ക്കരുതെന്നും തീരുമാനിയ്ക്കുന്നത് ഈ മൂന്നു വ്യക്തികളാണ്. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം ഇങ്ങനെ ഏതാനും വ്യക്തികളിൽ നിക്ഷിപ്തമാകുന്നതു ജനാധിപത്യസമ്പ്രദായത്തിനു നിരക്കുന്നതല്ല. കോൺഗ്രസ് പാർട്ടിയ്ക്കു തൃപ്പൂണിത്തുറയിൽ അംഗങ്ങളുണ്ട്. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് ‌പാർട്ടിയംഗങ്ങളെ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് ജനതയായി കണക്കാക്കാം. വാസ്തവത്തിൽ, തങ്ങളുടെ സ്ഥാനാർത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്ക്കേണ്ടത് തൃപ്പൂണിത്തുറയിലെ ഈ കോൺഗ്രസ് ജനതയാണ്. നേർവിപരീതമാണു നിജസ്ഥിതി: തൃപ്പൂണിത്തുറയിലെ കോൺഗ്രസ് ജനതയ്ക്ക് തങ്ങളുടെ സ്ഥാനാർത്ഥിനിർണയത്തിൽ നേരിട്ടൊരു പങ്കുമില്ല. ‘മുകളിൽ’ നിന്നുള്ള അംഗീകാരം നേടിയെത്തുന്ന സ്ഥാനാർത്ഥിയെ ഇരുകൈയും നീട്ടി സ്വീകരിയ്ക്കാൻ മാത്രമേ അവർക്കാകൂ. സ്ഥാനാർത്ഥിയാകാനുള്ള അംഗീകാരം മുകളിൽ നിന്നു നേടിയെത്തിയിരിയ്ക്കുന്ന ബാബുവിനോളമോ ബാബുവിനേക്കാളുമോ യോഗ്യരായ പലരുമുണ്ടെന്ന് തൃപ്പൂണിത്തുറയിലെ പല കോൺഗ്രസ്സുകാർക്കും ബോദ്ധ്യമുണ്ടാകും. എന്നാൽ, തൃപ്പൂണിത്തുറയിലെ കോൺഗ്രസ്സുകാരുടെ അഭിമതം രേഖപ്പെടുത്താനുള്ള, സുനിർവചിതമായൊരു സംവിധാനം ഇന്നു നിലവിലില്ല. തൃപ്പൂണിത്തുറയിൽ മാത്രമല്ല, ഒരു മണ്ഡലത്തിലുമില്ല. പാർട്ടിയിലെ ഉന്നതരായ ഏതാനും വ്യക്തികളുടെ തീരുമാനത്തെ മണ്ഡലത്തിലെ പാർട്ടിജനത പിന്താങ്ങേണ്ടി വരുന്നതു ജനാധിപത്യമല്ല, വൈയക്തികാധിപത്യമാണ്. ജനതയുടെ തീരുമാനത്തെ വ്യക്തികൾ ആദരിയ്ക്കുന്നതാണു ജനാധിപത്യം. സീപ്പീയെമ്മിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൊല്ലം നിയമസഭാമണ്ഡലത്തിലെ കാര്യമെടുക്കാം. വരുന്ന തെരഞ്ഞെടുപ്പിൽ പ്രസിദ്ധ സിനിമാനടൻ ശ്രീ മുകേഷിനെ സ്ഥാനാർത്ഥിയാക്കാൻ സീപ്പീയെമ്മിന്റെ സംസ്ഥാനനേതാവായ ശ്രീ കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചെന്ന വാർത്ത കണ്ടിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഒരു വ്യക്തി മാത്രമാണെങ്കിലും, സീപ്പീയെമ്മിലെ സ്ഥാനാർത്ഥിമോഹികളിൽ പലരേയും സ്ഥാനാർത്ഥികളാക്കാനും സ്ഥാനാർത്ഥികളാക്കാതിരിയ്ക്കാനും കോടിയേരി ബാലകൃഷ്ണനു കഴിയും. കോടിയേരി ബാലകൃഷ്ണന്റെ തീരുമാനവും അന്തിമമല്ല. അന്തിമതീരുമാനം സീപ്പീയെമ്മിന്റെ ഡൽഹിയിലുള്ള കേന്ദ്രക്കമ്മിറ്റിയുടേയോ, പരമോന്നതഭരണസമിതിയായ പൊളിറ്റ് ബ്യൂറോവിന്റെ തന്നെയോ കൈയിലാണെന്നു വരാം. കൊല്ലം നിയമസഭാനിയോജകമണ്ഡലത്തിൽ ധാരാളം സീപ്പീയെംകാരുണ്ട്: പാർട്ടിയംഗങ്ങൾ; പാർട്ടിയ്ക്കുള്ളിലെ ജനത. വാസ്തവത്തിൽ, കൊല്ലം മണ്ഡലത്തിലെ സീപ്പീയെം‌സ്ഥാനാർത്ഥിയെ നിശ്ചയിയ്ക്കേണ്ടത് അവിടത്തെ ഈ സീപ്പീയെം ജനതയാണ്. കൊല്ലത്തെ സീപ്പീയെം സ്ഥാനാർത്ഥിയാകാൻ മുകേഷിനോളമോ അതിലേറെയുമോ യോഗ്യരായ പലരുമുണ്ടെന്ന് കൊല്ലത്തെ സീപ്പീയെം ജനതയ്ക്കു ബോദ്ധ്യമുണ്ടാകാം. അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പരിഗണിയ്ക്കപ്പെടാനുമുള്ളൊരു സംവിധാനം ഇന്നു നിലവിലില്ല. തങ്ങളുടെ സ്ഥാനാർത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്ക്കാനുള്ള പൂർണാധികാരം കൊല്ലത്തെ സീപ്പീയെം‌‌കാർക്കാണുണ്ടാകേണ്ടിയിരുന്നത്; അതവർക്കില്ല. സംസ്ഥാനസെക്രട്ടറിയേറ്റോ കേന്ദ്രക്കമ്മിറ്റിയോ പൊളിറ്റ്ബ്യൂറോയോ നിർദ്ദേശിയ്ക്കുന്ന വ്യക്തിയെത്തന്നെ സ്ഥാനാർത്ഥിയായി സ്വീകരിച്ചു പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും കൊല്ലത്തെ സീപ്പീയെം‌‌‌കാർക്കിപ്പോഴില്ല. സ്ഥാനാർത്ഥിനിർണയം ഉന്നതങ്ങളിൽ നടക്കുന്നതു കൊല്ലത്തെ മാത്രം കാര്യമല്ല, കേരളത്തിലെ നൂറ്റിനാല്പതു നിയോജകമണ്ഡലങ്ങളിലേയും സ്ഥിതി അതു തന്നെയാണ്. കോൺഗ്രസ്സും സീപ്പീയെമ്മും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടികളാണ്. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 45.8 ശതമാനം വോട്ടു കിട്ടി; സീപ്പീയെമ്മിനു 44.9 ശതമാനവും. ഇരുപാർട്ടികൾക്കും കൂടി ആകെ തൊണ്ണൂറു ശതമാനത്തിലേറെ. മറ്റൊരു കക്ഷിയ്ക്കും ഇവരോളം ജനപിന്തുണ കിട്ടിയിട്ടില്ല. ഏറ്റവുമധികം ജനപിന്തുണയുള്ള ഈ രണ്ടു രാഷ്ട്രീയകക്ഷികളിലെ സ്ഥിതിയിതായിരിയ്ക്കെ, ചെറിയ രാഷ്ട്രീയപ്പാർട്ടികളിലെ കാര്യം പറയാനില്ല; അവിടങ്ങളിലെല്ലാം, സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം ഒന്നോ രണ്ടോ വ്യക്തികൾക്കായിരിയ്ക്കുമുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, ഏതാനും വ്യക്തികളുണ്ടാക്കിയിരിയ്ക്കുന്ന പട്ടികകളിൽ കടന്നുകൂടാൻ കഴിഞ്ഞിരിയ്ക്കുന്നവർ മാത്രമാണു കേരളത്തിലെ നൂറ്റിനാല്പത് എം എൽ ഏമാരാകാൻ പോകുന്നത്. സ്ഥാനാർത്ഥിനിർണയം നടക്കുന്നതു ജനാധിപത്യരീതിയിലല്ലെന്നർത്ഥം. ഇതിനൊരു മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഈ ലേഖകൻ നിർദ്ദേശിയ്ക്കുന്ന മാറ്റമിതാണ്: തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിയ്ക്കണമെന്നു തീരുമാനിയ്ക്കുന്നത് തൃപ്പൂണിത്തുറയിലുള്ള കോൺഗ്രസ്സുകാരായിരിയ്ക്കണം. അതുപോലെ, കൊല്ലത്തെ സീപ്പീയെം സ്ഥാനാർത്ഥി ആരെന്ന അന്തിമതീരുമാനമെടുക്കുന്നത് കൊല്ലത്തെ സീപ്പീയെംകാരായിരിയ്ക്കണം. ഇതൊരു പൊതുതത്വരൂപത്തിൽ അവതരിപ്പിയ്ക്കാം: ഒരു മണ്ഡലത്തിലെ ഒരു രാഷ്ട്രീയകക്ഷിയുടെ സ്ഥാനാർത്ഥിയെ ആ മണ്ഡലത്തിൽ ആ കക്ഷിയ്ക്കുള്ള അംഗങ്ങൾ തന്നെ വേണം നിശ്ചയിയ്ക്കാൻ. സ്ഥാനാർത്ഥിനിർണയം തൃണമൂലതലത്തിലുള്ളതായിരിയ്ക്കണം എന്നർത്ഥം. തൃണമൂലതലത്തിലെടുക്കുന്ന തീരുമാനം അന്തിമവുമായിരിയ്ക്കണം. ആ തീരുമാനത്തിനു മാറ്റം വരുത്താൻ സംസ്ഥാനനേതൃത്വത്തിനോ അഖിലേന്ത്യാനേതൃത്വത്തിനോ ആവരുത്. ഇതെങ്ങനെ നടപ്പിൽ വരുത്താം? വോട്ടെടുപ്പാണു ജനാധിപത്യത്തിന്റെ തെളിവ്. സ്ഥാനാർത്ഥിനിർണയവും വോട്ടെടുപ്പിലൂടെ നടത്തണം. തൃപ്പൂണിത്തുറയെത്തന്നെ ഉദാഹരണമായെടുക്കാം. തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ്സുകാർ തങ്ങളുടെ സ്ഥാനാർത്ഥിയാരെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിയ്ക്കുന്നു. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിമോഹികളുടെ പേരുകളടങ്ങിയ ബാലറ്റ് പേപ്പറിൽ സീലു കുത്തി, ആ മണ്ഡലത്തിലെ ഓരോ കോൺഗ്രസ്സംഗവും വോട്ടു ചെയ്യുന്നു. മണ്ഡലത്തിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന ഈ വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാർത്ഥിമോഹി തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിയ്ക്കപ്പെടുന്നു, അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചിരിയ്ക്കുന്ന വരണാധികാരിയ്ക്കു മുമ്പാകെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിയ്ക്കുന്നു. “ഏറ്റവുമധികം വോട്ടു നേടുന്ന” എന്ന പ്രയോഗം പ്രത്യേകശ്രദ്ധയർഹിയ്ക്കുന്നു. ഭൂരിപക്ഷമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഭൂരിപക്ഷമെന്നാൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ അമ്പത്തൊന്നു ശതമാനമോ അതിലേറെയോ എന്നർത്ഥം. പലപ്പോഴും ഭൂരിപക്ഷം അസാദ്ധ്യമാകാനാണിട. അതുകൊണ്ടിവിടെ ഭൂരിപക്ഷം ആവശ്യമില്ല, ഏറ്റവുമധികം വോട്ടു മതിയാകും. ആകെ പോൾ ചെയ്ത വോട്ടിൽ ഏറ്റവുമധികം നേടുന്ന സ്ഥാനാർത്ഥിമോഹി, വിജയി. സമാനമായ നടപടിക്രമം കൊല്ലം മണ്ഡലത്തിലുമുണ്ടാകണം. അവിടെ, സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിയാകാനാഗ്രഹിയ്ക്കുന്നവരുടെ പേരുകളടങ്ങുന്നൊരു ബാലറ്റ് പേപ്പറിൽ സീലു കുത്തിക്കൊണ്ട്, ആ മണ്ഡലത്തിലുള്ള സീപ്പീയെം പാർട്ടിയംഗങ്ങൾ വോട്ടു ചെയ്യുന്നു. ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാർത്ഥിമോഹി കൊല്ലം മണ്ഡലത്തിലെ സീപ്പീയെം സ്ഥാനാർത്ഥിയാകുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഒരു മണ്ഡലത്തിലെ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിനിർണയം നടത്തുന്നത് ആ മണ്ഡലത്തിൽ ആ പാർട്ടിയ്ക്കുള്ള അംഗങ്ങൾ മാത്രം പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയായിരിയ്ക്കണം. വോട്ടെടുപ്പിൽ വിജയിയ്ക്കുന്ന വ്യക്തിയെ ആ പാർട്ടി തങ്ങളുടെ ഔദ്യോഗികസ്ഥാനാർത്ഥിയാക്കി ആ മണ്ഡലത്തിലെ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്നു. പൊതുതെരഞ്ഞെടുപ്പിലും ഏറ്റവുമധികം ജനപിന്തുണ നേടാനായാൽ ആ സ്ഥാനാർത്ഥി എം എൽ ഏയാകുന്നു. മുകളിൽ നിർദ്ദേശിച്ചിരിയ്ക്കുന്ന രീതിയനുസരിച്ച്, കെ ബാബു തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അംഗീകരിയ്ക്കപ്പെടണമെങ്കിൽ, തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിമോഹികൾക്കായി പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ടു നേടണം. അതുപോലെ, കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിമോഹികൾക്കായി സീപ്പീയെമ്മിനുള്ളിൽ നടക്കുന്ന വോട്ടെടുപ്പിൽ മുന്നിലെത്താനായാൽ മാത്രമേ, മുകേഷിനു കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിയാകാനാകൂ. തെരഞ്ഞെടുപ്പുകമ്മീഷൻ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിയ്ക്കുന്നതിനു മുമ്പു തന്നെ രാഷ്ട്രീയപ്പാർട്ടികൾക്കു മുകളിൽ നിർദ്ദേശിച്ച പ്രകാരത്തിലുള്ള സ്ഥാനാർത്ഥിനിർണയപ്രക്രിയ നടത്തി, കേരളമൊട്ടാകെയുള്ള സ്ഥാനാർത്ഥിലിസ്റ്റു തയ്യാറാക്കി വയ്ക്കാവുന്നതേയുള്ളൂ. സ്ഥാനാർത്ഥിമോഹികൾ പാർട്ടികളുടെ താക്കോൽസ്ഥാനങ്ങളിലുള്ള നേതാക്കളുടെ വീട്ടുപടിയ്ക്കൽ രാപകൽ കാത്തുനിൽക്കുന്ന ഇന്നത്തെ സ്ഥിതിയ്ക്കൊരവസാനമുണ്ടാക്കാൻ മുകളിൽ സമർപ്പിച്ചിരിയ്ക്കുന്ന നിർദ്ദേശത്തിനാകും. പകരം, സ്ഥാനാർത്ഥിമോഹികൾ മണ്ഡലത്തിലെ പാർട്ടിയംഗങ്ങളുമായി, അതായതു ജനതയുമായി, ബന്ധം പുലർത്താൻ തുടങ്ങും. മണ്ഡലത്തിലെ പാർട്ടിപ്രവർത്തകർക്കു ബോദ്ധ്യമില്ലാത്തവർ സ്ഥാനാർത്ഥികളാകുന്ന ദുസ്ഥിതി കുറയുകയും ചെയ്യും. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം പാർട്ടികളിലെ ഉന്നതവൃത്തങ്ങളിൽ നിന്നു മണ്ഡലങ്ങളിലെ പാർട്ടിയംഗങ്ങളിലേയ്ക്ക്, പാർട്ടികളുടെ തൃണമൂലതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലും. തൃണമൂലങ്ങളുടെ ശാക്തീകരണം സാദ്ധ്യമാകും. ജനാധിപത്യത്തിൽ പരമാധികാരം ജനതയ്ക്കാണുണ്ടാകേണ്ടത്, വ്യക്തികൾക്കല്ല. അതുകൊണ്ടു സ്ഥാനാർത്ഥിനിർണയത്തിനുള്ള പരമാധികാരവും ജനതയ്ക്കുണ്ടായേ തീരൂ. [email protected]  

  Apr 09, 2016 1
 • ചില വ്യാകരണചിന്തകൾ ഭാഗം 3 -  ദ്, ത്, ൽ (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം “...ഉൽഘാടനം ചെയ്യാൻ ബഹുമാനപ്പെട്ട മന്ത്രിയെ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.” ഇത്തരം ക്ഷണങ്ങൾക്കു നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ക്ഷണം സ്വീകരിച്ചുകൊണ്ട് “...ഉൽഘാടനം ചെയ്തതായി” മന്ത്രി പ്രഖ്യാപിയ്ക്കുന്നതും നാം പല തവണ കേട്ടിരിയ്ക്കുന്നു. ദിവസേനയെന്നോണം കേരളത്തിൽ നടക്കുന്നതാണീ ക്ഷണവും പ്രഖ്യാപനവുമെങ്കിലും, അവ കേട്ട്, സംസ്കൃതത്തിൽ നിന്നു പകർത്തിയ വ്യാകരണത്തിന് അമിതപ്രാധാന്യം നൽകുന്ന ചിലരുടേയെങ്കിലും നെറ്റി ചുളിഞ്ഞിട്ടുണ്ടാകും. “ഉദ്‌ഘാടനം” എന്ന വാക്ക് “ഉൽഘാടനം” എന്നുച്ചരിച്ചുകേട്ടതുകൊണ്ടാകാം, അവരുടെ നെറ്റി ചുളിഞ്ഞത്. ഈ “വൈയാകരണരുടെ” നെറ്റി ചുളിഞ്ഞ നേരത്തു തന്നെ, ഭൂരിപക്ഷം പ്രേക്ഷകരും എഴുന്നേറ്റു നിന്ന്, “ഉൽഘാടനം” ചെയ്തതായി പ്രഖ്യാപിച്ച മന്ത്രിയോടുള്ള കൃതജ്ഞത കൈയടിച്ചു രേഖപ്പെടുത്തിയിട്ടുണ്ടാകും. അവരുടെ കരഘോഷത്തിൽ വൈയാകരണരും, ഒടുവിൽ, ഗത്യന്തരമില്ലാതെ, പങ്കുചേർന്നിട്ടുണ്ടാകും. “ഉൽഘാടനം” എന്ന വാക്കിലെന്താ തെറ്റ് എന്ന ചോദ്യമുയർന്നേയ്ക്കാം. തികച്ചും ന്യായമായ ചോദ്യം. കാരണം, പ്രാസംഗികരുൾപ്പെടെ, ഭൂരിപക്ഷം മലയാളികളും ഉച്ചരിയ്ക്കുന്നത് “ഉൽഘാടനം” എന്നു തന്നെയാണ്. ആ വാക്കെഴുതേണ്ടി വരുമ്പോൾ ചിലരെങ്കിലും “കാലു മാറും”! “ഉൽഘാടനം” എന്നുച്ചരിയ്ക്കുന്നവർ പോലും എഴുത്തിൽ “ഉദ്ഘാടന”ത്തിലേയ്ക്കു ചേരി മാറുന്നുണ്ടാകും. അതിനുള്ള തെളിവിതാണ്: “ഉദ്ഘാടനം” എന്ന വാക്കുപയോഗിച്ചു ഗൂഗിൾ സെർച്ചു നടത്തിയപ്പോൾ 348000 യൂ ആർ എല്ലുകൾ പൊന്തിവന്നു; അതിന് അത്രത്തോളം വോട്ടു കിട്ടി എന്നും പറയാം. “ഉൽഘാടന”ത്തിനു കിട്ടിയതാകെ 104000 വോട്ടു മാത്രം. എഴുത്തിൽ “ഉദ്ഘാടനം” എന്ന രൂപമാണു കൂടുതൽപ്പേർ ഉപയോഗിയ്ക്കുന്നതെന്നു മുമ്പു പറഞ്ഞത് ഇക്കാരണത്താലാണ്. ഇതിലെ വൈചിത്ര്യം നോക്കണേ: ഉച്ചരിയ്ക്കുന്നതൊന്ന്, എഴുതുന്നതു മറ്റൊന്ന്! ഇരട്ടത്താപ്പു നയമാണിത്. ഈ ഇരട്ടത്താപ്പ് ഇംഗ്ലീഷ് ഭാഷയിൽ പതിവാണ്; ഇംഗ്ലീഷിൽ എഴുതുന്നതല്ല ഉച്ചരിയ്ക്കുന്നത്, ഉച്ചരിയ്ക്കുന്നതല്ല എഴുതുന്നത്. എന്നാൽ, മലയാളത്തിലെ രീതി ലളിതം: ഉച്ചരിയ്ക്കുന്നതു തന്നെ മിക്കപ്പോഴും എഴുതുന്നു. എഴുതുന്നതു തന്നെ കഴിവതും ഉച്ചരിയ്ക്കുന്നു. എങ്കിലും ആ രീതിയ്ക്കപവാദമായി ചില വാക്കുകളുണ്ടു മലയാളത്തിൽ. “ഉദ്ഘാടനം” അവയിലൊന്നാണ്. തമിഴിൽ നിന്നു പല വാക്കുകളും മലയാളത്തിലേയ്ക്കു വന്നിട്ടുണ്ട്. കുറേയേറെ വാക്കുകൾ സംസ്കൃതത്തിൽ നിന്നും വന്നിട്ടുണ്ട്. ഇങ്ങനെ അന്യഭാഷകളിൽ നിന്നു വന്നിരിയ്ക്കുന്ന വാക്കുകൾ കാലക്രമേണ മലയാളവാക്കുകളായിത്തീർന്നെങ്കിലും, വ്യാകരണനിയമങ്ങളിലേറെയും സംസ്കൃതത്തിൽ നിന്നുള്ള പകർത്തലുകളാണെന്നു പറയാതെ വയ്യ. മലയാളത്തിലെ ഏതൊരു വ്യാകരണപുസ്തകമെടുത്തു നോക്കിയാലും, അതിലെ ഭൂരിഭാഗം വൃത്തങ്ങളും അലങ്കാരങ്ങളും സംസ്കൃതത്തിൽ നിന്നുള്ളവയാണെന്നു കാണാം. ഹിന്ദിയിൽ ഉദ്ഘാടൻ എന്നൊരു വാക്കുണ്ട്. അർത്ഥം അതു തന്നെ. ആ വാക്കിൽ “ദ്” ആണുള്ളത്, “ൽ” ഇല്ല. സംസ്കൃതത്തിലുമുണ്ടായിരിയ്ക്കണം, “ഉദ്ഘാടനം” എന്ന പദം. അതിനെ അതേപടി മലയാളത്തിലേയ്ക്കും പകർത്തി! പക്ഷേ, ആ പദത്തിന്റെ ഉച്ചാരണത്തിൽ സംസ്കൃതരീതിയെ പിന്തുടരേണ്ടെന്നു കേരളത്തിലെ സാമാന്യജനം തീരുമാനിച്ചു. സാമാന്യജനത്തിന്റെ ഉച്ചാരണം “ഉൽഘാടനം” ആയിരിയ്ക്കുന്നതു തന്നെ തെളിവ്. ഈ വ്യതിരിക്തത സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മലയാളത്തിന് സ്വന്തമായ വ്യാകരണമുണ്ടാകണം: സംസ്കൃതത്തിൽ നിന്നു പകർത്തിയതല്ലാത്ത വ്യാകരണം. അനായാസമായ “ഉൽഘാടന”മല്ല, “ഉദ്ഘാടന”മാണു ശരിയെന്നു പറയുന്നവർ അതിന്നുപോൽബലകമായി ഉദ്ധരിയ്ക്കാൻ പോകുന്നതു സംസ്കൃതത്തിൽ നിന്നു പകർത്തിയ വ്യാകരണനിയമമായിരിയ്ക്കും. പകർത്തപ്പെട്ട ഇത്തരം നിയമങ്ങളാണ് ഇരട്ടത്താപ്പു നയം സ്വീകരിയ്ക്കാൻ നമ്മെ നിർബദ്ധരാക്കുന്നത്. “ഉൽഘാടന”ത്തിന്റെ കാര്യത്തിൽ നമുക്ക് ഇരട്ടത്താപ്പുപേക്ഷിച്ച്, ഉച്ചരിയ്ക്കുന്നതുപോലെ, “ഉൽഘാടനം” എന്നു തന്നെ എഴുതുകയും ചെയ്യാനുള്ള തുടക്കമിടേണ്ടതുണ്ട്. അതിപ്പോൾത്തന്നെയാകട്ടേ. “ആ കാഴ്ച കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി” എന്നു നാം പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടാകും. “അത്ഭുതം” എന്ന വാക്കിന്റെ കാര്യത്തിലും ഇരട്ടത്താപ്പുണ്ട്. “അൽഭുതം” എന്നാണു നാമുച്ചരിയ്ക്കാറ്. എഴുത്തിലാകട്ടേ, അതായത് അച്ചടിയിൽ, “അത്ഭുതം” എന്നു മാത്രമല്ല, “അദ്ഭുതം” എന്നും കാണാറുണ്ട്. “അത്ഭുതം” എന്നെഴുതിയാലും “അദ്ഭുതം” എന്നെഴുതിയാലും നാമുച്ചരിയ്ക്കുന്നത് “അൽഭുതം” എന്നു തന്നെ. ഇതു തന്നെ മറ്റൊരു തരത്തിലും പറയാം: “അൽഭുതം” എന്നുച്ചരിയ്ക്കുമ്പോഴും, എഴുതേണ്ടി വരുമ്പോൾ “അത്ഭുതം” എന്നോ “അദ്ഭുതം” എന്നോ ആണു നാമെഴുതാറ്. ഗൂഗിൾസെർച്ചിൽ അത്ഭുതം, അദ്ഭുതം, അൽഭുതം എന്നിവയ്ക്ക് എത്രത്തോളം പിന്തുണ കിട്ടുന്നുണ്ടെന്നു നോക്കാം: അത്ഭുതം – 220000 അദ്ഭുതം – 20300 അൽഭുതം – 7790 പൊതുജനപിന്തുണ “അത്ഭുത”ത്തിനു തന്നെ. “അത്ഭുത”ത്തിലെ “ത്ഭു” എന്ന അക്ഷരത്തിന്റെ ഘടന നമുക്കൊന്നു പരിശോധിയ്ക്കുക. അതിന്റെ അന്ത്യത്തിലെ ഉകാരം തത്കാലം നീക്കാം. ശേഷിയ്ക്കുന്നത് “ത്ഭ”. ഇത് ഏതെല്ലാം അക്ഷരങ്ങൾ ചേർന്നുണ്ടായതായിരിയ്ക്കാം? ത്, ഭ എന്നിവ ചേർന്നുണ്ടായതാകാം; അല്ലെങ്കിൽ ൽ, ഭ എന്നിവ ചേർന്നുണ്ടായതുമാകാം. ഇവയിലേതായിരിയ്ക്കാം ശരിയെന്നു തീരുമാനിയ്ക്കുന്നതിനു മുമ്പ് “ഉത്സവം” എന്നൊരു വാക്കിനെക്കൂടി നമുക്കു പരിശോധിയ്ക്കാം. “ഉൽസവം” എന്നാണ് ഉത്സവത്തെ നാമുച്ചരിയ്ക്കാറ്. നാമെഴുതുമ്പോൾ ഉത്സവം എന്നെഴുതുകയും ഉച്ചരിയ്ക്കുമ്പോൾ ഉൽസവം എന്നുച്ചരിയ്ക്കുകയും ചെയ്യുന്നു. “ത്സ”യുടെ ഘടകങ്ങൾ ത്, സ എന്നിവയാണ്; ത്+സ = ത്സ. ഉത്+സവം = ഉത്സവം. ഇതുവരെ നാം പരിശോധിച്ച മൂന്നു വാക്കുകളിവയാണ്: ഉദ്ഘാടനം, അത്ഭുതം, ഉത്സവം. ഈ മൂന്നു വാക്കുകളെഴുതുമ്പോൾ അവയിൽ “ൽ” എന്ന ലകാരച്ചില്ല് കാണുകയില്ല. എന്നാലവയുച്ചരിയ്ക്കുമ്പോൾ “ൽ” കടന്നു വരുന്നു. ഉദ്ഘാടനം ഉൽഘാടനമായി, അത്ഭുതം അൽഭുതമായി, ഉത്സവം ഉൽസവമായി. ഉദ്ഘാടനം എന്നെഴുതുമ്പോൾ നാമുപയോഗിച്ച “ദ്” എന്ന വർണത്തെ ഉച്ചാരണത്തിനിടയിൽ നാം “ൽ” എന്നാക്കി മാറ്റി. അത്ഭുതത്തിലെ “ത്” എന്ന വർണത്തേയും നാം ഉച്ചാരണത്തിൽ “ൽ” എന്നാക്കിമാറ്റി. ഉത്സവത്തിലെ “ത്” എന്ന വർണത്തേയും നാം “ൽ” എന്നുച്ചരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, മുകളിൽപ്പറഞ്ഞ വാക്കുകളെഴുതിയപ്പോളുണ്ടായിരുന്ന “ത്”, “ദ്” എന്നീ വർണങ്ങളെ മാറ്റി, നാം തത്‌സ്ഥാനത്ത് “ൽ” എന്ന ലകാരച്ചില്ലിനെ പ്രതിഷ്ഠിച്ചുകൊണ്ട് ഉച്ചരിച്ചു. “ത്” അല്ലെങ്കിൽ “ദ്” എന്നീ വർണങ്ങളെ മാറ്റി, പകരം “ൽ” എന്ന ചില്ലിനെ ചേർത്തുച്ചരിയ്ക്കുന്ന വാക്കുകൾ ഇനിയുമുണ്ട്. തത്‌സ്ഥാനം, താത്പര്യം, താത്കാലികം, പ്രോത്സാഹനം, മത്സരം, മത്സ്യം, ഉത്പാദനം, ഉദാരവത്കരണം, സാക്ഷാത്കാരം, ഉദ്ഘോഷണം, ഉദ്ബോധനം, ഉദ്ഭവം, ഉത്കണ്ഠ...ഇത്തരം വാക്കുകൾ ഇനിയുമുണ്ടാകാം. ഇവയെല്ലാമുച്ചരിയ്ക്കുമ്പോൾ അവയിലെ “ത്” അല്ലെങ്കിൽ “ദ്” എന്ന വർണങ്ങളുടെ സ്ഥാനത്ത് “ൽ” കടന്നുവരുന്നു. തൽസ്ഥാനം, താൽപര്യം, താൽക്കാലികം, പ്രോൽസാഹനം, മൽസരം, മൽസ്യം, ഉല്പാദനം, ഉദാരവൽക്കരണം, സാക്ഷാൽക്കാരം, ഉൽഘോഷണം, ഉൽബോധനം, ഉൽഭവം, ഉൽക്കണ്ഠ എന്നെല്ലാം നാമുച്ചരിച്ചുപോകുന്നു. മുകളിൽക്കൊടുത്തിരിയ്ക്കുന്ന വാക്കുകളിലെ “ത്”, “ദ്” എന്നീ വർണങ്ങൾക്കു പകരം, ഉച്ചാരണത്തിൽ, ലകാരച്ചില്ലായ “ൽ” വരുത്തുന്നതിൽ യാതൊരപാകവുമില്ല. മലയാളരീതിയനുസരിച്ച് അതു തികച്ചും ശരി തന്നെയാണ്. ഈ വാക്കുകളൊക്കെ സംസ്കൃതത്തിൽ നിന്നു വന്നവയായിരിയ്ക്കണം. സംസ്കൃതത്തിൽ “ത്”, “ദ്” എന്നുപയോഗിച്ചെങ്കിലും, മലയാളത്തിലവ, സമാനപദങ്ങളിൽ, “ൽ” എന്നുച്ചരിയ്ക്കപ്പെടുന്നു. മലയാളത്തിലേയ്ക്കു കടന്നുവന്നിരിയ്ക്കുന്ന സംസ്കൃതപദങ്ങളിലെ “ദ്”, “ത്” എന്നീ വർണങ്ങൾക്കു പകരം “ൽ” എന്ന ലകാരച്ചില്ലുപയോഗിയ്ക്കണം എന്ന നിയമം മലയാളവ്യാകരണത്തിലുണ്ടോ എന്നു ചോദിച്ചാൽ, ആരുമത് നിയമമായി എഴുതിവച്ചിട്ടില്ലെങ്കിലും, ഒരലിഖിതനിയമമായി നാമത് അനുസരിച്ചുപോരുന്നു എന്നാണുത്തരം. തൊണ്ണൂറ്റൊമ്പതു ശതമാനം മലയാളികളും മുകളിൽ സൂചിപ്പിച്ചതു പോലെ, “ത്”, “ദ്” എന്നിവയ്ക്കു പകരം “ൽ” ചേർത്തായിരിയ്ക്കും ഉച്ചരിയ്ക്കുന്നത്, തീർച്ച. ഉച്ചാരണത്തിനിടയിൽ മലയാളികൾ സ്വാഭാവികമായി വരുത്തിപ്പോകുന്നൊരു മാറ്റമാണിത്. “ത്”, “ദ്” എന്നിവയ്ക്കു പകരം നാമെന്തുകൊണ്ട് “ൽ” ചേർത്തുച്ചരിയ്ക്കുന്നു? ഉച്ചാരണത്തിലുള്ള എളുപ്പം തന്നെ. ഉദ്ഘാടനത്തിൽ “ദ്” എന്ന വർണത്തിനു ശേഷം “ഘ” എന്ന, ഉച്ചരിയ്ക്കാൻ ബുദ്ധിമുട്ടുള്ള അക്ഷരം വരുന്നു. “ദ്” എന്ന വർണത്തിനു പകരം “ൽ” എന്ന ചില്ലു വരുമ്പോൾ, ഉച്ചാരണം അല്പം എളുപ്പമായി. വർണത്തേക്കാൾ എളുപ്പം ഉച്ചരിയ്ക്കാവുന്ന ഒന്നാണു ചില്ല്. “ദ്+ഘ”യേക്കാൾ എളുപ്പമാണ് “ൽഘ ”. അത്ഭുതത്തിലെ ത്+ഭയേക്കാൾ എളുപ്പം ഉച്ചരിയ്ക്കാവുന്നതാണ് ൽ+ഭ. ഉത്സവത്തിലെ ത്+സയേക്കാളെളുപ്പമാണ് ൽ+സ. സംസ്കൃതത്തിന്റെ ഉച്ചാരണം പൊതുവിൽ മലയാളത്തിന്റേതിനേക്കാൾ കടുത്തതാണ്. സംസ്കൃതത്തിൽ ഘോഷങ്ങളും ഊഷ്മാക്കളും അനുസ്വാരവും വിസർഗവും ധാരാളമുപയോഗിയ്ക്കുന്നതുകൊണ്ട് സംസ്കൃതം പറയാൻ വലുതായ ശ്രദ്ധ വേണം. മലയാളം താരതമ്യേന അനായാസവും. മലയാളോച്ചാരണത്തിന്റെ അനായാസതയുടെ ഭാഗമായായിരിയ്ക്കണം സാമാന്യജനം മുകളിൽ സൂചിപ്പിച്ച വാക്കുകളിൽ ത്, ദ് എന്നീ വർണങ്ങൾക്കു പകരം ലകാരച്ചില്ലുപയോഗിയ്ക്കാനിടയായത്. സംസ്കൃതത്തിൽ നിന്നു വന്ന വാക്കുകളിലെ “ത്”, “ദ്” എന്നീ വർണങ്ങൾക്കു പകരം ഉച്ചാരണത്തിൽ “ൽ” എന്ന ലകാരച്ചില്ലുപയോഗിയ്ക്കുന്ന പതിവ് ഒരു നിയമരൂപം കൈക്കൊണ്ടിട്ടില്ലെങ്കിലും, അതിനെ വ്യാകരണപുസ്തകം ഉൾക്കൊണ്ടിട്ടുണ്ട്. അക്കാര്യം വ്യാകരണപുസ്തകത്തിലുണ്ട് എന്നർത്ഥം. പ്രൊഫസ്സർ ഗോപിക്കുട്ടന്റെ മലയാളവ്യാകരണമെന്ന, സമകാലികപ്രചാരം നേടിയ പുസ്തകത്തിലിക്കാര്യം വ്യക്തമായി പരാമർശിയ്ക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, മുകളിൽപ്പറഞ്ഞിരിയ്ക്കുന്ന വാക്കുകളിലെ “ത്”, “ദ്” എന്നീ വർണങ്ങൾക്കു പകരം “ൽ” ധൈര്യമായുപയോഗിയ്ക്കാം. അവിടന്നൊരുപടി കൂടി മുന്നോട്ടു പോകണമെന്നു പറയാൻ വേണ്ടിയാണീ ലേഖനമെഴുതുന്നത്. ഈ ലേഖനത്തിന്റെ ലക്ഷ്യമിതാണ്: ഉച്ചാരണവും എഴുത്തും ഒന്നായിരിയ്ക്കണമെന്ന സന്ദേശം കൈമാറുക. ഇരട്ടത്താപ്പ് മലയാളത്തിൽ ഒഴിവാക്കുക. ഇതെങ്ങനെ സാധിയ്ക്കാം? മുകളിൽപ്പറഞ്ഞിരിയ്ക്കുന്ന പദങ്ങളുച്ചരിയ്ക്കുമ്പോൾ അവയിലെ “ത്”, “ദ്” എന്നീ വർണങ്ങൾക്കു പകരം “ൽ”കടന്നുവരുന്ന നിലയ്ക്ക്, എഴുത്തിലും അതങ്ങനെ തന്നെ കടന്നുവരണം. അതായത്, ഉൽഘാടനം, അൽഭുതം, ഉൽസവം, താൽപര്യം, താൽക്കാലികം, പ്രോൽസാഹനം, മൽസരം, മൽസ്യം, ഉല്പാദനം, ഉദാരവൽക്കരണം, സാക്ഷാൽക്കാരം, ഉൽഘോഷണം, ഉൽബോധനം, ഉൽഭവം, ഉൽക്കണ്ഠ...എന്നെല്ലാം ഉച്ചരിയ്ക്കുന്നതിൽ അപാകമില്ലെന്നിരിയ്ക്കെ, അങ്ങനെ തന്നെയവ എഴുതുകയും വേണം എന്നർത്ഥം. ഈ വാക്കുകളുടെ ഉച്ചാരണത്തിൽ സംസ്കൃതത്തോടുള്ള വിധേയത്വം ഉപേക്ഷിച്ചിരിയ്ക്കുന്നു, അവയെ മലയാളവൽക്കരിച്ചു കഴിഞ്ഞിരിയ്ക്കുന്നു; എഴുത്തിലും അവ മലയാളവൽക്കരിയ്ക്കണം. ഉച്ചാരണവും എഴുത്തും ഒന്നാകണം. ഈ മലയാളവൽക്കരണമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. സുനിൽ എം എസ്, മൂത്തകുന്നം [email protected]

  Apr 04, 2016 1
 • സ്റ്റെപ്പപ്പും മുല്ലപ്പെരിയാറും (കഥ) രചന: സുനിൽ എം എസ്, മൂത്തകുന്നം (രണ്ടായിരത്തിലേറെ പദങ്ങളുള്ള രചന; സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.) ഓളത്തിൽപ്പെട്ട വഞ്ചിയെപ്പോലെ ആടിയുലഞ്ഞ്, കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ജെട്ടി സ്റ്റാന്റിലേയ്ക്കിറങ്ങിച്ചെന്നു നിന്നു. ആളുകൾ തിരക്കിട്ടിറങ്ങി. അവരിറങ്ങിയ ശേഷം ബിഗ്ഷോപ്പറുമായി ഞാനെഴുന്നേറ്റു. ബിഗ്ഷോപ്പറിന്റെ ഭാരം ചെറുതൊന്നുമല്ല. പതിനെട്ടു കിലോയിൽക്കുറയില്ല. ഇരുപതു കിലോയുമാകാം. ഞാൻ സീറ്റുകളുടെ ഇടയിലൂടെ, മെല്ലെ, മുൻ വശത്തെ വാതിലിലേയ്ക്കു നടന്നു. തുറന്നുകിടന്നിരുന്ന വാതിലിലൂടെ സൂക്ഷിച്ചിറങ്ങി. പിന്നാലെ സുമയും. ഇറങ്ങിയയുടൻ സുമയുടെ വാഗ്ദാനം വന്നു, “ഞാനുങ്കൂടിപ്പിടിയ്ക്കാം.” പതിനെട്ടു കിലോ ഒന്നോ രണ്ടോ തവണയെടുത്തു പൊക്കാൻ എനിയ്ക്കു ബുദ്ധിമുട്ടില്ല. അതിനേക്കാൾ ഭാരക്കൂടുതലുള്ള ബാറും വെയ്‌റ്റുകളും അനായാസം എടുത്തുയർത്തിയിട്ടുള്ളതാണ്. പക്ഷേ, ബിഗ്ഷോപ്പറിലുള്ള പതിനെട്ടു കിലോ ഒരു കൈകൊണ്ടു തൂക്കിപ്പിടിച്ച് തിരക്കുള്ള റോഡിലൂടെ അരക്കിലോമീറ്റർ നടക്കുന്നതു സന്തോഷം തരുന്ന കാര്യമല്ല. അതുകൊണ്ട് അവളെക്കൊണ്ടുകൂടി ബിഗ്ഷോപ്പറിന്റെ ഒരറ്റത്തു പിടിപ്പിയ്ക്കണമെന്നായിരുന്നു, എന്റേയും ആഗ്രഹം. ഒത്തുപിടിച്ചാൽ മലയും പോരും! പക്ഷേ, ഒരു കുഴപ്പം. ബിഗ്ഷോപ്പറിന്റെ പിടിയ്ക്കു വീതി കുറവ്. ഒരാൾക്കു മാത്രം പിടിയ്ക്കാനുള്ള വീതിയേ അതിനുള്ളൂ. പിടിയുടെ അഗ്രങ്ങൾ തുണിയ്ക്കുള്ളിലായതു മൂലം, അവിടെയൊന്നും പിടിയ്ക്കാനാവില്ല. ബസ്റ്റാന്റിൽ നിന്നു മെയിൻ റോഡിലേയ്ക്കുള്ള കയറ്റത്തിൽ മുഴച്ചു നിൽക്കുന്ന പാറക്കല്ലുകളിൽത്തട്ടി മൂക്കു കുത്തിവീഴാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ടു നടക്കുന്നതിനിടയിൽ ഞാനവളുടെ വാഗ്ദാനം കേട്ടതായിപ്പോലും ഭാവിച്ചില്ല. എന്റെ പരിഭവം അവൾ മനസ്സിലാക്കട്ടെ. റോഡു ക്രോസു ചെയ്യണം. വാഹനങ്ങളുടെ തിരക്കു തന്നെ. പല ലെയ്‌നുകളായി വരുന്ന വാഹനങ്ങളുടെ ഒഴുക്കല്പം കുറയാനായി കാത്തുനിന്നു. കൈയിലീ ഭാരിച്ച വസ്തുവില്ലായിരുന്നെങ്കിൽ, ഇതിനകം വാഹനങ്ങളുടെ ഇടയിലൂടെ ഊളിയിട്ട് അപ്പുറത്തെത്തുമായിരുന്നു. ഇവിടെയൊരു സീബ്രാ ക്രോസിംഗു വേണം. പക്ഷേ, സീബ്രാക്രോസിംഗു വകവയ്ക്കാതെ ഇരച്ചുപോകുന്ന വാഹനങ്ങൾക്കും നമ്മുടെ നാട്ടിൽ കുറവില്ല. സീബ്രാക്രോസിംഗിലൂടെ നടക്കുന്നവരെ ശകാരിച്ചുകൊണ്ടു പോകുന്ന ഡ്രൈവർമാരുമുണ്ടിവിടെ. ഞാനും സുമയും കൂടി റോഡു ക്രോസു ചെയ്യാനുള്ള അവസരം കാത്തുനിൽക്കെ, എവിടുന്നോ ഒരു പോലീസ് കോൺസ്റ്റബിൾ പ്രത്യക്ഷപ്പെട്ടു. പത്തു കല്പനകളെന്ന ഇംഗ്ലീഷ് സിനിമയിൽ ചാൾട്ടൻ ഹെസ്റ്റണിന്റെ മോസസ് ചെങ്കടൽ പിളർന്നു വഴിയൊരുക്കിയ രംഗത്തെ ഓർമ്മിപ്പിയ്ക്കുമാറ്, ഭീഷണമാം വിധം ഇരച്ചുവന്ന വാഹനങ്ങളെ കോൺസ്റ്റബിൾ തടുത്തു നിറുത്തി. ഞങ്ങൾ തിടുക്കപ്പെട്ടു റോഡിന്റെ പകുതി കടന്നു. വീണ്ടും കോൺസ്റ്റബിൾ വന്ന് മറുപകുതിയിലെ ഗതാഗതവും ഞങ്ങൾക്കായി തടഞ്ഞുനിറുത്തിത്തന്നു. ഫുട്പാത്തിലേയ്ക്കു കയറി, ബിഗ്ഷോപ്പർ നിലത്തുവച്ചു കാത്തു നിന്നു. ഒരോട്ടോ കിട്ടിയാൽ സൗകര്യമായി. ഓടിപ്പോകുന്ന ഓട്ടോകൾക്കു നേരേ ആശയോടെ നോക്കി. ആദ്യം വന്ന ഓട്ടോകളിൽ യാത്രക്കാരുണ്ടായിരുന്നു. അധികം താമസിയാതെ ഒഴിഞ്ഞ ഒരോട്ടോയെത്തി. ഞാൻ കൈ കാണിച്ചപ്പോൾ അതു നിൽക്കുകയും ചെയ്തു. പക്ഷേ, പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ ഒന്നു മിണ്ടുക പോലും ചെയ്യാതെ ഓട്ടോക്കാരൻ വണ്ടി വിട്ടുപൊയ്ക്കളഞ്ഞു. “അതു പൊയ്ക്കളഞ്ഞതെന്താ?” സുമ ചോദിച്ചു. “ഓട്ടോയ്ക്കു പോകാനുള്ള ദൂരമില്ല. മിനിമം ചാർജിനോടാൻ താല്പര്യമുണ്ടാവില്ല.” “എവിടേണീ ആശുപത്രി?” “ദാ, അവിടം മുതൽ ആശുപത്രിവളപ്പാണ്.” അല്പമകലെ തുടങ്ങുന്ന ആശുപത്രിമതിൽ ചൂണ്ടിക്കൊണ്ടു ഞാൻ പറഞ്ഞു. “എൻട്രി അപ്പുറത്തെ റോഡിൽ നിന്നാ. ഈ സാധനമില്ലായിരുന്നെങ്കിൽ, മൂന്നു മിനിറ്റു കൊണ്ടു നടന്നെത്താനുള്ള ദൂരമേയുള്ളൂ. ഇത്രേം ദൂരത്തേയ്ക്കു മാത്രായി ഇവിടത്തെ ഒറ്റ ഓട്ടോക്കാരനും വരില്ല.” എന്റെ ശബ്ദത്തിൽ അല്പം പാരുഷ്യം കലർന്നിരുന്നു. അതവൾ മനസ്സിലാക്കിയിട്ടുമുണ്ടാകും. അവൾ മുന്നോട്ടാഞ്ഞ്, ബിഗ്ഷോപ്പർ തൂക്കിയെടുത്തു നടക്കാൻ തുടങ്ങി. ഏതാനും ചുവടു വച്ചപ്പോഴേയ്ക്ക് കൈ കഴച്ചുകാണണം. അവൾ ബിഗ്ഷോപ്പർ നിലത്തു വച്ചു. “നിന്നെക്കൊണ്ടത് എടുക്കാൻ പറ്റില്ല.” ദേഷ്യം മാത്രമല്ല, പരിഹാസവും എന്റെ ശബ്ദത്തിൽ കലർന്നിരുന്നു. കുറേ നാൾ മുമ്പു നോക്കിയപ്പോൾ അവളുടെ തൂക്കം അമ്പതു കിലോയേക്കാൾ അല്പം മാത്രം കൂടുതലായിരുന്നു. എന്റെ മൂഡു നന്നായിരിയ്ക്കുമ്പോൾ ഞാനവളെ അനായാസേന കൈകളിലെടുത്തുയർത്താറുണ്ട്. ആകെ അമ്പതു കിലോ മാത്രം തൂക്കമുള്ള അവൾക്കെങ്ങനെ പതിനെട്ടു കിലോ ഭാരം ഉയർത്താനാകും! ഞാൻ വീണ്ടും ബിഗ്ഷോപ്പറെടുത്തു നടക്കാൻ തുടങ്ങി. ബിഗ്ഷോപ്പറിനുള്ളിലെ പൊതിയലുകളും ചരടുകളുമെല്ലാം ചേർന്ന് അതിനു പതിനെട്ടല്ല, ഇരുപതു കിലോ തികച്ചുമുണ്ടാകാം. അതിനകത്തെ മുഖ്യവസ്തുവായ സ്റ്റെപ്പപ് ട്രാൻസ്‌ഫോർമറിനുള്ളിലെ ചെമ്പുകമ്പിയ്ക്കു മാത്രമുണ്ട്, പതിനെട്ടു കിലോ. നടക്കുന്നതിനിടെ അതിന്റെ ചരിത്രമല്പം പറയാം. ഈ സ്റ്റെപ്പപ്പ് ട്രാൻസ്‌ഫോർമർ ഒരു പുരാവസ്തുവാണെന്നു വേണം പറയാൻ. പണ്ട്, ഞാനാദ്യമായി ടീവി വാങ്ങിയ കാലത്ത് അയല്പക്കങ്ങളിലെവിടേയും ടീവിയുണ്ടായിരുന്നില്ല. നീളമുള്ള സ്റ്റീൽ പൈപ്പിന്റെ മുകളിൽ ഘടിപ്പിച്ചിരിയ്ക്കുന്ന വലിയ ആന്റെന പുരപ്പുറത്തു നാട്ടി, അതിനെ പല ദിശകളിലുള്ള സ്റ്റേ വയറുകൾ വഴി ഉറപ്പിച്ചു നിറുത്തി, ആകെയുണ്ടായിരുന്ന ദൂരദർശൻ ചാനൽ ട്യൂൺ ചെയ്തു തന്ന ശേഷം ടീവിക്കടയിൽ നിന്നു വന്നിരുന്ന ഇലക്ട്രീഷ്യൻ തിരികെപ്പോയി. അധികം താമസിയാതെ സന്ധ്യയായി. ലൈറ്റുകളിടാൻ തുടങ്ങിയപ്പോൾ ടീവി ഓഫായി. വോൾട്ടേജ് സ്റ്റെബിലൈസറിലെ പച്ച വെളിച്ചത്തിനു പകരം ചുവന്നതു തെളിഞ്ഞു. ടീവി പ്രവർത്തിയ്ക്കാൻ മതിയായ വോൾട്ടേജില്ല! ശരിയാണ്; അക്കാലത്തു നേരമേറെച്ചെന്നു മാത്രമേ ട്യൂബ്‌ലൈറ്റു തെളിഞ്ഞിരുന്നുള്ളൂ; മിക്ക ദിവസങ്ങളിലും ഒമ്പതു മണിയാകും. കണ്ണുതുറക്കാതിരിയ്ക്കുന്ന പുത്തൻ ടീവിയുടെ മുന്നിൽ ആകാംക്ഷയോടെ, ആർത്തിയോടെ, അക്ഷമയോടെ ഞങ്ങളിരുന്നു. അക്കൂട്ടത്തിൽ അയൽക്കാരുമുണ്ടായിരുന്നു. വോൾട്ടേജുയർന്ന്, ടീവി തെളിഞ്ഞപ്പോഴേയ്ക്ക് ഒമ്പതു മണി കഴിഞ്ഞിരുന്നു. പിറ്റേന്നും തഥൈവ! സന്ധ്യയ്ക്കു ശേഷമുള്ള ഏകദേശം മൂന്നു മണിക്കൂർ ടീവി സുഷുപ്തിയിലായിരിയ്ക്കും. ഇങ്ങനെ പോയാൽപ്പറ്റില്ല. പരിപാടികൾ മുഴുവനും കാണാനായില്ലെങ്കിൽ ടീവിയുണ്ടായിട്ടു കാര്യമില്ല. ടീവിക്കടയിൽ പരാതി ബോധിപ്പിച്ചു. ഒരു സായാഹ്നത്തിൽ ഇലക്ട്രീഷ്യൻ വന്നു വോൾട്ടേജളന്നു നോക്കി. മതിയായ വോൾട്ടേജില്ല. ടീവിയുടെ ഭാഗത്തു കുറ്റമില്ല. കുറ്റം ഇലക്ട്രിസിറ്റി ബോർഡിന്റേതാണ്. അവരൊരു പോംവഴി പറഞ്ഞു തന്നു: ഒരു സ്റ്റെപ്പപ്പു വാങ്ങുക. സ്റ്റെപ്പപ്പോ! അതെ, സ്റ്റെപ്പപ്പ് ട്രാൻസ്‌ഫോർമർ. വോൾട്ടേജുള്ളപ്പോൾ സ്റ്റെപ്പപ്പിന്റെ സഹായമില്ലാതെ തന്നെ ടീവി പ്രവർത്തിച്ചോളും. വോൾട്ടേജിന്റെ കുറവു കാരണം ടീവി കണ്ണടയ്ക്കുമ്പോൾ സ്റ്റെപ്പപ്പുപയോഗിച്ചു വോൾട്ടേജു കൂട്ടിക്കൊടുക്കുക. അപ്പോൾ ടീവി പ്രവർത്തിച്ചോളും. ഒരു കാര്യം മാത്രം ശ്രദ്ധിയ്ക്കണം: ലൈനിൽ വോൾട്ടേജുയരുമ്പോൾ ട്രാൻസ്‌ഫോർമർ ന്യൂട്ടറിലിടണം. ശരി. ഈ സാധനം എവിടെക്കിട്ടും? അതുണ്ടാക്കിക്കേണ്ടി വരും. വിദഗ്ദ്ധനായ ഒരിലക്ട്രീഷ്യനെ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ ഉപദേശമിതായിരുന്നു: കൂടുതൽ പണം മുടക്കിയാൽ, കൂടുതൽ ചെമ്പു കമ്പി ഉപയോഗിയ്ക്കാം. കൂടുതൽ ചെമ്പു കമ്പി ഉപയോഗിച്ചിട്ടുള്ള സ്റ്റെപ്പപ്പ് ട്രാൻസ്‌ഫോർമർ കൂടുതൽ കാര്യക്ഷമമായിരിയ്ക്കും. കുറേക്കാലം നിലനിൽക്കും. ടീവിയ്ക്കും നന്ന്. ആകെ എന്താവും? ശങ്കയോടെ ചോദിച്ചു. തുക കേട്ടു നടുങ്ങി. എന്റെ നടുക്കം കണ്ട് ഇലക്ട്രീഷ്യൻ വിശദീകരിച്ചു: ഇതൊരു നിക്ഷേപമായി കണക്കാക്കിയാൽ മതി. ചെമ്പു കമ്പിയുടെ വില കൂടിക്കൊണ്ടിരിയ്ക്കും. എന്നെങ്കിലും വിൽക്കുന്നെങ്കിൽ അന്ന് ഇന്നത്തേതിന്റെ പല മടങ്ങു വില കിട്ടും. മാത്രമല്ല, വോൾട്ടേജു കുറഞ്ഞ സമയങ്ങളിൽ ഒരു ടീവിയോടൊപ്പം അത്യാവശ്യമുള്ള മറ്റു പല ഉപകരണങ്ങൾ കൂടി ഇതുപയോഗിച്ചു പ്രവർത്തിപ്പിയ്ക്കാൻ പറ്റും. എന്തെങ്കിലുമാകട്ടെ, ടീവിപ്പരിപാടികൾ കണ്ടേ തീരൂ. ടീവി കനിയുന്നതും കാത്ത് അതിന്റെ മുന്നിൽ അയൽക്കാരോടൊപ്പം കുത്തിയിരിയ്ക്കേണ്ടി വരുന്നതു നാണക്കേടുമാണ്. വിദഗ്ദ്ധനായ ഇലക്ട്രീഷ്യന്റെ ഉപദേശം സ്വീകരിച്ചു. അങ്ങനെ, കൂടുതൽ പണം മുടക്കി, അദ്ദേഹത്തെക്കൊണ്ടുണ്ടാക്കിച്ചതാണ് ഈ ബിഗ്ഷോപ്പറിനകത്തുള്ള സ്റ്റെപ്പപ്പ്. പതിനെട്ടു കിലോ ചെമ്പു കമ്പി ഇതിലുപയോഗിച്ചിട്ടുണ്ടെന്ന സാക്ഷ്യപ്പെടുത്തലോടെയാണ് ഇലക്ട്രീഷ്യൻ സ്റ്റെപ്പപ്പ് എനിയ്ക്കു കൈമാറിയത്. വോൾട്ടേജു കുറഞ്ഞ്, ടീവി കണ്ണടച്ചപ്പോളെല്ലാം, സ്റ്റെപ്പപ്പു ചാർജെടുത്തു. പിന്നീടൊരു കാലത്തും ടീവി കണ്ണടച്ചിട്ടില്ല. ഒരു പതിറ്റാണ്ടിലേറെക്കാലം സ്റ്റെപ്പപ്പു വിശ്വസ്തസേവനം നൽകി. അതിനിടയിൽ, കെഎസ്ഈബിക്കാർ എന്റെ വീടിനടുത്ത്, മെയിൻ റോഡിൽ, ഒരു പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. അതോടെ, ട്യൂബ്‌ലൈറ്റിന് സമയഭേദമെന്യേ തെളിയാനായി. സ്റ്റെപ്പപ്പു ന്യൂട്ടറിൽക്കിടന്നപ്പോഴും ടീവി കണ്ണുചിമ്മാതെ പ്രവർത്തിച്ചു. വോൾട്ടേജുകുറവെന്ന പ്രശ്നത്തിനു സ്ഥിരപരിഹാരമായി. സ്റ്റെപ്പപ്പിന്റെ ആവശ്യം ഇനിയില്ലെന്നു മനസ്സിലായപ്പോൾ, അതൂരിയെടുത്ത്, ഒരു മൂലയിൽ വച്ചു. കുറേക്കാലം കഴിഞ്ഞ്, മുറിയ്ക്കകത്തു തിരക്കു കൂടിയപ്പോൾ, കക്ഷിയെ വിറകുപുരയിലേയ്ക്കു തള്ളി. എങ്കിലും അതിനെ ഭദ്രമായി സൂക്ഷിച്ചുവച്ചു. വിലപ്പെട്ട നിക്ഷേപം: പതിനെട്ടു കിലോ ചെമ്പുകമ്പി. സ്റ്റെപ്പപ്പുണ്ടാക്കിത്തന്ന ഇലക്ട്രീഷ്യന്റെ പ്രവചനം ശരിയായിരുന്നു. ചെമ്പുവില കൂടിക്കൊണ്ടിരുന്നു. വലിയൊരു പീറച്ചാക്കു തോളത്തിട്ടുകൊണ്ട് ഒരുദിവസമൊരു തമിഴത്തി വന്നു കയറി. കറുത്തു മെലിഞ്ഞൊരു പെണ്ണ്. അവളുടെ ശോഷിച്ച രൂപത്തേക്കാൾ വലിയ സ്വരം. ഉച്ചത്തിൽ സംസാരിയ്ക്കുന്നവരെ എനിയ്ക്കു പൊതുവിലിഷ്ടമല്ല. തന്നെയുമല്ല, തരം കിട്ടിയാൽ ഇക്കൂട്ടർ എന്തെങ്കിലുമൊക്കെ കടത്തിക്കൊണ്ടു പൊയ്ക്കളയും. മൂന്നും നാലും പേരടങ്ങിയൊരു കൂട്ടം അപ്പുറത്തുകൂടിയും ഇപ്പുറത്തുകൂടിയും കടക്കും. കാണുന്നതെല്ലാം തരം കിട്ടിയാൽ ചാക്കിലാക്കുകയും ചെയ്യും. അവർ പൊയ്ക്കഴിഞ്ഞ ശേഷമായിരിയ്ക്കും “അയ്യോ, അതു കാണാനില്ല, ഇതു കാണാനില്ല” എന്നുള്ള വിലാപമുയരാറ്. ഈ തമിഴത്തി വന്നതു കൂട്ടത്തോടെയല്ല, തനിച്ചായിരുന്നു. എങ്കിലും, അവളെ ഭയന്ന്, പുറകിലെ അരമതിലിൽ സുമ തേച്ചുമിനുക്കി വച്ചിരുന്ന ഓട്ടുകിണ്ടിയെടുത്ത് അകത്തുവയ്ക്കാൻ ഞാൻ പറഞ്ഞു. സുമയതു ശ്രദ്ധിച്ചതേയില്ല. തമിഴത്തിയുടെ വരവു പതിവായപ്പോൾ ഞാൻ തന്നെ ഓട്ടുകിണ്ടിയെടുത്ത് അകത്തു വച്ചു. പക്ഷേ, അടുത്ത നിമിഷമത് അരമതിലിന്മേൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അരമതിലിന്മേൽ ഓട്ടുകിണ്ടിയിരിയ്ക്കുന്നത് ‘ഐശ്വര്യ’മാണത്രേ! പിതാക്കളുടെ സ്പർശമുള്ള ഓട്ടുകിണ്ടിയാകുമ്പോൾ പ്രത്യേകിച്ചും. എന്തായാലും, ഇതുവരെ ഓട്ടുകിണ്ടി തമിഴത്തിയുടെ പീറച്ചാക്കിനകത്തു കയറിയൊളിച്ചിട്ടില്ല. അതെങ്ങാൻ കാണാതായാൽ നിന്നെ ഞാൻ സൂപ്പാക്കും, തീർച്ച, എന്നു ഞാനവളെ, സുമയെ, പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ പല ഭീഷണികളേയും പോലെ ഇതും അവൾ കണക്കിലെടുത്തിട്ടില്ല. പഴയതെന്തും വാങ്ങാൻ ഈ തമിഴത്തി തയ്യാർ. പ്ലാസ്റ്റിക്കിന്റെ എല്ലാ സാധനങ്ങളും അവളെടുത്തോളും: കുപ്പികൾ, കിറ്റ്, പാൽപ്പാക്കറ്റുകൾ പോലും! പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം മൂലം സഹികെട്ടിരുന്ന സുമയ്ക്കു സന്തോഷമായി. പ്ലാസ്റ്റിക്കു കത്തിച്ചു കളയാൻ പറ്റില്ല; പുക അസഹനീയം. മണ്ണിൽ കുഴിച്ചിടാനും പറ്റില്ല. പ്ലാസ്റ്റിക്കാകട്ടെ, ദിവസേന വിവിധ ആകൃതികളിൽ വന്നു കയറിക്കൊണ്ടുമിരിയ്ക്കുന്നു. ഇങ്ങനെപോയാലിതെന്തു ചെയ്യും! അതായിരുന്നു, പുരയേയും പുരയിടത്തേയും മാലിന്യമുക്തമാക്കി സൂക്ഷിയ്ക്കാൻ തത്രപ്പെട്ടിരുന്ന സുമയുടെ വേവലാതി. അവളങ്ങനെ വേവലാതി പൂണ്ടിരിയ്ക്കെയാണ് ഈ തമിഴത്തിയുടെ വരവ്. തേടിയ വള്ളി തന്നെ കാലിൽച്ചുറ്റി! ഗായത്രി – അതായിരുന്നു, തമിഴത്തിയുടെ പേര്. പല തവണകളായി പ്ലാസ്റ്റിക്ക് ശേഖരം മുഴുവൻ അവൾ കൊണ്ടുപോയിത്തീർത്തു. വിറകുപുരയിൽ ഒരു കാലത്തുണ്ടായിരുന്ന മാലിന്യക്കൂമ്പാരമകന്ന്, സ്വീകരണമുറി പോലെ വൃത്തിയുള്ളതായി. പ്ലാസ്റ്റിക്ക്മാലിന്യത്തെ അകറ്റാനായപ്പോൾ സുമയ്ക്ക് ആശ്വാസമായി. ഈരണ്ടു മാസം കൂടുമ്പോ വരിക, സുമ നിർദ്ദേശം കൊടുത്തു. പ്ലാസ്റ്റിക്കു മാത്രമല്ല, സ്റ്റീലും ഇരുമ്പും പിച്ചളയും അലൂമിനിയവുമെല്ലാം ഗായത്രി എടുത്തോളും. പത്രക്കടലാസും പഴയ നോട്ടുബുക്കുകളുമെല്ലാം. അവളുടെ കൈയിലൊരു ത്രാസ്സുണ്ട്. തൂക്കിപ്പിടിയ്ക്കുന്നൊരു സ്പ്രിംഗ് ത്രാസ്സ്. അതു കള്ളത്രാസ്സാണെന്നു ഞാൻ കണ്ടുപിടിച്ചു. ഒരു ഷീറ്റു പത്രക്കടലാസ്സിന്റെ തൂക്കം പത്തു ഗ്രാമാണ്. നൂറു ഷീറ്റു കൂടിയാൽ ഒരു കിലോ തൂക്കമുണ്ടാകണം. നൂറു ഷീറ്റെടുത്തുകൊടുത്ത്, അതു തൂക്കിക്കാണിയ്ക്കാൻ ഞാനാവശ്യപ്പെട്ടു. തമിഴത്തിയുടെ ത്രാസ്സു കാണിച്ചതു മുന്നൂറു ഗ്രാം മാത്രം! കൃത്യം മൂന്നിലൊന്ന്! തമിഴത്തിയുടെ ത്രാസ്സു തനി തട്ടിപ്പു തന്നെ! പക്ഷേ, സുമയ്ക്ക് എന്റെ കണക്കിലുള്ളതിനേക്കാളേറെ വിശ്വാസം തമിഴത്തിയുടെ കള്ളത്രാസ്സിലായിരുന്നു. കള്ളത്രാസ്സുപയോഗിച്ചു തമിഴത്തി സുമയെ പതിവായി പറ്റിച്ചു. ഞാനതു സുമയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഒരിയ്ക്കൽ ഞാൻ തമിഴത്തിയെ ശകാരിയ്ക്കുക പോലും ചെയ്തു: ഈ തട്ടിപ്പുമായി മേലിലിങ്ങോട്ടു വന്നേയ്ക്കരുത്! എന്റെ താക്കീതിനു സുമ പുല്ലുവില കല്പിച്ചില്ല. “ഓ, പിന്നേ! ഈ പത്രക്കടലാസു വിറ്റ കാശും കൊണ്ടല്ലേ, നമ്മളു ജീവിയ്ക്കാൻ പോണത്. അതിറ്റേള് എങ്ങനേങ്കിലും ജീവിച്ചോട്ടേ, ചേട്ടാ.” തമിഴത്തിയുടെ എല്ലുന്തിയ ദേഹവും കുണ്ടിലിറങ്ങിയ കണ്ണുകളുമാണ് സുമയെ അലട്ടുന്നത്. എന്നോടു കടുത്ത നിലപാടെടുക്കാറുള്ള ആൾ പട്ടിണിയും പരിവട്ടവും കണ്ട് മഞ്ഞുരുകും പോലെ ഉരുകാൻ തുടങ്ങും. അതാണു സുമയുടെ കുഴപ്പം. ഞാനടുത്തില്ലെങ്കിൽ, എന്തൊക്കെയാണവൾ എടുത്തു കൊടുത്തുകളയുകയെന്നറിയില്ല! തമിഴരുടെ ദാരിദ്ര്യം നീക്കാൻ അതിസമ്പന്നയായ ജയലളിത‌യ്ക്കു പോലുമായിട്ടില്ല. പിന്നെ കഷ്ടി ജീവിച്ചുപോകുന്ന നമുക്കതെങ്ങനെ സാധിയ്ക്കും? ഇതൊന്നും സുമയുടെ തലയിൽക്കയറില്ല. എന്റെ ശകാരം ചേമ്പിലയിൽ വീണ വെള്ളം പോലെ തമിഴത്തിയെ ‘ഏശി’യതേയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ഗായത്രി പിന്നേയും വന്നു. എന്റെ താക്കീതു വക വയ്ക്കാതെ സുമ പഴയ സാധനങ്ങൾ ഗായത്രിയ്ക്കു പെറുക്കിക്കൊടുക്കുന്ന പതിവു തുടരുകയും ചെയ്തു. തമിഴത്തിയുടെ കള്ളത്രാസ്സിനെ അവളതേപടി അംഗീകരിച്ചു. ഞാൻ തെളിയിച്ചുകൊടുത്ത ശാസ്ത്രസത്യങ്ങളെ അവളവഗണിച്ചു! ഒരു ദിവസം തമിഴത്തി വന്നപ്പോൾ ഞാനും വീട്ടിലുണ്ടായിരുന്നു. സുമ വന്നെന്നോടു ചോദിച്ചു, “ചേട്ടാ, ആ സാധനം കൊടുക്കുമോന്ന് അവളു ചോദിയ്ക്കണ് ണ്ടല്ലോ.” വിറകുപുരയിലെ സ്ലാബിന്റെ മൂലയ്ക്കു ഭദ്രമായിരുന്നിരുന്ന സ്റ്റെപ്പപ്പ് ട്രാൻ‌സ്‌ഫോർമറിനെയാണു സുമ ‘ആ സാധന’മെന്നുദ്ദേശിച്ചത്. “നാലായിരം രൂപ,” ഞാൻ പറഞ്ഞു. വിശ്വാസം വരാതെ സുമ എന്നെ നോക്കി. വിലകേട്ടപ്പോൾ തമിഴത്തി മൂക്കത്തു വിരൽ വച്ചു; “എന്നാ സാർ! നാലായിരം രൂപായാ?” ഞാൻ കണക്കുകൂട്ടിക്കാണിച്ചുകൊടുത്തു. ഒന്നാംതരം ചെമ്പു കമ്പി ഒന്നും രണ്ടും കിലോയല്ല, പതിനെട്ടു കിലോയാണ് അതിനകത്തുള്ളത്. അതൊന്നു പൊക്കിനോക്ക്. അപ്പഴറിയാം അതിന്റെ ഭാരം. ഒരു കിലോ ചെമ്പു കമ്പിയുടെ ഇപ്പോഴത്തെ കമ്പോളവില മുന്നൂറു രൂപ. പതിനെട്ട് ഗുണം മുന്നൂറ്: അയ്യായിരത്തിനാനൂറ്. ആയിരത്തിനാനൂറു രൂപ വേണ്ടെന്നു വയ്ക്കാം. ഇരുപത്തഞ്ചു ശതമാനം ഡിസ്കൗണ്ട്. നാലായിരമിങ്ങെടുത്തോ. സാധനം കൊണ്ടുപൊക്കോ. തലയ്ക്കു കൈ കൊടുത്തുകൊണ്ടു തമിഴത്തി സ്ഥലം വിട്ടു. നാലായിരം പോയിട്ട്, നാനൂറു രൂപ പോലും അവളുടെ പക്കലുണ്ടായിരുന്നു കാണില്ല. തമിഴത്തി പൊയ്ക്കഴിഞ്ഞപ്പോൾ സുമ പരിഹസിച്ചു: “ഒരു പത്തഞ്ഞൂറു രൂപേക്കൂടുതലൊന്നും അതിനു കിട്ടില്ല. നാലായിരം രൂപേയ്!” “നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ.” ഞാൻ പത്രത്തിൽ ചെമ്പിന്റെ വില കാണിച്ചുകൊടുത്തു. എന്റെ കണക്കു കിറുകൃത്യം. സുമ നിശ്ശബ്ദയായി. ഗായത്രി പിന്നേയും പല തവണ വന്നു. ചെമ്പ് എത്രമാത്രം വിലപ്പെട്ടതെന്ന് അവൾക്കും അവളെ അയച്ചവർക്കും മനസ്സിലായിക്കാണണം. ഞാനുള്ളപ്പോഴെല്ലാം അവൾ ചോദിച്ചു, “അതു കൊടുക്കുമാ, സാർ?” ഒരിയ്ക്കലവൾ ക്വൊട്ടേഷൻ നൂറു രൂപ കൂട്ടി: “അറുനൂറു രൂപാ തരലാം.” മണിച്ചിത്രത്താഴ് സ്റ്റൈലിൽ ഞാൻ പറയും: “തരമാട്ടേ. ഉനക്കു വേണമാ? നാലായിരം രൂപായ് കൊടുങ്കോ.” “എന്ന സാർ, ഇപ്പടി?” തമിഴത്തി ദൈന്യത നടിയ്ക്കും. ആ ദൈന്യതയൊക്കെ കള്ളത്തരമായിരിയ്ക്കുമെന്നു ഞാൻ സുമയോടു പറയും. എന്നാലും സുമ തമിഴത്തിയെയാണു പിന്തുണയ്ക്കാറ്. തമിഴത്തികളെല്ലാം മോഷ്ടാക്കളാണെന്നു ഞാൻ പറഞ്ഞിരുന്നെങ്കിലും, ഈ തമിഴത്തി ഇക്കാലമത്രയും ഒരു സാധനം പോലും ചോദിയ്ക്കാതെ എടുത്തിട്ടില്ല; അതാണു സുമയുടെ വാദം. ഗായത്രി മോഷണം നടത്തിയിട്ടില്ലെന്നതു ശരി തന്നെ. പക്ഷേ, തൂക്കത്തിലുള്ള വെട്ടിപ്പ് എങ്ങനെ വെട്ടിപ്പല്ലാതാകും? സുമ പൊതുവിൽ ബുദ്ധിമോശങ്ങൾ കാണിയ്ക്കാറില്ലെങ്കിലും, ചില നേരത്ത് അവൾക്കു സാമാന്യബുദ്ധിപോലുമില്ലെന്നു തോന്നിപ്പോകും. സ്റ്റെപ്പപ്പിനു വേണ്ടി തമിഴത്തിയുടെ ആവർത്തിച്ചുള്ള യാചന മൂലം സഹികെട്ട് ഒരു ദിവസം ഞാൻ പറഞ്ഞു: “നിനക്കു ഞാനതു ഫ്രീയായി തന്നേയ്ക്കാം.” തമിഴത്തിയുടെ കുഴിയിലാണ്ട കണ്ണുകൾ വിടർന്നു. “ഒറ്റക്കണ്ടീഷൻ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു പണിയാനുള്ള സമ്മതപത്രം ജയലളിതാ അമ്മാവെക്കൊണ്ട് ഒപ്പിടീച്ചു തരണം. മുടിയുമാ?” തമിഴത്തി കണ്ണു മിഴിച്ചു നിന്നു. സുമയും. “എന്നാ സാർ...” തമിഴത്തി. ദൈന്യഭാവം. ജയലളിതാമ്മയുടെ സമ്മതപത്രം കൊണ്ടുവരാൻ ഗായത്രിയ്ക്കായില്ല. സ്റ്റെപ്പപ്പിനുള്ള അവളുടെ ക്വൊട്ടേഷൻ അറുനൂറു രൂപയിൽ നിന്നുയർന്നില്ല. എന്റേത് നാലായിരത്തിൽ നിന്നു താഴ്‌ന്നുമില്ല. സ്റ്റെപ്പപ്പു വിറകുപുരയുടെ മൂലയിൽത്തന്നെ സുഖവാസം തുടർന്നു. ഒരു ദിവസം തമിഴത്തി പൊയ്ക്കഴിഞ്ഞ് സുമ രോഷത്തോടെ ചോദിച്ചു, “ഇപ്പറയുന്നതു വല്ലതും അതിനു കിട്ട്വോ?” എല്ലുപോലത്തെ തമിഴത്തിയോടുള്ള ആർദ്രതയൊന്നും എന്നോടു സംസാരിയ്ക്കുമ്പോൾ അവൾക്കില്ല. “മോട്ടോർ റീവൈന്റിംഗ് കടക്കരറിഞ്ഞാലതു റാഞ്ചിക്കൊണ്ടുപോകും.” “ഇത്രേം കാലത്തിനെടയ്ക്ക് ആരും റാഞ്ചാൻ വന്നു കണ്ടില്ലല്ലോ.” അവൾ പരിഹസിച്ചു. “നാലായിരം രൂപേക്കുറച്ചു കൊടുക്കാൻ പറ്റില്ല.” “പിന്നേ. ആ നാലായിരം കിട്ടീട്ടു വേണം നമ്മുടെ കൊട്ടാരംപണി തീർക്കാൻ!” അവളുടെ മൂഡു മോശമായിരുന്നു. “തിന്നേമില്ല, തീറ്റിയ്ക്കേമില്ല. അങ്ങനേം ചെല മനുഷ്യര് ണ്ട്. ചേട്ടനങ്ങനാവണേലാ എനിയ്ക്കു സങ്കടം.” “എടീ, അവളൊക്കെ പീറച്ചാക്കു കാണിച്ച്, നിന്നെപ്പോലുള്ളവരെ പറ്റിച്ച് ലക്ഷക്കണക്കിനു രൂപ ഓരോ കൊല്ലോം ഉണ്ടാക്കണ് ണ്ടാകും. ഇവരൊക്കെച്ചെലപ്പോ കോടിപതികളായിരിയ്ക്കും. നിനക്കറിയില്ല.” “അതേയതേ! അവളെക്കണ്ടാത്തന്നെ അറിയാം, കോടിപതിയാണെന്ന്!” അവൾ ദേഷ്യത്തോടെ അപ്പുറത്തേയ്ക്കു പോയി. ഞാനൊന്നും മിണ്ടിയില്ല. സുമ പറഞ്ഞതിലും കാര്യമുണ്ട്. ലക്ഷവും കോടിയുമൊന്നും തമിഴത്തിയുടെ ശരീരത്തിൽ കാണാനില്ല. എങ്കിലും, ഞാനൊരു ദൃഢനിശ്ചയമെടുത്തു. മോട്ടോർ റീവൈന്റിംഗ് നടത്തുന്നവരെ തേടിക്കണ്ടുപിടിയ്ക്കണം. സ്റ്റെപ്പപ്പു നാലായിരം രൂപയ്ക്കു വിറ്റു കാണിച്ചിട്ടു ബാക്കി കാര്യം! ഞാൻ ദൃഢനിശ്ചയമെടുത്തെങ്കിലും അതിന്റെ നടപ്പാക്കൽ ചില സർക്കാരുപദ്ധതികളെപ്പോലെ നീണ്ടുനീണ്ടുപോയി. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മോട്ടോർ റീവൈന്റിംഗുകാരെ അന്വേഷിച്ചുനടക്കാൻ നേരമെവിടുന്ന്! കാര്യങ്ങളങ്ങനെയിരിയ്ക്കെ, ഇതാ, ഇന്നലെ, വൈകുന്നേരമാകാറായപ്പോൾ പുറത്തുനിന്നൊരു വിളി: “ചേച്ചീ, പ്ലാസ്റ്റിക്ക്, ഇരുമ്പ്, പിച്ചള., അലൂമിനിയം...” ഞായറാഴ്ചയായതുകൊണ്ടു ഞാൻ വീട്ടിലുണ്ടായിരുന്നു. പരിചയമില്ലാത്ത ശബ്ദം. ഞാൻ വാതിൽ തുറന്നപ്പോഴേയ്ക്കു സുമയുമെത്തി. ഗായത്രിയെപ്പോലെ കറുത്തു ശോഷിച്ച രണ്ടു സ്ത്രീകൾ. കണ്ടാലറിയാം, തമിഴത്തികൾ തന്നെ. രണ്ടുപേരേയും ഇതിനു മുമ്പു കണ്ടിട്ടില്ല. ഇരുവരുടേയും തോളത്തു പീറച്ചാക്കുകളുണ്ട്. ഗായത്രി അവരോടൊപ്പമില്ല. “ഗായത്രി എവിടെപ്പോയി,” സുമ ആരാഞ്ഞു. തമിഴത്തികളിലൊരാൾ ആവേശത്തോടെ പറഞ്ഞു, “അവളുക്ക് ആക്സിഡന്റാച്ച്. കണ്ടെയിനറു മുട്ടി. തല പൊട്ടി. കൈയൊടിഞ്ച്.” മറ്റേ തമിഴത്തി കൂട്ടിച്ചേർത്തു, “ചോരേലു കുളിച്ച് കെടന്ന്.” സുമ ഷോക്കേറ്റു നിന്നു. “കഥ കഴിഞ്ഞോ ഇല്ലയോ? അതു പറയ്!” ഞാനിടയിൽക്കയറി ചോദിച്ചു. സുമയെന്നെ രൂക്ഷമായി നോക്കി. പക്ഷേ, അറിയേണ്ട വിവരം അറിയണമെങ്കിൽ ചോദിയ്ക്കേണ്ട ചോദ്യം തന്നെ ചോദിയ്ക്കണ്ടേ! അവർക്കറിയാവുന്നത് ഇത്ര മാത്രം: ചോരയിൽക്കുളിച്ചുകിടന്ന ഗായത്രിയെ ആരൊക്കെയോ ചേർന്ന് താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. തലയ്ക്കു പരിക്കുള്ളതുകൊണ്ട് ജില്ലാശുപത്രിയിലേയ്ക്കു കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞു. ജില്ലാശുപത്രിയിലെത്തിച്ചയുടൻ ഓപ്പറേഷൻ നടന്നു. “രക്ഷപ്പെടില്ലേ?” സുമ ഉദ്വേഗത്തോടെ ചോദിച്ചു. തമിഴത്തികൾ മേല്പോട്ടു കൈയുയർത്തി: “കടവുൾ തുണൈ.” പിന്നീടുള്ള വിവരമൊന്നും അവർക്കു കിട്ടിയിട്ടില്ല എന്നർത്ഥം. ഇവിടുത്തെ സാധനങ്ങൾ ഗായത്രിയ്ക്കാണു കൊടുക്കാറ് എന്നു പറഞ്ഞു സുമ തമിഴത്തികളെ മടക്കിയയച്ചു. അവർ പോയ ഉടൻ അവളെന്നോടു കയർത്തു: “അതന്നു തന്നെയങ്ങ് കൊടുത്താ മതിയായിരുന്നു. മനുഷ്യർക്ക് ഇങ്ങനത്തെ അത്യാർത്തി പാടില്ല!” ഗായത്രി സ്റ്റെപ്പപ്പിനു വേണ്ടി പല തവണ യാചിച്ചിട്ടുള്ളതാണ്. അതവൾക്കു കൊടുക്കേണ്ടതായിരുന്നു എന്നാണു സുമ അർത്ഥമാക്കിയത്. അറുനൂറു രൂപയ്ക്കെങ്ങനെയതു കൊടുക്കും! നടപ്പില്ല. “നാളെ ഞാനതും കൊണ്ട് ആശുപത്രീപ്പോണു.” അവൾ പ്രഖ്യാപിച്ചു. “സ്റ്റെപ്പപ്പും കൊണ്ടോ?” ഞാനാശ്ചര്യത്തോടെ ചോദിച്ചു. “നാളെക്കാലത്തു തന്നെ ഞാനതു കൊണ്ടെക്കൊടുക്കും. അവൾക്കെന്തെങ്കിലും സംഭവിയ്ക്കണേനു മുമ്പ് അതെത്തിച്ചു കൊടുക്കണം.” ഇത്തവണ എനിയ്ക്കാണു ഷോക്കേറ്റത്. സുമം എന്റെ കൂടെയല്ലാതെ പുറത്തിറങ്ങാറില്ല. ജില്ലാശുപത്രിയിലേയ്ക്ക് മുപ്പത്തഞ്ചു കിലോമീറ്ററിലേറെ ദൂരമുണ്ട്. രണ്ടു ബസ്സിൽ മാറിക്കയറേണ്ടി വന്നേയ്ക്കാം. പ്രവൃത്തിദിനമായതുകൊണ്ട് ബസ്സുകളിൽ ശ്വാസം മുട്ടിയ്ക്കുന്ന തിരക്കുമുണ്ടാകും. അതിനിടയിൽ അവളെങ്ങനെ ഒറ്റയ്ക്കു പോകും! അതും, ഈ പതിനെട്ടുകിലോ ഭാരവും തൂക്കിപ്പിടിച്ച്. “നീയെന്തു മണ്ടത്തരമാണിപ്പറയണത്! തമിഴത്തി രക്ഷപ്പെട്ടാൽ ഇവിടെ വരും. നിന്നെപ്പറ്റിച്ചാണല്ലോ അവളു ജീവിയ്ക്കണത്. അവളു വരാതിരിയ്ക്കില്ല.” ഞാൻ വൈമനസ്യത്തോടെ തുടർന്നു: “അവളു വരുമ്പൊ എടുത്തു കൊടുത്തോ. അല്ലാതെ പ്രായശ്ചിത്തം പോലെ അതും ചുമന്ന്, മുപ്പതു നാൽപ്പതു കിലോമീറ്റർ യാത്ര ചെയ്ത് ആശുപത്രീല് കൊണ്ടുപോയിക്കൊടുക്കേണ്ട കാര്യമെന്താള്ളത്?” “നാളെക്കാലത്ത് ഒമ്പതു മണിയ്ക്കു ഞാനിറങ്ങും.” അവൾ തറപ്പിച്ചു പറഞ്ഞു. വിശദീകരണത്തിനൊന്നും അവൾ മിനക്കെടാറില്ല. ഡിപ്പാർച്ചർ ടൈം പോലും അനൗൺസു ചെയ്തിരിയ്ക്കുന്ന നിലയ്ക്ക് അതു ഭീഷണി മാത്രമാവില്ലെന്നു തോന്നി. മാത്രവുമല്ല, അവൾ വിറകുപുരയിൽപ്പോയി സ്റ്റെപ്പപ്പെടുത്ത്, പുറകിലെ വരാന്തയിൽ കൊണ്ടു വന്നു വച്ച് തുടച്ചു വൃത്തിയാക്കാനും തുടങ്ങി. വിറകുപുരയിൽ നിന്നു വരാന്തയിലേയ്ക്കുള്ള ഹ്രസ്വദൂരം പോലും അവൾ ചുമന്നു കഷ്ടപ്പെട്ടാണു തരണം ചെയ്തത്. ഭാരക്കൂടുതൽ കാരണം സ്റ്റെപ്പപ്പ് ഇടയ്ക്ക് രണ്ടിടത്തു വയ്ക്കുകയും ചെയ്തു. അങ്ങനെയുള്ളയാൾക്ക്, അതുംകൊണ്ടു മുപ്പത്തഞ്ചു കിലോമീറ്ററെങ്ങനെ തനിച്ചു പോകാനാകും? നാളെ ഇവിടത്തെ ബസ്റ്റോപ്പു വരെ ഞാനെത്തിച്ചുകൊടുക്കുമെന്നു വയ്ക്കാം. പക്ഷേ, പിന്നീടുള്ള യാത്രയോ? അതും തിരക്കുള്ള ബസ്സിൽ? അതു കഴിഞ്ഞ്, ജെട്ടിയിൽ നിന്ന് ആശുപത്രിയിലേയ്ക്കുള്ള നടപ്പോ? തന്നെയുമല്ല, തമിഴത്തി ജീവനോടിരിപ്പുണ്ടെന്ന് എന്താണുറപ്പ്? സ്വതവേ എല്ലുപോലെ ശോഷിച്ച പെണ്ണ്. കണ്ടെയിനറിടിച്ച്, തല പൊളിയുകയും കൈയൊടിയുകയും ചെയ്തിരിയ്ക്കുന്ന നിലയ്ക്ക് അവളുടെ കഥ കഴിഞ്ഞുകാണാനാണു വഴി? അവൾ ചത്തുപോയിട്ടുണ്ടെങ്കിൽ സ്റ്റെപ്പപ്പും കൊണ്ടുള്ള പോക്കു വൃഥാവിലാകും. അതു ചുമന്നുകൊണ്ടുതന്നെ തിരിച്ചും യാത്രചെയ്യേണ്ടി വരും. ഇതും ഇതിലപ്പുറവും പറഞ്ഞു ഞാൻ സുമയെ പിന്തിരിപ്പിയ്ക്കാൻ നോക്കി. അവൾ മിക്കപ്പോഴും എന്റെ തീരുമാനങ്ങളാണനുസരിയ്ക്കാറ്. എന്നാൽ, വിരളമായെങ്കിലും അവൾ സ്വന്തമായ തീരുമാനങ്ങളെടുക്കാറുണ്ട്. അവൾ തീരുമാനങ്ങളെടുത്തുപോയാൽ കടുകിട വ്യത്യാസമില്ലാതെ അവ നടപ്പാക്കിയിരിയ്ക്കും. അവളുടെ മേനി മൃദുലമാണെങ്കിലും അവളുടെ തീരുമാനങ്ങൾ പാറ പോലെ കടുത്തതാകാറുണ്ട്. കല്യാണസൗഗന്ധികമന്വേഷിച്ചു നടന്ന ഭീമന്റെ വഴി മുടക്കിക്കിടന്നിരുന്ന വൃദ്ധവാനരന്റെ വാല് എടുത്തുമാറ്റാൻ അതിശക്തനായിട്ടും ഭീമനു കഴിഞ്ഞില്ല. അതുപോലെ, അവളുടെ തൂക്കം അമ്പതു കിലോ മാത്രമേയുള്ളെങ്കിലും, അവളുടെ ഈയൊരു തീരുമാനത്തെ ഇളക്കാൻ, അവളുമായി താരതമ്യം ചെയ്യുമ്പോൾ അതിശക്തനായ എനിയ്ക്കായില്ല. എന്റെ നിരുത്സാഹപ്പെടുത്തലുകളെയെല്ലാം അവൾ തള്ളിക്കളഞ്ഞു. ഗായത്രി ജീവനോടിരിപ്പുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഇതവിടെ, ആശുപത്രിയിലെത്തിച്ചിട്ടു ബാക്കി കാര്യം! ദൃഢപ്രതിജ്ഞയായിരുന്നു, അവളുടേത്. ഞാൻ നിസ്സഹായനായി നോക്കിനിന്നു. തുടച്ചു വൃത്തിയാക്കിയ സ്റ്റെപ്പപ്പ് അവൾ കടലാസ്സിൽപ്പൊതിഞ്ഞു. ബിഗ്ഷോപ്പർ കൊണ്ടുവന്ന് തുറന്നുപിടിച്ചുകൊണ്ട് പട്ടാളക്കമാൻഡറെപ്പോലെ അവൾ ഉത്തരവിട്ടു, “അതെടുത്ത് ഇതിലിറക്കി വയ്ക്ക്.” അവളുടെ ഒരുക്കങ്ങൾ കണ്ടപ്പോൾ പ്രഖ്യാപനം അവൾ നടപ്പാക്കുക തന്നെ ചെയ്യും എന്നെനിയ്ക്കുറപ്പായി. പാരാവാരം പോലുള്ള നഗരത്തിലേയ്ക്ക് അവളെ തനിച്ചു വിട്ടാലെങ്ങനെ ശരിയാകും? കുഴപ്പങ്ങൾ പലതുമുണ്ടാകാം. വഴി തെറ്റിപ്പോകാം. ബസ്സിലുരുണ്ടു വീഴാം. പേഴ്‌സു മോഷണം പോകാം. വഴിയിൽക്കുടുങ്ങിയെന്നു വരാം. ഇല്ല, അതു ശരിയാവില്ല. ലീവെടുക്കുന്ന പതിവെനിയ്ക്കില്ല. ലീവെടുക്കുന്നത് പൊതുവിലെനിയ്ക്കിഷ്ടവുമല്ല. എങ്കിലും, ഞാൻ ഡീജീഎമ്മിനെ വിളിച്ച്, ഒരു ദിവസത്തെ ലീവു വേണമെന്നു പറഞ്ഞു. “ഉം?” ഡീജീഎം ഒരു മൂളലിലൂടെ ചോദ്യമുയർത്തി. “വൈഫിനേയും കൊണ്ട് ജില്ലാശുപത്രിയിൽപ്പോകാനുണ്ട്.” “എന്തുപറ്റി?” “ഒരു പേഷ്യന്റിനെക്കാണാൻ.” “പേഷ്യന്റാരാ?“ ഒരു ബന്ധവുമില്ലാത്ത, ആക്രിക്കച്ചവടക്കാരിയായൊരു തമിഴത്തിയാണു പേഷ്യന്റെന്നു പറഞ്ഞിരുന്നെങ്കിൽ ‘തന്റെ വൈഫിന് ആക്രിക്കച്ചവടക്കാരി തമിഴത്തിയുമായി എന്തു ബന്ധം’ എന്ന ചോദ്യം വന്നേനേ. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോടുള്ള അനുകമ്പയെന്നു പറഞ്ഞാൽ, ഡീജീഎമ്മിനു മനസ്സിലാകാനിടയില്ല. ഞാൻ പറഞ്ഞു, “ആൻ ഇന്റിമെറ്റ് ഫ്രെന്റ് ഓഫ് മൈ വൈഫ്.” ഭാഗ്യത്തിനു ഡീജീഎം കൂടുതലൊന്നും ചോദിച്ചില്ല. ലീവനുവദിയ്ക്കുകയും ചെയ്തു. അങ്ങനെ, ആക്രിക്കച്ചവടക്കാരിയായ തമിഴത്തിയ്ക്കു സംഭാവന ചെയ്യാൻ വേണ്ടി അയ്യായിരത്തിനാനൂറു രൂപ വിലവരുന്ന സ്റ്റെപ്പപ്പും ചുമന്നുകൊണ്ടു മുപ്പത്തഞ്ചു കിലോമീറ്റർ ദൂരം താണ്ടിയ യാത്രയാണിത്. ‘വട്ടല്ലാതെന്താ’ എന്നേ ആരും ചോദിയ്ക്കൂ! ഭാര്യയ്ക്കു വട്ടായാൽ പാവം ഭർത്താവെന്തു ചെയ്യും! എന്റെ ഈ ഫ്ലാഷ്ബാക്ക് ചിന്തകൾക്കിടയിൽ, ഞങ്ങൾ ബിഗ്ഷോപ്പറും ചുമന്ന്, ഫുട്പാത്തിലൂടെ അടിവച്ചടിവച്ച്, ജില്ലാ ആശുപത്രിയുടെ കവാടത്തിലെത്തിക്കഴിഞ്ഞിരുന്നു. ഗേറ്റു മലർക്കെ തുറന്നിട്ടിരിയ്ക്കുന്നു. ആളുകൾ തിരക്കിട്ട് അകത്തേയ്ക്കും പുറത്തേയ്ക്കും പൊയ്ക്കൊണ്ടിരിയ്ക്കുന്നു. ഒരു വരാന്തയിൽ ആദ്യം കണ്ട ബെഞ്ചിനു മുമ്പിൽ ബിഗ്ഷോപ്പർ വച്ച് ഞാനതിലിരുന്നു. വിയർപ്പിന്റെ അണപൊട്ടി. സുമ തൂവാലയെടുത്ത് എന്റെ മുഖവും കഴുത്തും തുടച്ചുതരാനൊരുങ്ങി. ഞാൻ മുഖം വീർപ്പിച്ചിരുന്നു. ഇത്രയധികം പാടുപെടുത്തിയ ശേഷം അവളുടെയൊരു സ്നേഹപ്രകടനം! കയറിയിരുന്ന ബസ്സിൽ നല്ല തിരക്കായിരുന്നു. ഭാഗ്യത്തിന്, ഇടയ്ക്കു വച്ച് എനിയ്ക്കൊരു സീറ്റു കിട്ടിയിരുന്നു. സുമ ബസ്സിന്റെ മുൻഭാഗത്തായിരുന്നു. അവൾക്കു സീറ്റു കിട്ടിയിരുന്നേയില്ല. മുപ്പത്തഞ്ചു കിലോമീറ്ററും അവൾ നിന്നു യാത്ര ചെയ്താണു വന്നത്. ബസ്സുയാത്ര ദിവസേന ചെയ്യുന്നതായതുകൊണ്ട് ബസ്സിലെ തിരക്ക് എനിയ്ക്കു സുപരിചിതമായിരുന്നു. പക്ഷേ, യാത്രചെയ്തു ശീലമില്ലാത്ത അവൾക്കൊരു തളർച്ചയുമില്ല. അവൾ പറഞ്ഞു, “എഴുന്നേൽക്ക്. പോയി നോക്കാം.” ഗായത്രിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങാൻ അവൾക്കു ധൃതിയായി. അവളുടെ തളർച്ചക്കുറവിന്റെ കാരണവും ഞാൻ തന്നെ കണ്ടെത്തി. ബിഗ്ഷോപ്പർ എന്റെ പിടലിയിലായിരുന്നല്ലോ ഇരുന്നിരുന്നത്. അതു സ്വയം ചുമന്നിരുന്നെങ്കിൽ അവൾ വിവരമറിഞ്ഞേനേ! മുന്നിൽ, നിലത്തിരിയ്ക്കുന്ന ബിഗ്ഷോപ്പറിനെ നോക്കിക്കൊണ്ടു ഞാനാലോചിച്ചു. ഗായത്രി ജീവനോടിരിപ്പുണ്ടെങ്കിൽ അയ്യായിരത്തിനാനൂറു രൂപ നഷ്ടമായതു തന്നെ. അവൾ മരിച്ചുപോയിട്ടുണ്ടെങ്കിൽ ആ നഷ്ടം ഒഴിവാകും. എന്റെ ചിന്തയുടെ പോക്ക് ഏതു ദിശയിലേയ്ക്കെന്നു വായിച്ചെടുത്തതുകൊണ്ടായിരിയ്ക്കണം, സുമ തൂവാല കൊണ്ട് എന്നെ പ്രഹരിച്ചു. വീശിയതുമാകാം. “എഴുന്നേൽക്ക്.” ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ മുന്നിൽ ആൾക്കൂട്ടം. അതു മുഴുവനും രോഗികളായിരിയ്ക്കും. എല്ലാത്തരം രോഗങ്ങളും അവർക്കുണ്ടാകും. അവർക്കിടയിൽപ്പെട്ടാൽ, അവർക്കുള്ള രോഗങ്ങൾ നമ്മിലേയ്ക്കും പടരും. നാമും ആശുപത്രിയിലായതു തന്നെ. “ആ കൂട്ടത്തിനിടയിലേയ്ക്കു പോകണ്ട”, ഞാൻ സുമയ്ക്കു മുന്നറിയിപ്പു നൽകി. എന്റെ മുന്നറിയിപ്പു വകവയ്ക്കാതെ സുമ അവർക്കിടയിലേയ്ക്കു നുഴഞ്ഞുകയറി. ഗത്യന്തരമില്ലാതെ ഞാനും അവളുടെ പിന്നാലെ കൂടി. ‘അന്വേഷണം’ എന്ന കൗണ്ടർ കണ്ടെത്തി. അതിന്റെ മുന്നിലും തിരക്കു തന്നെ. ആൾക്കൂട്ടത്തിൽ നിന്നു കഴിയുന്നത്രയകന്ന ഒരിടത്തു ഞാൻ സുമയെ നിറുത്തി. ബിഗ്ഷോപ്പർ അവളുടെ തൊട്ടടുത്ത്, ചുമരിനോടു ചേർത്തു വച്ചു. തിരക്കിട്ടു നടക്കുന്നവർ അതിൽ തട്ടിത്തടഞ്ഞുവീണു പരിക്കു പറ്റരുതല്ലോ! അല്പസമയം വേണ്ടി വന്നു, ‘അന്വേഷണം’ എന്നെഴുതിവച്ചിരിയ്ക്കുന്ന ജനൽക്കലെത്താൻ. “ഗായത്രിയോ?” കൗണ്ടറിലിരുന്ന ജീവനക്കാരി കമ്പ്യൂട്ടർകീബോർഡിൽ വിരലുകളോടിച്ചു. “ആ പേരിൽ പലരുമുണ്ട്. പക്ഷേ, അവരിലാർക്കും തലയിൽ സർജറി നടന്നിട്ടില്ല.” “തമിഴ്‌നാട്ടുകാരിയാണ്.” “തമിഴ്‌നാട്ടിൽ നിന്നുള്ള ഗായത്രി ഇവിടില്ല.” അവർ തീർത്തുപറഞ്ഞു. “സർജറി നടത്തിയിട്ടുള്ളതുകൊണ്ട് ഐസിയുവിലുണ്ടായിരിയ്ക്കുമോ?” ഇന്റൻസീവ് കെയർ യൂണിറ്റിലുള്ളവരുടെ വിവരങ്ങളും കമ്പ്യൂട്ടറിലുണ്ട്. ഇല്ല, ഐസിയുവിലും ഗായത്രിയില്ല. അവർ പറഞ്ഞു. അല്പം അധൈര്യത്തോടെ ഞാൻ ചോദിച്ചു, “ഗായത്രി എന്നൊരു സ്ത്രീ ഇന്നലെയോ മറ്റോ മരണമടഞ്ഞിട്ടില്ലല്ലോ?” അവരുടെ സ്വരം കടുത്തു: “അടുത്ത ദിവസങ്ങളിലൊന്നും ഇവിടാരും മരിച്ചിട്ടില്ല.” ഞാൻ സുമയോടു വിവരങ്ങൾ പറഞ്ഞപ്പോഴാണ് അവൾ പറയുന്നത്, ഗായത്രിയുടെ ശരിയായ പേരിന് എന്തോ ചില വ്യത്യാസമുണ്ടെന്ന്. പേരു കൃത്യമല്ലെങ്കിൽ കമ്പ്യൂട്ടറിൽക്കാണില്ല. തമിഴിൽ ഗ എന്ന അക്ഷരമില്ല. ഗായത്രി തമിഴിൽ കായത്രിയായിരിയ്ക്കാം. കായത്രിയോ കായിയോ കാത്രിയോ ഒക്കെയുമാകാം. ഇവരുടെയൊക്കെ കൃത്യമായ പേരുകളെന്തെല്ലാമെന്ന് ആർക്കറിയാം! രോഗിണിയുടെ പേരറിയില്ല, വാർഡറിയില്ല. വാർഡുകളാണെങ്കിൽ പാരാവാരം പോലെ നീണ്ടുപരന്നു കിടക്കുകയും ചെയ്യുന്നു. സകലയിടങ്ങളിലും ജനത്തിരക്കു തന്നെ. തമിഴത്തിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ പൊടിപൊടിയ്ക്കുന്ന മട്ടുണ്ട്! ഞങ്ങൾ ബിഗ്ഷോപ്പറുമെടുത്തുകൊണ്ട് വനിതാവാർഡുകളിലേയ്ക്കു ചെന്നു. വനിതാവാർഡുകളവിടെ കുറേയേറെയുണ്ട്. ഭാഗ്യത്തിന് വഴിമദ്ധ്യേ ആരും ഞങ്ങളെ തടഞ്ഞുനിറുത്തിയില്ല. ആർക്കും എപ്പോഴും എവിടേയും കയറിച്ചെല്ലാവുന്ന അവസ്ഥ. അതെന്തായാലും നന്നായി. പാസ്സും മറ്റും വേണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിൽ, ഞങ്ങൾക്കു പുറത്തു നിൽക്കേണ്ടി വരുമായിരുന്നു. ബന്ധുക്കളല്ലാത്തവർക്കെങ്ങനെ പാസ്സു കിട്ടും! ആദ്യം കണ്ട വാർഡിലെ നഴ്‌സിംഗ് കൗണ്ടറിൽ ചോദിച്ചു. ഈ വാർഡിലൊരു ഗായത്രിയുണ്ടോ? തലയിൽ സർജറിനടത്തിയ, കൈയൊടിഞ്ഞ ഗായത്രി? തമിഴ്‌നാട്ടുകാരി? പല വാർഡുകളിലും ചെന്ന് ചോദ്യങ്ങളാവർത്തിച്ചു. ചോദിച്ചതെല്ലാം അവളായിരുന്നു, സുമ. പക്ഷേ, അന്വേഷണങ്ങളെല്ലാം വിഫലമായി. ഞങ്ങൾ ആദ്യമിരുന്നിരുന്ന ബെഞ്ചിനടുത്തേയ്ക്കു തിരികെച്ചെന്നു. സുമയുടെ മുഖത്തു നിരാശ. അയ്യായിരത്തിനാനൂറു രൂപയുടെ സ്റ്റെപ്പപ്പു സുരക്ഷിതമായി എന്റെ കൂടെത്തന്നെയുള്ളതുകൊണ്ട് എനിയ്ക്കു നിരാശ തീരെയുണ്ടായില്ല. ബെഞ്ചിൽ സീറ്റൊഴിവുണ്ടായിരുന്നില്ല. ബിഗ്ഷോപ്പർ വരാന്തയിൽ വച്ച്, വരാന്തയിൽച്ചാരി ഞങ്ങൾ മുറ്റത്തു നിന്നു. അര മുക്കാൽ മണിക്കൂറോളം ഞങ്ങളങ്ങനെ നിന്നു കാണും. പെട്ടെന്ന്, ആരേയോ കണ്ട് സുമ മുന്നോട്ടോടി. അല്പമകലെ കാന്റീന്റെ മുന്നിൽ നിന്നിരുന്നൊരു സ്ത്രീയെക്കണ്ടാണ് അവളോടിച്ചെന്നത്. ഒരു തമിഴത്തിയുടെ മട്ടുണ്ടായിരുന്നു, ആ സ്ത്രീയ്ക്ക്. കറുത്തു മെലിഞ്ഞ രൂപം. മുറുക്കുന്നുണ്ടെന്നു ദൂരെ നിന്നു കൊണ്ടുതന്നെയറിയാം. അവരുമായി എന്തോ സംസാരിച്ച ശേഷം സുമ മടങ്ങിവന്നു. ഗായത്രിയെ അറിയുന്നവരാരെങ്കിലുമായിരിയ്ക്കുമെന്നു കരുതിയാണു സുമ ഓടിച്ചെന്നത്. രോഗിയായ ഭർത്താവിനു കഞ്ഞി വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ആ സ്ത്രീ. അവർക്കു ഗായത്രിയെ അറിയാമായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടിട്ടുള്ള മറ്റു ചില തമിഴരെ അവർക്കറിയാം. ഭർത്താവിനു കഞ്ഞി കൊടുത്ത ശേഷം, ഒരന്വേഷണം നടത്തിയിട്ടു വരാമെന്നു പറഞ്ഞാണവർ വാർഡുകളുടെ ഭാഗത്തേയ്ക്കു പോയത്. കുറേ സമയം ഞങ്ങൾ കാത്തിരുന്നു. അതിനിടയിൽ ‘വെറുതേ ഇവിടിങ്ങനെയിരുന്നിട്ടു കാര്യമില്ല. നമുക്കു മടങ്ങിപ്പോകാം’ എന്നു ഞാൻ സുമയോടു പല തവണ പറഞ്ഞു. ‘ആ തമിഴത്തി നമ്മുടെ കാര്യം മറന്നുപോയിട്ടുണ്ടാകും. സ്വന്തം കാര്യങ്ങൾക്കു വേണ്ടി പരക്കം പാഞ്ഞു നടക്കുന്നതിനിടയിൽ അന്യരുടെ കാര്യം ഓർക്കാൻ അവർക്കെവിടെ സമയം!’ അവർ മടങ്ങിവന്നില്ലെങ്കിൽ അത്രയും നല്ലത്. സ്റ്റെപ്പപ്പിനെ രക്ഷപ്പെടുത്തിക്കൊണ്ടു പോകാമല്ലോ. അതായിരുന്നു, വാസ്തവത്തിലെന്റെ ചിന്ത. മടങ്ങിപ്പോകാൻ സുമ സമ്മതിച്ചില്ല. അവൾ അവിടെത്തന്നെ ഉറച്ചു നിന്നു. ‘ആരെങ്കിലും വരും. വരാതിരിയ്ക്കില്ല.’ അവളുടെ വിശ്വാസം ശരിയായി. ആ സ്ത്രീ തിരികെ വന്നു. “ആളെ പാത്താച്ച്” മുറുക്കിച്ചുവന്ന പല്ലുകൾ കാണിച്ചവർ ചിരിച്ചു. സുമയുടെ ‘ആൾക്കെങ്ങനെയുണ്ട്’ എന്ന ചോദ്യത്തിന് അവർ നൽകിയ ഉത്തരം “പറവായില്ലെ” എന്നായിരുന്നു. സാരമില്ലെന്ന്! ആ ഉത്തരം കേട്ടു ഞാൻ തളർന്നു: നാലായിരം രൂപ വെള്ളത്തിൽ! വഴി കാണിച്ചുകൊണ്ട് തമിഴത്തി മുന്നിൽ നടന്നു. പിന്നിൽ, ഉത്സാഹത്തോടെ സുമയും, തളർച്ചയോടെ ഞാനും. ബിഗ്ഷോപ്പറിനു പെട്ടെന്നു ഭാരം കൂടിയതായിത്തോന്നി. പല വാർഡുകളുടേയും മുന്നിലൂടെ ഞങ്ങൾ കുറേയേറെ നടന്ന് ഒരു വാർഡിലെത്തി. തലയിൽ കെട്ടുള്ള വനിതകളായിരുന്നു ആ വാർഡിൽ മുഴുവൻ. നിരത്തിയിട്ടിരിയ്ക്കുന്ന കട്ടിലുകളിൽ ഒന്നിന്റെയടുത്തേയ്ക്ക് വഴികാട്ടി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. രോഗിണി ഉറക്കത്തിലായിരുന്നു. തലയിലെ വലിയ കെട്ട് വലതു കണ്ണ് ഏകദേശം മറയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. വലതു കൈ പ്ലാസ്റ്ററിൽ. എനിയ്ക്ക് ആളെത്തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതു ഗായത്രി തന്നെയോ? എന്നാൽ, ആളെ തിരിച്ചറിയാൻ സുമയ്ക്കു തീരെ ബുദ്ധിമുട്ടുണ്ടായില്ല. അവൾ കട്ടിലിനടുത്തേയ്ക്കു ചെന്ന്, രോഗിണിയുടെ ഇടതുകൈയിൽ സ്പർശിച്ചുകൊണ്ടു മെല്ലെ വിളിച്ചു, “ഗായത്രീ”. രോഗിണി കണ്ണു തുറന്നു. സുമയെ രോഗിണി തിരിച്ചറിഞ്ഞു; തളർന്ന സ്വരത്തിൽ വിളിച്ചു, “ചേച്ചീ”. വരണ്ട ചുണ്ടുകൾ അല്പമൊന്നു വിടർന്നു. “ചേച്ചി ഇങ്കെ...എതുക്ക്?” “അവങ്ക ഉന്നൈ പാക്കറുതുക്കു താൻ വന്തിര്ക്ക്.” ഞങ്ങളുടെ വഴികാട്ടി ഗായത്രിയ്ക്കു വിശദീകരിച്ചുകൊടുത്തു. “എങ്ങനേണ്ട്?” സുമ ഉത്കണ്ഠയോടെ ഗായത്രിയോടാരാഞ്ഞു. “പറവായില്ലൈ, ചേച്ചീ.” അവൾ നിറുത്തിനിറുത്തിപ്പറഞ്ഞു. “പത്തു നാള്ക്കപ്പുറം പോലാം. ഡോക്ടർ ശൊന്നാച്ച്.” തളർച്ചയോടെയാണെങ്കിലും, തമിഴത്തിയ്ക്കു പറയാനാകുന്നുണ്ട്. “കണ്ണിനു കൊഴപ്പോന്നൂല്ലല്ലോ?” “ഇല്ല, ചേച്ചീ. കണ്ണുക്ക് കൊളപ്പമില്ല.” “വേദനേണ്ടോ?” “പറവായില്ലൈ, ചേച്ചീ.” സുമ എന്റെ നേരേ തിരിഞ്ഞ് ശിരസ്സു ചലിപ്പിച്ചു; ‘അതു കൊടുക്ക്’ എന്നായിരിയ്ക്കണം. ഞാൻ ബിഗ്ഷോപ്പർ തുറന്ന്, കെട്ടുകളഴിച്ച്, പത്രക്കടലാസുകൊണ്ടുള്ള പൊതികൾ നീക്കി, സ്റ്റെപ്പപ്പു പുറത്തെടുത്തു. ഹൊ, എന്തൊരു ഭാരം! ഞാൻ പ്രയാസപ്പെട്ട്, സ്റ്റെപ്പപ്പുയർത്തിക്കാണിച്ചു. സ്റ്റെപ്പപ്പിലേയ്ക്കു ചൂണ്ടിക്കൊണ്ടു സുമ ഗായത്രിയോടു പറഞ്ഞു. “നിനക്കു സാറിന്റെ സമ്മാനം.” എന്റെ കൈ പെട്ടെന്നു കഴച്ചു. ഞാൻ കുനിഞ്ഞ്, സ്റ്റെപ്പപ്പു കട്ടിലിനടിയിലേയ്ക്കു തള്ളി വച്ചു. അതു തട്ടി ഗായത്രിയോ മറ്റാരെങ്കിലുമോ വീഴാനിട വരരുത്. ഞാൻ നിവർന്നപ്പോൾ തമിഴത്തിയുടെ കണ്ണു നിറഞ്ഞൊഴുകുന്നു. ഒടിയാത്ത കൈ നീട്ടി അവൾ സുമയുടെ കൈ പിടിച്ചു. കനത്ത ബാന്റേജു ചുറ്റിയിരിയ്ക്കുന്ന ശിരസ്സു പ്രയാസപ്പെട്ടുയർത്തി തമിഴത്തി ഗദ്‌ഗദത്തോടെ പറഞ്ഞു: “നൻട്രി ചേച്ചീ, നൻട്രി സാർ, റൊമ്പ നൻട്രി...” സുമ സാരിത്തുമ്പുകൊണ്ടു ഗായത്രിയുടെ കണ്ണുനീരു തുടച്ചു മാറ്റി. “ഒക്കെ സുഖായി, വേഗം മടങ്ങി വരാറാകട്ടെ.”വാർഡിൽ നിന്നു മടങ്ങുമ്പോൾ എന്റെ കൈ സുമയുടെ കൈയ്ക്കുള്ളിലായിരുന്നു. പതിവില്ലാത്തതാണത്. അത്ഭുതമെന്നു പറയട്ടേ, വാർഡിലുപേക്ഷിച്ച നാലായിരം രൂപയുടെ കാര്യം എന്നെ വലുതായി അലട്ടിയിരുന്നുമില്ല.(ഇക്കഥ തികച്ചും സാങ്കല്പികമാണ്.) [email protected]

  Mar 24, 2016 0
 • ചില വ്യാകരണചിന്തകൾ ഭാഗം 2 – പരസ്പരബന്ധം (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം രണ്ടു പേർക്കിരിയ്ക്കാവുന്ന സീറ്റ്; അവയിലൊന്ന് ഒഴിഞ്ഞുകിടക്കുന്നു. അതിലിരിയ്ക്കാനായി ചെല്ലുന്ന നമ്മെക്കണ്ട്, മറ്റേ സീറ്റിലിരിയ്ക്കുന്ന യാത്രക്കാരൻ ശിരസ്സിന്റെ ഒരു ചലനത്തിലൂടെ നമ്മെ ക്ഷണിയ്ക്കുകയും, അല്പം കൂടി ഒതുങ്ങിയിരുന്ന്, നമുക്കു കഴിയുന്നത്ര സൗകര്യം തരാൻ ശ്രമിയ്ക്കുകയും ചെയ്യുന്നു. ചിലർ സൗഹൃദത്തോടെ “വരൂ” എന്നു ക്ഷണിയ്ക്കുക കൂടിച്ചെയ്തെന്നും വരാം. യാത്രികർ തമ്മിലുള്ള സൗഹൃദത്തിന് അവിടെ തുടക്കമിടുന്നു. എന്നാൽ, ചുരുക്കം ചിലർ ങേ ഹേ, നമ്മെ കണ്ടതായിപ്പോലും ഭാവിയ്ക്കില്ല! രണ്ടു പേരിരിയ്ക്കേണ്ട സീറ്റാണെന്ന കാര്യം വിസ്മരിച്ച്, അവർ തങ്ങളുടെ പരന്നൊഴുകിയുള്ള ഇരിപ്പു തുടർന്നെന്നും വരാം. വീണുപോകാതിരിയ്ക്കാൻ പാടുപെട്ടുകൊണ്ട് സീറ്റിന്റെ ഒരറ്റത്തു നമുക്കിരിയ്ക്കേണ്ടി വന്നെന്നും വരാം. ഇത്തരം സന്ദർഭങ്ങളിൽ അടുത്തടുത്തിരിയ്ക്കുന്നവരായിട്ടും ഇരുയാത്രികരുടേയുമിടയിൽ സൗഹൃദമുണ്ടാകുന്നില്ല; അവർ പരസ്പരം വേറിട്ടു നിൽക്കുന്നു. മലയാളവ്യാകരണത്തെപ്പറ്റിയുള്ള ചിന്തകൾക്കിടയിൽ ബസ്സുയാത്രയിലെ വിശേഷങ്ങൾക്കെന്തു പ്രസക്തിയെന്ന ചോദ്യമുയരാം. ഒരു യാത്രികൻ തന്റെ അടുത്തുവന്നിരിയ്ക്കാൻ പോകുന്ന മറ്റൊരു യാത്രികന്റെ സൗകര്യത്തിനു വേണ്ടി സ്വന്തം ഇരിപ്പിനു ചില ചെറുമാറ്റങ്ങൾ വരുത്തുന്നതു പോലെ, മലയാളമെഴുതുമ്പോൾ വാക്കുകൾക്കിടയിൽ പരസ്പരബന്ധമുണ്ടാകാൻ വേണ്ടി, വാക്കുകളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വാക്കുകൾ തമ്മിൽ ബന്ധമുണ്ടാകുമ്പോൾ, അതു വായനാസുഖം നൽകുന്നു. ചില രചനകൾ വായിച്ചുകഴിയുമ്പോൾ നാം പറയാറുണ്ട്, “നല്ല ഒഴുക്കുള്ള ഭാഷ!” വാക്കുകളെ പരസ്പരം ബന്ധപ്പെടുത്തിയിരിയ്ക്കുന്നതു കൊണ്ടാണ് ഒഴുക്ക് അഥവാ വായനാസുഖം അനുഭവപ്പെടുന്നത്. ബ്ലോഗുകളിൽ ഒഴുക്കു വർദ്ധിപ്പിയ്ക്കാനുള്ള ചില വഴികൾ താഴെക്കുറിയ്ക്കുന്നു. “അന്ന് ഞങ്ങൾ” – ഈ വാക്കുകളിലുള്ള ചെറിയൊരു കുഴപ്പം ഒറ്റ നോട്ടത്തിൽ കണ്ടെന്നു വരില്ല. ഒഴുക്കു കുറവാണെന്നതാണു ഞാൻ കാണുന്ന കുഴപ്പം. സാരമുള്ളതൊന്നുമല്ലിത്. എങ്കിലും, എഴുത്തു കഴിയുന്നത്ര നന്നാക്കണം എന്നാഗ്രഹിയ്ക്കുന്നവർ ഇത്തരം കുഴപ്പങ്ങളെപ്പോലും ശ്രദ്ധിയ്ക്കുകയും അകറ്റുകയും ചെയ്യുന്നതു നന്ന്. “അന്ന് ഞങ്ങൾ” എന്നെഴുതുമ്പോൾ, “അന്ന്” എന്ന പദത്തിന് “ഞങ്ങൾ” എന്ന പദവുമായി ബന്ധമില്ലാതെ പോകുന്നു. അവ സ്വതന്ത്രമായ പദങ്ങളായിത്തുടരുന്നു. അടുത്തടുത്ത സീറ്റുകളിലിരുന്നിട്ടും “അകന്നിരിയ്ക്കുന്ന” യാത്രക്കാരെപ്പോലെ, ആ പദങ്ങൾ രണ്ടും പരസ്പരം ബന്ധപ്പെടാതെ, വേറിട്ടു നിൽക്കുന്നു. കാരണം വിശദീകരിയ്ക്കാം: ചന്ദ്രക്കല ഒരു കോമയ്ക്കു തുല്യമാണ്. കോമയെന്നാൽ അല്പവിരാമം. വായിച്ചുപോകുമ്പോൾ, കോമയുള്ളിടത്ത് ഹ്രസ്വനേരത്തേയ്ക്കൊന്നു നിറുത്തണം: ഒരര നിമിഷം. ചന്ദ്രക്കലയിലവസാനിയ്ക്കുന്ന വാക്കുച്ചരിച്ച ശേഷവും അര നിമിഷം നിൽക്കണം. “അന്ന് ഞങ്ങൾ” എന്നെഴുതിയിരിയ്ക്കുമ്പോൾ, “അന്ന്” എന്നു വായിച്ച്, അര നിമിഷം നിന്നതിനു ശേഷമേ “ഞങ്ങൾ” എന്നു പറയാൻ തുടങ്ങുകയുള്ളൂ, അഥവാ തുടങ്ങാനാകൂ. ഈ നിറുത്തൽ അര നിമിഷം മാത്രം നീളുന്നതാണെങ്കിലും, അതു വായനയുടെ ഒഴുക്കിനു ഭംഗം വരുത്തുന്നു, വായനാസുഖം കുറയ്ക്കുന്നു. റെയിൽപ്പാളത്തിൽ ഇടയ്ക്കിടെ ചെറിയ വിടവുകളുണ്ടെന്നു കരുതുക. വണ്ടിച്ചക്രങ്ങൾ ആ വിടവുകൾ കടക്കുമ്പോൾ അരോചകമായ ശബ്ദകോലാഹലമുണ്ടാകുന്നു, യാത്ര അസുഖകരമാകുന്നു, അതിവേഗയാത്ര അസാദ്ധ്യവുമാകുന്നു. വിളക്കിച്ചേർത്ത, വിടവുകളില്ലാത്ത റെയിൽപ്പാളങ്ങളാകട്ടെ, കോലാഹലം കുറച്ച്, യാത്ര സുഖകരവും അതിദ്രുതവുമാക്കുന്നു. വാക്കുകളുടെ കാര്യത്തിലും ഈ വിളക്കിച്ചേർക്കൽ പ്രസക്തമാണ്. ഒതുങ്ങിയിരിപ്പിന്റെ, അല്ലെങ്കിൽ വിളക്കിച്ചേർക്കലിന്റെ ഭാഗമായി “അന്ന്” എന്ന പദം “അന്നു” എന്നു പരിഷ്കരിച്ചെഴുതി നോക്കാം: “അന്ന് ഞങ്ങൾ” “അന്നു ഞങ്ങൾ” എന്നായിത്തീരുന്നു. പദങ്ങൾക്കിടയിലുള്ള നിറുത്തൽ ഒഴിവാകുന്നു. ഒഴുക്കു വർദ്ധിയ്ക്കുന്നു. വായനാസുഖം കൂടുന്നു. ചില ഉദാഹരണങ്ങൾ കൂടിയിതാ: 1)  അലിഞ്ഞ് ചേരുന്നു 2)  വേണ്ടത് ചെയ്തു 3)  അന്ന് രാത്രി 4)  കോട്ടയത്ത് പോയി 5)  തോക്ക് ചൂണ്ടി 6)  എന്നാണ് വിവക്ഷ 7)  മുകളിലാണ് കോട്ട 8)  കണ്ണടച്ച് കിടന്നു 9)  ലീവിന് പോവുന്ന 10) ഒപ്പ് വയ്ക്കുമ്പോൾ 11) ഗതികേട് കൊണ്ട് 12) ഇനിയെന്ത് ചെയ്യും 13) വഴക്ക് പറയുമ്പോൾ 14) അത് വഴി 15) തിരിച്ച് പോകുന്നു 16) ഇത് മുഴുവൻ 17) ജനിച്ച് വളർന്ന ചന്ദ്രക്കലയ്ക്കു വ്യാകരണത്തിലൊരു പേരുണ്ട്: സംവൃത ഉകാരം. സംവൃതോകാരം എന്നും പറയും. ഈ ലേഖനത്തിൽ ചിലയിടങ്ങളിൽ “ചന്ദ്രക്കല”യെന്നെഴുതുന്നതിനു പകരം സംവൃതോകാരം എന്നുപയോഗിച്ചെന്നു വരാം. രണ്ടും ഒന്നു തന്നെ. മുകളിൽക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളിലെല്ലാം രണ്ടു പദങ്ങൾ വീതമുണ്ട്. അവയിലെ ആദ്യത്തെ പദങ്ങളെല്ലാം ചന്ദ്രക്കലയിൽ അവസാനിച്ചിരിയ്ക്കുന്നു. അലിഞ്ഞ്, വേണ്ടത്, അന്ന്, കോട്ടയത്ത്, തോക്ക്, എന്നാണ്, മുകളിലാണ്, കണ്ണടച്ച്, ലീവിന്, ഒപ്പ്, ഗതികേട്, ഇനിയെന്ത്, വഴക്ക്, അത്, തിരിച്ച്, ഇത്, ജനിച്ച് – ഇവയെല്ലാമാണ് ആദ്യപദങ്ങൾ. വായനയിലെ ഒഴുക്കു വർദ്ധിപ്പിയ്ക്കാൻ വേണ്ടി ഈ പദങ്ങളുടെയെല്ലാം അവസാനത്തിലുള്ള സംവൃതോകാരത്തെ നമുക്കു നീക്കം ചെയ്യാം. പകരം ഉകാരം കൊണ്ടുവരാം. “അലിഞ്ഞ്” “അലിഞ്ഞു” ആയി. “വേണ്ടത്” “വേണ്ടതു” ആയി. “അന്ന്” “അന്നു” ആയി; അങ്ങനെയങ്ങനെ. വാക്കുകളുടെ അവസാനത്തിൽ ഉകാരമുണ്ടെങ്കിൽ അത്തരം ഉകാരങ്ങൾക്ക് വിവൃതോകാരം എന്നും പറയുന്നു. “അന്ന് ഞങ്ങൾ” എന്ന ഉദാഹരണത്തിൽ രണ്ടാമത്തെ പദമായ “ഞങ്ങൾ” തുടങ്ങിയിരിയ്ക്കുന്നത് “ഞ” എന്ന അക്ഷരത്തിലാണ്. മലയാളത്തിലെ അക്ഷരങ്ങളെ രണ്ടായി തരം തിരിയ്ക്കാം: സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും. “ഞ” വ്യഞ്ജനങ്ങളിൽപ്പെടുന്നു. മുകളിൽക്കൊടുത്തിരിയ്ക്കുന്ന മറ്റുദാഹരണങ്ങളിലെ സ്ഥിതിയും ഇതു തന്നെ. അവയിൽ രണ്ടാമതു വരുന്ന പദങ്ങളിവയാണ്: ചേരുന്നു, ചെയ്തു, രാത്രി, പോയി, ചൂണ്ടി, വിവക്ഷ, കോട്ട, കിടന്നു, പോവുന്ന, വയ്ക്കുമ്പോൾ, കൊണ്ട്, ചെയ്യും, പറയുമ്പോൾ, വഴി, പോകുന്നു, മുഴുവൻ, വളർന്ന. ഈ പദങ്ങളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളായ ചേ, ചെ, രാ, പോ, ചൂ, വി, കോ, കി, പോ, വ, കൊ, ചെ, പ, വ, പോ, മു, വ എന്നിവയെല്ലാം വ്യഞ്ജനങ്ങൾ തന്നെ; അവയിലൊന്നുപോലും സ്വരാക്ഷരമല്ല. ഇടയ്ക്കൊരു കാര്യം കൂടിപ്പറഞ്ഞോട്ടേ: ഒരക്ഷരം സ്വരമാണോ വ്യഞ്ജനമാണോ എന്നറിയുക എളുപ്പമാണ്. അ, ആ, ഇ, ഈ മുതൽ ഔ, അം, അഃ വരെയുള്ളവയാണു സ്വരങ്ങൾ. ക, ഖ മുതൽ ള, ഴ, റ വരെയുള്ളവ വ്യഞ്ജനങ്ങളും. വായനാസുഖം വർദ്ധിപ്പിയ്ക്കാൻ വേണ്ടി മുകളിൽക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളിലെല്ലാം നാം വരുത്തിയ പരിഷ്കരണം ഒന്നു തന്നെ: അവയിലെ രണ്ടാമത്തെ പദങ്ങളെല്ലാം വ്യഞ്ജനങ്ങളിൽ തുടങ്ങുന്നവയായതുകൊണ്ട്, ഒന്നാമത്തെ പദങ്ങളുടെ അവസാനത്തിലുണ്ടായിരുന്ന സംവൃതോകാരത്തെ നാം വിവൃതോകാരമാക്കി പരിഷ്കരിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തി ചെറിയൊരു വ്യാകരണനിയമമുണ്ടാക്കാൻ നമുക്കു ശ്രമിച്ചുനോക്കാം: “അടുത്തടുത്തു വരുന്ന പദങ്ങളിൽ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും രണ്ടാമത്തേതു വ്യഞ്ജനത്തിൽ തുടങ്ങുകയും ചെയ്യുന്നെങ്കിൽ ആദ്യത്തേതിന്റെ അവസാനമുള്ള ചന്ദ്രക്കലയ്ക്കു പകരം ഉകാരം ഉപയോഗിയ്ക്കണം.” ഒരു വ്യാകരണനിയമത്തിന്റെ പ്രൗഢി കലർത്താനായി, ഈ നിയമത്തിന്റെ അവസാനഭാഗം ഇങ്ങനെ പരിഷ്കരിയ്ക്കാം: “...ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം”. ഈ നിയമമനുസരിച്ച്, മുകളിൽക്കൊടുത്തിരിയ്ക്കുന്ന പതിനേഴുദാഹരണങ്ങളുടെ ശരിരൂപങ്ങൾ താഴെക്കൊടുക്കുന്നു: 1)  അലിഞ്ഞ് ചേരുന്നു - അലിഞ്ഞു ചേരുന്നു 2)  വേണ്ടത് ചെയ്തു - വേണ്ടതു ചെയ്തു 3)  അന്ന് രാത്രി - അന്നു രാത്രി 4)  കോട്ടയത്ത് പോയി - കോട്ടയത്തു പോയി 5)  തോക്ക് ചൂണ്ടി - തോക്കു ചൂണ്ടി 6)  എന്നാണ് വിവക്ഷ - എന്നാണു വിവക്ഷ 7)  മുകളിലാണ് കോട്ട - മുകളിലാണു കോട്ട 8)  കണ്ണടച്ച് കിടന്നു - കണ്ണടച്ചു കിടന്നു 9)  ലീവിന് പോവുന്ന - ലീവിനു പോവുന്ന 10) ഒപ്പ് വയ്ക്കുമ്പോൾ - ഒപ്പു വയ്ക്കുമ്പോൾ 11) ഗതികേട് കൊണ്ട് - ഗതികേടു കൊണ്ട് 12) ഇനിയെന്ത് ചെയ്യും - ഇനിയെന്തു ചെയ്യും 13) വഴക്ക് പറയുമ്പോൾ - വഴക്കു പറയുമ്പോൾ 14) അത് വഴി - അതു വഴി 15) തിരിച്ച് പോകുന്നു - തിരിച്ചു പോകുന്നു 16) ഇത് മുഴുവൻ - ഇതു മുഴുവൻ 17) ജനിച്ച് വളർന്ന - ജനിച്ചു വളർന്ന അടുത്തിരിയ്ക്കുന്ന സഹയാത്രികന്റെ സുഖസൗകര്യങ്ങളിൽ തെല്ലും ശ്രദ്ധിയ്ക്കാതെ, ജനലിലൂടെ മാനത്തേയ്ക്കോ പുറത്തേയ്ക്കോ നോക്കിയിരിയ്ക്കുന്ന യാത്രക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട്, അനാവശ്യമായി ചന്ദ്രക്കലയിലവസാനിച്ചിരിയ്ക്കുന്ന പദങ്ങളെ നമുക്കു “മാനം നോക്കികൾ” എന്നു വിളിയ്ക്കാം. മാനം നോക്കിപ്പദങ്ങളെ ഒട്ടുമുപയോഗിയ്ക്കരുത് എന്നു ഞാൻ പറയില്ലെങ്കിലും, അവ അമിതമായുപയോഗിയ്ക്കരുത് എന്നു പറഞ്ഞേ തീരൂ; കാരണം, മാനം നോക്കിപ്പദങ്ങൾ അമിതമാകുമ്പോൾ ഗദ്യത്തിന്റെ വായനാസുഖം കുറയുന്നു. ആശയമഹിമയുള്ള ഗദ്യം പോലും വായനാസുഖത്തിന്റെ കുറവു മൂലം ആസ്വദിയ്ക്കപ്പെടാതെ പോയേയ്ക്കാം. നാം രൂപം കൊടുക്കാൻ തുടങ്ങിയ നിയമം പൂർണമായിട്ടില്ല. അതു പൂർണമാകണമെങ്കിൽ അതിനെ അല്പം കൂടി വികസിപ്പിയ്ക്കാനുണ്ട്. അതിന്നായി മറ്റു ചില ഉദാഹരണങ്ങൾ കൂടി പരിശോധിയ്ക്കുകയും കണക്കിലെടുക്കുകയും വേണം. 18) മൂന്നു അവധി 19) മൂന്നു ആശംസകൾ 20) എന്നാണു ആദ്യം 21) എന്നാണു അർത്ഥം 22) ഇതിനു അർത്ഥമായി 23) ഇതിനു അർത്ഥമുണ്ട് 24) കണക്കു എന്നും 25) കിടന്നു ഉരുകിത്തിളയ്ക്കുന്ന 26) നിന്നു ഇറങ്ങി 27) പുൽത്തൊഴുത്തിനു അലങ്കാരമേകാൻ 28) മുറിഞ്ഞിടത്തു ഒരു 29) പതിയിരുന്നുവെന്നു അദ്ദേഹം 30) നേടാനെന്നു അയാൾ 31) ഉണ്ടായതു അയാളുടെ 32) വീടിനുള്ളിലേക്കു ഉത്സാഹത്തോടെ ‘കുട്ട്’ എന്നെഴുതി ‘കട്ട്’ എന്നു വായിയ്ക്കുന്ന ഭാഷയാണിംഗ്ലീഷ്; ‘കുട്ട്’ ‘കട്ടാ’ണെന്നു കണ്ട്, ‘പുട്ടി’നെ ‘പട്ട്’ എന്നു വായിച്ചുപോയാൽ കുടുങ്ങിയതു തന്നെ: ‘പുട്ട്’ ‘പുട്ട്’ തന്നെ. ഇംഗ്ലീഷിലുള്ള ഇത്തരം തലതിരിവുകൾ മലയാളത്തിലില്ല; എഴുതിയിരിയ്ക്കുന്നതു പോലെ തന്നെ വായിയ്ക്കുന്ന, ലളിതമായ ഭാഷയാണു മലയാളം: വായിയ്ക്കാൻ സുഖമുള്ള “ഫൊണറ്റിക്” ഭാഷ. ഒരു തരത്തിലെഴുതുകയും മറ്റൊരു തരത്തിൽ വായിയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം മലയാളത്തിലില്ല. മലയാളപദങ്ങൾ എഴുതിയിരിയ്ക്കുന്നതുപോലെത്തന്നെ ഉച്ചരിയ്ക്കണം എന്നർത്ഥം. 18 മുതൽ 32 വരെയുള്ള ഉദാഹരണങ്ങളിലെ ആദ്യജോടിയായ “മൂന്നു അവധി”യെത്തന്നെ പരിശോധിയ്ക്കാം. “മൂന്നു അവധി” എന്ന ജോടിയുടെ ഉച്ചാരണം അല്പം ദുഷ്കരമാണ്. അതിനുള്ള കാരണം വ്യക്തമാണ്: “മൂന്നു” ഉകാരത്തിലവസാനിയ്ക്കുന്നു, “അവധി” അകാരത്തിൽ തുടങ്ങുന്നു. ഉകാരം കഴിഞ്ഞയുടൻ അകാരം. ഉ+അ. ഈ രണ്ടു സ്വരങ്ങൾ തമ്മിൽച്ചേർക്കുക എളുപ്പമല്ല. അവ രണ്ടും ചേർന്നുണ്ടാക്കുന്ന ശബ്ദം “ഉവ” അല്ലെങ്കിൽ “ഉയ” ആണ്. സ്വരാക്ഷരങ്ങളുടെ ഉച്ചാരണം ആയാസരഹിതമാണ്. എന്നാൽ, “ഉവ”യുടേയും “ഉയ”യുടേയും ഉച്ചാരണം ആയാസരഹിതമല്ല. അതുകൊണ്ടായിരിയ്ക്കണം, സ്വരങ്ങളിൽ “ഉവ”, “ഉയ” എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തത്. “ഉവ”യും “ഉയ”യും ഉപയോഗിച്ചുകാണാറുമില്ല. ഇതേ കാരണം കൊണ്ടു തന്നെ, “മൂന്നു”, “അവധി” എന്നീ പദങ്ങൾ ചേർത്ത്, “മൂന്നുവവധി”, “മൂന്നുയവധി” എന്നിവയുണ്ടാക്കാനാവില്ല. “മൂന്നു”, “അവധി” എന്നിങ്ങനെ രണ്ടു പദങ്ങളായി, വേർതിരിച്ച് ഉച്ചരിയ്ക്കാനുള്ള സാദ്ധ്യത കുറവുമാണ്. അതുകൊണ്ട്, ഇവയുടെ സ്വാഭാവികശരിരൂപം “മൂന്ന് അവധി” എന്നാണ്. സംഭാഷണമദ്ധ്യേയാണെങ്കിൽ, നാമവയെ “മൂന്നവധി”യെന്നു ചേർത്തുച്ചരിയ്ക്കാനാണിട. “മൂന്നവധി”യെന്നത് “മൂന്ന്”, “അവധി” എന്ന പദങ്ങളുടെ സന്ധിയാണ്. “മൂന്ന് അവധി” എന്നെഴുതിയാൽ ഉത്തമവും “മൂന്നവധി”യെന്നെഴുതിയാൽ അത്യുത്തമവുമാണ്. “മൂന്നു അവധി”യെ “മൂന്ന് അവധി”യെന്നു പരിഷ്കരിച്ചപ്പോൾ ഉച്ചാരണം സുഗമമായി, അവ എഴുതുന്നതുപോലെ തന്നെ വായിയ്ക്കാനുമൊത്തു. അടുത്ത ഉദാഹരണങ്ങളിലൊന്നായ “എന്നാണു അർത്ഥം” എന്ന ജോടിയിലും ആദ്യപദം ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തെ പദം അകാരത്തിൽ തുടങ്ങുകയും ചെയ്യുന്നു. ഉ കഴിഞ്ഞയുടൻ അ. ഉ+അ. ഇതു ദുഷ്കരമാണെന്നു മുകളിൽ സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റൊരുദാഹരണമെടുക്കാം: “കണക്കു എന്നും”. ഇവിടെ ആദ്യപദം ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തെ പദം എകാരത്തിൽ തുടങ്ങുകയും ചെയ്യുന്നു. ഉ കഴിഞ്ഞയുടൻ എ. “ഉഎ” അല്ലെങ്കിൽ “ഉയേ” അല്ലെങ്കിൽ “ഉവേ”. ഇവയുടെ ഉച്ചാരണവും എളുപ്പമല്ല. അതുകൊണ്ടുതന്നെയാകണം, അത്തരമൊരു സ്വരം സ്വരാക്ഷരങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തത്. “കണക്കു”, “എന്നും” എന്നിവ ചേർത്ത് “കണക്കുവെന്നും” അല്ലെങ്കിൽ “കണക്കുയെന്നും” എന്നെഴുതാൻ സന്ധിനിയമങ്ങൾ അനുവദിയ്ക്കുന്നുമില്ല. സന്ധിനിയമങ്ങളനുവദിയ്ക്കാത്തതിന്റെ കാരണം ഉച്ചാരണത്തിലുള്ള ബുദ്ധിമുട്ടു തന്നെ. പരിഹാരമെന്ത്? “കണക്ക് എന്നും” എന്നാക്കി പരിഷ്കരിയ്ക്കുക തന്നെ; ഉച്ചാരണം എളുപ്പമായി. “കണക്കെന്നും” എന്നു സന്ധിപ്പിച്ചുച്ചരിച്ചാൽ അത്യുത്തമം. സന്ധിചേർത്തെഴുതാവുന്ന പദങ്ങൾ കഴിവതും അത്തരത്തിൽ ചേർത്തെഴുതണം. ഒരുദാഹരണം കൂടി: “മുറിഞ്ഞിടത്തു ഒരു”. ഇവയിലാദ്യപദം ഉകാരത്തിലവസാനിയ്ക്കുന്നു. രണ്ടാമത്തെപ്പദം ഒകാരത്തിൽത്തുടങ്ങുന്നു. ഉകാരം കഴിഞ്ഞയുടൻ ഒകാരം. ഉ+ഒ. ഉയോ അല്ലെങ്കിൽ ഉവോ. ഇതും പതിവല്ല. ഉയോ അല്ലെങ്കിൽ ഉവോ എന്ന സ്വരം മലയാളത്തിലില്ല. ഈ പദങ്ങൾ കൂട്ടിച്ചേർത്ത് “മുറിഞ്ഞിടത്തുവൊരു” എന്ന പദമോ “മുറിഞ്ഞിടത്തുയൊരു” എന്ന പദമോ ഉണ്ടാക്കാൻ സന്ധിനിയമങ്ങളനുവദിയ്ക്കുന്നുമില്ല. “മുറിഞ്ഞിടത്ത് ഒരു” എന്നായാൽ ഭംഗിയായി. “മുറിഞ്ഞിടത്തൊരു” എന്നായാൽ കൂടുതൽ മികച്ചതായി. “മൂന്നു അവധി”യെ “മൂന്ന് അവധി”യെന്നും, “എന്നാണു അർത്ഥ”ത്തെ “എന്നാണ് അർത്ഥ”മെന്നും, “കണക്കു എന്നും” എന്നതിനെ “കണക്ക് എന്നും” എന്നും, “മുറിഞ്ഞിടത്തു ഒരു” എന്നതിനെ “മുറിഞ്ഞിടത്ത് ഒരു” എന്നുമാക്കി പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിൽ, നാം മുകളിൽ രൂപം കൊടുത്തു തുടങ്ങിയിരുന്ന നിയമത്തെ പൂർത്തീകരിയ്ക്കാൻ ശ്രമിയ്ക്കാം. 18 മുതൽ 32 വരെയുള്ള ഉദാഹരണങ്ങളിലെല്ലാം, രണ്ടാമത്തെ പദങ്ങൾ ആരംഭിച്ചിരിയ്ക്കുന്നത് സ്വരങ്ങളിലാണ്. ഈ ജോടികളിലെ ആദ്യപദങ്ങളുടെ അവസാനമുണ്ടായിരുന്ന ഉകാരത്തെ മാറ്റി, പകരം ചന്ദ്രക്കല വരുത്തിയാണു നാമവയെ പരിഷ്കരിച്ചത്. അപ്പോൾ, ഇങ്ങനെയൊരു നിയമവുമുണ്ടാക്കാം: “അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും, രണ്ടാമത്തേതു സ്വരത്തിൽ തുടങ്ങുകയും ചെയ്യുമ്പോൾ, ആദ്യപദത്തിന്റെ അവസാനമുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കല ഉപയോഗിയ്ക്കണം.” ഈ നിയമമനുസരിച്ച് മുകളിൽക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളുടെ ശരിരൂപങ്ങൾ താഴെക്കൊടുക്കുന്നു: 18)   മൂന്നു അവധി - മൂന്ന് അവധി (മൂന്നവധി എന്നു സന്ധിപ്പിച്ചാൽ കൂടുതൽ മികച്ചതായി) 19)   മൂന്നു ആശംസകൾ - മൂന്ന് ആശംസകൾ (മൂന്നാശംസകൾ) 20)   എന്നാണു ആദ്യം - എന്നാണ് ആദ്യം (എന്നാണാദ്യം) 21)   എന്നാണു അർത്ഥം - എന്നാണ് അർത്ഥം (എന്നാണർത്ഥം) 22)   ഇതിനു അർത്ഥമായി - ഇതിന് അർത്ഥമായി (ഇതിനർത്ഥമായി) 23)   ഇതിനു അർത്ഥമുണ്ട് - ഇതിന് അർത്ഥമുണ്ട് (ഇതിനർത്ഥമുണ്ട്) 24)   കണക്കു എന്നും - കണക്ക് എന്നും (കണക്കെന്നും) 25)   കിടന്നു ഉരുകിത്തിളയ്ക്കുന്ന - കിടന്ന് ഉരുകിത്തിളയ്ക്കുന്ന (കിടന്നുരുകിത്തിളയ്ക്കുന്ന) 26)   നിന്നു ഇറങ്ങി - നിന്ന് ഇറങ്ങി (നിന്നിറങ്ങി) 27) പുൽത്തൊഴുത്തിനു അലങ്കാരമേകാൻ - പുൽത്തൊഴുത്തിന് അലങ്കാരമേകാൻ (പുൽത്തൊഴുത്തിനലങ്കാരമേകാൻ) 28) മുറിഞ്ഞിടത്തു ഒരു - മുറിഞ്ഞിടത്ത് ഒരു (മുറിഞ്ഞിടത്തൊരു) 29) പതിയിരുന്നുവെന്നു അദ്ദേഹം - പതിയിരുന്നുവെന്ന് അദ്ദേഹം (പതിയിരുന്നുവെന്നദ്ദേഹം) 30) നേടാനെന്നു അയാൾ - നേടാനെന്ന് അയാൾ (നേടാനെന്നയാൾ) 31) ഉണ്ടായതു അയാളുടെ - ഉണ്ടായത് അയാളുടെ (ഉണ്ടായതയാളുടെ) 32) വീടിനുള്ളിലേക്കു ഉത്സാഹത്തോടെ – വീടിനുള്ളിലേക്ക് ഉത്സാഹത്തോടെ (വീട്ടിനുള്ളിലേക്കുത്സാഹത്തോടെ) ഇപ്പോൾ നാം രണ്ടു നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. അവ താഴെ ആവർത്തിയ്ക്കുന്നു: (1)  “അടുത്തടുത്തു വരുന്ന പദങ്ങളിൽ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും, രണ്ടാമത്തേതു വ്യഞ്ജനത്തിൽ തുടങ്ങുകയും ചെയ്യുന്നെങ്കിൽ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം”. (2)  “അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും, രണ്ടാമത്തേതു സ്വരത്തിൽ തുടങ്ങുകയും ചെയ്യുമ്പോൾ, ആദ്യപദത്തിന്റെ അവസാനമുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കലയുപയോഗിയ്ക്കണം.” ഈ രണ്ടു നിയമങ്ങളും കൂട്ടിച്ചേർത്ത്, ഒറ്റ നിയമമാക്കാൻ ശ്രമിയ്ക്കാം: “അടുത്തടുത്തു വരുന്ന പദങ്ങളിൽ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും രണ്ടാമത്തേതു വ്യഞ്ജനത്തിൽ തുടങ്ങുകയും ചെയ്യുന്നെങ്കിൽ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം; അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തേതു സ്വരത്തിൽ തുടങ്ങുകയും ചെയ്യുമ്പോൾ ആദ്യപദത്തിന്റെ അവസാനത്തിലുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കലയുപയോഗിയ്ക്കണം.” ഈ നിയമത്തിനു നീളക്കൂടുതലുണ്ട്. അതിനെ ഹ്രസ്വമാക്കിയ രൂപം താഴെക്കൊടുക്കുന്നു: “വാക്യമദ്ധ്യത്തിൽ വരുന്ന പദാന്തത്തിലെ ഉകാരത്തിനു തൊട്ടു പിന്നാലെ സ്വരാക്ഷരമാണു വരുന്നതെങ്കിൽ സംവൃതോകാരവും, വ്യഞ്ജനമാണു വരുന്നതെങ്കിൽ വിവൃതോകാരവും ഉപയോഗിയ്ക്കുക.” ഈ നിയമം നാം സ്വാഭീഷ്ടപ്രകാരമുണ്ടാക്കിയതാണെന്നു തെറ്റിദ്ധരിയ്ക്കരുതേ! സ്വതന്ത്രഭാരതത്തിലെ കേരളസർക്കാരുണ്ടാക്കിയതാണീ നിയമം. കേരളത്തിലെ സ്കൂൾവിദ്യാർത്ഥികൾ എന്തെല്ലാം പഠിയ്ക്കണമെന്നു തീരുമാനിച്ചിരുന്നതു കേരളസംസ്ഥാന വിദ്യാഭ്യാസഇൻസ്റ്റിറ്റ്യൂട്ട് എന്ന കേരളസർക്കാർസ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റേതാണു മുകളിലുദ്ധരിച്ച വ്യാകരണനിയമം. ഈ സ്ഥാപനം ഇപ്പോഴറിയപ്പെടുന്നത് ദ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജൂക്കേഷണൽ റിസെർച്ച് ആന്റ് ട്രെയിനിംഗ് (എസ് സി ഈ ആർ ടി) എന്ന പേരിലാണ്. [email protected]
  5 Posted by Sunil M S

  Mar 18, 2016 5
 • അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 4 (ലേഖനം) (അവസാനഭാഗം) രചന: സുനിൽ എം എസ്, മൂത്തകുന്നംകഴിഞ്ഞ അദ്ധ്യായത്തിൽ നിന്ന്: ഒരുദാഹരണം: കാലിഫോർണിയ എന്ന സംസ്ഥാനത്തിലെ ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റായ മോഡോക്കിൽ കഴിഞ്ഞ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 69 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി നിയോഗിച്ച ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കായിരുന്നു കിട്ടിയത്. ഡെമൊക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയ്ക്കു കിട്ടിയതു കേവലം 27 ശതമാനം മാത്രം. എന്നിട്ടും മോഡോക്കിൽ നിന്നുള്ള ഇലക്റ്റർസീറ്റു നേടിയതു ഡെമൊക്രാറ്റിക് പാർട്ടി! ഒരുദാഹരണം കൂടിയെടുക്കാം: കാലിഫോർണിയയിൽത്തന്നെയുള്ള ലാസ്സൻ എന്ന മണ്ഡലത്തിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ 68 ശതമാനവും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കു കിട്ടി; ഡെമൊക്രാറ്റിക് പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കു കിട്ടിയതു വെറും 28 ശതമാനം. എന്നിട്ടും ലാസ്സനിൽ നിന്നുള്ള ഇലക്റ്റർസീറ്റു നേടിയതു ഡെമൊക്രാറ്റിക് പാർട്ടി! മോഡോക്കിനേയും ലാസ്സനേയും പോലെ, കാലിഫോർണിയയിലെ ആകെ ഇരുപത്തഞ്ചു (ഈ സംഖ്യകളിൽ നേരിയ വ്യത്യാസമുണ്ടായേയ്ക്കാം) മണ്ഡലങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥികൾക്കു ഡെമൊക്രാറ്റിക് പാർട്ടിയിലെ ഇലക്റ്റർസ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ടുകിട്ടിയിരുന്നു. ശേഷിച്ച മുപ്പതു മണ്ഡലങ്ങളിൽ ഡെമൊക്രാറ്റിക് പാർട്ടിയിലെ ഇലക്റ്റർസ്ഥാനാർത്ഥികൾക്കു കൂടുതൽ വോട്ടു കിട്ടി. ഇതനുസരിച്ച് ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു 30 ഇലക്റ്റർസീറ്റുകൾ കിട്ടുന്നതോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് 25 ഇലക്റ്റർസീറ്റുകൾ കിട്ടേണ്ടതായിരുന്നു. പക്ഷേ, കാലിഫോർണിയയിൽ ആകെയുള്ള 55 ഇലക്റ്റർസീറ്റുകളിൽ അമ്പത്തഞ്ചും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കാണു കിട്ടിയത്. റിപ്പബ്ലിക്കൻ പാർട്ടി 25 മണ്ഡലങ്ങളിൽ മുന്നിൽ വന്നിട്ടും അവർക്കു കിട്ടിയതു പൂജ്യം! തുടർന്നു വായിയ്ക്കുക: കാരണമിതാണ്: പ്രസിഡന്റുതെരഞ്ഞെടുപ്പിൽ “എല്ലാം വിജയിയ്ക്ക് ” (“വിന്നർ ടേക്‌സ് ഓൾ”‌) എന്ന രീതി പിന്തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണു കാലിഫോർണിയ. കാലിഫോർണിയയിലെ മണ്ഡലങ്ങളിൽ നിന്ന് എഴുപത്തെട്ടു ലക്ഷം ജനതാവോട്ടു ഡെമൊക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള ഇലക്റ്റർസ്ഥാനാർത്ഥികൾക്കു കിട്ടിയപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഇലക്റ്റർസ്ഥാനാർത്ഥികൾക്ക് നാല്പത്തെട്ടു ലക്ഷം വോട്ടു മാത്രമേ കിട്ടിയുള്ളു. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ അറുപതു ശതമാനം ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു കിട്ടി; റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് 37 ശതമാനം മാത്രവും. സംസ്ഥാനതലത്തിൽ അറുപതു ശതമാനം ജനതാവോട്ടു നേടിയ ഡെമൊക്രാറ്റിക് പാർട്ടി തന്നെ സംസ്ഥാനതലത്തിൽ കാലിഫോർണിയയിലെ വിജയി. അതുകൊണ്ട്, കാലിഫോർണിയയിൽ നിന്നുള്ള മുഴുവൻ (55) ഇലക്റ്റർസീറ്റുകളും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു കിട്ടി. ഒരു സംസ്ഥാനത്തെ മുഴുവൻ ഇലക്റ്റർസീറ്റുകളും ഏതെങ്കിലുമൊരു പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു മാത്രമായി നൽകുന്ന, “എല്ലാം വിജയിയ്ക്ക് ” എന്ന രീതിയാണു അമേരിക്കയിലെ അമ്പതു സംസ്ഥാനങ്ങളിൽ നാല്പത്തെട്ടെണ്ണവും അവലംബിയ്ക്കുന്നത്. 2012ലെ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ കാലിഫോർണിയയ്ക്ക് ആകെയുള്ള 55 ഇലക്റ്റർസീറ്റുകൾ മുഴുവനും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു കിട്ടിയത് ഈ രീതിയനുസരിച്ചായിരുന്നു.  നെബ്രാസ്ക, മെയ്ൻ എന്നീ രണ്ടു സംസ്ഥാനങ്ങൾ ഈ ഭൂരിപക്ഷരീതിയിൽ നിന്ന് അല്പം വ്യത്യസ്തമായൊരു രീതി പിന്തുടരുന്നു. പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ഏതു രീതി പിന്തുടരണമെന്നു തീരുമാനിയ്ക്കാനുള്ള, പരിമിതമായ സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്. ഈ സ്വാതന്ത്ര്യം നെബ്രാസ്കയും മെയ്‌നും ഉപയോഗിയ്ക്കുന്നു. നെബ്രാസ്കയും മെയ്‌നും പിന്തുടരുന്ന രീതിയിലുള്ള വ്യത്യാസം വിവരിയ്ക്കുന്നതിനു മുമ്പ് വായൊമിങ്ങ് എന്ന സംസ്ഥാനത്തിന്റെ കാര്യമെടുക്കാം. കാര്യങ്ങൾ അനായാസേന മനസ്സിലാക്കാൻ ഇതു സഹായിയ്ക്കും. ഭൂരിപക്ഷരീതി പിന്തുടരുന്ന സംസ്ഥാനമാണു വായൊമിങ്ങ്. വായൊമിങ്ങിന് ഹൗസിൽ ഒരു പ്രതിനിധി മാത്രമേയുള്ളൂ. കാരണം, ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്ടു മാത്രമാണു വായൊമിങ്ങിലുള്ളത്; സംസ്ഥാനം തന്നെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്. എല്ലാ സംസ്ഥാനങ്ങൾക്കുമുള്ളതുപോലെ, വായൊമിങ്ങിനു രണ്ടു സെനറ്റർമാരുമുണ്ട്. ഒരു ഹൗസ് റെപ്രസെന്റേറ്റീവും രണ്ടു സെനറ്റർമാരുമുൾപ്പെടെ ആകെ മൂന്നു പേർ. അത്രതന്നെ ഇലക്റ്റർ സീറ്റുകൾ വായൊമിങ്ങിനു പ്രസിഡന്റുതെരഞ്ഞെടുപ്പിലുമുണ്ട്. വായൊമിങ്ങിൽ ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റു മാത്രമാണുള്ളതെങ്കിലും ആ ഒറ്റ മണ്ഡലത്തിൽ ജയിയ്ക്കുന്ന പാർട്ടിയ്ക്കു വായൊമിങ്ങിൽ നിന്നു കിട്ടാൻ പോകുന്നതു മൂന്ന് ഇലക്റ്റർസീറ്റുകളാണ്. ഒന്നു വച്ചാൽ (ജയിച്ചാൽ) മൂന്ന്! ഇനി മെയ്‌നിന്റെ കാര്യം പരിശോധിയ്ക്കാം. മെയ്‌നിൽ രണ്ടു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളുണ്ട്. അവയിൽ നിന്നായി രണ്ടു പ്രതിനിധികൾ ഹൗസിലുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കുമുള്ളതുപോലെ മെയ്‌നിനു രണ്ടു സെനറ്റർമാരുമുണ്ട്. ആകെ നാലു പ്രതിനിധികൾ. ഒരു സംസ്ഥാനത്തിൽ നിന്നുള്ള ആകെ ഇലക്റ്റർസീറ്റുകളുടെ എണ്ണം ആ സംസ്ഥാനത്തിനു ഹൗസിലും സെനറ്റിലുമുള്ള പ്രതിനിധികളുടെ ആകെ എണ്ണത്തിനു തുല്യമായതുകൊണ്ട്,  മെയ്‌നിനു പ്രസിഡന്റുതെരഞ്ഞെടുപ്പിൽ നാല് ഇലക്റ്റർസീറ്റുകളുണ്ട്. ഭൂരിപക്ഷരീതിയനുസരിച്ചാണെങ്കിൽ, രണ്ടു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിൽ നിന്നായി ഏതു പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കാണോ കൂടുതൽ വോട്ടു കിട്ടുന്നത്, ആ സ്ഥാനാർത്ഥിയ്ക്കു മെയ്‌നിൽ നിന്നുള്ള മുഴുവൻ (നാല്) ഇലക്റ്റർസീറ്റുകളും കിട്ടണം. ഇവിടെയാണു മെയ്‌നിന്റെ രീതി വ്യത്യസ്തമാകുന്നത്. ആകെയുള്ള രണ്ടു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിലൊന്നിൽ റിപ്പബ്ലിക്കൻ പാർട്ടിയും മറ്റേതിൽ ഡെമൊക്രാറ്റിക് പാർട്ടിയും മുന്നിൽ വരുന്നെന്നു കരുതുക. ഇരുപാർട്ടികൾക്കും ഓരോ ഇലക്റ്റർസീറ്റു കിട്ടുന്നു. രണ്ട് ഇലക്റ്റർസീറ്റുകൾ കൂടി ശേഷിയ്ക്കുന്നുണ്ടല്ലോ. അവ രണ്ടും, രണ്ടു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിലും കൂടി, അതായതു സംസ്ഥാനതലത്തിൽ, ഏറ്റവുമധികം വോട്ടു നേടിയിരിയ്ക്കുന്ന പാർട്ടിയ്ക്കു ലഭിയ്ക്കുന്നു. രണ്ടു സീറ്റുകൾ സംസ്ഥാനതലവിജയിയ്ക്കും, രണ്ടു സീറ്റുകൾ അതാതു മണ്ഡലവിജയികൾക്കും കിട്ടുന്നെന്നു ചുരുക്കം. ഇവിടെ ചെറിയൊരു നിബന്ധന കൂടിയുണ്ട്: ചുരുങ്ങിയത് ഒരു മണ്ഡലത്തിലെങ്കിലും വിജയിയ്ക്കു കൂടുതൽ വോട്ടു കിട്ടിയിരിയ്ക്കണം. നെബ്രാസ്കയും മെയ്‌നിന്റെ രീതി പിന്തുടരുന്നു. നെബ്രാസ്കയും മെയ്‌നും ഭൂരിപക്ഷരീതിയിൽ നിന്നു വ്യത്യസ്തമായ രീതി പിന്തുടരുന്നെങ്കിലും, അവയുടെ പ്രസിഡന്റുതെരഞ്ഞെടുപ്പുഫലം മിക്കപ്പോഴും ഭൂരിപക്ഷരീതിയ്ക്കനുസൃതമായിത്തന്നെ വരാറുണ്ട്. നെബ്രാസ്കയിലുള്ളതു മൂന്നു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകൾ. രണ്ടു സെനറ്റർമാരും. ആകെ അഞ്ച് ഇലക്റ്റർസീറ്റുകൾ. മിക്കപ്പോഴും മൂന്നു മണ്ഡലങ്ങളും പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ഒരേ പാർട്ടിയെത്തന്നെ പിന്തുണയ്ക്കാറുണ്ട്. അതുകൊണ്ട് അഞ്ചു സീറ്റുകളും ആ പാർട്ടിയ്ക്കു തന്നെ കിട്ടാറുമുണ്ട്. ഇതിൽ നിന്നു വിഭിന്നമായ ഫലമുണ്ടായതു 2008ൽ മാത്രമായിരുന്നു: മൂന്നു മണ്ഡലങ്ങളിൽ രണ്ടെണ്ണം റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായ മക് കെയിനിനെ വിജയിപ്പിച്ചപ്പോൾ, ഒരെണ്ണം ബറാക് ഒബാമയെ വിജയിപ്പിച്ചു. ആകെയുള്ള അഞ്ച് ഇലക്റ്റർ സീറ്റുകളിൽ നാലെണ്ണം മക് കെയിനിനും ഒരെണ്ണം ഒബാമയ്ക്കും കിട്ടി. വീണ്ടുമൊരു വൈരുദ്ധ്യം: പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ജനത വോട്ടുചെയ്യുന്നതു പ്രസിഡന്റുസ്ഥാനാർത്ഥികൾക്കല്ല, അവരുടെ പാർട്ടികൾ നിയോഗിച്ചിരിയ്ക്കുന്ന ഇലക്റ്റർസ്ഥാനാർത്ഥികൾക്കാണെന്നു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ പേര് സമ്മതിദാനപത്രത്തിൽ, അഥവാ ബാലറ്റിൽ (ഇപ്പോൾ വോട്ടിംഗ് യന്ത്രത്തിൽ) തീർച്ചയായും ഉണ്ടാകാറുണ്ട്. വോട്ടർക്കിഷ്ടമുള്ള സ്ഥാനാർത്ഥിയുടെ പേരിനു നേർക്ക് സീൽ കുത്തുകയോ ബട്ടണമർത്തുകയോ ചെയ്യാം. എന്നാൽ, അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പിലുപയോഗിയ്ക്കുന്ന ബാലറ്റിൽ ഇലക്റ്റർസ്ഥാനാർത്ഥികളുടെ പേരുകളുണ്ടായില്ലെന്നു വരാം. മിക്കപ്പോഴും ഇലക്റ്റർസ്ഥാനാർത്ഥികളുടെ പേരുകൾക്കു പകരം പ്രസിഡന്റുസ്ഥാനാർത്ഥികളുടെ പേരുകളായിരിയ്ക്കും ബാലറ്റിലുള്ളത്. ഇന്റർനെറ്റിൽ കിട്ടിയൊരു ബാലറ്റിന്റെ ചിത്രം മുകളിൽ കൊടുത്തിട്ടുണ്ട്. 2012ലെ പ്രസിഡന്റുതെരഞ്ഞെടുപ്പിന്റേതാണു മുകളിൽ കൊടുത്തിരിയ്ക്കുന്ന ബാലറ്റ്. ബറാക് ഒബാമയും മിറ്റ് റോമ്‌നിയുമായിരുന്നു മുഖ്യ പ്രസിഡന്റുസ്ഥാനാർത്ഥികൾ. വോട്ടർക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു നേരേ “X” എന്ന് അടയാളപ്പെടുത്താനുള്ള വൃത്തവും ചിത്രത്തിൽ കാണാം. എന്നാൽ, ഇലക്റ്റർസ്ഥാനാർത്ഥികളുടെ പേരുകൾ ബാലറ്റിൽ ദൃശ്യമല്ല. വാസ്തവത്തിൽ, പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ഇലക്റ്റർമാരുടെ പേരുകൾക്കു വലുതായ പ്രസക്തിയില്ല. ഇലക്റ്റർമാർ താന്താങ്ങളുടെ പാർട്ടികളുടെ പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു വോട്ടുചെയ്യാൻ പ്രതിജ്ഞാബദ്ധരായിരിയ്ക്കും. ഇലക്റ്റർമാരുടെ കാലുമാറ്റം സാങ്കേതികമായി അസാദ്ധ്യമല്ലെങ്കിലും, സംഭവിയ്ക്കാറില്ല. പല സംസ്ഥാനങ്ങളിലും ഇലക്റ്റർമാരുടെ കാലുമാറ്റം കുറ്റകരവുമാണ്. തെരഞ്ഞെടുപ്പിൽ ജയിയ്ക്കുന്ന ഒരിലക്റ്ററുടെ ഇലക്റ്റർവോട്ട് ഇലക്റ്ററുടെ പാർട്ടിയുടെ പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു തന്നെ. ബാലറ്റിൽ പേരുണ്ടെങ്കിലുമില്ലെങ്കിലും, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ലിസ്റ്റിൽ എല്ലാ പാർട്ടികളിലും നിന്നുള്ള ഇലക്റ്റർസ്ഥാനാർത്ഥികളുടെ പട്ടികയുണ്ടാകും. ഇതുകൊണ്ടൊക്കെയായിരിയ്ക്കണം, ഇലക്റ്റർസ്ഥാനാർത്ഥികളുടെ പേരുകൾക്കു ബാലറ്റിൽ പ്രസക്തി കല്പിയ്ക്കാത്തത്. നവംബർമാസത്തെ ഒന്നാമത്തെ തിങ്കളാഴ്ചയെത്തുടർന്നുള്ള ചൊവ്വാഴ്ചയാണു പ്രസിഡന്റുതെരഞ്ഞെടുപ്പു നടക്കാറെന്നു സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഡിസംബർമാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയ്ക്കു ശേഷമുള്ള തിങ്കളാഴ്ച ഓരോ സംസ്ഥാനത്തിലേയും വിജയികളായ ഇലക്റ്റർമാർ തങ്ങളുടെ സംസ്ഥാനതലസ്ഥാനങ്ങളിൽ സമ്മേളിച്ച്, പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വേണ്ടി വോട്ടു ചെയ്യുന്നു. ഇലക്റ്റർമാരുടെ വോട്ടെടുപ്പു കഴിഞ്ഞയുടൻ ഫലപ്രഖ്യാപനം നടക്കുന്നു. തുടർന്നു വൈസ്പ്രസിഡന്റിനെ ഇതേ രീതിയിൽ തെരഞ്ഞെടുക്കുന്നു. ഇലക്റ്റർമാർ ആറു സർട്ടിഫിക്കറ്റ്സ് ഓഫ് വോട്ട് തയ്യാറാക്കുന്നു. പ്രസിഡന്റ്സ്ഥാനാർത്ഥിയ്ക്കും വൈസ്പ്രസിഡന്റ്സ്ഥാനാർത്ഥിയ്ക്കും കിട്ടിയ ഇലക്റ്റർവോട്ടുകളെത്രയെന്ന് സർട്ടിഫിക്കറ്റ് ഓഫ് വോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. എല്ലാ സർട്ടിഫിക്കറ്റുകളിലും എല്ലാ ഇലക്റ്റർമാരും ഒപ്പിടും. സർട്ടിഫിക്കറ്റ്സ് ഓഫ് വോട്ടിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഓഫ് അസെർട്ടെയിൻമെന്റ് സംസ്ഥാനഗവർണർ പുറപ്പെടുവിയ്ക്കുന്നു. സർട്ടിഫിക്കറ്റുകളെല്ലാം കവറിലാക്കി സീലുവച്ച്, ഭദ്രമായി, വാഷിംഗ്ടൺ ഡീസിയിലുള്ള സെനറ്റിന്റെ അദ്ധ്യക്ഷനെ ഏല്പിയ്ക്കുന്നു. 2008ലെ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ഫ്ലോറിഡയെന്ന സംസ്ഥാനത്തുനിന്നുത്ഭവിച്ച രണ്ടു സാക്ഷ്യപത്രങ്ങളുടെ ചിത്രങ്ങളും മുകളിൽക്കൊടുത്തിട്ടുണ്ട്. ജനുവരി ആറാം തീയതി സെനറ്റും ഹൗസും ഒരുമിച്ചു സമ്മേളിച്ചിരിയ്ക്കെ സെനറ്റിന്റെ അദ്ധ്യക്ഷൻ കവറുകൾ തുറന്ന്, സാക്ഷ്യപത്രങ്ങൾ പുറത്തെടുത്തു വായിയ്ക്കുന്നു. ആകെയുള്ള ഇലക്റ്ററൽസീറ്റുകളുടെ പകുതിയിലേറെ കിട്ടിയിരിയ്ക്കുന്ന പ്രസിഡന്റുസ്ഥാനാർത്ഥിയേയും വൈസ്പ്രസിഡന്റുസ്ഥാനാർത്ഥിയേയും വിജയികളായി പ്രഖ്യാപിയ്ക്കുന്നു. വിജയിച്ച പ്രസിഡന്റുസ്ഥാനാർത്ഥിയും വൈസ്പ്രസിഡന്റുസ്ഥാനാർത്ഥിയും ജനുവരി ഇരുപതാം തീയതി സത്യപ്രതിജ്ഞ ചെയ്തു ഭരമേൽക്കുന്നു. ഇരുപതാംതീയതി ഞായറാഴ്ചയാണെങ്കിൽ സ്ഥാനാരോഹണം ഇരുപത്തൊന്നാം തീയതിയാണു നടക്കുക. ഇന്ത്യയിൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതു ലോക്‌സഭ, രാജ്യസഭ എന്നീ കേന്ദ്രസഭകളിലെ എം പിമാരും സംസ്ഥാനനിയമസഭകളിലെ എം എൽ ഏമാരുമാണെന്നു മുൻ അദ്ധ്യായങ്ങളിലൊന്നിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, നമ്മുടെ ലോക്‌സഭ, രാജ്യസഭ എന്നീ സഭകൾക്ക് ഏകദേശം സമാനമായി അമേരിക്കയിലുള്ള ഹൗസ്, സെനറ്റ് എന്നീ സഭകളിലെ അംഗങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ യാതൊരു പങ്കുമില്ല. കാരണം, അവിടെ പ്രസിഡന്റിനേയും വൈസ്പ്രസിഡന്റിനേയും തെരഞ്ഞെടുക്കുന്നത് അതിനു വേണ്ടി മാത്രമായി “അവതരിയ്ക്കുന്ന” ഇലക്റ്റർമാരാണ്. എങ്കിലും, ഹൗസും സെനറ്റും ഇടപെടേണ്ടുന്ന ഒരവസ്ഥ സംജാതമായെന്നു വരാം. 538 ഇലക്റ്ററൽ വോട്ടുകളാണ് ആകെയുള്ളത്. ഒരു പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു വിജയിയ്ക്കാൻ 270 ഇലക്റ്ററൽ വോട്ടെങ്കിലും കിട്ടണം. മൂന്നും നാലും സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്നും, അവരിലാർക്കും ജയിയ്ക്കാൻ അവശ്യം വേണ്ട 270 ഇലക്റ്ററൽ വോട്ടു കിട്ടുന്നില്ലെന്നും കരുതുക. ഉടൻ ഹൗസും സെനറ്റും രംഗത്തുവരും. ഏറ്റവുമധികം ഇലക്റ്ററൽ വോട്ടു നേടിയിരിയ്ക്കുന്ന മൂന്നു പ്രസിഡന്റുസ്ഥാനാർത്ഥികളിൽ നിന്ന് ഒരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ വേണ്ടി ഹൗസിൽ വോട്ടെടുപ്പു നടക്കും. ഹൗസിൽ 435 പ്രതിനിധികളുണ്ടെങ്കിലും ഈ വോട്ടെടുപ്പിൽ സംസ്ഥാനങ്ങൾക്ക് ഒരു വോട്ടു വീതമേയുണ്ടാകൂ. അമ്പതു സംസ്ഥാനങ്ങളുണ്ട്, അമ്പതു വോട്ടും. പകുതിയിലേറെ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥി പ്രസിഡന്റാകും. വൈസ്പ്രസിഡന്റും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടും. പക്ഷേ, രണ്ടു വ്യത്യാസങ്ങൾ: സെനറ്റായിരിയ്ക്കും വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഏറ്റവുമധികം ഇലക്റ്ററൽ വോട്ടു നേടിയിരിയ്ക്കുന്ന രണ്ടു വൈസ്പ്രസിഡന്റ്സ്ഥാനാർത്ഥികളെ മാത്രമേ സെനറ്റ് ഇതിനായി പരിഗണിയ്ക്കുകയുമുള്ളൂ. ഒരു മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, പ്രസിഡന്റിനേയും വൈസ്പ്രസിഡന്റിനേയും തെരഞ്ഞെടുക്കാൻ വേണ്ടി മാത്രമവതരിച്ച ഇലക്റ്റർമാരുടെ “അവതാരോദ്ദേശം” പ്രസിഡന്റും വൈസ്പ്രസിഡന്റും തെരഞ്ഞെടുക്കപ്പെടുന്നതോടെ തീരുന്നു. അവതാരം അവതാരമല്ലാതാകുന്നു. ഇലക്റ്റർമാരെന്ന പദവിയും അവർക്കു നഷ്ടപ്പെടുന്നു. ഇലക്റ്റർമാർക്കു പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അവകാശവും അധികാരവുമുണ്ടെന്നാണു വയ്പ്. ഇവ രണ്ടും യഥാർത്ഥത്തിൽ അവർക്കില്ല. കാരണം, തങ്ങളുടെ പാർട്ടിയിൽ നിന്നുള്ള പ്രസിഡന്റുസ്ഥാനാർത്ഥിയെത്തന്നെ തെരഞ്ഞെടുക്കാൻ ഇലക്റ്റർമാർ ബാദ്ധ്യസ്ഥരാണ്, പ്രതിജ്ഞാബദ്ധരുമാണ്. തങ്ങളുടെ പാർട്ടിയുടേതല്ലാത്ത പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു വോട്ടു ചെയ്യാനുള്ള വിവേചനാധികാരം ഇലക്റ്റർമാർക്കില്ല. എതിർപാർട്ടിയിൽ നിന്നുള്ള പ്രസിഡന്റുസ്ഥാനാർത്ഥിയ്ക്കു വോട്ടു ചെയ്യുന്നത് ചില സംസ്ഥാനങ്ങളിലെങ്കിലും കുറ്റകരവുമാണ്. ആരും അത്തരത്തിൽ ചേരിമാറി വോട്ടു ചെയ്തു സ്വന്തം പാർട്ടിയെ ചതിയ്ക്കാറുമില്ല. അമേരിക്കൻ ഭരണഘടന നിലവിൽ വന്നത് രണ്ടേകാൽ നൂറ്റാണ്ടു മുമ്പ്, വിദ്യാഭ്യാസം സിദ്ധിച്ചവർ അധികമില്ലാത്തൊരു കാലത്തായിരുന്നു. ഉത്തമനും കാര്യകുശലനുമായ പ്രസിഡന്റുസ്ഥാനാർത്ഥിയെ തിരിച്ചറിഞ്ഞ്, നേരിട്ടു വോട്ടു ചെയ്തു വിജയിപ്പിയ്ക്കാൻ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കാകുമോ എന്ന സംശയം അക്കാലത്തു പലർക്കുമുണ്ടായിരുന്നിരിയ്ക്കണം. പ്രസിഡന്റിനെ നേരിട്ടു തെരഞ്ഞെടുക്കാനുള്ള കഴിവു വോട്ടർമാർക്കില്ലെങ്കിൽ അതിനുള്ള കഴിവുള്ളവരെ ജനം ആദ്യം തെരഞ്ഞെടുക്കട്ടെ, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ പ്രസിഡന്റിനെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നിരിയ്ക്കണം ചിന്ത. നല്ലതും ചീത്തയും വിവേചിച്ചറിയാനാകുന്ന ഇലക്റ്റർമാരെ രംഗത്തു കൊണ്ടുവന്നത് അങ്ങനെയായിരിയ്ക്കണം. എന്നാലിന്നു കാലം മാറി. അമേരിക്കൻ ജനത നൂറു ശതമാനത്തിനടുത്ത സാക്ഷരതയും, വിവേചിച്ചറിയാനുള്ള കെല്പും കൈവരിച്ചിരിയ്ക്കുന്നു. ടെലിവിഷനാണെങ്കിൽ പ്രസിഡന്റുസ്ഥാനാർത്ഥികളെ സുപരിചിതരാക്കുകയും ചെയ്തിരിയ്ക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിയ്ക്കെ, ഇലക്റ്റർമാരുടെ ആവശ്യമെന്ത്? ഈ ചോദ്യം വായനക്കാരുടെ മനസ്സിലും ഉദിച്ചിട്ടുണ്ടാകാം. ഇലക്റ്റർമാർക്കു പകരം, ഇന്ത്യൻ രീതിയെ ഭാഗികമായി അനുകരിച്ചുകൊണ്ട്, ഹൗസിലേയും സെനറ്റിലേയും അംഗങ്ങളെക്കൊണ്ടു പ്രസിഡന്റിനേയും വൈസ്പ്രസിഡന്റിനേയും തെരഞ്ഞെടുപ്പിയ്ക്കാവുന്നതേയുള്ളൂ. ഇവിടെയൊരു കുഴപ്പമുണ്ടാകാം. ഒരു വ്യക്തിയ്ക്ക് ആകെ രണ്ടു തവണ മാത്രമേ അമേരിക്കൻ പ്രസിഡന്റാകാനാകൂ. രണ്ടാമത്തെ തവണ ഉറപ്പാക്കാൻ വേണ്ടി ഒന്നാം തവണയ്ക്കിടയിൽ ഹൗസിനേയും സെനറ്റിനേയും പ്രീണിപ്പിയ്ക്കാനുള്ള പ്രവണത പ്രസിഡന്റുമാർക്കുണ്ടായിപ്പോയാൽ അതു ഭരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചേയ്ക്കാമെന്ന തോന്നലാണു പ്രസിഡന്റുതെരഞ്ഞെടുപ്പിൽ നിന്നു ഹൗസിനേയും സെനറ്റിനേയും അകറ്റിനിർത്തുന്നത്. അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പിലുള്ള വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ചതോടൊപ്പം അതിൽക്കാണുന്നൊരു വൈശിഷ്ട്യവും ചൂണ്ടിക്കാണിയ്ക്കാതെ വയ്യ. ബാലറ്റിൽ അച്ചടിച്ചുകാണുന്ന പ്രസിഡന്റുസ്ഥാനാർത്ഥിമാർ സ്വീകാര്യരല്ലെങ്കിൽ, തങ്ങൾക്കിഷ്ടമുള്ളൊരു വ്യക്തിയുടെ പേര് ബാലറ്റിൽ എഴുതിച്ചേർക്കാൻ വോട്ടർമാർക്കവകാശമുണ്ട്. ഈയൊരവകാശം മറ്റേതെങ്കിലും രാജ്യത്തെ വോട്ടർമാർക്കുണ്ടോ എന്നു സംശയമാണ്. ഇങ്ങനെ വോട്ടർമാരാൽ എഴുതിച്ചേർക്കപ്പെടുന്ന സ്ഥാനാർത്ഥികൾക്കു പ്രസിഡന്റാകാനുള്ള സാദ്ധ്യത വളരെക്കുറവാണ്. നിയമപരമായ പല തടസ്സങ്ങളും അതിനുണ്ടാകാം. ഉദാഹരണത്തിന്, നവംബറിൽ നടക്കാൻ പോകുന്ന പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റായ ബറാക് ഒബാമയുടെ പേര് അമേരിക്കയിലെ വോട്ടർമാരൊന്നടങ്കം ബാലറ്റിൽ എഴുതിച്ചേർക്കുന്നെന്നു കരുതുക. എങ്കില്പോലും ഒബാമയ്ക്കു പ്രസിഡന്റാകാനാവില്ല. കാരണം, ഒരു വ്യക്തിയ്ക്കു ആകെ രണ്ടു തവണ മാത്രമേ പ്രസിഡന്റാകാനാകൂ. ഒബാമ രണ്ടു തവണ പ്രസിഡന്റായിക്കഴിഞ്ഞു. ബാലറ്റിലെ പേരെഴുതിച്ചേർക്കലിലൂടെ താഴ്‌ന്ന തലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളിൽ പലരും വിജയികളായിട്ടുണ്ടെങ്കിലും, ആരുമിതേവരെ പ്രസിഡന്റായിത്തീർന്നിട്ടില്ല. നമ്മുടെ ബാലറ്റുകളിൽ (ഇപ്പോൾ വോട്ടിംഗ്‌യന്ത്രങ്ങളിൽ) NOTA (“നൺ ഓഫ് ദി എബൗവ്”) എന്നൊരു പേരുണ്ടാകാറുണ്ട്. നിലവിലുള്ള സ്ഥാനാർത്ഥികളിലുള്ള അതൃപ്തി സൂചിപ്പിയ്ക്കാൻ അതുതകുന്നു. തൃപ്തിയുള്ളൊരു വ്യക്തിയുടെ പേര് എഴുതിച്ചേർത്ത്, അദ്ദേഹത്തിനു വോട്ടു ചെയ്യാനുള്ളൊരു സൗകര്യമായിരുന്നു വേണ്ടിയിരുന്നത്. രണ്ടുമൂന്നു മാറ്റങ്ങൾ വരുത്താവുന്നതും വരുത്തേണ്ടതുമാണെന്നാണ് ഈ ലേഖകനു തോന്നുന്നത്. കഴിഞ്ഞ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ കാലിഫോർണിയ എന്ന സംസ്ഥാനത്തു നിന്നുള്ള 55 സീറ്റുകൾ മുഴുവനും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു കിട്ടിയെന്നു ഈ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അവയിൽ മുപ്പതിടങ്ങളിൽ മാത്രമാണു വാസ്തവത്തിൽ ഡെമൊക്രാറ്റിക് പാർട്ടി ജയിച്ചിരുന്നത്; ഇരുപത്തഞ്ചിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥികളായിരുന്നു വിജയികൾ. എങ്കിലും, കാലിഫോർണിയസംസ്ഥാനം പിന്തുടരുന്ന “മുഴുവനും വിജയിയ്ക്ക്” എന്ന തത്വമനുസരിച്ച്, ആകെയുള്ള 55 സീറ്റും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു കിട്ടി; തോറ്റവർ വിജയിച്ചു! ഇങ്ങനെ തോറ്റു-വിജയിച്ച ഇരുപത്തഞ്ചു ഇലക്റ്റർമാർ വിജയിച്ചവരോടൊപ്പം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ വോട്ടുചെയ്യുകയും ചെയ്തു. ഇതൊരു വിരോധാഭാസം തന്നെ. “വിന്നർ ടേക്‌സ് ഓൾ” അഥവാ, “എല്ലാം വിജയിയ്ക്ക് ” എന്ന രീതി അവസാനിപ്പിയ്ക്കണം. ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ വിജയിയ്ക്കുന്ന പാർട്ടിയ്ക്കു തന്നെ ആ ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഇലക്റ്ററൽസീറ്റു കിട്ടണം. തോറ്റ സ്ഥാനാർത്ഥി ഇലക്റ്ററാകരുത്. രണ്ടാമത്തെ മാറ്റം: ഇലക്റ്റർസീറ്റുകൾക്കു വേണ്ടിയുള്ള മത്സരത്തിൽ ഉപയോഗിയ്ക്കുന്ന ബാലറ്റിൽ പ്രസിഡന്റുസ്ഥാനാർത്ഥികളുടെ പേരുകൾ അച്ചടിയ്ക്കുന്ന രീതി അവസാനിപ്പിച്ച്, പകരം ഇലക്റ്റർസ്ഥാനാർത്ഥികളുടെ പേരുകൾ അച്ചടിയ്ക്കണം. കാരണം, ജനത തെരഞ്ഞെടുക്കുന്നത് ഇലക്റ്റർമാരെയാണ്, പ്രസിഡന്റിനെയല്ല. മൂന്നാമത്തെ മാറ്റം: ഇതാണ് അതിപ്രധാനം. ഇലക്റ്റർമാരെ ഒഴിവാക്കണം. പകരം, ജനത നേരിട്ടു വോട്ടുചെയ്തു പ്രസിഡന്റിനേയും വൈസ്പ്രസിഡന്റിനേയും തെരഞ്ഞെടുക്കണം. പോൾ ചെയ്ത ആകെ വോട്ടിന്റെ പകുതിയിലേറെ നേടുന്ന സ്ഥാനാർത്ഥിയാണു ജയിയ്ക്കേണ്ടത്. അമേരിക്കയൊരു ജനാധിപത്യരാഷ്ട്രമാണ്. അതുകൊണ്ട് ജനപ്രതിനിധികൾക്കല്ല, ജനതയ്ക്കു തന്നെയായിരിയ്ക്കണം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അവകാശവും ചുമതലയും.ലോകത്തിലെ ഏറ്റവുമധികം അധികാരമുള്ള വ്യക്തി അമേരിക്കൻ പ്രസിഡന്റാണ് എന്നു പറഞ്ഞുകൊണ്ടാണ് ഈ ലേഖനപരമ്പര ആരംഭിച്ചത്. മറ്റു ലോകരാഷ്ട്രങ്ങളുടെ കാഴ്‌ചപ്പാട് അതായിരിയ്ക്കാമെങ്കിലും അമേരിക്കയ്ക്കകത്തുള്ള നിജസ്ഥിതി ഇടയ്ക്കെങ്കിലും വ്യത്യസ്തമാകാറുണ്ട്. ജനം നേരിട്ടു തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികളാണു കോൺഗ്രസ്സിന്റെ ഘടകങ്ങളായ ഹൗസിലും സെനറ്റിലുമുള്ളത്. പ്രസിഡന്റും ജനത്താൽ തെരഞ്ഞെടുക്കപ്പെട്ടയാൾ തന്നെ. പലപ്പോഴും പ്രസിഡന്റും കോൺഗ്രസ്സും തമ്മിൽ അധികാരവടംവലി നടക്കാറുണ്ട്. നിലവിലുള്ള ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്കാണു ഭൂരിപക്ഷം: യഥാക്രമം, 435ൽ 247ഉം, 100ൽ 54ഉം. ഒബാമയുടെ പാർട്ടിയായ ഡെമൊക്രാറ്റിക് പാർട്ടിയ്ക്ക് ഒരു സഭയിലും ഭൂരിപക്ഷമില്ല.ചുരുക്കിപ്പറഞ്ഞാൽ, പ്രസിഡന്റുപദം ഡെമൊക്രാറ്റിക് പാർട്ടിയുടെ കൈയിലും, കോൺഗ്രസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈയിലും. ഭരണച്ചുമതല പ്രസിഡന്റിന്റേതായതുകൊണ്ട്, അദ്ദേഹത്തിനു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയേ തീരൂ. അതിനു കോൺഗ്രസ്സിന്റെ സഹകരണം അനുപേക്ഷണീയവും. അതിനു ശക്തിയേക്കാളേറെ യുക്തി വേണം. എതിരിട്ടു നിൽക്കുന്ന കോൺഗ്രസ്സിനെക്കൊണ്ടു കാര്യങ്ങൾ നടത്തിക്കിട്ടാൻ പ്രീണനവും അനുനയവും അഭ്യർത്ഥനയും പരിഭവവും ഇടയ്ക്കിടെ ഭീഷണിയുമെല്ലാം കലർന്ന സമീപനമാണു പ്രസിഡന്റിന് എടുക്കേണ്ടി വരുന്നത്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ, ലോകത്തിലെ അതിശക്തനെന്ന വിശേഷണം അമേരിക്കൻ പ്രസിഡന്റിന്റെ സത്യാവസ്ഥ കണക്കിലെടുക്കാത്ത ഒന്നാണെന്നു പറഞ്ഞേ തീരൂ.അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയെ ഏകദേശം വിശദീകരിച്ചുകഴിഞ്ഞിരിയ്ക്കുന്നതിനാൽ, ഈ ലേഖനപരമ്പര ഇവിടെ [email protected]ediffmail.com

  Mar 13, 2016 0
 • അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 3 (ലേഖനം) രചന: സുനിൽ എം എസ്, മൂത്തകുന്നം കഴിഞ്ഞ അദ്ധ്യായത്തിൽ നിന്നു തുടർച്ച: ഒരു വൈരുദ്ധ്യത്തെപ്പറ്റി പരാമർശിച്ചുകൊണ്ടു തുടങ്ങാം. രണ്ടായിരാമാണ്ടിൽ നടന്ന അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ മുഖ്യമായും രണ്ടു സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാർട്ടിസ്ഥാനാർത്ഥി അൽ ഗോർ, റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥി ജോർജ് ഡബ്ല്യു ബുഷ്. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം: അൽ ഗോർ - 5 കോടി 9 ലക്ഷം വോട്ട് ജോർജ് ബുഷ് – 5 കോടി 4 ലക്ഷം വോട്ട് അൽ ഗോറിനു ബുഷിനേക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥി തോറ്റു, കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാർത്ഥി ജയിച്ചു; ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു? തുടർന്നു വായിയ്ക്കുക. നിമിഷനേരത്തേയ്ക്ക് നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പിലേയ്ക്കു തിരിയാം. ജനങ്ങളല്ല, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്തയച്ച എം എൽ ഏമാരും എം പിമാരുമാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതെന്ന് ഈ ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലും പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു ജനത നേരിട്ടോ, നമ്മുടെ എം പിമാർക്കും എം എൽ ഏമാർക്കും സമാനരായ അവിടത്തെ ജനപ്രതിനിധികളോ അല്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മാത്രമായി, “ഇലക്റ്റർമാർ” എന്നൊരു കൂട്ടമാളുകളെ ജനത നേരിട്ടു വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നു. തുടർന്ന്, ഇലക്റ്റർമാരാണു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജനത ഇലക്റ്റർസ്ഥാനാർത്ഥികൾക്കു ചെയ്യുന്ന വോട്ട് പോപ്പുലർ വോട്ട് എന്നറിയപ്പെടുന്നു; ഇലക്റ്റർമാർ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ചെയ്യുന്ന വോട്ട് ഇലക്റ്ററൽ വോട്ട് എന്നും. ആകെയുള്ള 538 ഇലക്റ്ററൽ വോട്ടുകളിൽ 270 എണ്ണമെങ്കിലും കിട്ടിയെങ്കിൽ മാത്രമേ ഒരു പ്രസിഡന്റു സ്ഥാനാർത്ഥി വിജയിയ്ക്കുകയുള്ളു. ജനതയുടെ വോട്ടു കൂടുതൽ കിട്ടിയത് അൽ ഗോറിനാണെങ്കിലും, അദ്ദേഹത്തിന് 266 ഇലക്റ്ററൽ വോട്ടു മാത്രമേ കിട്ടിയുള്ളൂ. ബുഷിന് 271 ഇലക്റ്ററൽ വോട്ടു കിട്ടി. ബുഷ് ജയിച്ചു, പ്രസിഡന്റുമായി. നമ്മുടെ രീതിയും അമേരിക്കൻ രീതിയും തമ്മിൽ സാദൃശ്യമുണ്ടെങ്കിലും, വ്യത്യാസങ്ങളുമുണ്ട്. അവയിലൊന്നാണു മുകളിൽ സൂചിപ്പിച്ചത്. മറ്റൊരു വ്യത്യാസമിതാ: പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതോടെ ഇലക്റ്റർമാരുടെ ചുമതല തീരുന്നു, ഇലക്റ്റർമാരെന്ന പദവി നഷ്ടവുമാകുന്നു; മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ! ഇതിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ എം എൽ ഏമാരും എം പിമാരും രാഷ്ട്രപതിതെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും താന്താങ്ങളുടെ നിശ്ചിതകാലാവധി തികയുന്നതു വരെ തുടരുന്നു. എം എൽ ഏമാരുടെ തെരഞ്ഞെടുപ്പ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എം പിമാരുടെ തെരഞ്ഞെടുപ്പ് ലോക്‌സഭാതെരഞ്ഞെടുപ്പിന്റെയോ രാജ്യസഭാതെരഞ്ഞെടുപ്പിന്റേയോ ഭാഗവും. മിക്കപ്പോഴും രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വളരെ മുമ്പു തന്നെ എം എൽ ഏമാരും എം പിമാരും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇലക്റ്റർമാരുടെ തെരഞ്ഞെടുപ്പാകട്ടെ, പ്രസിഡന്റുതെരഞ്ഞെടുപ്പിന്റെ മാത്രം ഭാഗമാണ്. വാസ്തവത്തിൽ, ഇലക്റ്റർമാരുടെ ‘അവതാരോദ്ദേശം’ പോലും പ്രസിഡന്റുതെരഞ്ഞെടുപ്പു തന്നെ. ഇലക്റ്റർമാരുടെ തെരഞ്ഞെടുപ്പാണു പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ കാതലായ ഭാഗവും. കാരണം, ഇലക്റ്റർമാരുടെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിൽ നിന്ന് ഏതു പ്രസിഡന്റുസ്ഥാനാർത്ഥിയാണു ജയിയ്ക്കാൻ പോകുന്നതെന്നു വ്യക്തമാകും. രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ഒരു എം പിയോ എം എൽ ഏയോ ഏതു സ്ഥാനാർത്ഥിയ്ക്കാണു വോട്ടു ചെയ്യാൻ പോകുന്നതെന്നു വോട്ടെടുപ്പിനു മുമ്പു തന്നെ വ്യക്തമായിരിയ്ക്കും; തന്റെ പാർട്ടിയുടെ തീരുമാനമനുസരിച്ചായിരിയ്ക്കും ഓരോ എം പിയും എം എൽ ഏയും വോട്ടു ചെയ്യുന്നത്. ഇലക്റ്റർമാരുടെ കാര്യവും വിഭിന്നമല്ല. ഓരോ ഇലക്റ്ററും ഏതെങ്കിലുമൊരു പാർട്ടിയിൽപ്പെട്ടയാളായിരിയ്ക്കും, പാർട്ടി നിയോഗിച്ചിരിയ്ക്കുന്നയാളുമായിരിയ്ക്കും. മുഖ്യമായും രണ്ടു പാർട്ടികളാണ് അമേരിക്കയിലുള്ളത്: ഡെമൊക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. ലിബർട്ടേറിയൻ പാർട്ടി, ഗ്രീൻ പാർട്ടി, കോൺസ്റ്റിറ്റ്യൂഷൻ പാർട്ടി എന്നിങ്ങനെ ചില ചെറുപാർട്ടികളുണ്ടെങ്കിലും അവയ്ക്ക് കേന്ദ്ര, ജനപ്രതിനിധിസഭകളായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്, സെനറ്റ് എന്നിവയിൽ പ്രാതിനിധ്യമില്ല. ഇടയ്ക്കൊരു കാര്യം കൂടി പറഞ്ഞോട്ടേ: നമ്മുടെ ലോക്‌സഭയ്ക്കു സമാനമായതാണ് അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്; ഹൗസ് എന്നു ചുരുക്കപ്പേർ. നമ്മുടെ രാജ്യസഭയ്ക്കു സമാനമാണു അമേരിക്കയിലെ സെനറ്റ്. ലോക്‌സഭയും രാജ്യസഭയുമൊന്നാകെ പാർലമെന്റ് എന്നറിയപ്പെടുന്നതു പോലെ, ഹൗസും സെനറ്റും ചേർന്നു കോൺഗ്രസ് എന്നറിയപ്പെടുന്നു. നമ്മുടെ പാർലമെന്റ്: അവരുടെ കോൺഗ്രസ്. ലോക്‌സഭ: ഹൗസ്. രാജ്യസഭ: സെനറ്റ്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളെ നാം എം പിമാരെന്നു വിളിയ്ക്കുന്നു. ഹൗസിലെ അംഗങ്ങൾ റെപ്രസന്റേറ്റീവുമാരെന്നും, സെനറ്റിലെ അംഗങ്ങൾ സെനറ്റർമാരെന്നും അറിയപ്പെടുന്നു. ഇരുസഭകളിലേയും അംഗങ്ങളെ കോൺഗ്രസ്‌മാൻമാർ എന്നു പരാമർശിയ്ക്കാറുണ്ടെങ്കിലും, ഹൗസിലെ അംഗങ്ങളെപ്പറ്റിപ്പറയുമ്പോഴാണ് അതു കൂടുതലുപയോഗിയ്ക്കാറ്. ഇന്ത്യയിൽ 29 സംസ്ഥാനങ്ങളുണ്ട്. അമേരിക്കയിൽ അമ്പതെണ്ണവും. ഹൗസിൽ ഈ അമ്പതു സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ജനസംഖ്യയ്ക്കനുസൃതമായി അവയ്ക്കു ഹൗസിലുള്ള പ്രതിനിധികളുടെ എണ്ണം വ്യത്യസ്തമായിരിയ്ക്കും. ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോർണിയയെന്ന സംസ്ഥാനത്തിന് ഹൗസിൽ 53 പ്രതിനിധികളുണ്ട്. ജനസംഖ്യ ഏറ്റവും കുറവുള്ള വായൊമിങ്ങിനാകട്ടെ ഹൗസിൽ ഒരു പ്രതിനിധി മാത്രമേയുള്ളു. നമ്മുടെ ലോക്‌സഭാമണ്ഡലങ്ങൾക്കു സമാനമാണ് അമേരിക്കയിലെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകൾ. ഒരു ലോക്‌സഭാമണ്ഡലത്തിൽ നിന്ന് ഒരെം പി; അതുപോലെ, ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ഒരു റെപ്രസന്റേറ്റീവ്. ഇന്ത്യയിലാകെ 543 ലോക്‌സഭാമണ്ഡലങ്ങളുള്ളതുപോലെ, അമേരിക്കയിലാകെ 435 കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളുണ്ട്. അവയിൽ നിന്നായി വോട്ടവകാശമുള്ള 435 പ്രതിനിധികൾ ഹൗസിലുണ്ട്. സംസ്ഥാനങ്ങൾക്കോരോന്നിനും രണ്ടു സെനറ്റർമാർ വീതമുണ്ട്. അമ്പതു സംസ്ഥാനങ്ങളിൽ നിന്നായി ആകെ 100 സെനറ്റർമാർ. സംസ്ഥാനങ്ങളുടെ വലിപ്പച്ചെറുപ്പം സെനറ്റർമാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാക്കുന്നില്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്റ്റർമാരുടെ കാര്യമാണു പറഞ്ഞുവന്നത്. ഹൗസും സെനറ്റും ചേർന്നുള്ള കോൺഗ്രസ്സിൽ ആകെ 535 അംഗങ്ങളുണ്ടെന്നു പറഞ്ഞുവല്ലോ. അത്ര തന്നെ ഇലക്റ്റർമാർ പ്രസിഡന്റുതെരഞ്ഞെടുപ്പിനുമുണ്ടാകും. വായൊമിങ്ങ് എന്ന ചെറിയ സംസ്ഥാനത്തിന് സെനറ്റിൽ രണ്ടു പ്രതിനിധിമാരും ഹൗസിൽ ഒരു പ്രതിനിധിയും മാത്രമാണുള്ളത്. അങ്ങനെ, കോൺഗ്രസ്സിൽ വായൊമിങ്ങിന് ആകെ മൂന്നു പ്രതിനിധികൾ. വായൊമിങ്ങിനു പ്രസിഡന്റുതെരഞ്ഞെടുപ്പിലുള്ള ഇലക്റ്റർസീറ്റുകളുടെ എണ്ണവും മൂന്നു തന്നെ. ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയ്ക്ക് 53 പ്രതിനിധികൾ ഹൗസിലും രണ്ടു പ്രതിനിധികൾ സെനറ്റിലുമുണ്ട്; ആകെ 55 പ്രതിനിധികൾ. പ്രസിഡന്റുതെരഞ്ഞെടുപ്പിൽ കാലിഫോർണിയയ്ക്കുള്ള ആകെ ഇലക്റ്റർസീറ്റുകളുടെ എണ്ണവും 55 തന്നെ. ഒരു സംസ്ഥാനത്തിന് ഹൗസിലുള്ള പ്രതിനിധികളുടെ എണ്ണവും സെനറ്റിലുള്ള പ്രതിനിധികളുടെ എണ്ണവും കൂടിക്കൂട്ടിയാൽ ആ സംസ്ഥാനത്തിനർഹമായ ഇലക്റ്റർസീറ്റുകളുടെ എണ്ണം കിട്ടും. പ്രസിഡന്റുതെരഞ്ഞെടുപ്പിനുള്ള ഇലക്റ്റർമാരുടെ ആകെ എണ്ണം 535 അല്ല, 538 ആണ്. ഈ നേരിയ വ്യത്യാസത്തിനു കാരണമുണ്ട്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡീസി ഒന്നാകെ ഒരു കോൺഗ്രഷണൽ ഡിസ്ട്രിക്റ്റാണ്, അതിന്റെ ഒരു പ്രതിനിധി ഹൗസിലുണ്ട്. അദ്ദേഹത്തിനു വോട്ടവകാശമില്ല. വാഷിംഗ്ടൺ ഡീസിയ്ക്ക് സെനറ്റിൽ പ്രാതിനിധ്യമില്ല. എങ്കിലും, പ്രസിഡന്റുതെരഞ്ഞെടുപ്പിനായി വാഷിംഗ്ടൺ ഡീസിയിൽ മൂന്ന് ഇലക്റ്റർസീറ്റുകളുണ്ട്. അങ്ങനെ, പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ആകെ 538 ഇലക്റ്റർമാരാണു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന്റെ കണക്ക് ഒന്നുകൂടിപ്പറയാം. ഇലക്റ്റർസീറ്റുകളുടെ എണ്ണം = ഹൗസിലെ 435 + സെനറ്റിലെ 100 + വാഷിംഗ്ടൺ ഡീസിയുടെ 3 = ആകെ 538. മൂന്നു സീറ്റിന്റെ വ്യത്യാസമുണ്ടെങ്കിലും, ഹൗസിലേയും സെനറ്റിലേയും ആകെ അംഗസംഖ്യയോടു തുല്യമായിരിയ്ക്കും ഇലക്റ്റർസീറ്റുകളുടെ ആകെ എണ്ണം എന്നു പൊതുവിൽപ്പറയാം. ഹൗസിലും സെനറ്റിലുമുള്ള അംഗങ്ങളുടെ ആകെ എണ്ണം ഇലക്റ്റർമാരുടെ ആകെ എണ്ണത്തിന് ഏകദേശം തുല്യമായിരിയ്ക്കുമെങ്കിലും, ഹൗസിലും സെനറ്റിലുമുള്ള അംഗങ്ങളിൽ നിന്നു തികച്ചും വേറിട്ടു നിൽക്കുന്നവരാണ് ഇലക്റ്റർമാർ. ഇതെല്ലാം പൊതുനിരീക്ഷണങ്ങൾ മാത്രമാണ്; സൂക്ഷ്മതലത്തിൽ ചില ചെറിയ വ്യത്യാസങ്ങളുണ്ടാകാം. ഇലക്റ്റർമാരായി മത്സരിയ്ക്കേണ്ടത് ആരൊക്കെയെന്നു തീരുമാനിയ്ക്കുന്നത് പ്രസിഡന്റുസ്ഥാനാർത്ഥികളുടെ പാർട്ടികളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്റ്റർമാർ ആരൊക്കെയായിരിയ്ക്കണമെന്നു റിപ്പബ്ലിക്കൻ പാർട്ടി തീരുമാനിയ്ക്കുന്നു; ഡെമൊക്രാറ്റിക് പാർട്ടിയുടെ ഇലക്റ്റർമാരെ ഡെമൊക്രാറ്റിക് പാർട്ടിയും. തെരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രസിഡന്റുസ്ഥാനാർത്ഥികളെ സഹായിയ്ക്കുന്ന സംഘത്തിൽപ്പെട്ട വിശ്വസ്തരെയാകാം ഇലക്റ്റർമാരാകാൻ പാർട്ടികൾ നിയോഗിയ്ക്കുന്നത്. സംസ്ഥാനതലത്തിൽ നടക്കുന്ന പാർട്ടിസമ്മേളനത്തിൽ വച്ചാണ് ഇലക്റ്റർസ്ഥാനാർത്ഥികൾ നാമനിർദ്ദേശം ചെയ്യപ്പെടാറ്. സംസ്ഥാനത്തിലെ കേന്ദ്രക്കമ്മിറ്റിയിൽ വോട്ടെടുപ്പുനടത്തിയും ഇലക്റ്റർസ്ഥാനാർത്ഥികളെ തീരുമാനിയ്ക്കാറുണ്ട്. പാർട്ടികളെല്ലാം താന്താങ്ങളുടെ ഇലക്റ്റർസ്ഥാനാർത്ഥികളുടെ പട്ടിക അതാതു സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കു നിശ്ചിതതീയതിയ്ക്കുള്ളിൽ കൊടുക്കുകയും വേണം. പ്രസിഡന്റാകാൻ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിയ്ക്കുന്നവരും ഇത്തരത്തിൽ പട്ടിക കൊടുത്തേ തീരൂ. നവമ്പർ മാസത്തിലെ ഒന്നാമത്തെ തിങ്കളാഴ്ചയെത്തുടർന്നുള്ള ചൊവ്വാഴ്ചയാണ് പ്രസിഡന്റു തെരഞ്ഞെടുപ്പു നടക്കാറ്. പ്രസിഡന്റിന്റെ കാലാവധി നാലു വർഷമാണ്. ഒരു വ്യക്തിയ്ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റാകാനാകൂ. ഇപ്പോഴത്തെ പ്രസിഡന്റായ ബറാക്ക് ഒബാമയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പു നടന്നത് 2012 നവംബറിലായിരുന്നു. നാലു വർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് ഇത്തവണ നവമ്പർ എട്ടാം തീയതിയാണു നടക്കുക. ജൂലായ് മാസത്തോടെ ഓരോ പാർട്ടിയും താന്താങ്ങളുടെ പ്രസിഡന്റുസ്ഥാനാർത്ഥിയും, വിവിധ മണ്ഡലങ്ങളിലേയ്ക്കുള്ള ഇലക്റ്റർസ്ഥാനാർത്ഥികളും ആരെല്ലാമായിരിയ്ക്കണമെന്നു തീരുമാനിച്ചുകഴിയും. നവംബർ എട്ടാം തീയതി നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റുതെരഞ്ഞെടുപ്പെന്നു പൊതുവിലറിയപ്പെടുന്നെങ്കിലും, അന്നു ജനത വോട്ടു ചെയ്യുമ്പോൾ ജയിയ്ക്കാൻ പോകുന്നതു പ്രസിഡന്റുസ്ഥാനാർത്ഥികളല്ല, ഇലക്റ്റർസ്ഥാനാർത്ഥികളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റുസ്ഥാനാർത്ഥി ജയിയ്ക്കണമെന്നാഗ്രഹിയ്ക്കുന്ന വോട്ടർമാർ തങ്ങളുടെ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി നിയോഗിച്ചിട്ടുള്ള ഇലക്റ്റർസ്ഥാനാർത്ഥിക്കായിരിയ്ക്കും വോട്ടു ചെയ്യുന്നത്. ഡെമൊക്രാറ്റിക് പാർട്ടി ഇലക്റ്ററാകാൻ നിയോഗിച്ചയാളും അതേ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടാകും. അദ്ദേഹത്തിനായിരിയ്ക്കും, ഡെമൊക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റുസ്ഥാനാർത്ഥി ജയിയ്ക്കണമെന്നാഗ്രഹിക്കുന്ന വോട്ടർമാർ വോട്ടു ചെയ്യുന്നത്. ഒരു മണ്ഡലത്തിൽ ഏറ്റവുമധികം ജനതാവോട്ടു കിട്ടുന്ന ഇലക്റ്റർസ്ഥാനാർത്ഥി ജയിച്ച് ഇലക്റ്ററാകുന്നു എന്നാണു നാം ധരിച്ചുപോകുക. തന്റെ മണ്ഡലത്തിൽ നിന്ന് ഏറ്റവുമധികം വോട്ടുകിട്ടിയാലും ഒരിലക്റ്റർസ്ഥാനാർത്ഥി ഇലക്റ്ററായിത്തീർന്നില്ലെന്നു വരാം. തുടക്കത്തിൽ സൂചിപ്പിച്ച വൈരുദ്ധ്യം ഇവിടേയും കടന്നുവരുന്നുണ്ട്. ഇതല്പം വിശദീകരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരുദാഹരണം: കാലിഫോർണിയ എന്ന സംസ്ഥാനത്തിലെ ഒരു കോൺഗ്രഷനൽ ഡിസ്ട്രിക്റ്റായ മോഡോക്കിൽ കഴിഞ്ഞ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 69 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി നിയോഗിച്ച ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കായിരുന്നു കിട്ടിയത്. ഡെമൊക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയ്ക്കു കിട്ടിയതു കേവലം 27 ശതമാനം മാത്രം. എന്നിട്ടും മോഡോക്കിൽ നിന്നുള്ള ഇലക്റ്റർസീറ്റു നേടിയതു ഡെമൊക്രാറ്റിക് പാർട്ടി! ഒരുദാഹരണം കൂടിയെടുക്കാം: കാലിഫോർണിയയിൽത്തന്നെയുള്ള ലാസ്സൻ എന്ന മണ്ഡലത്തിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ 68 ശതമാനവും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കു കിട്ടി; ഡെമൊക്രാറ്റിക് പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥിയ്ക്കു കിട്ടിയതു വെറും 28 ശതമാനം. എന്നിട്ടും ലാസ്സനിൽ നിന്നുള്ള ഇലക്റ്റർസീറ്റു നേടിയതു ഡെമൊക്രാറ്റിക് പാർട്ടി! മോഡോക്കിനേയും ലാസ്സനേയും പോലെ, കാലിഫോർണിയയിലെ ആകെ ഇരുപത്തഞ്ചു (ഈ സംഖ്യകളിൽ നേരിയ വ്യത്യാസമുണ്ടായേയ്ക്കാം) മണ്ഡലങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്റ്റർസ്ഥാനാർത്ഥികൾക്കു ഡെമൊക്രാറ്റിക് പാർട്ടിയിലെ ഇലക്റ്റർസ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ടുകിട്ടിയിരുന്നു. ശേഷിച്ച മുപ്പതു മണ്ഡലങ്ങളിൽ ഡെമൊക്രാറ്റിക് പാർട്ടിയിലെ ഇലക്റ്റർസ്ഥാനാർത്ഥികൾക്കു കൂടുതൽ വോട്ടു കിട്ടി. ഇതനുസരിച്ച് ഡെമൊക്രാറ്റിക് പാർട്ടിയ്ക്കു 30 ഇലക്റ്റർസീറ്റുകൾ കിട്ടുന്നതോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് 25 ഇലക്റ്റർസീറ്റുകൾ കിട്ടേണ്ടതായിരുന്നു. പക്ഷേ, കാലിഫോർണിയയിൽ ആകെയുള്ള 55 ഇലക്റ്റർസീറ്റുകളിൽ അമ്പത്തഞ്ചും ഡെമൊക്രാറ്റിക് പാർട്ടിയ്ക്കാണു കിട്ടിയത്. റിപ്പബ്ലിക്കൻ പാർട്ടി 25 മണ്ഡലങ്ങളിൽ മുന്നിൽ വന്നിട്ടും അവർക്കു കിട്ടിയതു പൂജ്യം! ഈ വൈരുദ്ധ്യത്തിന്റെ കാരണം അടുത്ത അദ്ധ്യായത്തിൽ വിവരിയ്ക്കാം. [email protected]

  Mar 08, 2016 0
 • അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 2 (ലേഖനം) സുനിൽ എം എസ്, മൂത്തകുന്നം ലോകത്തിലെ ഏറ്റവും ഉന്നതമായ ഇരുപതു സർവകലാശാലകളിൽ പത്തെണ്ണം അമേരിക്കയിലാണ്. അമേരിക്കൻ ജനതയുടെ നാല്പത്തിരണ്ടര ശതമാനം പേർക്ക് കോളേജ് ബിരുദമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അമേരിക്ക മുൻ നിരയിലാണെങ്കിലും അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാർക്കും പ്രസിഡന്റാകാമല്ലോ. അമേരിക്കൻ പ്രസിഡന്റാകാൻ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രപതിയാകാനും വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല എന്ന കാര്യവും ഇവിടെ സ്മരിയ്ക്കുന്നു.ഔപചാരികവിദ്യാഭ്യാസം നേടാനാകാതെ പോയവരും മഹാന്മാരായെന്നു വരാം. മറുവശത്ത്, ഉന്നതവിദ്യാഭ്യാസം നേടിയാലും ചിലർ മഹാന്മാരായില്ലെന്നും വരാം. അബ്രഹാം ലിങ്കനാണ് ഇതുവരെയുള്ള നാല്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്. ലിങ്കണൊരു ബിരുദധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഔപചാരിക സ്കൂൾവിദ്യാഭ്യാസവും ഹ്രസ്വമായിരുന്നു. ലിങ്കണിന്റെ മുൻഗാമിയായിരുന്ന ജയിംസ് ബ്യുക്കാനൻ ഒരു കോളേജ് ബിരുദധാരിയായിരുന്നിട്ടും ഏറ്റവും മോശമായ പ്രസിഡന്റായി കണക്കാക്കപ്പെടുന്നു. കോളേജു ബിരുദമില്ലാത്ത ഒടുവിലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്നു, ഹാരി എസ് ട്രൂമാൻ. രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു തൊട്ടു മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് നിര്യാതനായപ്പോൾ അന്നു വൈസ് പ്രസിഡന്റായിരുന്ന ട്രൂമാൻ പ്രസിഡന്റായി അധികാരമേറ്റു. കോളേജുബിരുദമില്ലാത്ത ട്രൂമാനെ പിന്താങ്ങാൻ ജനപ്രതിനിധിസഭകൾ പലപ്പോഴും വൈമുഖ്യം പ്രദർശിപ്പിച്ചു. എന്നാൽ, കാലാവധി തീർന്നപ്പോൾ ട്രൂമാൻ പ്രസിഡന്റു സ്ഥാനാർത്ഥിയായി മത്സരിയ്ക്കുകയും, സ്വന്തം കഴിവുപയോഗിച്ചു പ്രശസ്തവിജയം നേടുകയും ചെയ്തു. ട്രൂമാൻ പല നല്ല കാര്യങ്ങളും ചെയ്തു. വിവിധ സേനാവിഭാഗങ്ങളിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിച്ചതായിരുന്നു അവയിലൊന്ന്. പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും അദ്ദേഹം മുൻകൈയെടുത്തു. ഇതിനൊക്കെപ്പുറമെ, യുദ്ധക്കെടുതികളിൽപ്പെട്ടു വലഞ്ഞുകൊണ്ടിരുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കുകയും ചെയ്തു, ബിരുദധാരിയല്ലാതിരുന്ന ട്രൂമാൻ! നല്ല പ്രസിഡന്റാകാൻ ബിരുദം അനുപേക്ഷണീയമല്ലെന്നതിന് മറ്റു തെളിവുകൾ വേണ്ട. അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലെന്നു പറഞ്ഞു. മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണുള്ളത്? താരതമ്യേന നിസ്സാരം: പ്രസിഡന്റു സ്ഥാനാർത്ഥി സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരനായിരിയ്ക്കണം, കഴിഞ്ഞ പതിന്നാലുവർഷമായി അമേരിക്കയിൽ താമസിയ്ക്കുന്നയാളായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞിരിയ്ക്കുകയും വേണം. തീർന്നു, നിബന്ധനകൾ. മുകളിലുപയോഗിച്ചിരിയ്ക്കുന്ന “പൗരൻ” എന്ന പദം പൗരന്മാരെ മാത്രമല്ല, പൗരകളേയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ ഒരു വനിത അമേരിക്കൻ പ്രസിഡന്റായിട്ടില്ലെങ്കിലും, വനിതകൾക്കു പ്രസിഡന്റാകാൻ യാതൊരു തടസ്സവുമില്ല. “സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരൻ” എന്ന പ്രയോഗം അല്പം വിശദീകരണമർഹിയ്ക്കുന്നു. പിറവിയെടുത്ത സ്ഥലത്തെപ്പറ്റി അഥവാ രാജ്യത്തെപ്പറ്റിയുള്ളതാണു സൂചന. രണ്ടു കൂട്ടർ ഇതിലുൾപ്പെടുന്നു. ഒന്ന്, അമേരിക്കയിൽത്തന്നെ പിറന്ന് അമേരിക്കൻ പൗരരായിത്തീർന്നവർ. രണ്ട്, ഒരമേരിക്കൻ പൗരനോ പൗരയ്ക്കോ വിദേശത്തു വച്ചു പിറക്കുകയും, അമേരിക്കൻ പൗരനായിത്തീരുകയും ചെയ്ത കുഞ്ഞ്. ജോലി, കച്ചവടം, വ്യവസായം എന്നിവ ചെയ്യുന്ന നിരവധി ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. അവരിൽച്ചില ദമ്പതിമാരുമുണ്ടാകും. ഇന്ത്യൻ പൗരരായ ദമ്പതികൾക്ക് അമേരിക്കയിൽ വച്ച് ഒരു കുഞ്ഞു പിറക്കുന്നെന്നും, ആ കുഞ്ഞ് അമേരിക്കയിൽത്തന്നെ വളർന്നു വലുതായി അമേരിക്കൻ പൗരനാകുന്നെന്നും കരുതുക. ആ കുഞ്ഞിന് അമേരിക്കൻ പ്രസിഡന്റു സ്ഥാനാർത്ഥിയാകാമോ? ‘തീർച്ചയായും’ എന്നാണുത്തരം. ഇന്ത്യയിലെ രാഷ്ട്രപതിയാകാനുള്ള നിബന്ധനകൾ ഇവയേക്കാൾ സങ്കീർണമാണെന്നു വേണം പറയാൻ: ഇന്ത്യൻ പൗരനായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സായിരിയ്ക്കണം, ലോക്‌സഭാംഗമാകാനുള്ള യോഗ്യതയുണ്ടായിരിയ്ക്കണം, ക്രിമിനൽക്കുറ്റവാളിയായിരിയ്ക്കരുത്, പാപ്പരായിരിയ്ക്കരുത്; ഒരു നിബന്ധന കൂടിയുണ്ട്, അതുകൂടി കേട്ടോളൂ: ഭ്രാന്തുണ്ടായിരിയ്ക്കരുത്! പാപ്പരായിരിയ്ക്കരുതെന്ന നിബന്ധന അമേരിക്കയിലുണ്ടായിരുന്നെങ്കിൽ എബ്രഹാം ലിങ്കൻ പ്രസിഡന്റാകാനല്പം ബുദ്ധിമുട്ടിയേനേ: അദ്ദേഹം ബന്ധപ്പെട്ടിരുന്ന രണ്ടു സംരംഭങ്ങൾ പാപ്പരായിത്തീർന്നിരുന്നു. എന്നാലതൊന്നും ഏറ്റവും മഹാനായ പ്രസിഡന്റായിത്തീരാൻ അദ്ദേഹത്തിനു തടസ്സമായില്ല. അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ നിന്നല്പം വ്യത്യസ്തമാണ്. ആദ്യം നമ്മുടെ രീതിയെന്തെന്നു നോക്കാം. ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലേയും ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകൾ - ഈ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വേണ്ടി വോട്ടുചെയ്യുന്നത്; അതായത് എം പിമാരും എം എൽ ഏമാരും. ലോക്‌സഭയിലും രാജ്യസഭയിലും മറ്റും നാമനിർദ്ദേശം ചെയ്യപ്പെട്ടു വന്നെത്തിയ ചില അംഗങ്ങളുമുണ്ടാകാം; ഇവർക്കു രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവില്ല. 2012ലായിരുന്നു, കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പ്. നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പും ആ വർഷം തന്നെ നടന്നു. പ്രണാബ് മുഖർജിയും പി ഏ സങ്മയുമായിരുന്നു സ്ഥാനാർത്ഥികൾ. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം. പ്രണാബ് മുഖർജി: എം പി വോട്ടുകൾ - 373116 എം എൽ ഏ വോട്ടുകൾ - 340647 ആകെ കിട്ടിയ വോട്ടുകൾ - 713763 സങ്മ: എം പി വോട്ടുകൾ - 145848 എം എൽ ഏ വോട്ടുകൾ - 170139 ആകെ കിട്ടിയ വോട്ടുകൾ - 315987 സങ്മയേക്കാൾ 397776 വോട്ടു കൂടുതൽ മുഖർജിയ്ക്കു കിട്ടി, അദ്ദേഹം വിജയിയ്ക്കുകയും ചെയ്തു. ഇരുവർക്കും കൂടി ആകെ കിട്ടിയ വോട്ടുകൾ: എം പി വോട്ടുകൾ - 518964 എം എൽ ഏ വോട്ടുകൾ - 510786 രണ്ടു സംശയങ്ങളുദിച്ചേയ്ക്കാം. സംശയം ഒന്ന്: 2012ൽ വോട്ടവകാശമുള്ള 543 എം പിമാർ ലോക്‌സഭയിലും, 233 എം പിമാർ രാജ്യസഭയിലുമുണ്ടായിരുന്നു; ആകെ 776 എം പിമാർ. കേവലം 776 എം പിമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 518964) വോട്ടുകൾ ചെയ്യാനായതെങ്ങനെ? സംശയം രണ്ട്: സംസ്ഥാനങ്ങളിലും ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലുമായി വോട്ടവകാശമുള്ള 4120 എം എൽ ഏമാർ മാത്രമാണു 2012ലുണ്ടായിരുന്നത്. 4120 എം എൽ ഏമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 510786) വോട്ടുകൾ ചെയ്യാനായതെങ്ങനെ? അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയേണ്ടിടത്ത് ഇന്ത്യൻ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറഞ്ഞ്, വായനക്കാരുടെ സമയം പാഴാക്കുക മാത്രമല്ല, രണ്ടും കൂടി കൂട്ടിക്കുഴച്ച് ആകെ “കൺഫ്യൂഷനു”മാക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. ചോദ്യം ന്യായമെങ്കിലും, “കൂട്ടിക്കുഴയ്ക്കാൻ” കാരണമുണ്ട്. അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും തമ്മിൽ ചില സാദൃശ്യങ്ങളുണ്ട്. ഇവിടുത്തേതിനെപ്പറ്റി ചെറിയൊരു ഗ്രാഹ്യമുണ്ടെങ്കിൽ അവിടുത്തേതു മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമാകും. മറ്റൊരു കാരണം കൂടിയുണ്ട്: ഇന്ത്യയിൽ നിന്നു വളരെ, വളരെയകലെ, ഭൂഗോളത്തിന്റെ മറുവശത്തുകിടക്കുന്ന അമേരിക്കയിലെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കിയെടുക്കുമ്പോളും, നമ്മുടെ സ്വന്തം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ എന്നൊരവസ്ഥയ്ക്കിടം കൊടുക്കരുതല്ലോ! 4120 എം എൽ ഏമാർക്ക് 510786 വോട്ടുകൾ ചെയ്യാനായതെങ്ങനെയെന്ന് ആദ്യം തന്നെ പരിശോധിയ്ക്കാം. കേരളത്തിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ രാഷ്ട്രപതിതെരഞ്ഞെടുപ്പു നടന്നപ്പോൾ കേരളനിയമസഭയിൽ ആകെ 140 എം എൽ ഏമാരുണ്ടായിരുന്നു. കേരളത്തിലെ ജനസംഖ്യ 21347375. അതായത് 2.13 കോടി. ഇതു കേൾക്കുമ്പോഴേയ്ക്ക് “കേരളത്തിലെ ജനസംഖ്യ മൂന്നു കോടി കടന്നിട്ടു വർഷങ്ങളായ വിവരം ഇതുവരെ അറിഞ്ഞില്ലേ?” എന്ന ചോദ്യമുയർത്താൻ വരട്ടെ. രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വേണ്ടി 1971ലെ കാനേഷുമാരിയാണു കണക്കിലെടുക്കാറ്. 2011ൽ സെൻസസു നടന്നുകഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അതനുസരിച്ചുള്ള, ഏറ്റവും പുതിയ ജനസംഖ്യ കണക്കിലെടുക്കുന്നതിനു പകരം നാല്പതു വർഷം പഴകിയ ജനസംഖ്യ എന്തുകൊണ്ടെടുക്കുന്നു? ഭരണഘടനയുടെ 1976ൽ പാസ്സാക്കിയ നാല്പത്തിരണ്ടാം ഭേദഗതിയും, 2002ൽ പ്രാബല്യത്തിൽ വന്ന എൺപത്തിനാലാം ഭേദഗതിയുമനുസരിച്ച് രാഷ്ട്രപതിതെരഞ്ഞെടുപ്പിന് 2026 വരെ 1971ലെ ജനസംഖ്യ പരിഗണിയ്ക്കുന്നതു തുടരും. 1971ലെ കാനേഷുമാരിയനുസരിച്ചു കേരളത്തിലെ ജനസംഖ്യ 2,13,47,375 ആയിരുന്നെന്നു സൂചിപ്പിച്ചുവല്ലോ. ഈ സംഖ്യയെ ആയിരം കൊണ്ടു ഭാഗിയ്ക്കുക. 21347375 ÷ 1000. ഉത്തരം 21347. ഉത്തരത്തെ എം എൽ ഏമാരുടെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. 21347 ÷ 140 = 152. 2012ലെ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഓരോ എം എൽ ഏയുടേയും വോട്ടിന്റെ മൂല്യം 152 ആയിരുന്നു. കേരളത്തിലെ ഒരു എം എൽ ഏയുടെ വോട്ട് ഏതെങ്കിലുമൊരു രാഷ്ട്രപതിസ്ഥാനാർത്ഥിയ്ക്കു കിട്ടിയാൽ ആ സ്ഥാനാർത്ഥിയ്ക്കു 152 വോട്ടു കിട്ടിയതായി കണക്കാക്കും. ഇനി എം പി വോട്ടിന്റെ മൂല്യം കാണാം. അതിനായി കേരളത്തിലെ 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം കണ്ടെത്തണം: 152 x 140 = 21280. അതായത്, 2012ൽ കേരളത്തിലുണ്ടായിരുന്ന 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം 21280. ഈ രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും, ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകളിലെ എം എൽ ഏമാരുടെ വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയെടുക്കണം. 2012ലിത് 549474 ആയിരുന്നു. ഇനി ഈ സംഖ്യയെ ലോക്‌സഭയിലേയും രാജ്യസഭയിലേയും വോട്ടവകാശമുള്ള എം പിമാരുടെ ആകെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. ലോക്‌സഭയിൽ 543 എം പിമാർ; രാജ്യസഭയിൽ 233 എം പിമാർ. ആകെ 776 എം പി മാർ. ഒരു എം പിവോട്ടിന്റെ മൂല്യം = 549474 ÷ 776 = 708.085; ദശാംശം കളയുമ്പോൾ 708. 776 എം പിമാരുടെ വോട്ടുകളുടെ ആകെ മൂല്യം = 708 x 776 = 549408.  എം എൽ ഏമാരുടേയും എം പി മാരുടേയും വോട്ടുകളുടെ ആകെ മൂല്യം = 549474 + 549408 = 1098882. ഈ ആകെ മൂല്യത്തിൽ 713763 പ്രണാബ് മുഖർജിയ്ക്കും 315987 സങ്മയ്ക്കും കിട്ടി. രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ രാജ്യത്തെ എം പിവോട്ടുകളുടെ ആകെ മൂല്യവും എം എൽ ഏ വോട്ടുകളുടെ ആകെ മൂല്യവും തുല്യമാണെന്നതാണ് ഈ കണക